പി. ഭാസ്കരൻ

മ‍ഴവില്ലും മയിൽപീലിയും; ഭാസ്കരൻ മാഷിന്‍റെ പാട്ടിലെ വർണരാജികൾ

മലയാളിയുടെ സൗന്ദര്യ ജീവിതത്തിൽ വന്നുഭവിച്ച പാട്ടിന്റെ വസന്തകാലമാണ് പി. ഭാസ്കരൻ. പ്രപഞ്ചജീവിതത്തിന്റെ വൈവിധ്യങ്ങൾ അദ്ദേഹത്തിന്റെ പാട്ടുകളിൽ അളവറ്റ രീതിയിലുണ്ടായിരുന്നു. അവിടെ കണ്ണീരും സ്വപ്നങ്ങളും ഏകാന്തതയുമെല്ലാം ഒരുപോലെ നിറഞ്ഞുനിന്നു. അവിടെ വൈകാരികതയുടെ പര്യായമായി നിറങ്ങളുടെ ഒരു വാങ്മയ വിപിനം വലിയൊരു ഭൂപടമായി നിവരുന്നു.

പഥികനും പാട്ടുകാരനും ഏകാന്തകാമുകനും എല്ലാം ആ ഗാനങ്ങളിൽ നിരന്തരം കടന്നുവന്നു. പാട്ടിലെ വർണഭേദങ്ങൾ, വിഭിന്ന ഋതുക്കൾ എന്നിവ നിറങ്ങളുടെ മറ്റൊരു സ്വരസ്ഥായിയിലേക്ക് കവിയുടെ ആത്മതന്ത്രികൾ മീട്ടാൻ തുടങ്ങുന്നതിന്റെ മഥുരശ്രുതികൾ നാമറിയുന്നു.

നിറങ്ങളുടെ നാദസൗന്ദര്യ പ്രപഞ്ചത്തിലേക്ക് നമ്മുടെ വികാര ഹർഷങ്ങളെ ആവിഷ്‍കരിക്കുന്ന വിലോല കാൽപനികതയെയാണ് ഭാസ്കരൻ മാഷ് പാട്ടിലാക്കിയത്. കാവ്യസൗന്ദര്യത്തിന്റെ തലങ്ങളിൽനിന്ന് പ്ര​മേയതലങ്ങളിലേക്കുള്ള സൗന്ദര്യപരിണാമത്തിൽ ഈ വർണരാജികൾ സമ്മോഹനതകൾ പകരുന്നു. വികാരങ്ങളുടെ അനുസ്മൃതിയും അസാധാരണ വിടർച്ചകളും നിറങ്ങളുടെ ഈ ജാഗ്രത്തായ സർഗസ്ഥലത്തിൽ കാണാം.

നിറങ്ങളെ അവയുടെ സൂക്ഷ്മതലത്തിൽ സ്വാംശീകരിച്ച പാട്ടുകളാണിവ. പ്രത്യക്ഷത്തിൽനിന്ന് പരോക്ഷത്തിലേക്കും നേരെ തിരിച്ചും ബാഹ്യത്തിൽനിന്ന് ആന്തരത്തിലേക്കും ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും നേരെ തിരിച്ചുമൊക്കെ ലയിക്കുന്ന നിറങ്ങളുടെ കൽപനകൾ ഭാസ്കരൻ മാഷിന്റെ പാട്ടുകളിൽ പ്രകടമാണ്. ക്ഷണികതയുടെ വാങ്മയമായി മാറുന്ന മഴിവില്ലായിരുന്നു നിറത്തിനാധാരം. മഴവില്ലിനോടൊപ്പം മയിൽപീലിയും നിറങ്ങളുടെ കാൽപനികാടയാളങ്ങളായി.

