എഴുതിമടക്കിയ പേപ്പർ ഒരു കവറിൽ ഇട്ടു അവർ ഭർത്താവിന് നേർക്കു നീട്ടി. ഉം, വളരെ ഗൗരവത്തോടെ അയാൾ ഭാര്യയുടെ നേർക്കു പുരികമുയർത്തി. പെട്ടെന്ന് മൊബൈൽ ഫോൺ ശബ്ദിച്ചു. ‘ഞാൻ ഇറങ്ങുന്നു. ഇപ്പൊ ജോയിൻ ചെയ്യാം. നിങ്ങൾ തുടങ്ങിക്കോളൂ...’ അയാളുടെ മറുപടിയിൽനിന്നും അവൾക്കു കാര്യങ്ങൾ വ്യക്തമായി. അടുത്തിടെ വാങ്ങിയ ഇയർഫോണും ചെവിയിൽ തിരുകി, വെപ്രാളത്തോടെ കാറിന്റെ കീ എടുത്ത് യാത്രപോലും പറയാതെ പാർക്കിങ് ലക്ഷ്യമാക്കി നടക്കുന്ന അയാളോട് അന്നാദ്യമായി അവൾക്കു പുച്ഛം തോന്നി.
താനും ഒരു ജോലിക്കാരി ആയിരുന്നു. മക്കൾ ഉണ്ടായപ്പോൾ അയാൾ തന്ത്രപൂർവം കഥകൾ മെനഞ്ഞ് ആ ജോലി രാജി വെപ്പിച്ചു. കാലം കഴിയുംതോറും ആത്മവിശ്വാസം നഷ്ടപ്പെട്ടു. അയാളുടെ ഇഷ്ടങ്ങൾക്ക് മാത്രമായുള്ള ഒരു ഉപകരണമായി മാറി. സംസാരിക്കാൻ ചെല്ലുമ്പോൾ എപ്പോഴും തിരക്കാണ്. ഇഷ്ടമില്ലാത്ത വാർത്തകളിലും ടി.വി ഷോകളിലും മുങ്ങാങ്കുഴിയിട്ട് ആ പ്രശ്നം പരിഹരിച്ചു. അയാളുടെ ദിവസങ്ങൾ... രാവിലത്തെ നടത്തം, വൈകീട്ട് വാർത്ത കാണൽ, നേരത്തെയുള്ള ഉറക്കം അങ്ങനെ പട്ടാളച്ചിട്ടയിൽ തന്നെ! ഇതിനിടയിൽ ഓഫീസ് ഡ്യൂട്ടി, ഫോണിൽ വരുന്ന മെസേജുകൾക്ക് റിപ്ലൈ കൊടുക്കൽ. മൂപ്പരുടെ ഭാഷ കടമെടുത്താൽ വലിയ കഷ്ടത്തിലാണ് കാര്യങ്ങൾ. വിശ്രമമില്ലാത്ത രാപ്പകലുകൾ.
ക്ഷീണം കാണും. അല്പം ജ്യൂസ് കൊടുത്തിട്ടു വരാം എന്ന് കരുതി ഹാളിലേക്ക് കാലെടുത്തു കുത്തിയപ്പോൾ, മോളേ എന്നുള്ള വിളി. ഒരു നിമിഷം. ബോധം പോയേക്കുമെന്ന് തോന്നി. വർഷം പത്തിരുപത് കഴിഞ്ഞു. ഇന്നെന്തു പറ്റി ആവോ? ‘മോളേ രജനീ, നീ എന്നോട് കളിക്കല്ലേ... നീയല്ലെടീ നമ്മെ ഒന്നും മൈൻഡ് ചെയ്യാതെ ഒളിച്ചിരിക്കുന്നത്? കള്ളി...’ ജ്യൂസ് ഗ്ലാസ് കൈയിൽനിന്നും വഴുതി താഴെ വീണുടഞ്ഞു.
നടന്നതൊന്നും അറിയാതെ അയാളപ്പോഴും ഏതോ ലോകത്തിലായിരുന്നു. അരിശത്തോടെ ഫോൺ എടുത്ത് തന്റെ ഗ്രൂപിൽ കയറി. ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ഗ്രൂപിൽ ആരും വരാറില്ല. ശവങ്ങൾ, കൂട്ടുകാരെ പ്രാകിക്കൊണ്ട് വീണ്ടും അടുക്കള പൂകി. ആവർത്തന വിരസത നിറഞ്ഞ ദിവസങ്ങൾ! അതേ ഫുഡ് റെഡി ആയോ? ഡ്രസ് എടുത്ത് വെച്ചോ? ഷൂ പോളിഷ് ചെയ്തതാണോ ഒരുമിച്ചുള്ള എല്ലാ ചോദ്യങ്ങളും കൂടി ചെവിയിൽ അലച്ചു കൊണ്ടേയിരുന്നു.
