എഴുത്തിനെതന്നെ എഴുതിപ്പൊളിച്ച മലയാള ഭാഷയുടെ, വൈവിധ്യവിസ്മയങ്ങളെയാണ് ഇപ്പോൾ നാം വൈക്കം മുഹമ്മദ് ബഷീറുകൾ എന്ന് ആദരപൂർവം വിളിക്കുന്നത്. മേൽക്കോയ്മകൾക്കിടയിൽ കിടന്ന് ഞെരിയുകയും അതിന്റെ ചുമലിൽ ചാരിനിൽക്കുകയും ചിലപ്പോൾ സ്വന്തംമുഖം വെളിപ്പെടുത്തുകയും ചെയ്ത പഴയ മലയാളം; കീഴാള നവോത്ഥാനവും മാറിവന്ന ഭാവുകത്വവും പുരോഗമനസാഹിത്യവുംകൂടി ഉഴുതുമറിച്ച പുതുമണ്ണിൽ പഴമയിലേക്കിനി മടക്കമില്ലെന്ന് നിവർന്നുനിന്ന് പ്രഖ്യാപിച്ച് ചിരിച്ചു തുടങ്ങിയപ്പോഴാണ് ഇസ്തിരിക്കിട്ട ആഢ്യസാഹിത്യ മലയാളം എങ്ങനെ വേണമെങ്കിലും വളയാനും മറിയാനും കഴിയുംവിധം ജനമലയാളമായി മെയ്വഴക്കം ആർജിച്ചത്.
ഇഗ്നോസിയോ ബുത്തീത്ത
ഉൽപാദനകേന്ദ്രങ്ങളിലും സമരവേദികളിലും കച്ചവടയിടങ്ങളിലും ഒത്തുചേരലുകളിലും സംഭാഷണങ്ങളിലും പലപ്രകാരേണ കണ്ടുമുട്ടിയ ആ ജീവിക്കുന്ന മലയാളമാണ് പിന്നീട് ആഢ്യഎഴുത്തിന്റെ സ്വർണസിംഹാസനങ്ങൾ മറിച്ചിട്ടത്. ചിലവാക്കുകൾ സാഹിത്യത്തിന് ചേരുമോ, ആ ഭക്ഷണം ആരെത്ര വാരിക്കുഴച്ച് തിന്നുന്നതായാലും സാഹിത്യത്തിൽ കാണാൻ പാടില്ല, ആഘോഷങ്ങൾ ഒ.കെ, എന്നാൽ ആ ആഘോഷവും ഈ ആഘോഷവും നമ്മുടെ സാഹിത്യത്തിൽ വേണ്ട, അതുപോലെതന്നെ അനുഷ്ഠാനാചാരങ്ങളും അരിച്ചുപെറുക്കി അളന്ന് തൂക്കിമാത്രം, വേണ്ടതുമാത്രം കൃത്യപ്പെടുത്തി ചേർത്താൽ മതി തുടങ്ങി ദൃശ്യവും അദൃശ്യവുമായ എത്രയെത്രയോ പട്ടുപോലെ മൃദുലമായ അരുതായ്കകൾക്കിടയിലാണ്, മുമ്പ് പഴയ ആഢ്യസാഹിത്യഭാഷ സ്വന്തം പ്രൗഢി പ്രഖ്യാപിച്ചത്.
എൻഗൂഗി വാതിയോഗ
പരാന്നഭോജികളായ രാജാക്കന്മാരുടെ അമൃതേത്തിനു മുന്നിൽ, പഴയ കരിക്കാടിയായി തൊഴിലെടുക്കുന്നവന്റെ ഭക്ഷണം നിറംകെട്ട അവസ്ഥ, നിരന്തരമായ പ്രക്ഷോഭങ്ങൾക്കിടയിൽവെച്ച്, അപ്പോഴേക്കും മാറിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും തുടർന്നുപോന്ന, ആ ചിലതിനോടൊക്കെയുള്ള അരുതായ്മകൾക്കും, അസ്പൃശ്യതകൾക്കും എതിരെയുള്ള സമരമാണ്, രണ്ട് നൂറ്റാണ്ടിനും മുമ്പുതന്നെ മലയാളത്തിൽ കണ്ടുതുടങ്ങിയത്.
