ഭൂരിപക്ഷം കുറയും; കാഞ്ഞങ്ങാട്​ നിലനിർത്തുമെന്ന് എൽ.ഡി.എഫ്

കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞെടുപ്പി‍െൻറ ഫലത്തിനായി ഇനി ദിവസങ്ങൾ മാത്രം കാത്തിരിക്കെ വിജയപ്രതീക്ഷയുമായി ഇരു മുന്നണികളും. മേയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലമറിയുന്നത്. 2016നേക്കാളും ഭൂരിപക്ഷം കുറയുമെങ്കിലും മണ്ഡലം നിലനിർത്തുമെന്നാണ് എൽ.ഡി.എഫി‍െൻറ കണക്കുകൂട്ടൽ.

മടിക്കൈപോലുള്ള പാർട്ടി കേന്ദ്രങ്ങളിൽ ഭൂരിപക്ഷത്തിന് ചെറിയ ഇടിവ് സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. മടിക്കൈ പാർട്ടി കേന്ദ്രത്തിൽ യാദവ- മണിയാണി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥിക്ക് മറിഞ്ഞെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്.

കഴിഞ്ഞ വർഷം 12,000ത്തിന് മുകളിൽ വോട്ട് മടിക്കൈ ഭാഗത്തുനിന്ന് ചന്ദ്രശേഖരന് ലഭിച്ചിരുന്നു. 26,104 വോട്ടായിരുന്നു ഇ. ചന്ദ്രശേഖര‍െൻറ ഭൂരിപക്ഷം. മണ്ഡലത്തിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖര‍െൻറ സ്ഥാനാർഥിത്വത്തെ ചൊല്ലി സി.പി.ഐയിലുണ്ടായ പൊട്ടിത്തെറി വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജിവെച്ചിരുന്നു. 10 ബ്രാഞ്ച് കമ്മിറ്റികളും രണ്ട് ലോക്കൽ കമ്മിറ്റികളും ഇ. ചന്ദ്രശേഖരനെതിരെ രംഗത്തുണ്ടായിരുന്നു. ചന്ദ്രശേഖരനുവേണ്ടിയുള്ള കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ 10 ബ്രാഞ്ച് സെക്രട്ടറിമാർ ബഹിഷ്കരിച്ചിരുന്നു.

പാർട്ടിയിൽ ഒരുവിധ പ്രശ്നങ്ങളും ഇല്ലെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. മനോഹരൻ മാഷിന് പിൻഗാമിയുണ്ടാകുമെന്ന് തന്നെയാണ് യു.ഡി.എഫി‍െൻറ കണക്കുകൂട്ടൽ. 1987ലെ വിജയം ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ പള്ളിപ്രം ബാലനെ 57 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

1987ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജില്ലയിലെ ആദ്യത്തെ പരിപാടിയായിരുന്നു എൻ. മനോഹരൻ മാഷി‍െൻറ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. 1987ലെ വിജയം ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. 5000 വോട്ടി‍െൻറ ഭൂരിപക്ഷത്തിന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ വിജയിക്കാൻ കഴിയുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി പി.വി. സുരേഷ് 'മാധ്യമ'ത്തോട് പറഞ്ഞു.

15,000 രാഷ്​ട്രീയ വോട്ടി‍െൻറ ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം നേടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തീരദേശത്തേക്കാൾ ഭൂരിപക്ഷം മലയോര മേഖലയിൽ യു.ഡി.എഫിന് ലഭിക്കും. കള്ളാർ, ബളാൽ പഞ്ചായത്തുകളിൽ 95 ശതമാനത്തിലേറെ വോട്ടുകൾ പോളായിട്ടുണ്ട്. മികച്ച ഭൂരിപക്ഷം ഇവിടെ ലഭിക്കും. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും മികച്ച നേട്ടമുണ്ടാക്കും.

കഴിഞ്ഞ ലോക്​സഭയിൽ 2000ത്തിൽ പരം വോട്ടി‍െൻറ ഭൂരിപക്ഷം മാത്രമേ എൽ.ഡി.എഫിന് ഉണ്ടായിരുന്നുള്ളൂ. സി.പി.എം ഭരിക്കുന്ന പനത്തടി - അജാനൂർ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമെത്താൻ യു.ഡി.എഫിന് കഴിയുമെന്ന് തന്നെയാണ് അവസാന ലാപ്പിലും സ്ഥാനാർഥി പി.വി. സുരേഷി‍െൻറ പ്രത്യാശ.

അജാനൂർ പഞ്ചായത്തിൽനിന്ന് മുസ്​ലിം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമാകുമെന്നും യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നു. അതേസമയം, രണ്ടു ടേമുകളിലായി കാഞ്ഞങ്ങാട്ട്​ നടത്തിയ വികസനം ചൂണ്ടിക്കാട്ടി ഹാട്രിക് വിജയം നേടുമെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഇ. ചന്ദ്രശേഖര‍െൻറ അവകാശവാദം.

Tags:    
News Summary - majority will decrease; LDF to retain Kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.