ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ ഭൂരിഭാഗവും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 65 ശതമാനം ജനപ്രതിനിധികളും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജനപ്രതിനിധികളുടെ ക്രിമിനൽ പശ്ചാത്തലത്തിലും ആസ്തിയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
292 എം.എൽ.എമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്തതിൽ 190 പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. ഇതിൽ 170 പേർ (58%) കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. 14 പേർക്കെതിരെ കൊലപാതകക്കുറ്റവും രണ്ട് പേർക്കെതിരെ ബലാത്സംഗ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പാർട്ടി അടിസ്ഥാനത്തിൽ ബി.ജെ.പിയിൽ നിന്ന് വിജയിച്ച 206 പേരിൽ 152 പേരും (74%) ക്രിമിനൽ കേസുള്ളവരാണ്. തൃണമൂൽ കോൺഗ്രസിലെ 80 എം.എൽ.എമാരിൽ 34 പേരും (43%) കേസുകളിൽ പ്രതികളാണ്. അതേസമയം, കോൺഗ്രസിൽ നിന്ന് ജയിച്ച രണ്ട് പേർക്കെതിരെയും നിലവിൽ കേസുകളില്ല.
തെരഞ്ഞെടുക്കപ്പെട്ടവരിൽ 178 പേരും (61%) കോടീശ്വരന്മാരാണ്. 2021-ൽ ഇത് 54 ശതമാനമായിരുന്നു. എം.എൽ.എമാരുടെ ശരാശരി ആസ്തി 2.53 കോടിയിൽ നിന്ന് 3.73 കോടിയായി ഉയർന്നു. തൃണമൂൽ എം.എൽ.എമാരുടെ ശരാശരി ആസ്തി 5.36 കോടിയും ബി.ജെ.പി എം.എൽ.എമാരുടേത് 2.97 കോടിയുമാണ്. സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ സഭ പിന്നോട്ട് പോകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെറും 13 ശതമാനം (37 പേർ) മാത്രമാണ് വനിതാ എം.എൽ.എമാർ. വിദ്യാഭ്യാസ യോഗ്യത പരിശോധിക്കുമ്പോൾ 63 ശതമാനം പേരും ബിരുദധാരികളാണ്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണവും പണക്കൊഴുപ്പും വർധിക്കുന്നത് ജനാധിപത്യത്തിന് ആശങ്കാജനകമാണെന്ന് എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.