1920കളുടെ തുടക്കത്തിൽ മലബാറിൽ, ഇനി കുടിയൊഴിക്കലും, കുമ്പിളിൽ കഞ്ഞിയുമില്ല, എന്ന മലബാർ വാരിയംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയുടെ രാഷ്ട്രീയസമത്വപ്രഖ്യാപനം, ജീവിതത്തിന്റെ സമസ്തമണ്ഡലത്തിലും സൃഷ്ടിച്ച സ്ഫോടനങ്ങളുടെകൂടി തുടർച്ചയിലാണ്, ജ്ജ് കളിച്ചോ കളിച്ചോ പോത്തേ, പക്കേങ്കില് കളീമ്മക്കളി വേണ്ട എന്ന ഗർജനം വ്യക്തിതലംവിട്ട് സാമൂഹികതലത്തിലേക്ക് വ്യാപിച്ചത്.
ഒ.വി. വിജയൻ
ബഷീറും ഗൂഗിയും ബുത്തീത്തയും കീഴ്മേൽ മറിഞ്ഞ ആവിധമുള്ളൊരു കാലത്തിന്റെയും സ്വന്തം നേതൃത്വത്തിൽ മാറ്റിയെഴുതപ്പെട്ടൊരു കാലത്തിന്റെയും സമന്വയ സ്ഫോടനേസ്രാതസ്സായി തീർന്നു എന്നത് വർത്തമാനകാല സാഹിത്യസത്യമാണ്. ബഷീർ യാതൊന്നും എഴുതുകയില്ല. സോപ്പ്, കണ്ണാടി, ചീർപ്പ് മുതലായ സാധനങ്ങൾ വാക്ചാതുരിയോടെ വിൽക്കുന്ന ഒരു പെട്ടിക്കച്ചവടക്കാരനായി അദ്ദേഹത്തെ നഗരങ്ങളിലും ചന്തസ്ഥലങ്ങളിലും മറ്റും കാണുമായിരുന്നു. ഇതെഴുന്ന ആൾ ഒരുപക്ഷേ സരസ്വതീഗന്ധം ഗ്രഹിയാത്ത ഒരു കത്തനാരാകുമായിരുന്നു. ആരറിഞ്ഞു? കാലവൈഭവം കലയിൽ നിഷേധിക്കാവതല്ല (സാഹിത്യവിചാരം: എം.പി. പോൾ).
കേസരി ബാലകൃഷ്ണപ്പിള്ള
കേരളീയ പശ്ചാത്തലത്തെ മുൻനിർത്തി മുമ്പ് മലയാളത്തിന്റെ മഹാപ്രതിഭ എം.പി. പോളെഴുതിയത്, കീഴ്മേൽ മറിഞ്ഞൊരു കാലത്ത് നിവർന്നുനിന്ന പ്രക്ഷോഭപ്രതിഭകൾക്കൊക്കെയും ബാധകമാണ്. ആ കൊമ്പും ചില്ലയും പൂത്തുനിന്ന, കാലവൈഭവത്തെ കലികാലമെന്ന് ശപിച്ച്, സ്വയം സ്തംഭിച്ചുപോയവരെ, ആഴത്തിൽ അസ്വസ്ഥമാക്കിക്കൊണ്ട് പരിവർത്തനത്തിന്റെ പതാകാവാഹകരായി മാറിയ കീഴാളനവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമനസാഹിത്യപ്രസ്ഥാനവുമാണ്, ആഢ്യമലയാളത്തിന്റെ നട്ടും ബോൾട്ടും അഴിച്ച്, അതിനെ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്.