മഴവില്ല് എന്ന വർണരാജി പാട്ടിൽ പലമട്ടിൽ പടർന്നു. ഹൃദയഭാവങ്ങളുടെ വർണഭാഷയിലേക്കുള്ള പരിഭാഷകൂടിയായി മാറി ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ. വികാരത്തിന്റെ വർണരാജിയായി മാറുകയായിരുന്നു മഴവില്ലും മയിൽപീലിയും. മഴവില്ല് എന്ന ദൃശ്യത്തെ ചെറിയ വർണത്തോപ്പുകളാക്കി പാട്ടിലൊരു ഭാവലോകം സൃഷ്ടിച്ചു ഭാസ്കരൻ മാഷ്. നിശ്ചലതയെ വർണസാന്ദ്രതകൊണ്ട് ചലനാത്മകമാക്കുകയായിരുന്നു മാഷിന്റെ പാട്ടുകൾ. അവിടെ ആകാശവും ചക്രവാളവും മേഘവും മഴവില്ലുമെല്ലാം വർണത്തിന്റെ മായികമായ മറ്റൊരു ഭാഷ സൃഷ്ടിച്ചു.

മണ്ണിലും വിണ്ണിലുമൊക്കെ സംഭവിക്കുന്ന നിറഭേദങ്ങൾ കവിയുടെ മനസ്സിലെ ഭാവങ്ങളാണ്. നിറമെന്നത് മാഷിന്റെ പാട്ടിലെ വികാരലോകത്തിലേക്ക് തുറക്കുന്ന കൽപനാജാലകങ്ങളായിത്തീരുന്നു. മനസ്സിന്റെ കാൽപനികതയിൽ ഉണരുന്ന ദർശനങ്ങളായിത്തീരുന്നു നിറങ്ങൾ. പി. ഭാസ്കരൻ എന്ന കവിയിലെ കാൽപനികതയെ സമൃദ്ധമാക്കിയ നിറമെന്ന നിയാമക ഘടകം ആന്തരാനുഭൂതികളെയും വൈകാരിക തീവ്രതകളെയും പ്രകൃതിയുമായുള്ള സമർപ്പണത്തെയും പ്രണയവിശുദ്ധിയോടുള്ള ആദരവിനെയും ഏകാകിതയെയും ഗാനാത്മകതയെയുമൊക്കെ സൂചിപ്പിച്ചു.

അപാരതയുമായുള്ള ഒരിണങ്ങൽ കൊണ്ടുവരുന്നത് നിറമെന്ന സങ്കൽപമാണ്. ഒരുപക്ഷേ, കവി തന്നെത്തന്നെ വിശദമാക്കുന്ന ഗാനങ്ങൾ. നിറങ്ങൾ പാട്ടിനെ സൗന്ദര്യത്തിന്റെ പ്രത്യാശാഭരിതമായ കാൽപനികതയിലേക്ക് കൊണ്ടുപോകുന്നു. സൗന്ദര്യത്തിന്റെ പുതിയൊരു ഭാഷയൊരുക്കുന്നു.മധുമാസപ്പകലുകൾ പൂമാല വിൽക്കുന്ന മഴവില്ലിന്റെ നാട്ടിലേക്ക് പറന്നുപോകുന്ന ചിത്രശലഭവും വാർമഴവില്ലിന്റെ തംബുരു മീട്ടുന്ന വാനവും എല്ലാം നമ്മൾ ആ ഗാനങ്ങളിൽ കണ്ടു.

മാരിവില്ല് പന്തലിട്ട ദൂരചക്രവാളവും മഴവില്ലിന്റെ സുന്ദരമായ മാലക്കാവടിയാട്ടവും വാർമഴവില്ലിന്റെ വർണപ്പൂമാലയും വനമാലയും മാനത്തെ പൂക്കടമുക്കിൽ മഴവില്ലിൻമാല വിൽക്കുന്ന കരിമുകിലും വാർമഴവില്ലിന്റെ ചൂരൽ ചുഴറി നീലാകാശക്കുട ചൂടി സവാരി പോകും മനുഷ്യനും മാരിവില്ലിന്റെ വരണമാല്യം തീർക്കുന്ന വർഷസന്ധ്യയും...

