'അയാൾ ആ പെൺകുട്ടിയെ ബലമായി കടന്നുപിടിച്ചു' സിവിക് ചന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യുവ എഴുത്തുകാരി

കോഴിക്കോട്: ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്ത സാഹിത്യകാരന്‍ സിവിക് ചന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യുവ എഴുത്തുകാരി ചിത്തിര കുസുമൻ. ഒരു ക്യാമ്പിൽ വെച്ച് സിവിക് ച​ന്ദ്രൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്. ഇത് ഞാൻ പറയേണ്ട കാര്യമല്ല എന്ന ധാരണയിലാണ് സിവിക് ചന്ദ്രനെ പേരെടുത്ത് പറഞ്ഞ് ഇതുവരെ ഒരു പോസ്റ്റിടാതിരുന്നതെന്നും അയാൾക്ക് സ്ത്രീകൾ തന്നെ വലിയ പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഇത് പറയുന്നതാണ് ശരിയെന്നും പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. കൂട്ടായ്മയിൽ വെച്ച് അൽപം തളർന്ന് മാറിയിരുന്ന പെൺകുട്ടിയെ സിവിക് ചന്ദ്രൻ ബലമായി പിടിച്ചടുപ്പിച്ച് ചുംബിക്കാൻ ശ്രമിക്കുന്നത് കണ്ടെന്നും താൻ അവിടെ എത്തുമ്പോഴേക്ക് അയാൾ എണീറ്റുപോയെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