അന്ധമായ അശുഭാപ്തിവിശ്വാസത്തിനും, വന്ധ്യമായ ശുഭാപ്തിവിശ്വാസത്തിനും എതിരെ സമരോത്സുകമായ ശുഭാപ്തിവിശ്വാസമാണ്, മാറ്റത്തിന്റെ മാലാഖമാരായി മാറിയ അക്കാലത്തെ മഹാപ്രതിഭകളൊക്കെയും ആവിഷ്കരിച്ചത്. മനസ്സിന്റെ ഇരുൾമടക്കുകളിൽപോലും അവർ വിതച്ചത് വെളിച്ചത്തിന്റെ വിത്തുകളായിരുന്നു. മൃതദേഹങ്ങൾക്കിടയിൽനിന്നുപോലും അവർ വെച്ചുവിളമ്പിയത് എന്നും ജ്വലിക്കേണ്ട ജീവിതത്തിന്റെ ചോറാണ്.
എന്നാൽ, അപ്പോഴും ജാതിവ്യവസ്ഥയുടെ അസ്ഥിപൊട്ടിക്കുന്നതിൽ, പല കാരണങ്ങൾകൊണ്ടാവാം പുരോഗമന എഴുത്തുകാരിൽ പലരും കാലം ആവശ്യപ്പെടും വിധം മുന്നേറിയിരുന്നില്ല. അവരിൽ പലരും പിന്തിരിഞ്ഞേടത്തുവെച്ചാണ്, എന്തിന് വിഗ്രഹധ്വംസകനായ കേസരി ബാലകൃഷ്ണപിള്ള പോലും ഒരൽപം പതറിപ്പോയിടത്തുനിന്നാണ്, ബഷീർ ചാതുർവർണ്യവ്യവസ്ഥയെ ഇടിച്ച് ചമ്മന്തി പരുവത്തിലാക്കിയത്. സത്യത്തിൽ ബഷീറിയൻഭാഷ എന്നൊന്നുണ്ടെങ്കിൽ, അത് നാനാപ്രകാരേണ ജാതിഅഹന്തയുടെ കാറ്റൊഴിച്ചുവിട്ട, അധികാരവിരുദ്ധതയുടെ ഒരു മുഴുചിരിയാണ്! ജാതിവ്യവസ്ഥയെ വെട്ടിക്കീറിയ മഴുച്ചിരി എന്നും അതിനെ വിളിക്കാം!
മരണത്തേക്കാൾ ദാരുണമായ ദുരനുഭവങ്ങൾ ജീവിതത്തിലുണ്ടെന്ന് അറിഞ്ഞുകൊണ്ടുള്ള ആ വല്ലാത്ത ചിരി ആഘോഷത്തിൽവെച്ചാണ്, ആ ജഗ് ജുഗൂ ജഗ് ജൂഗുവിൽ വെച്ചാണ്, ഡങ്കഫുങ്കകളിൽ വെച്ചാണ്, തമ്പുരാൻ മലയാളത്തിൽ തുളവീണത്. ഇക്കിളികളെ ഇടിവെട്ടുകൊണ്ട് തിരുത്തിയ, അനവധിയായ മലയാള മൊഴിഭേദ മിസൈലുകൾകൊണ്ടാണ്, എം.പി. പോൾ പ്രത്യേകം അടയാളപ്പെടുത്തിയ, അതുവരെ മലയാളസാഹിത്യം രുചിച്ച് നോക്കിയിട്ടില്ലാത്ത, ‘ബാല്യകാലസഖി’യിലെ മാർക്കംകല്യാണംകൊണ്ടാണ്, ഇന്നേറെ അപകടകാരികളായി അധികാരം ചാപ്പകുത്തിയ എത്രയെത്രയോ അറബിവാക്കുകൾകൊണ്ടാണ്, ആർഷഭാരത മിത്തുകൾക്കപ്പുറവും ഏറെ മിത്തുകളുണ്ടെന്നുള്ള അസ്വസ്ഥ ഓർമിപ്പിക്കൽകൊണ്ടാണ്, ബഷീർ ജാതിമേൽക്കോയ്മയെ, അടപടലം മറിച്ചിട്ടത്.
സാഹിത്യത്തിൽ ഞാൻ കണ്ട, നീചകഥാപാത്രങ്ങളിലേറെയും മുസ്ലിംകൾ! പരിചയമുള്ളവരിൽ മറ്റെല്ലാവരെപ്പോലെ മുസ്ലിംകളിലും നല്ലവരും അല്ലാത്തവരുമുണ്ട്. സാഹിത്യത്തിൽമാത്രം എന്തുകൊണ്ടാണ് കാര്യങ്ങളൊക്കെയും ഇത്രമേൽ തലകീഴായ് മറിഞ്ഞിരിക്കുന്നത്? വലുതാവുമ്പോൾ മുസ്ലിംകളെ നല്ലവരാക്കി ചിത്രീകരിച്ച് എഴുതണമെന്ന് അപ്പോൾതന്നെ വിചാരിച്ചു. അങ്ങനെയാണ് എഴുതിത്തുടങ്ങിയത്. എഴുത്തുകാരനായത്.
ബഷീർ വ്യക്തമാക്കിയ ഇപ്പറഞ്ഞതിന്റെയെല്ലാം പൊരുൾ, ഒരു വിശേഷണവും മലയാളിക്ക് ആവശ്യമില്ലാത്ത ഒ.വി. വിജയൻ ഒറ്റവാക്കിൽ സംഗ്രഹിച്ചിട്ടുണ്ട്. അശ്ലീല ബ്രാഹ്മണ്യം വിജയിച്ചിട്ടില്ലെങ്കിൽ, ബഷീർ സാഹിത്യം നിലനിൽക്കും. ചെറുതെങ്കിലും ഇനിയും തുടരേണ്ട ചെറുത്തുനിൽപ്പിന്റെ തീയാളുന്ന ആ വാക്യത്തിൽവെച്ച്, ഇപ്പോൾ നമ്മോടൊപ്പമില്ലെങ്കിലും എന്നും നമ്മോടൊപ്പമുണ്ടാവുമെന്നുറപ്പുള്ള ഇഗ്നോസിയോബുത്തീത്തയും വൈക്കം മുഹമ്മദ് ബഷീറും എൻഗൂഗി വാതിയോഗയും; അവർക്കൊപ്പം പുതിയൊരു അധിനിവേശ വിരുദ്ധപുലരിയെ സ്വപ്നം കാണുന്നവരും ആ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി സമരം ചെയ്യുന്നവരും ആമോദത്തോടെ കണ്ടുമുട്ടും.
എന്തുകൊണ്ടെന്നാൽ മൂവരും മാതൃഭാഷയെന്നറിയപ്പെടുന്ന ജനഭാഷയുടെ മോചനത്തിനുവേണ്ടി പടപൊരുതിയവരാണ്. തമ്പുരാക്കന്മാരുടെ ആജ്ഞകളിൽ നിന്നല്ല, അതിനെതിരെ ഉയർന്ന മുദ്രാവാക്യങ്ങളിലാണ്, അമൃതേത്ത് ഭുജിച്ചതിനുശേഷമുള്ള അവരുടെ കുമ്പകുലുക്കിയുള്ള ഏമ്പക്കങ്ങളിൽ നിന്നല്ല, അവരുടെ സകലമാന എമ്പോക്കിത്തരങ്ങൾക്കുമെതിരായ, ബഹുജനപ്രക്ഷോഭങ്ങളിൽ വെച്ചാണ്, കഴുമരത്തിലേറുമ്പോഴും, ഇങ്ക്വിലാബ് വിളിച്ച സമരധീരരുടെ ഇനിയും പിറക്കുമെന്നുറപ്പുള്ള സൂര്യോദയങ്ങളിലേക്ക് തുറന്ന മിഴികളിലാണ് അവരൊക്കെയും സമരസൗന്ദര്യം അനുഭവിച്ചത്. അവർ എഴുതി അനുഭൂതിപ്പെട്ടത്, സ്വന്തം കിഗിയുവിലും സിസിലിയിലും മലയാളത്തിലുമാണെങ്കിലും, ആ പലമയിൽ പൂത്തത് തനിമയുടെ സൗന്ദര്യവും ശക്തിയുമാണ്.
കുനിയരുത്, ശരിക്ക് നിവർന്ന് ധീരതയോടെ നടന്നുപോകൂ എന്ന ബഷീർ അനശ്വരമാക്കിയ ആ നിസാർ അഹമ്മദിന്റെ അനാർഭാടമായ ഒരൊറ്റവാക്യത്തിൽ, ആരെത്ര താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാലും അഴിച്ചു മാറ്റാനാവാത്ത ആ പ്രതിരോധത്തിന്റെ കൊടി, കണ്ണുള്ളവർക്കൊക്കെയും കാണാനാവും! ഉള്ളടക്കത്തിനുമേൽ പടർന്നുനിൽക്കുന്ന ഭാഷയുടെ ആ പ്രക്ഷോഭവീര്യമാണ്, കവിതയാണ്, ആഭിജാത്യത്തെ പരിക്കേൽപിക്കുന്ന മേൽക്കോയ്മാവിരുദ്ധതയാണ്, കൃത്രിമ ഏകത്വത്തെ നിലം പരിശാക്കുന്ന അനേകതയുടെ ആവിഷ്കാരമാണ്, മൂവരുടെ ഭാഷയിലും കനലുകൾ കോരിയിടുന്നത്. എൻഗൂഗി എഴുതിയത്, മനസ്സിന്റെ അപകോളനീകരണത്തെക്കുറിച്ചും, ആഫ്രിക്കൻ സാഹിത്യത്തിലെ ഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ചുമാണ്.
അധികാരഭാഷ ജനഭാഷകൾക്കുമേൽ അടിച്ചേൽപിക്കുന്ന മാനസികമായ അടിമത്തത്തെ, പൊളിക്കാനുള്ള ആഹ്വാനമാണ്, പ്രയോഗപദ്ധതികളാണ്, ആഫ്രിക്കക്കാരെ രണ്ടാംതരം ജനതയായി വികലപ്പെടുത്തുന്നതിനെതിരെയുള്ള വിമർശനമാണ് മനസ്സിന്റെ അപകോളനീകരണം. ‘Decolonising the Mind: The politics of language in African literature’ എന്ന അദ്ദേഹത്തിന്റെ എതിരിടൽ പുസ്തകം അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിനൊപ്പം കെനിയൻ ഭാഷ കിക്കുയുവും അതോടെയാണ് അർഹിക്കുംവിധം സാഹിത്യത്തിൽ കൃത്യം അടയാളപ്പെടുത്തപ്പെട്ടത്.
ഇഗ്നോസിയാ ബുത്തീത്തയുടെ, ഭാഷയും മൊഴിഭേദങ്ങളും (Language and Dialect) എന്ന ഹൃദയസ്പർശിയായ കവിതയും ആവിഷ്കരിക്കുന്നത് അതേപോലെ സിസിലിയൻ ഭാഷാ മൊഴിഭേദത്തിലൂടെ ശക്തമായ അധിനിവേശവിരുദ്ധ മനോഭാവമാണ്. രാജ്യത്തിന് പുറത്തുനിന്ന് വരുന്ന ആക്രമണങ്ങൾ മാത്രമല്ല, അകത്തുനിന്നുണ്ടായി വരുന്ന അഭ്യന്തര അധിനിവേശവും അടയാളപ്പെടുത്തുന്നിടത്തുവെച്ചാണ്, ബുത്തീത്തയും ബഷീറും എൻഗൂഗിയും ആശ്ലേഷിക്കുന്നത്.
