തിരുവനന്തപുരം :വിദ്യാർഥികൾ തിയേറ്ററിലെത്തുന്നത് ആദ്യം. അതാകട്ടെ എം.എല്‍.എയ്‌ക്കൊപ്പം സിനിമ കാണാനെത്തിയത്. കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതടക്കമുള്ള കുട്ടികളാണ് ആദ്യമായി തിയേറ്ററിലെത്തിയത്.
അട്ടപ്പാടി, വയനാട് ആദിവാസി ഊരുകളില്‍ നിന്നുമുള്ള കുട്ടികളില്‍ പലരും ഇതുവരേയും തിയേറ്ററില്‍ സിനിമ കണ്ടിരുന്നില്ല. വലിയ സ്‌ക്രീനില്‍ സിനിമ കാണണമെന്ന കുട്ടികളുടെ ആഗ്രഹം സ്‌കൂളിലെ പ്രധാനാധ്യാപികയാണ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയെ അറിയിച്ചത്.
തുടര്‍ന്ന് എം.എല്‍.എ തിയേറ്റര്‍ അധികൃതരെ ബന്ധപ്പെടുകയും കുട്ടികള്‍ക്ക് വേണ്ടി ശിശുദിനത്തില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കുകയുമായിരുന്നു. കുട്ടികള്‍ക്കൊപ്പം സിനിമ കാണാന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു കലാവേദി, അരുണ്‍ സോള്‍, നോബി, കനകം തുടങ്ങിയ താരങ്ങളുമെത്തിയിരുന്നു. ശിശുദിനം അവിസ്മരണീയമാക്കിയതിന്റെ ത്രില്ലിലാണ് കുട്ടികള്‍.
ആദ്യമായി വലിയ സ്‌ക്രീനില്‍ സിനിമ കണ്ടതിന്റെ അത്ഭുതമായിരുന്നു പലരുടെയും മുഖത്ത്. തിയേറ്ററിലെ ആദ്യസിനിമാനുഭവം എം.എല്‍.എയ്‌ക്കൊപ്പമായത് ആവേശം വര്‍ധിപ്പിച്ചു. സിനിമാ തിയേറ്ററിലെ എസ്‌കലേറ്ററും കുട്ടികള്‍ക്ക് നവ്യാനുഭവമായി.അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള നാന്നൂറോളം കുട്ടികളാണ് എം.എല്‍.എയ്‌ക്കൊപ്പം തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തിയേറ്ററില്‍ 'ജയജയജയജയഹേ' സിനിമ കണ്ടത്.
'ഒരിക്കലും മറക്കാനാകാത്തൊരു അനുഭവമാണ് ശിശുദിനം അവർക്ക് സമ്മാനിച്ചത്. 'ഞാനുമെന്റെ കൂട്ടുകാരും വളരെ ഹാപ്പിയാണ് ' - പ്ലസ് വണ്‍ വിദ്യാഥിനി ദൃഷ്ണ പറഞ്ഞു. ഓര്‍മ വച്ചതിന് ശേഷം തീയേറ്റരിൽ സിനിമ കണ്ടിട്ടില്ല. ഇതുവരെ കിട്ടാത്ത അവസരം ലഭിച്ച സന്തോഷം പങ്കുവെച്ച് വാചാലരാവുകയാണ് അഞ്ജിതയും ലക്ഷ്മിയും ദര്‍ശനയും അവരുടെ കൂട്ടുകാരും. ആദ്യ സിനിമാനുഭവം ഗംഭീരമായതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.