''ഇത് ഞാൻ പറയേണ്ട കാര്യമല്ല എന്ന ധാരണയിലാണ് സിവിക് ചന്ദ്രനെ പേരെടുത്തു പറഞ്ഞ് ഇതുവരെ ഒരു പോസ്റ്റ് ഇടാതിരുന്നത്. അയാൾക്ക് സ്ത്രീകൾ തന്നെ വലിയ പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഇത് പറയുന്നതാണ് ശരി. ഞാൻ ആദ്യമായും അവസാനമായും സിവിക് ചന്ദ്രനെ കണ്ടത് ഒരു കൂട്ടായ്മയിലാണ്. അവിടെ ഉണ്ടായിരുന്ന ആരെയും പേരെടുത്തു പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. സിവിക്കിനെ വലിയ രാഷ്ട്രീയ ജീവിതമുള്ള ഒരാളായിട്ട് മാത്രമായിരുന്നു എനിക്ക് കേട്ടുപരിചയം, അതുകൊണ്ടുതന്നെ ആ ബഹുമാനത്തിലാണ് കൂടിയിരുന്നു സംസാരിച്ചു തുടങ്ങിയത്. എന്നാൽ, പ്രായത്തിൽ ഇളയ പെൺകുട്ടികൾ ഉണ്ടായിരുന്ന കൂട്ടായ്മയിൽ കൂടിയിരുന്നു സംസാരിച്ച സമയത്തിന്റെ പകുതിയും തന്നെ ചെറിയ പ്രായത്തിലെ പെൺകുട്ടികൾ ആരാധനയോടെ പ്രേമിക്കുന്നു എന്ന, പൊങ്ങച്ചമാണെന്ന് അയാൾക്കും വൃത്തികേടാണെന്ന് എനിക്കും തോന്നുന്ന വർത്തമാനമാണ് അയാൾ പറഞ്ഞതത്രയും. അതോടെ ഈ മനുഷ്യനെ സൂക്ഷിക്കണം എന്ന് തോന്നിയിരുന്നു. ഒന്നോ രണ്ടോ സംവാദങ്ങൾ നേരിൽ കഴിഞ്ഞപ്പോഴേക്ക് നമ്മളൊക്കെ മുതിർന്ന ആളുകളല്ലേ എന്നൊരു ലൈനായി പിന്നെ. എന്നോട് അധികസംസാരത്തിന് അയാൾ നിന്നില്ല. ആകെ രണ്ടു ദിവസമാണ് ഒരുമിച്ചുണ്ടായത്, പിരിയുന്നതിന്റെ തലേ ദിവസം രാത്രി ആണും പെണ്ണും എല്ലാവരും കൂടെ മദ്യപിച്ചു. ഞാൻ മദ്യപിക്കാത്ത ആളായതുകൊണ്ട് അവരെ വിട്ടിട്ട് മാറിയിരിക്കുകയാണുണ്ടായത്. അതിനു ശേഷം രാത്രി പുറത്തിറങ്ങിയിരുന്നു സംസാരിക്കുമ്പോൾ കൂട്ടത്തിൽ ഒരു പെൺകുട്ടി അല്പം തളർന്ന് പിറകിൽ തനിയെ മാറിയിരുന്നിരുന്നു. എന്റെ അമ്മച്ചി/ചേച്ചി സ്വഭാവം കൊണ്ട് അവൾ ഓക്കേ അല്ലേ എന്ന് ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഒരുവട്ടം നോക്കുമ്പോൾ സിവിക് അവളുടെ അടുത്ത് വന്നിരിക്കുന്നുണ്ട്, ഞാൻ ആ കുട്ടിയോട് എന്റെയടുത്തേക്ക് പോരാൻ പറഞ്ഞെങ്കിലും അവൾക്ക് എഴുന്നേറ്റു ഞാനിരിക്കുന്ന ഇടം വരെ എത്താൻ പറ്റുമായിരുന്നില്ല. കൂടെയുള്ള ആൺകുട്ടികളോട് അവളെ നോക്കണേ എന്ന് പറഞ്ഞു, പിന്നീട് നോക്കുമ്പോൾ അയാൾ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാൻ ശ്രമിക്കുകയാണ്. ഞാൻ എഴുന്നേറ്റ് അവിടെ എത്തുമ്പോഴേക്ക് അയാൾ എണീറ്റുപോയി. ആ കുട്ടി സങ്കടത്തിലും അപമാനത്തിലുമായിരുന്നു. ഞാൻ ചോദിച്ചു അയാളോട് ഞാൻ സംസാരിക്കണോ, പിടിച്ച് ഒരെണ്ണം കൊടുക്കട്ടെ എന്നൊക്കെ. അച്ഛനെക്കാൾ പ്രായമുള്ള ഒരാളിൽനിന്ന് ഉണ്ടായ ആ അപ്രതീക്ഷിത പെരുമാറ്റം കൊണ്ടാണോ അതോ ഇതിനും മുമ്പ് നേരിട്ടിട്ടുണ്ടാകാവുന്ന എന്തോ ട്രോമ കൊണ്ടാണോ എന്നറിയില്ല, വേണ്ട ചേച്ചീ എന്നു പറഞ്ഞ് സുരക്ഷിതത്വം ഉറപ്പിക്കാൻ എന്നവണ്ണം എന്നോട് ചേർന്നിരിക്കുകയാണ് ആ കുട്ടി ചെയ്തത്. അയാളെ എന്നപോലെ അവളെയും ഞാൻ ആദ്യമായി കാണുകയായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഒരാൾ വേണ്ട എന്ന് പറയുന്നിടത്തുകയറി ഇടപെടുന്നത് ശരിയല്ല എന്ന ബോധ്യത്തിൽ അത് ചെയ്യാതിരിക്കുകയും അവിടെ നിന്ന് പോകുന്ന സമയം വരെ അവൾ സേഫ് ആണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിനുശേഷം അയാളോട് ഒരുവിധത്തിലുള്ള കൊണ്ടാക്റ്റും സൂക്ഷിച്ചിട്ടില്ല, പാഠഭേദത്തിൽ കവിത ചോദിച്ചിട്ട് കൊടുത്തതുമില്ല. പെൺകുട്ടികളും സ്ത്രീകളും കൂടെ സ്വാതന്ത്ര്യത്തോടെ നടക്കുന്നത് നിങ്ങളെ ആരെയും കണ്ടുമോഹിച്ചിട്ടല്ല. നിങ്ങൾ ഇല്ലെങ്കിലും അവർ അതേ നടപ്പ് നടക്കും. കൂടെയിരുന്നു മദ്യപിച്ചാൽ അതിന്റെ അർഥം കൂടെ കിടക്കാൻ തയാറാണെന്നല്ല, നിങ്ങളെ അവർ തുല്യരായി കാണുന്നു എന്നുമാത്രമാണ്. അത്ര പോലും മനസ്സിലാക്കാത്ത പുരുഷന്മാരോടും, സിവിക്കിനെ പോലുള്ള ആളെ ഒരു പെൺകുട്ടിയുടെ ആരോപണം പോലും വകവെക്കാതെ താങ്ങുന്ന സ്ത്രീകളോടും കഷ്ടം എന്നേ പറയാനുള്ളൂ. നിങ്ങൾക്ക് എന്നെങ്കിലും നേരം വെളുക്കുമായിരിക്കും, എല്ലാ ആശംസകളും. അതിജീവിതക്കൊപ്പം മാത്രം.''

Full View

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്‌തെന്നുമായിരുന്നു യുവതിയുടെ പരാതി.

അതേസമയം, പരാതി നല്‍കി 21 ദിവസമായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും സിവിക് ചന്ദ്രനെ ഇതുവരെ ചോദ്യം ചെയ്തില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അധിക്ഷേപം നടക്കുന്നുണ്ടെന്നും അധ്യാപികയും യുവ എഴുത്തുകാരിയുമായ പരാതിക്കാരി ആരോപിച്ചു.

Tags:    
News Summary - Young writer with Facebook post against Civic Chandran and supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.