ഓണത്തല്ലിന്റെ ഭാഗമായി ആശാന്മാരായ മൊയ്തു, വാപ്പിനു എന്നിവർ തല്ലു കൂടുന്നു
ചെറുതുരുത്തി: നാട്ടുരാജാക്കന്മാരുടെ കാലത്ത് ഓണം വന്നാൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരുന്നു ഓണത്തല്ല്. നാടൻ തല്ല്, ഓണത്തല്ല് എന്നീ പേരിൽ അറിയപ്പെടുന്ന ഇതിനെ ഇപ്പോഴും കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം വയോധികരായ ആശാന്മാർ. ഇവർക്ക് കീഴിൽ ഇപ്പോഴും വിദ്യാർഥികൾ അടക്കം നൂറുകണക്കിന് യുവാക്കൾ നാടൻ തല്ല് പഠിക്കാനെത്തുന്നു. അവിട്ടം നാളിൽ കുന്നംകുളത്ത് നടക്കുന്ന ഓണത്തല്ലിനുള്ള ഒരുക്കത്തിലാണിവർ.
ഈ കല അന്യംനിന്നു പോകരുതെന്ന ഉദ്ദേശ്യത്തോടെ യാതൊരു പ്രതിഫലവും വാങ്ങാതെ പഠിപ്പിക്കുകയാണ് വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ താഴെപ്പറയിൽ താമസിക്കുന്ന ചേനയുംകുന്നത്ത് മൊയ്തു കൊരങ്ങോട്ടിൽ (81), കളത്തിൽ ഇറങ്ങിയാൽ അടി നിയന്ത്രിക്കുന്ന ചായിക്കാരൻമാരായ (റഫറിമാർ) പള്ളത്ത് സുലൈമാൻ (71), കളത്തിൽ കുഞ്ഞാപ്പു (71) എന്നിവർ അടങ്ങുന്ന സംഘം. ഇക്കൊല്ലം ഓണത്തല്ല് പരിശീലനത്തിൽ 12 വയസ്സുകാരൻ ഷിബിൽ, ഹസ്സൻ, ഷാനിഷ് എന്നീ മൂന്നു വിദ്യാർഥികളും ഇവരോടൊപ്പം കട്ടക്ക് നിന്ന് പോരാടുന്നുണ്ട്.
രണ്ടാളെ വെച്ച് 35 ജോഡി അംഗങ്ങൾ. ഇതുകൂടാതെ കച്ചകെട്ടി കൊടുക്കാനും മറ്റു സഹായത്തിനുമായി നൂറിൽ കൂടുതൽ ആളുകളാണ് കുന്നംകുളത്തെ മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ ജാതി-മത ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്നുണ്ട്.
മുമ്പ് പാലക്കാട്, ആലത്തൂർ, എടപ്പാൾ തുടങ്ങി പല സ്ഥലങ്ങളിൽ നിന്നും ഓണത്തല്ല് മത്സരത്തിന് ആളുകൾ കുന്നംകുളത്ത് എത്തിയിരുന്നു. എന്നാൽ, അവരെല്ലാം ഇന്ന് ഓണത്തല്ല് ഉപേക്ഷിച്ചു.
ഇപ്പോഴുള്ളത് താഴെപ്പറ സ്വദേശികൾ മാത്രമാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സർക്കാർ യാതൊരു ആനുകൂല്യങ്ങളും നൽകുന്നില്ല. ഇതിനെ തുടർന്നാണ് ഇത് എല്ലാവരും ഉപേക്ഷിക്കുന്നതെന്ന് യുവാക്കളുടെ ഹരമായ തല്ലുകാരൻ അബ്ദുൽ സലീം പറയുന്നു.
തല്ലിനിറങ്ങുമ്പോൾ മുണ്ടുകൊണ്ട് കച്ചകെട്ടി ആശാന്മാരുടെ അനുഗ്രഹം വാങ്ങി കൈരണ്ടും മുകളിലേക്ക് നിവർത്തി പിടിച്ച് അയ്യത്തടി അയ്യത്തടി എന്ന് പറഞ്ഞാണ് ഇവർ അടിക്കാനായി ഇറങ്ങുക. കൂടാതെ കടകം, മറുകടകം, ഓതിരം, മറു ഓതിരം, ചെന്നി, മറുചെന്നി എന്നീ മർമങ്ങൾ നോക്കിയും പറഞ്ഞുമാണ് ഇവർ അടിക്കുക. എതിരാളി തടുത്തില്ലെങ്കിൽ വൻ അപകടമാണ് സംഭവിക്കുക. മർമം നോക്കി അടിയിൽ പല അപകടങ്ങളും സംഭവിക്കാം. പക്ഷേ എപ്പോഴും കണ്ണും കാതും കൈവേഗതയും, ശ്രദ്ധയോടെ കളിച്ചില്ലെങ്കിൽ അടി വന്ന് വീഴുന്നത് അറിയാൻ പറ്റില്ല. മൂന്ന് അവസരങ്ങൾ കൊടുത്ത് എതിരാളിയെ അടിച്ചു വീഴ്ത്തുന്ന ആളെ വിജയിയായി റഫറി പ്രഖ്യാപിക്കും. രണ്ട് ആളുകൾ തമ്മിൽ അടി കൂടുതലാവുമ്പോൾ റഫറി വന്ന് പിടിച്ചുമാറ്റിയില്ലെങ്കിൽ പരിക്ക് പറ്റാനും ഇടയുണ്ട്. അതുകൊണ്ട് സൂക്ഷിച്ചാണ് എല്ലാ അംഗങ്ങളും കളിക്കുക.
കളത്തിൽ ഇറങ്ങിയാൽ ഇവർക്ക് രക്തബന്ധം ആയാലും അടിച്ചുവീഴ്ത്തുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. ഒരാൾ അടിച്ചാൽ അതിന് തിരിച്ചടിക്കുക എന്ന ലക്ഷ്യം കൂടി ഇവർക്കുണ്ട്.
പുറത്തുള്ള എല്ലാ ജോലികളും കഴിഞ്ഞ് രാത്രിയിലാണ് ഇവർ ഓണത്തല്ല് പരിശീലിക്കുന്നത്. ഇത് കാണാൻ ദൂരസ്ഥലത്ത് നിന്നടക്കാം നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അത്രയും ഹരംപിടിച്ച തല്ലാണ് ഓണത്തല്ല്.
എന്നാൽ, തങ്ങളുടെ കാലശേഷം ഇത് സംരക്ഷിച്ചു കൊണ്ടുപോവാൻ അധികൃതർ എല്ലാവിധ ആനുകൂല്യങ്ങളും നൽകണമെന്നാണ് ആശാന്മാരായ മൊയ്തു വാപ്പിനു, ഉണ്ണി എന്നിവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.