വാങ്മയം സാഹിത്യ സമ്മേളനത്തിലെ മുഖാമുഖത്തിൽ കവി കെ. സച്ചിദാനന്ദൻ സംസാരിക്കുന്നു
ബംഗളൂരു: ബഹുസ്വരതക്കുവേണ്ടിയുള്ള പോരാട്ടം ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരികപോരാട്ടമായും അതുകൊണ്ടുതന്നെ അത് രാഷ്ട്രീയപോരാട്ടമായും മാറുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. ഈ കാലത്ത് യഥാർഥ യുദ്ധം നടക്കുന്നത് രാഷ്ട്രീയത്തിലല്ല; സംസ്കാരത്തിലാണ്. ഇന്നത്തെ യഥാർഥ സ്വാതന്ത്ര്യ സമരം ബഹുത്വം നിലനിർത്തുന്നതിനുവേണ്ടിയുള്ള പോരാട്ടമാണ്.
ഞങ്ങളും നിങ്ങളും എന്നതുമാറി നമ്മൾ എന്ന്, ഇന്ത്യക്കാർ എന്ന്, ആത്യന്തികമായി മനുഷ്യർ എന്നു പറയേണ്ട കാലം വരണമെങ്കിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ ചെറുക്കുക മാത്രമെ സാധ്യമായുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘം ബംഗളൂരു ഘടകവും സംയുക്തമായി സംഘടിപ്പിച്ച 'വാങ്മയം-2022' ഏകദിന സാഹിത്യ സമ്മേളനത്തിനിടെ ഡോ. മിനി പ്രസാദുമായി നടത്തിയ മുഖാമുഖത്തിലാണ് തന്റെ എഴുത്തിനെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും പ്രവാസ സദസ്സിനുമുന്നിൽ മനസ്സുതുറന്നത്.
തന്റെ ആദ്യകാല കവിതകളിൽ കാണപ്പെടുന്ന വിഷാദം ആ കാലത്തെ മലയാള കവിതയെ കൂടി ബാധിച്ചിരുന്നതാണെന്ന് പറഞ്ഞാണ് അദ്ദേഹം സംസാരം തുടങ്ങിയത്. സ്വാതന്ത്ര്യം തീർത്ത പ്രതീക്ഷയും അത് സഫലമാകാത്തതിന്റെ മോഹഭംഗവും ആകാലത്തെ എഴുത്തിനെ പൊതുവെ ബാധിച്ചിരുന്നു. എന്റെ കവിതകൾ ഒരേ സമയം വൈയക്തികവും സാമൂഹികവുമാണ്. കവിത രണ്ടു ചിറകിൽ പറക്കുന്ന പക്ഷിയാണ് എന്ന് ഞാൻ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. മാറ്റം അസാധ്യമല്ല എന്ന പ്രത്യാശ അക്കാലത്തെ കവിതകളിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദന്റെ കവിതകളിലെ വീട് എന്ന ബിംബത്തെ കുറിച്ച് മിനിപ്രസാദ് ചോദിച്ചപ്പോൾ, വീട് എന്നത് ഒരു ഭാഗത്ത് നമ്മെ തിരിച്ചുവിളിക്കുകയും മറ്റൊരു ഭാഗത്ത് നമ്മെ മുക്തരാക്കുകയും ചെയ്യുന്ന സ്ഥാപനമാണെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബം എന്നത് പുരുഷാധിപത്യ സ്ഥാപനമാണ്. അത് കുടുംബത്തിന്റെ തകരാറല്ല. കുടുംബത്തെ കുറിച്ച നമ്മുടെ സങ്കൽപത്തിന്റെ തകരാറാണ്. പലപ്പോഴും നമ്മുടെ കുടുംബങ്ങളിൽ സ്ത്രീ സുഹൃത്തോ പങ്കാളിയോ ആവുന്നതിന് പകരം അടിമയായി മാറേണ്ടിവരുന്നു. അത്തരം വീട്ടിൽനിന്ന് വിട്ടുപോരാതെ പുരുഷനും സ്ത്രീക്കും വിമോചനം സാധ്യമാവില്ല- അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റെ സഹോദരിയും എന്റെ അമ്മയും എന്റെ കൂട്ടുകാരിയുമാണ് എന്റെ സ്ത്രീ സങ്കൽപത്തെ രൂപപ്പെടുത്തിയത്. ഞാനറിയുന്ന എല്ലാ സ്ത്രീകളും ശക്തരാണ്. പുരുഷന്മാരുടെ വ്യാജ സങ്കൽപത്തിൽ മാത്രമാണ് സ്ത്രീകൾ അബലകളായിരുന്നിട്ടുള്ളതെന്നും അബല എന്ന വാക്ക് അബലൻ എന്നാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദന്റെ കവിതകളിലെ പാരിസ്ഥിതിക ബോധത്തെ കുറിച്ചാണ് മറ്റൊരു ചോദ്യമുയർന്നത്. ഞാൻ പ്രകൃതിയെ ഏറെ സ്നേഹിക്കുന്നയാളാണെന്നും പ്രകൃതിയെ സംരക്ഷിക്കുക എന്നതിനർഥം നമ്മെത്തന്നെ സംരക്ഷിക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത്, രണ്ട് പ്രളയകാലവും ഒരു മഹാമാരിയും കഴിഞ്ഞിട്ടും നമ്മൾ പാഠം പഠിക്കുന്നില്ലെങ്കിൽ അത് വംശഹത്യാപരമാണ്. കാൽപനിക പ്രകൃതിസ്നേഹം മാത്രമല്ല; നമ്മെ തന്നെ സംരക്ഷിക്കാനുള്ള അതിജീവനകാംക്ഷയുടെ ഒരു ആവിഷ്കാരം കൂടിയായിട്ടാണ് ഞാൻ പ്രകൃതിയെ എന്റെ കവിതയിൽ കൊണ്ടുവരുന്നത്. നമ്മുടെ സാംസ്കാരിക സ്വത്വം എങ്ങനെ വീണ്ടെടുക്കുമെന്ന ആശങ്ക ഉന്നയിച്ച മിനി പ്രസാദിനോട്, സ്വത്വം എന്നതുപോലും വീണ്ടെടുക്കേണ്ട പദമാണെന്നായിരുന്നു സച്ചിദാനന്ദന്റെ മറുപടി. ഈ പദം ഏറെ ചർച്ചാവിധേയമാക്കേണ്ടതാണ്. ഇന്ത്യയുടെ സാംസ്കാരിക സ്വത്വം കിടക്കുന്നത് അതിന്റെ ബഹുസ്വരതയിലാണ്.
ഏകശിലാരൂപമായ സ്വത്വ സങ്കൽപത്തിലേക്ക് ഇന്ത്യയെ ചുരുക്കുക സാധ്യമല്ല. സാംസ്കാരികമായ ഉപാധികൾ ഉപയോഗിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്രവാദികൾ ഇന്ന് മുന്നോട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.