പെയ്യാത്ത മേഘത്തെ ആയുധവുമായി സംഘം ചേർന്ന് ഭീഷണിപ്പെടുത്തുന്നു. ഇര നഷ്ടപ്പെട്ട സൂചിത്തുമ്പി ക്വട്ടേഷൻ സംഘാംഗമായ കടുവത്തുമ്പിയുടെ സഹായം തേടുന്നു. ഭീഷണിപ്പെടുത്തിയാൽ കാര്യം നേടാൻ കഴിയുമെന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് പ്രിയപ്പെട്ട രക്ഷിതാക്കളെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? കേരളത്തിലെ ഒന്നാം തരത്തിലുള്ള പാഠപുസ്തകത്തിലാണ് ആക്രമണങ്ങളെ ന്യായീകരിക്കുന്ന അധ്യായങ്ങളുളളത്. ഷഹബാസ് കൊല്ലപ്പെട്ടതിന്റെ നീറ്റൽ ഈ നാടിന് മാറിയിട്ടില്ല. കോഴിക്കോട് താമരശ്ശേരിയിൽ എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ടാഴ്ചയാവുന്നു.
‘ഷഹബാസിനെ കൊല്ലണം എന്ന് പറഞ്ഞാൽ കൊല്ലും... അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണ് ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം...' തുടങ്ങി അക്രമത്തിന് ശേഷവും കലിയടങ്ങാത്ത വിദ്യാർത്ഥികളുടെ സന്ദേശം ഉള്ളുപൊള്ളിക്കുകയാണിപ്പോഴും. 'കൂട്ടത്തല്ലിൽ മരിച്ചാൽ പ്രശ്നം ഇല്ല , പൊലീസ് കേസ് എടുക്കില്ല...' തുടങ്ങിയവയും വിദ്യാർഥികൾ സംസാരിക്കുന്നുണ്ട്. എവിടെക്കാണ് ഈ നാട് സഞ്ചരിക്കുന്നതെന്ന് ഏവരും ചോദിച്ചു. പുതിയ കാലത്ത ഇത്രമേൽ അക്രമാസക്തമാക്കിയതിനു പിന്നിൽ സിനിമയും വെബ്സീരിയലുകളും രാസലഹരിയുമാണെന്ന് നാം വിധിച്ചുകഴിഞ്ഞു. ഇതിനിടെ, പാഠഭാഗങ്ങളിലും വയലൻസും ക്വട്ടേഷനും നിറയുകയാണെന്ന് ഉദാഹരണ സഹിതം പറയുന്ന വിരമിച്ച കെ.യു. മുഹമ്മദ് എന്ന അധ്യാപകന്റെ കുറിപ്പ് പ്രചരിക്കുന്നത്.
അധ്യാപകന്റെ കുറിപ്പ് ഇങ്ങനെ...
37 വർഷം അധ്യാപകനായി ജോലി ചെയ്ത കാലയളവിൽ വിവിധ ക്ലാസ്സുകളിലെ പല പാഠപുസ്തകങ്ങളിലും അച്ചടിച്ചു വന്ന അനേകം കഥകൾ വായിക്കാനവസരം ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന അനേകം കഥകൾ അവയിൽ ഉൾപ്പെട്ടിരുന്നു. ഈയടുത്ത ദിവസം,ഒന്നാം ക്ലാസ്സിൽ ഈ വർഷം നിലവിൽ വന്ന കേരള പാഠാവലി ഒന്നു മറിച്ചു നോക്കാൻ ഇടവന്നു. അതിലെ ചില പരാമർശങ്ങളാണ് ഈ കുറിപ്പിന്നാധാരം. മഴക്കാലമായിട്ടും മേഘങ്ങൾ കനിയുന്നില്ല. വിവിധകഥാപാത്രങ്ങൾ മഴയായി പെയ്യാൻ മേഘത്തോട് അപേക്ഷിക്കുന്നുണ്ട്. പിന്നീട് വരാം എന്നു പറഞ്ഞ് മേഘം നീങ്ങിപ്പോകുന്നു. അവസാനം കുട്ടികൾ കൈകളിൽ ആയുധങ്ങളുമായി സംഘം ചേർന്ന് മേഘത്തെ ഭീഷണിപ്പെടുത്തുന്നു.(ഈ രംഗമാണ് TB യിൽ ചിത്രീകരിച്ചിരിക്കുന്നത്) ഭയപ്പെട്ട മേഘം മഴയായി പെയ്യാമെന്ന് സമ്മതിക്കുന്നു. ഇത് പഠിപ്പിക്കുന്ന അധ്യാപിക എന്ത് ഗുണപാഠമാണ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്? കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഉണ്ടായ പോലെ, തനിക്കിഷ്ടമല്ലാത്ത എന്തിനേയും മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചു തകർക്കാമെന്നാണോ? ആരേയും സംഘം ചേർന്ന് ഭീഷണിപ്പെടുത്താമെന്നാണോ?
സൂചി വാലൻ തുമ്പി ഇരയായി പിടിച്ച കൊതുകിനേയും കൊണ്ട് പറന്നു പോകുന്നതിനിടയിൽ വേറൊരു തുമ്പിയുമായി കൂട്ടിയിടിക്കുന്നു. ഇര നഷ്ടപ്പെടുന്നു. ഉടനെ സൂചിത്തുമ്പി ക്വട്ടേഷൻ സംഘാംഗമായ കടുവത്തുമ്പി ക്ക് ഫോൺ ചെയ്യുന്നു. കടുവത്തുമ്പി വടിവാളുമെടുത്ത് (വടിവാൽ എന്ന് TB യിൽ) പ്രതികാരം ചെയ്യാനിറങ്ങുന്നു. ഇതാണ് കഥ. ഈ കെട്ട കാലത്ത് ഒരു അഞ്ചു വയസ്സുകാരന്റെ മനസ്സിലേക്ക് ഇത്തരം ആശയങ്ങൾ ടെക്സ്റ്റ് ബുക്ക് വഴി എന്തിന് വിത്ത് പാകുന്നു? ?? ഇത്രമേൽ മലീമസമാക്കപ്പെട്ട ഒരു മനസ്സോടെയാണോ ഈ കുഞ്ഞുങ്ങൾ വളരേണ്ടത്??
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.