അങ്ങനെ നിറങ്ങളുടെ വലിയൊരു പ്രകൃതി ഘടകം മാഷിന്റെ പാട്ടുകളിൽ കാണാം. ‘മഴവില്ലാൽ ഞാനൊരുക്കി ഏഴുനിറങ്ങൾ, മനസ്സിൽ ഏഴു നിറങ്ങൾ’ എന്ന് ഒരു പാട്ടിൽ കവി എഴുതി. ‘വിണ്ണിന്റെ വിരിമാറിലെ, മഴവില്ലി​ന്റെ മനസ്സിലെ മാനത്തുതെളിയുന്ന മഴവില്ലിന്റെ ഊഞ്ഞാലയെക്കുറിച്ചുമൊക്കെ അദ്ദേഹം പാട്ടിലെഴുതി. മഴവില്ലിന്റെ മയിൽപ്പീലി വിടർത്തി മയൂരനൃത്തം ചെയ്യുന്ന കാലത്തെ കവി പാട്ടിൽ സങ്കൽപിച്ചു.‘വാനപുഷ്പ വനവീഥിയിൽ ഞാനൊരു വാർമഴവില്ലായണഞ്ഞുവെങ്കിൽ’ എന്നാണ് കവി മറ്റൊരു പാട്ടിലെഴുതിയത്.

നിറങ്ങളുടെ സംഗ്രഹമായിരുന്ന പി. ഭാസ്കരന് മഴവില്ലും മയിൽപ്പീലിയും ‘കണ്ണിൻമുന്നിൽ കവിതകൾ നീർത്തുന്നു മണ്ണും വിണ്ണും മാരിവില്ലും’ എന്ന് കവി എഴുതിയിട്ടുണ്ടല്ലോ. ‘വാർമഴവില്ലിന്റെ വളകളണിഞ്ഞൊരു വാസന്തം’ വിരുന്നുവരുകയുണ്ടായി ഒരു പാട്ടിൽ. വസന്തമാകുന്ന അവളുടെ മുഖം രമ്യപുഷ്പവനമായും നഖം ആകാശത്തിലെ ചന്ദ്രലേഖയുമായി. അവളുടെ ചുരുൾമുടി നീലമുകിൽ മണ്ഡലമായും നടനവേദി ജഗത്മണ്ഡലമായും മാറി. ആകാശം നിറപ്പകർച്ചയുടെ ദൃശ്യവസന്തം തീർത്തു. മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി പാവാട മാറ്റിയ ഒരു പൗർണമി കന്യകയുണ്ടായിരുന്നു ഭാസ്കരൻ മാഷിന്റെ പാട്ടിൽ. ‘പുലരൊളിതൻ പൂഞ്ചോലയിൽ, നീരാടുന്ന മാനത്തെ മണ്ണാത്തിക്ക് കിട്ടിയ പൂത്താലി’ മാഷിന്റെ പാട്ടിന് തിളക്കമേറ്റി.

‘മാനത്തെ മഴമുകിൽ മാലകളെ ചേലൊത്ത മാടപ്പിറാവുകളായി’ കണ്ടു കവി. ‘മാനത്ത് സന്ധ്യ കൊളുത്തിയ മത്താപ്പും പൂത്തിരിയും’ മാനത്ത് രാത്രിയിൽ പുള്ളിപ്പുലികളിയും’ ‘സന്ധ്യകൾ ചാലിച്ച സിന്ദൂരവും’. അങ്ങനെ നിറങ്ങളുടെ ഒരു നീലകാശം മാഷിന്റെ ഗാനങ്ങളിൽ എല്ലായ്പോഴും വിടർന്നുനിന്നു. ‘മാരിവില്ലുകൾ വേലികെട്ടിയ വാനത്തിന്റെ മല്ലികപ്പൂവാടി’യായിരുന്നു പി. ഭാസ്കരന്റെ ഗാനമേഖല. അവിടെ വാർമഴവില്ലിന്റെ വീണയും മാനത്തിൻ മുറ്റത്ത് കറുക ചവക്കുന്ന മാൻകൂട്ടവും മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടുന്ന മധുമാസ സന്ധ്യകളും... അങ്ങനെ ഒരു നിര നീണ്ടുപോകുനു.