ഭാര്യയായിപ്പോയില്ലേ? സംയമനം പാലിച്ചു മറുപടി പറഞ്ഞു.
ഇന്ന് കുഞ്ഞ് നേരത്തെ ഉണർന്നു.
‘ഓ അവളുടെ കുഞ്ഞ്... വർഷം അഞ്ചാറായി ഈ കുഞ്ഞുപുരാണം. എല്ലാ കുഞ്ഞുങ്ങളും വലുതായി അവരുടെ വഴിക്കു പോകും. നിന്റെ കുഞ്ഞ് പിന്നേ, വലുതാകില്ലല്ലോ.’ അയാൾ പറയുന്ന തെറി അത്രയും തനിക്കുനേരെ ആണെന്നറിയാതെ ആ ഭിന്നശേഷിക്കാരൻ അച്ച... അച്ച... എന്ന് അവ്യക്തശബ്ദം പുറപ്പെടുവിച്ചു കൊണ്ടേയിരുന്നു.
വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടു അവൾ ജനലിലൂടെ പുറത്ത് നോക്കി. ഉറക്കെ ചിരിച്ച് കഥ പറഞ്ഞുകൊണ്ട് കാറിൽ കയറിപ്പോകുന്ന അയാളെ മരവിപ്പോടെ നോക്കി നിന്നു.
അകവും പുറവും ഒരുപോലെ പൊള്ളുന്നുണ്ട്. എങ്കിലും ജീവിതം ഒരുപാട് ബാക്കിയാണല്ലോ. ഒരു സെക്കന്റ് പോലും അടങ്ങിയിരിക്കാത്ത കുഞ്ഞിന്റെ പരിപാലനത്തിൽ മുങ്ങി നിവരുമ്പോഴേക്കും അയാൾ മടങ്ങിയെത്തി.
ഞാൻ ഒന്ന് കുളിച്ചു വന്നോട്ടെ? കുഞ്ഞ്!!
യാചനയോടെ അയാളെ നോക്കേണ്ടി വന്നു. ‘എനിക്ക് ഓഫിസിൽ ഒരു മാറ്റർ സെറ്റ് ആക്കി കൊടുക്കണം. പെട്ടെന്ന് വേണം.’ കാക്കക്കുളിയും കഴിഞ്ഞ് ചായയുമായി എത്തിയപ്പോ കുഞ്ഞ് അവിടെ കിടന്ന് ഉറക്കമായിരുന്നു.
‘അതേ ഞാൻ ഒരുകാര്യം പറയാൻ!’
‘ഉം... പുതുതായി എന്താ വാങ്ങാൻ? ഓഫർ വല്ലതും കണ്ടുപിടിച്ചോ? അതോ, ഇനി വല്ല ചെടിയും ഉണങ്ങിപ്പോയോ? ഞാൻ ഈ വാർത്ത കാണുന്നതിന് വല്ല വിരോധവും ഉണ്ടോ?’
രാവിലെ മുതൽ കുഞ്ഞിന്റെ കലപില കൂട്ടലിൽ മുഴുകി ഇരിക്കുമ്പോൾ വന്നാൽ പറയാനുള്ള, പരിഹാരം കാണാനുള്ള നൂറുകൂട്ടം കാര്യങ്ങൾ അടുക്കി വെച്ചിട്ടുണ്ടാവും മനസ്സിൽ. എല്ലാം ഒരു വാക്കുകൊണ്ട്, അല്ലെങ്കിൽ മറുചോദ്യം കൊണ്ട് അയാൾ തകർത്തുകളയും.
ഇനി ഉറക്കം തന്നെ ശരണം. കുഞ്ഞിനൊടൊപ്പം കിടന്നു. ഉറക്കം വരാത്ത കണ്ണുകളെ വരുതിക്കുവരുത്താൻ ശ്രമിക്കുമ്പോൾ, പണിത്തിരക്കിലാണെന്നു ഭാവിച്ചു ഫോണും കൈയ്യിലേന്തി സിറ്റിങ് റൂമിൽ സ്ഥാനം ഉറപ്പിച്ച അയാളുടെ ശബ്ദത്തിലെ ആഹ്ലാദം അവൾക്ക് തിരിച്ചറിയാമായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞു എത്തിയപ്പോഴാണ് അയാൾക്ക് ഭാര്യ രാവിലെ ഒരു കവർ ഏൽപിച്ച കാര്യം ഓർമ വന്നത്. വൈകീട്ട് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് അല്ലാതെന്ത്! അലസതയോടെ പേപ്പർ നിവർത്തിയ അയാൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു!
‘കൊഞ്ചാനും കുഴയാനും അറിയാവുന്ന ഒരു പുരുഷസുഹൃത്തിനെ ആവശ്യമുണ്ട്. പരസ്പരം ബഹുമാനം വേണം, നല്ല കേൾവിക്കാരനാവണം...’ അയാൾ ദേഷ്യത്തിൽ ഫോൺ എടുത്തു. ‘എന്താ നിന്റെ ഉദ്ദേശം. രാവിലെ എഴുതിത്തന്ന കത്ത് എന്തിനുള്ളതാണ്?’
‘ഒരു പരസ്യംകൊടുത്താലോ എന്നാണ് ആലോചന’ അവൾ ശാന്തമായി പറഞ്ഞു. നിങ്ങൾക്കാവുമ്പോൾ പൈസ ചെലവ് ഒന്നും ഇല്ല. പിന്നെ മാറ്റർ കറക്റ്റ് ചെയ്യാൻ ചീഫ് എഡിറ്റർ രജനിയും കാണുമല്ലോ?’ ഫോൺ ദേഷ്യത്തിൽ കട്ടു ചെയ്തു. അറിയാവുന്ന എല്ലാ തെറിയും മനസ്സിൽ ഉരുവിട്ട് അയാൾ കാബിനിൽ നിന്നും ഇറങ്ങിപ്പോയി.
എന്തോ ഓർത്തു തിരിഞ്ഞുനോക്കിയ അവൾ ഒരു നിമിഷം പകച്ചു, ഫോട്ടോ ഫ്രെയിം ചുവരിൽ ഉറപ്പിക്കാൻ കൊണ്ടുവെച്ച ആണി പ്ലഗിൽ കയറ്റാനുള്ള തീവ്ര ശ്രമത്തിലാണ് കുട്ടി. അവനെ തള്ളി മാറ്റിയെങ്കിലും അവളുടെ ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ചു.
പതിവിലും വൈകി വീട്ടിൽ എത്തിയ അയാൾക്ക് ഉമ്മറത്തു വെട്ടം കാണാതെ വന്നപ്പോഴെ അരിശം മൂത്തു. വാതിൽ തള്ളിത്തുറന്നു അകത്ത് കയറിയതും ‘അച്ച... അച്ച...’ എന്ന ശബ്ദം അവിടെ മുഴങ്ങി. ‘നാശം എവിടെപ്പോയി കിടക്കുന്നു. ഇവിടെ എന്തൊക്കെയാ നടക്കുന്നത്. അയാൾ ലൈറ്റുകൾ ഓണാക്കി. വൈകീട്ട് കൊണ്ടുവെച്ച പാലത്രയും പൂച്ച തട്ടിമറിച്ച് കുടിച്ചുപോയിട്ടുണ്ട്.
ബെഡ്റൂമിന്റെ വാതിൽ എത്തിയതും താഴെ മരവിച്ചുകിടക്കുന്ന ആ ശരീരം അയാൾ കണ്ടു. ‘ദൈവമേ ഇവിടെ എന്താ നടന്നത്? എനിക്ക് മറുപടി തരാൻ ഇവിടെ ആരും...?’
അയാൾ തലയ്ക്കു കൈയും കൊടുത്ത് താഴെയിരുന്നു. വാട്ടർ ബോട്ടിലെടുത്ത് വെള്ളം അവളുടെ മുഖത്തൊഴിച്ചു. മുടിപിടിച്ചു ചുരുട്ടി വലിച്ചുകൊണ്ട് അവനപ്പോഴും ‘അച്ച... അച്ച... മ്മ...’ എന്നുരുവിട്ട് കൊണ്ടേയിരുന്നു. ചുറ്റും കനത്തുകൊണ്ടിരിക്കുന്ന മൗനം. അവൾ വല്ലതും സംസാരിക്കാൻ ഇപ്പോഴൊന്ന് വന്നിരുന്നെങ്കിൽ എന്ന ആഗ്രഹം അന്നാദ്യമായി അയാളെ ചുറ്റിവരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.