ചങ്ങനാശ്ശേരി: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എന്‍. പണിക്കർ ഓർമയായിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട്. അദ്ദേഹത്തിന്റെ സ്മരണാർഥം ഇന്ന് വായനദിനമായി ആചരിക്കുമ്പോൾ ജന്മഗൃഹവും സ്ഥലവും മ്യൂസിയമാക്കണമെന്ന ആവശ്യം ലക്ഷ്യംകണ്ടില്ലെന്ന് മാത്രം.
ആലപ്പുഴ നീലംപേരൂർ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് ഒന്നിന് ജനിച്ച പണിക്കർ അധ്യാപകനായിരുന്നു. 1995 ജൂൺ 19ന് അന്തരിച്ചു. പണിക്കരുടെ ചരമദിനമായ ജൂൺ 19 നാണ് വായനദിനമായി ആചരിക്കുന്നത്.
1926ൽ തന്റെ ജന്മനാട്ടിൽ ‘സനാതനധർമം’ വായനശാല സ്ഥാപിച്ചായിരുന്നു പണിക്കരുടെ തുടക്കം. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലസംഘം സ്ഥാപിതമാകുന്നത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ അദ്ദേഹം നൽകി. നിയമസഭ അംഗീകരിച്ച കേരള പബ്ലിക് ലൈബ്രറീസ് ആക്ട് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
1945 ൽ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽവെച്ച് അദ്ദേഹം വിളിച്ച തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപവത്കരണ യോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. 1977ൽ ഗ്രന്ഥശാല സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാല സംഘത്തിന്റെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു.
അദ്ദേഹത്തിന്റെ വീടും ആറര സെന്റു സ്ഥലവും ബന്ധുക്കള്‍ സര്‍ക്കാറിന് വിട്ടുനല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ സജീവമായി നിലനിര്‍ത്തുന്ന വിധത്തില്‍ ഇവിടെ സര്‍ക്കാര്‍ മുൻകൈയെടുത്ത് മ്യൂസിയം നിര്‍മിക്കണമെന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ, അത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നെന്ന് മാത്രം.
നീലംപേരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് പി.എന്‍. പണിക്കരുടെ ജന്മഗൃഹമായ പുതുവായില്‍ വീട്. ഉടമസ്ഥാവകാശം സര്‍ക്കാറിനു കൈമാറി അഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. 200 വർഷത്തോളം പഴക്കം ഉണ്ടായിരുന്ന വീട് ജീര്ണാവസ്ഥയിലായിരുന്നത് കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേത്യത്വത്തിൽ അടുത്തിടെ നവീകരിച്ചു.
നീലംപേരൂരിൽ പ്രവർത്തിക്കുന്ന പി.എന്‍.പണിക്കര്‍ സനാതന ധര്‍മ ഗ്രന്ഥശാല ആന്‍ഡ് വായനശാല ലൈബ്രേറിയനായി ബന്ധു വത്സലകുമാരിയാണ് പ്രവത്തിക്കുന്നത്. വ്യാഴാഴ്ച ലൈബ്രറിയിൽ അനുസ്മരണ സമ്മേളനം നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് നീലംപേരൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.