അതേസമയം, പി. ഭാസ്കരന്റെ ഗാനങ്ങളിൽ നിറങ്ങളോടും പീലിവിരിച്ചാടുന്ന ഒരു മയൂരവുമുണ്ടായിരുന്നു. ‘വർണപ്രതീക്ഷ തൻ വാർമയിൽപീലികൾ’കൊണ്ടലങ്കരിച്ചതായിരുന്നു ആ ഗാനങ്ങൾ. പ്രണയിനിയുടെ നയനം മയിൽപ്പീലിക്കെട്ടുകൾ വീശുന്നതുപോലെ’ എന്ന് മാഷ്, ഒരു പാട്ടിലെഴുതി. ‘മാനസവേദിയിൽ മയിൽപീലി നീർത്തിയാടും മായാമയൂരങ്ങളെ കാണാം മറ്റൊരു പാട്ടിൽ. ‘നീലമുകിലേ നിന്നുടെ നിഴലിൽ പീലിവിടർത്തിയ പൊൻമയിൽ ഞാൻ’ എന്നെഴുതിയതും മാഷാണ്.

അനുരാഗമാകുന്ന മയിൽപീലി എന്ന വരിയും മാഷിന്റെതാണ്. ‘എന്റെ സുന്ദര സ്വപ്നമയൂരമേ നിന്റെ പീലികൾ കൊഴിഞ്ഞല്ലോ’ എന്ന് സങ്കടപ്പെടുന്ന ഒരാളുണ്ട് ഭാസ്കരൻ മാഷിന്റെ ഒരു പാട്ടിൽ. ‘സുന്ദരസ്വപ്നമേ നീയെനിക്കേകിയ വർണച്ചിറകുകൾ വീശി, പ്രത്യുഷനിദ്രയിൽ ഇന്നലെ ഞാനൊരു ചിത്രപതംഗമായ് മാറി’ എന്ന പാട്ടിൽ സംവിധായകൻ ഭരതൻ തിരശ്ശീലയിൽ ഒരു വർണമയൂരത്തെ കാട്ടിത്തന്നു. നിറമോലുന്ന പൂമ്പാറക്കൾ പി. ഭാസ്കരന്റെ പാട്ടുകളിൽ നിറയെ പാറിക്കളിക്കുന്നുണ്ട്. ‘പുലർകാല സുന്ദരസ്വപ്നത്തിൽ’ എന്ന പാട്ടിലും ഒരു ചിത്രപതംഗത്തെ കാണാനാകും, അത് കാൽപനിക സങ്കൽപത്തിന്റെ പ്രതീകമായിട്ടാണെങ്കിലും.

വാർമഴവില്ലും മയിൽപീലിയുമൊക്കെ ഭാസ്കരൻ മാഷിന്റെ പാട്ടിലെ നിറങ്ങളുടെ മായാപ്രപഞ്ചങ്ങളാണ്. അവയില്ലാത്ത ഭൂമിയിലെ ജീവിതത്തെ അദ്ദേഹത്തിലെ കവി ഇഷ്ടപ്പെട്ടില്ല. മാരിവില്ല് പന്തലിട്ട ദൂരചക്രവാളങ്ങൾ അ​ദ്ദേഹത്തിലെ കവിയെ മാടിവിളിച്ചു. ‘മാന​ത്തെ നിറങ്ങൾ മറഞ്ഞാലും മനസ്സിലെ മഴവില്ലേ നീ മായല്ലേ’ എന്ന് മറ്റൊരു പാട്ടിൽ കവി സങ്കടപ്പെട്ടു. മഴവില്ലും മയിൽപീലിയും അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് നിറം പകർന്നുകൊണ്ടിരുന്നു, മന്മഥനാം ചിത്രകാരൻ മഴവില്ലിൻതൂലികയിലെ കിളിവാതിലിലെഴുതിച്ചേർത്ത മധുരചിത്രംപോലെ...

Tags:    
News Summary - P Bhaskaran and his Beautiful songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT