ഏറെ നാളായി അയാളുടെ വീട്ടിൽ ഒരു കത്തും, ഒരു ഗിഫ്റ്റ് ബോക്സും വന്നു കിടപ്പുണ്ടായിരുന്നു.. എന്നും അയാൾ ഓർക്കും ആ കത്ത് പൊട്ടിച്ച് വായിക്കണമെന്നും, ഗിഫ്റ്റ് ബോക്സ് തുറന്നു അതിൽ എന്താണെന്ന് നോക്കണമെന്നും.പക്ഷേ, അയാൾക്ക് സമയം കിട്ടിയിരുന്നില്ല. മിക്ക സമയവും അയാൾ തിരക്കിലാവും. അല്ലെങ്കിൽതന്നെ അത് ഇത്ര തിരക്കുപിടിച്ച് വായിക്കേണ്ട ഒന്നല്ല. അത് അവളുടെ കത്ത് ആണ്. അവൾക്ക് കൂടക്കൂടെ ഇങ്ങനെ ഒരു പരിപാടി ഉണ്ടല്ലോ! അതുകൊണ്ടുതന്നെ അയാൾക്ക് അതിൽ കാര്യമായ പുതുമയൊന്നും തോന്നിയില്ല. ഗിഫ്റ്റ് ബോക്സ് തുറന്ന് അതിൽ എന്താണെന്ന് നോക്കാനുള്ള ആകാംക്ഷയും അയാൾക്ക് ഉണ്ടായില്ല. കാരണം, അത് അവളുടെ സമയം മെനക്കെടുത്താനുള്ള എന്തെങ്കിലും പദ്ധതിയാവും എന്നാണ് അയാൾ ചിന്തിച്ചത്.
ഒരു അവധി ദിവസം ആ കത്ത് എടുത്തു തുറന്നു വായിക്കാൻ അയാൾക്ക് തോന്നി. അന്ന് പ്രത്യേകിച്ച് ഒരു പണിയുണ്ടായിരുന്നില്ല. പുതുമ നിറഞ്ഞ മറ്റു പല കാര്യങ്ങളും അന്ന് ഇല്ലാത്തതിനാൽ ആ കത്ത് എടുത്ത് വായിക്കാൻതന്നെ അയാൾ തീരുമാനിച്ചു.വളരെ മനോഹരമായ ഒരു ചുവന്ന കവറിന് മീതേ നീലമഷിയിൽ സുന്ദരമായ കൈപ്പടയിൽ മേൽവിലാസം കുറിച്ചിരിക്കുന്നത് അയാൾ കണ്ടു. അയാൾ അത് പൊട്ടിച്ചുനോക്കി. ‘‘ഒരിക്കൽ വാക്കുകൾ കൊണ്ടെന്റെ മനസ്സിനെയും, ശരീരത്തെയും, എന്തിന് എന്റെ ആത്മാവിനെപ്പോലും സ്വന്തമാക്കി കീഴ്പ്പെടുത്തിയവന്’’! എന്നുമാത്രം അതിൽ എഴുതിയിരിക്കുന്നു...അയാൾക്ക് പ്രത്യേകിച്ച് ഒരു പുതുമയും തോന്നിയില്ല.. അയാൾ ആ കത്ത് മടക്കി മാറ്റിവെച്ചു..ഇനി ഗിഫ്റ്റ് ബോക്സ് ഒന്ന് തുറക്കാം എന്ന് വിചാരിച്ചു.
ഒരു സങ്കോചവുമില്ലാതെ അയാൾ ഗിഫ്റ്റ് ബോക്സ് എടുത്തു, സ്വർണ വർണത്തിൽ തിളങ്ങുന്ന ആ പുറം കവർ എടുത്തുമാറ്റി ആ ബോക്സ് തുറന്നു. അപ്പോൾ അതിൽ ഒരു ചുവന്ന റോസാപ്പൂവ് കരിഞ്ഞുണങ്ങി കിടക്കുന്നത് മാത്രം അയാൾ കണ്ടു. ആ റോസാപ്പൂവ് എടുത്തപ്പോൾ ഉണങ്ങിയ ഇതളുകൾ പൊഴിഞ്ഞ് താഴേക്ക് പതിച്ചു. അപ്പോൾ ആ ബോക്സിന്റെ അടിഭാഗത്ത് ഒരു പേപ്പർ ഒട്ടിച്ചിരിക്കുന്നത് അയാൾ കണ്ടു. അതിൽ എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. ‘‘രണ്ടുമൂന്നു കൊല്ലമായി നീ എനിക്ക് തന്ന സമ്മാനങ്ങൾ, നമ്മുടെ കണ്ടുമുട്ടലുകളിൽ നീ എനിക്ക് തന്ന ചുംബനങ്ങൾ, ആലിംഗനങ്ങൾ, സംഭാഷണങ്ങൾ, സ്നേഹത്തിന്റെ നനവ്, കണ്ണുനീരിന്റെ ഉപ്പ്, നിന്റെ ആവലാതികൾ, ആകുലതകൾ, അപേക്ഷകൾ, പ്രാർഥനകൾ എല്ലാം ഒരിക്കൽ നീ എനിക്ക് തന്നതാണ്. നിന്റേതായതെല്ലാം നിന്റെ സന്തോഷത്തിനും സ്നേഹത്തിനും വേണ്ടി എന്നോ ഒരിക്കൽ ഞാൻ നിന്നിൽനിന്ന് സ്വീകരിച്ചതാണ്.
ഇപ്പോൾ ഞാൻ ഈ പനിനീർപൂവിലേക്ക് ഒരു സുഗന്ധമായി അവയെല്ലാം ആവാഹിച്ച് മാറ്റിയിരിക്കുന്നു. നീയൊരിക്കൽ എനിക്ക് തന്നതെല്ലാം നിനക്കുതന്നെ ഞാൻ തിരികെ തരുന്നു. ഒരിക്കൽകൂടി പറയുന്നു. ഈ പനിനീർ പൂവിനുള്ളിലെ സുഗന്ധം മൂന്നു കൊല്ലങ്ങളായി നീ തന്ന വികാരങ്ങളുടെ കെട്ടാണ് അത് നീതന്നെ എടുത്തുകൊള്ളുക.’’ അയാൾക്ക് കൈ വിറക്കുന്നതായി തോന്നി! അയാൾ ആ ഉണങ്ങിയ പൂവ് എടുത്തു നെഞ്ചോട് ചേർത്തു. പിന്നെ മണത്തു നോക്കി. ഇത്രകാലമായിട്ടും ഉണങ്ങി കരിഞ്ഞ പൂവിനുള്ളിൽനിന്ന് പഴയ ഓർമകളുടെ തീക്ഷ്ണ സുഗന്ധം അയാൾക്ക് കിട്ടി. ഒരുകാലത്ത് അവൾക്ക് താൻ കൊടുത്ത ആ നല്ല ഓർമകളെല്ലാം ഒരു സുഗന്ധമായി ഒരു ചന്ദനത്തിരിയെന്ന പോൽ അയാളുടെ ഹൃദയത്തെ നീറ്റി. ഉമിത്തീയിൽ എന്നപോൽ അയാൾ ഉരുകാൻ തുടങ്ങി.അപ്പോൾ മറ്റൊരിടത്ത് എല്ലാ ഭാരവും മനസ്സിൽനിന്നിറക്കിവെച്ച് സ്വസ്ഥമായ മനസ്സോടെ ഒരുവൾ പാട്ടും കേട്ട് തന്റെ കിടക്കയിലേക്ക് വീണു.ഒരു സുഖകരമായ ഉറക്കത്തിലേക്കവൾ വഴുതിവീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.