ഒരു ജനതയെ ചങ്ങലകളിട്ട് പൂട്ടുക/ അവരുടെ വസ്ത്രം അഴിക്കുക/ അവരുടെ വായിൽ തുണികുത്തിത്തിരുകുക/ അവർ അപ്പോഴും സ്വതന്ത്രരാണ്. അവരുടെ പാസ്പോർട്ട് പിടിച്ചുവെക്കുക/ തൊഴിൽ തട്ടിത്തെറിപ്പിക്കുക./ എങ്കിലും അവർ സമ്പന്നരാണ്/ എന്നാൽ ഒരു ജനതയുടെ സ്വന്തം ഭാഷ മോഷ്ടിക്കപ്പെട്ടാൽ/ അവർ ദരിദ്രരും അനാഥരുമായിത്തീരും/ അതോടെ അവർക്ക് സർവനാശം സംഭവിക്കും.
മൊഴിഭേദങ്ങൾ ഇല്ലാതായാൽ, പുതിയ വാക്കുകളും പുതിയ പദ ചേരുവകളും സൃഷ്ടിക്കാനാവാതെ, ആ ഭാഷ ആവർത്തനത്തിന്റെ ചുഴലിയിൽ അന്ത്യശ്വാസം വലിക്കും. സത്യത്തിൽ ബഷീറും ബുത്തീത്തയും ഒരു പരിധിവരെ എൻഗൂഗിയും, സ്വന്തം ജനഭാഷക്കുവേണ്ടി മാത്രമല്ല, അതിനകത്തും പുറത്തുമുള്ള അനേകമൊഴിഭേദങ്ങളാൽ ത്രസിക്കുന്ന, ജീവനുള്ള ഭാഷക്കുവേണ്ടിയാണ് നിരന്തരം ഇടപെട്ടത്.
ആ ശ്രമത്തിന്റെ വിജയപീഠത്തിനു മുന്നിൽ ഒരധിനിവേശ ഭാഷക്കും നിവർന്നു നിൽക്കാനാവില്ല. വിവർത്തനത്തിന്റെ വാതിലിൽപോലും സ്വാഗതഭാഷണങ്ങൾക്കൊപ്പം ആ മൊഴിഭേദങ്ങൾ സ്വന്തം വിയർപ്പിന്റെ ഉപ്പും അടയാളപ്പെടുത്തും. അതിനുമുന്നിൽ ഒരു ഫാഷിസ്റ്റിനും ഭാഷകൊണ്ട് ഏകപക്ഷീയമായി സർക്കസ് കളിക്കാൻ കഴിയില്ല. അസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട ആശ്ചര്യചിഹ്നങ്ങൾപോലെ, പ്രബുദ്ധമലയാളത്തിലേക്കും നിരവധി ജാതിമേൽക്കോയ്മാ പദാവലികൾ ഇടിച്ചുകയറി കഴിഞ്ഞിട്ടുണ്ടെങ്കിലും, അതിനൊന്നും പൊരുതുന്ന സാഹിത്യത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. വിയർപ്പു തുന്നിയ കുപ്പായം, അതിൻ നിറങ്ങൾ മങ്ങുകില്ല കട്ടായം എന്ന ജനകീയപ്രക്ഷോഭ പ്രതിഭ വേടന്റെ വാക്കുകൾക്ക് മുന്നിൽ, ഏത് ഡാഷ്സാഹിത്യ തമ്പുരാക്കന്മാരും വിവശരാവും!
ഭാവനക്ക് അക്ഷരാർഥത്തിൽ അടികൊണ്ട ഒരേയൊരാളേ മലയാള സാഹിത്യത്തിൽ ഇതെഴുതുമ്പോൾ ഓർമയിലുള്ളൂ! അത് ബഷീറിന്റെ ‘ബാല്യകാലസഖി’യിലെ, ഇമ്മിണിവല്യ ഒന്നായി വളർന്ന മജീദാണ്. ഒപ്പം ഭാവനകൊണ്ട് ഭ്രാന്തനായ മലയാളത്തിന്റെ ഇതിഹാസം വൈക്കം മുഹമ്മദ് ബഷീർ എന്ന വൈ മു ബ പണിക്കരും! ബഷീർ ഒരിടത്തെയും സുൽത്താനല്ല. ആവാൻ അദ്ദേഹത്തിന് ഒരിക്കലും സാധിക്കുമായിരുന്നില്ല.
