പെരുമ്പാവൂർ: പുസ്തകങ്ങൾ കൊണ്ട് ഒരു നാടിന്റെ സാംസ്കാരിക ഭൂപടം മാറ്റിവരക്കുകയാണ് വെങ്ങോല സ്വദേശി ഇ.വി. നാരായണൻ (82). എഴുത്തുകാരനും ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകനുമായ അദ്ദേഹം വെങ്ങോല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വായനാപൂർണിമ' എന്ന സാമൂഹിക-സാംസ്കാരിക സാഹിത്യ കൂട്ടായ്മയിലൂടെ അക്ഷരവെളിച്ചം പകരുന്ന തിരക്കിലാണിപ്പോൾ.
കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നാരായണന്‍റെ നേതൃത്വത്തിൽ ‘വായനാപൂർണിമ’ പ്രവർത്തിക്കുന്നത്. പ്രായഭേദമന്യേ ഭാഷാസാഹിത്യ, കലാരംഗങ്ങളിലും സാമൂഹിക മണ്ഡലങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് ഇദ്ദേഹം ദൗത്യമായി ഏറ്റെടുത്തു. കുട്ടികളിൽ വായന കേവലമൊരു വിനോദത്തിനപ്പുറം ശീലമാക്കാൻ വായന മത്സരങ്ങൾ സംഘടിപ്പിച്ചും പുസ്തക ചർച്ചകൾക്കും ആസ്വാദനക്കുറിപ്പ് തയാറാക്കുന്നതിന് വേദി ഒരുക്കിയും മാഷ് എപ്പോഴും അവർക്കൊപ്പമുണ്ട്.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന 'തളിര്' മാസികയുടെ സബ് എഡിറ്ററായും ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ൽ കേരള സാഹിത്യ അക്കാദമിയുടെ ഗ്രന്ഥശാലാ പ്രവർത്തക പുരസ്കാരം, ദേശാചാര്യ പുരസ്കാരം, അക്ഷരജ്യോതി പുരസ്കാരം എന്നിവ ലഭിച്ചു. ഈ പ്രായത്തിലും തന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ സമൂഹ മാധ്യമങ്ങളെയും മാഷ് സജീവമായി ഉപയോഗിക്കുന്നുണ്ട്. ജൂൺ 19 മുതൽ ജൂലൈ 19 വരെ നീളുന്ന വായന മാസാചരണത്തിനാണ് ഇത്തവണ വായനാപൂർണിമ പദ്ധതിയിടുന്നത്. അതോടൊപ്പം, ഭാഷ സ്നേഹികൾ തങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ കോർത്തിണക്കി വീടുകളിൽ സ്വന്തമായി 'വീട്ടുവായനശാലകൾ' ക്രമീകരിക്കണമെന്ന ആഹ്വാനവും ഇ.വി. നാരായണൻ മാഷ് മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.