‘മാധ്യമം’ ആഴ്ചപ്പതിപ്പിന്റെ ടി. പത്മനാഭൻ പ്രത്യേക പതിപ്പ് കണ്ണൂരിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അംബികാസുതൻ മാങ്ങാട് സാഹിത്യകാരൻ നാരായണൻ കാവുമ്പായിക്ക് കൈമാറുന്നു. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പി.കെ. പാറക്കടവ്, ടി. പത്മനാഭൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.എച്ച്. നിഷാദ് എന്നിവർ സമീപം
കണ്ണൂർ: മലയാള കഥയുടെ കുലപതി ടി. പത്മനാഭന് ‘മാധ്യമ’ത്തിന്റെ ആദരം. മാനവിക മൂല്യങ്ങളും നിലപാടുകളും മുറുകെപ്പിടിച്ച് എഴുത്തിൽ ഏഴരപ്പതിറ്റാണ്ട് പിന്നിട്ട മലയാള സാഹിത്യലോകത്തെ കാരണവർക്ക് കണ്ണൂരിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ മാധ്യമം ആഴ്ചപ്പതിപ്പാണ് ആദരം ഒരുക്കിയത്. ‘പപ്പേട്ടന് ആദരം’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ആഴ്ചപ്പതിപ്പ് ഒരുക്കിയ ‘ടി. പത്മനാഭൻ പ്രത്യേക പതിപ്പ്’ കഥാകൃത്ത് അംബികാസുതൻ മാങ്ങാട് സാഹിത്യകാരൻ നാരായണൻ കാവുമ്പായിക്ക് നൽകി പ്രകാശനം ചെയ്തു.
പപ്പേട്ടന്റെ സുഹൃത്തുക്കളും എഴുത്തുകാരും അദ്ദേഹത്തിന്റെ കഥകളെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള വായനാനുഭവങ്ങളും ഓർമകളും പങ്കുവെച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. ആലോചിച്ചും ചിന്തിച്ചും എഴുതിയും 96ാം വയസ്സിലും ജീവിക്കുന്നതുതന്നെ മഹാത്ഭുതമാണെന്നും മാനുഷിക മൂല്യങ്ങൾ നിറഞ്ഞ, മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന കഥകളാണ് ടി. പത്മനാഭന്റേതെന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമം’ ആഴ്ചപ്പതിപ്പിന്റെ ടി. പത്മനാഭൻ പ്രത്യേക പതിപ്പ് കണ്ണൂരിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അംബികാസുതൻ മാങ്ങാട് സാഹിത്യകാരൻ നാരായണൻ കാവുമ്പായിക്ക് കൈമാറുന്നു. എം.കെ. മനോഹരൻ, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പി.കെ. പാറക്കടവ്, ടി. പത്മനാഭൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.എച്ച്. നിഷാദ്, മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ. നൗഷാദ് എന്നിവർ സമീപം
ധാർമികതയുടെയും മാനവികതയുടെയും ഭാഗത്തുനിന്ന് സമൂഹത്തോട് സംസാരിക്കാൻ ആളുകൾ കുറഞ്ഞുവരുകയാണ്. ഇതിനായി ശബ്ദമുയർത്താൻ കെൽപ്പുള്ള അപൂർവം ആളുകളിൽ പപ്പേട്ടനുണ്ട്. സത്യത്തിൽ അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ നാം ആദരണീയരാവുകയാണെന്നും ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ‘മാധ്യമ’ത്തിന്റെ സ്നേഹോപഹാരം ടി. പത്മനാഭന് ചീഫ് എഡിറ്റർ സമർപ്പിച്ചു.
ടി. പത്മനാഭന്റെ ‘എഴുത്തും നിലപാടുകളും’ എന്ന വിഷയത്തിൽ എഴുത്തുകാരനും ആഴ്ചപ്പതിപ്പ് മുൻ പത്രാധിപരുമായ പി.കെ. പാറക്കടവ്, കഥകളെക്കുറിച്ച് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പുതുതലമുറ വായിക്കുന്ന ടി. പത്മനാഭൻ എന്ന വിഷയത്തിൽ യുവ എഴുത്തുകാരൻ വി.എച്ച്. നിഷാദ്, കഥകളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശ്രീകല മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.
അംബികാസുതൻ മാങ്ങാട്, നാരായണൻ കാവുമ്പായി, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, എം.കെ. മനോഹരൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം സ്വാഗതവും ജോയിന്റ് എഡിറ്റർ പി.ഐ. നൗഷാദ് നന്ദിയും പറഞ്ഞു.
കണ്ണൂർ: ‘മാധ്യമ’വുമായി പതിറ്റാണ്ടുകൾക്കുമുമ്പ് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നതായി ടി. പത്മനാഭൻ. മാധ്യമം പത്രവുമായി തുടക്കം മുതലേ ബന്ധമുണ്ട്. ആഴ്ചപ്പതിപ്പ് തുടങ്ങുന്ന സമയത്ത് അതിന്റെ ചുമതലയുള്ളയാൾ അഭിമുഖത്തിനായി സമീപിച്ചപ്പോൾ ഒരു നിബന്ധനയേ മുന്നോട്ടുവെച്ചുള്ളു. പറയുന്ന കാര്യങ്ങൾ വിമർശനമായാലും അപ്രിയ സത്യങ്ങളായാലും അതുപോലെ കൊടുക്കണം.
ഈ നിബന്ധന പൂർണമായും പരിഗണിച്ചാണ് ആഴ്ചപ്പതിപ്പിൽ അഭിമുഖം വന്നത്. ആഴ്ചപ്പതിപ്പുമായുള്ള ബന്ധം ഇന്നും തുടരുന്നു. അപ്രിയ സത്യങ്ങൾ പറയാതിരിക്കാനാവില്ല. പറഞ്ഞില്ലെങ്കിൽ അന്ന് രാത്രി ഉറങ്ങാനാവില്ല. ഡയറി എഴുതാത്തതിനാൽ കൃത്യമായ കാര്യങ്ങൾ എല്ലാം ഓർമയിലുണ്ടാവില്ല. തെറ്റുപറ്റിപ്പോകുന്നതിനാലാണ് ആത്മകഥയെഴുതാത്തത്. ടി. പത്മനാഭൻ പ്രത്യേക പതിപ്പിലേക്ക് ഒരു കഥവേണമെന്ന് ‘മാധ്യമ’ത്തിന്റെ പ്രതിനിധികൾ പറഞ്ഞു. അന്ന് ഞാനൊരു സ്വപ്നം കണ്ടു.
എന്റെ കഥകളെല്ലാം സ്വപ്നങ്ങളിൽനിന്നാണ് ഉണ്ടായത്. അങ്ങനെയുണ്ടായ കഥയാണ് ടി. പത്മനാഭൻ പ്രത്യേക പതിപ്പിലെ ‘കൊച്ചനിയത്തി’. ‘മാധ്യമം’ വിളിച്ചപ്പോഴൊക്കെ വരാനായിട്ടുണ്ട്. അതിനിയും തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.