പൊൻകുന്നം വർക്കി പറഞ്ഞതുപോലെ പൂസായ ഏതോ ഒരുവൻ പാതിരാവിൽ അബദ്ധത്തിൽ വിളിച്ചത്, മറ്റുള്ളവർ കാര്യമറിയാതെ ഏറ്റുവിളിക്കുകയായിരുന്നു! പൊൻകുന്നം അദ്ദേഹത്തെ നിഷ്കളങ്കനായ മനുഷ്യൻ എന്ന് വിളിച്ചു. ഞാൻ ഞാൻ എന്ന് അഹങ്കരിച്ച ആ രാജാക്കന്മാരും സുൽത്താന്മാരും ഇന്നെവിടെ എന്ന് ചോദിച്ച ബഷീറിൽനിന്ന്, ആ സുൽത്താൻ പദവി എടുത്തുമാറ്റാനുള്ള സമയം അതിക്രമിച്ചിരുന്നു. പ്രിയപ്പെട്ടവർ വിളിച്ച ഗുരു ഉസ്താദ് എന്നുള്ളതും, കാലത്തിന്റെ അത്ഭുതപുത്രൻ എന്ന വിസ്മയപ്പെടലും ഒ കെ! ശുഭപ്രതീക്ഷാശീലത്തിന്റെ പര്യായപദം എന്ന് മലയാളത്തിന്റെ മഹാപ്രതിഭ ഉറൂബ് വിളിച്ചതും ശരി. എന്നാൽ ഇതെല്ലാം ഉൾക്കൊള്ളുന്നതും, ഇതിലില്ലാത്ത ചിലതുകൂടി ഉൾച്ചേർന്നതുമായ ഒരു സംബോധന ബഷീർ സ്വയം വിളിച്ചിട്ടുണ്ട്. അതാണ്, വിനീതനായ ചരിത്രകാരൻ എന്നുള്ളത്!
‘Resistance is the best way of keeping alive’ എന്ന് എൻഗൂഗി. നന്മയാണ് എന്റെ കൃതികളുടെ സന്ദേശം എന്ന് ബഷീർ. ജീവിതത്തിൽ നല്ലതായിട്ടുള്ളതിലേക്ക്, എന്താണാവോ വളരേണ്ടിയും ജീവിക്കേണ്ടിയുമിരിക്കുന്നത്, അതിലേക്ക് നാം നമ്മുടെ ശ്രദ്ധ തിരിക്കണം, ചീത്തയായതിനെ ദുഷ്ടതയെ നമ്മൾ പരിഗണിക്കാതിരിക്കുകയല്ല ചെയ്യുന്നത്, നാം അത് ശ്രദ്ധിക്കുന്നുണ്ട്, പക്ഷേ അതിന് കീഴടങ്ങുന്നില്ല
(ഗോർക്കി).
ചിരിച്ചുകൊണ്ടേയിരിക്കാനല്ല, ആവുംവിധമെങ്കിലും നാനാപ്രകാരേണ അധികാരങ്ങളെ ചെറുത്തുകൊണ്ടേയിരിക്കാനാണ്; ചിരിയെപ്പോലും ആവിധമൊരു ചെറുത്തുനിൽപിന്റെ സഖ്യകക്ഷിയാക്കി, സാംസ്കാരിക സമരമുന്നണി ശക്തിപ്പെടുത്താനാണ്, അതുവഴി വായനയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിക്കാനാണ്, പുതുവഴി വെട്ടാനാണ് ബഷീർ കൃതികൾ കുതറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.