photo: റനീഷ് വട്ടപ്പാറ

മക്കളെ മണ്ണി​െൻറ മണം പഠിപ്പിക്കാൻ വന്ന ഓണം

അകലുന്തോറും അടുക്കാൻ പഠിപ്പിക്കുകയാണ് ഈ ഓണം. 1970കളുടെയും '80കളുടെയും ഓണക്കാലത്തി​െൻറ നഷ്ടസ്മൃതിയുണർത്താൻ ഈ ഒരോണം മാത്രം മതി. മഹാമാരിയുടെ കാലത്തെ ഓണം. ഗൃഹാതുരത്വത്തി​െൻറ മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തി​െൻറ മറ്റൊരോണക്കാലം.

ഗൃഹാതുരത്വത്തി​െൻറ ആ മാധുര്യവും  പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള മനസ്സും മലയാളിക്ക് ഇന്ന് കൈമോശം വന്നിരിക്കുന്നു. വ്യാവസായിക വിപ്ലവത്തിെൻറ ആവി എഞ്ചിന്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നമുക്ക് നഷ്ടമായത് നമ്മളെതന്നെ. വിവരസാങ്കേതികവിദ്യയുടെ അനന്തവിഹായസ്സിലേക്ക് ചിറകുവച്ച് പറന്നുയരുന്ന ന്യൂജെനറേഷന്‍ മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിെൻറ ആമാടപെട്ടിയില്‍ ഓണത്തെക്കുറിച്ച്, ആ നല്ല ഇന്നലെയെക്കുറിച്ച് ഓര്‍ക്കാന്‍ ഒരേടും ബാക്കിയില്ല. ഒാണക്കാലമെന്നാൽ പ്രകൃതിയുടെ ഗന്ധമുണ്ടായിരിക്കണം, പൂക്കളുടെ വര്‍ണങ്ങളും ഗൃഹാതുരത്വത്തിെൻറ ഗതകാലസ്മരണകളും അലയടിച്ചുകൊണ്ടിരിക്കണം. എന്നാല്‍, ഇതെല്ലം നമുക്ക് അന്യമായി..

ഓണത്തപ്പനെ വരവേല്‍ക്കാന്‍ തയാറായി കാട്ടിലും മേട്ടിലുമുള്ള പൂക്കളായ പൂക്കളെല്ലാം അണിഞ്ഞൊരുങ്ങി നാടും നഗരവും വർണംകൊണ്ട് തീർത്ത സമൃദ്ധിയുടെ ആഘോഷം. പ്രകൃതിയുടെ ഉത്സവം. അതായിരുന്നു ഒാണം.

എന്നാൽ, തുമ്പയും തുളസിയും മുക്കുറ്റിയും ഓണപ്പാട്ടിൽ ചേക്കേറിയിട്ട് നാളേറെയായി. ഓണ സ്മൃതികൾക്ക് ചേക്കേറാൻ ഓണപ്പാട്ടായിരുന്നു 1980കളിൽ. ഓണക്കാസെറ്റ് രൂപത്തിലെത്തിയ ഓണപ്പാട്ടുകളും പോയി. കവികളും ഒാണക്കവിതകളും വിസ്മൃതിയിലായി. നമ്മൾ തുമ്പയെയും മുക്കുറ്റിയെയും മറന്നു.

1990കൾക്ക് ശേഷമുള്ള കാലത്ത് അത്തം തൊട്ട് ഉത്രാടം വരെ ഒരുക്കുന്ന പൂക്കളം ശോഷിച്ചുകൊണ്ടിരുന്നു. എന്നാൽ, ഉത്രാടപ്പൂക്കളവും തിരുവോണപ്പൂക്കളും ഗംഭീരമായി. കാരണം ഉത്രാടദിനമാവുമ്പോഴേക്കും അന്യനാടിെൻറ പൂക്കൾ വന്നെത്തി. നമ്മുടെ കാത്തിരിപ്പ് മൈസൂരുവിെൻറയും ഗുണ്ടൽപേട്ടിെൻറയും മണ്ണിലേക്ക്.

കൈയിലെ പണം മുഴുവൻ ജമന്തിയും ചെണ്ടുമല്ലിയും വാടാമല്ലിയും കൊണ്ടുപോയി. പൂക്കളത്തിെൻറ വലുപ്പംകൊണ്ട് വീട്ടുകോലായിൽ ഇറങ്ങാനാവാതായി. ബാക്കിയായ പൂക്കൾ തൊടികളിൽ അലങ്കോലമായി വാരിയെറിഞ്ഞു. നഗരത്തിനും ദിവസങ്ങളോളം പൂക്കളുടെ സുഗന്ധത്തിനു പകരം നാറ്റമായി.

മഹാമാരിയെ ഒപ്പം കൂട്ടി 2020 വന്നു. ചെണ്ടുമല്ലിയും ജമന്തിയും വന്നില്ല. അവ വരില്ല, വന്നാലും വാങ്ങാൻ കാശില്ല. ഇനി മക്കളെ പൂക്കൾ തേടി നടക്കാൻ പ്രേരിപ്പിക്കുകതന്നെ ശരണം. തുമ്പയെയും മുക്കുറ്റിയെയും മക്കൾ തേടിയലഞ്ഞു, മണ്ണിെൻറ വിരിമാറിൽ.

മക്കളും പഠിച്ചു, കോളാമ്പിപ്പൂവും കാക്കപ്പൂവും ഏതാണെന്ന്. മുമ്പ് അവഗണിച്ചിരുന്ന, വീട്ടുമുറ്റത്തെ ചെമ്പരത്തിയോട് വല്ലാത്ത സ്നേഹമായി. മുള്ളുകൊണ്ട് കോറിയാലും പൂ കിട്ടിയാൽ മതിയെന്നായി. എന്നാലും തുമ്പയെ കിട്ടിയില്ല. തുമ്പ പിടികിട്ടാപ്പുള്ളിയായി തുടരുന്നു. മണ്ണിെൻറ സുഗന്ധം തേടാൻ നമ്മെ പ്രാപ്തമാക്കിയ ഓണം. ഇൗ കാലം നമ്മളെ പരസ്പരം അകലാൻ പഠിപ്പിച്ചു. അതോടൊെപ്പം മണ്ണിനോടും കാടിനോടും അടുക്കാനും. മണ്ണിൽ വിത്തെറിയാനും കാട്ടിലും പാടത്തും പൂതേടാനും. അതേ, ഇൗ ഒാണം മണ്ണിെൻറ മണമുള്ള ഓണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.