മുംബൈ: എഴുപതുകളിലെ മലയാളചെറുകഥയിൽ ശ്രദ്ധേയസാന്നിദ്ധ്യമായിരുന്ന എം. ചന്ദ്രശേഖരൻ (74) മുംബൈ ഡോമ്പിവില്ലിയിൽ അന്തരിച്ചു. മയ്യഴിയിലെ മംഗലാട്ട് കുടുംബാംഗമാണ്. മംഗലാട്ട് കുഞ്ഞിരാമന്റെയും തയ്യുള്ളതിൽ മാധവിയുടെയും മകനായ ചന്ദ്രശേഖരൻ ലബൂർദ്ദോനെ കോളജിൽനിന്ന് മെട്രിക്കുലേഷൻ പഠനം പൂർത്തിയാക്കി ജോലിതേടി കേരളം വിട്ടു. മാതൃഭൂമി, കലാകൗമുദി, മലയാളനാട് ഉൾപ്പെടെ മുഖ്യധാരാസാഹിത്യപ്രസിദ്ധീകരണങ്ങളിൽ എഴുപതുകളിലും എൺപതുകളിലും ചന്ദ്രശേഖരന്റെ കഥകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു.
അസ്തിത്വവാദികളായ കഥാകൃത്തുക്കളെ പിന്തുടർന്നുവന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി. ‘ചെറുകഥ ഇന്നലെ ഇന്ന്’ എന്ന എം. അച്യുതന്റെ പുസ്തകത്തിൽ എടുത്തുപറഞ്ഞ കഥാകൃത്താണ് ഇദ്ദേഹം. സ്വച്ഛനീലമായ ആകാശം, ഏകാന്തജാലങ്ങൾ എന്നീ കഥാസമാഹാരങ്ങൾ എൻ.ബി.എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളുടെ സമഗ്രസഞ്ചയം പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നതിനിടെയാണ് അദ്ദേഹം വിട്ടുപിരിഞ്ഞത്.
വിദ്യാർഥിജീവിതകാലം മുതൽ മാഹി സ്പോർട്സ് ക്ലബ്ബിൽ ജയരാം മാഷ്, സി.എച്ച്. ഗംഗാധരൻ എന്നിവരോടൊപ്പമായിരുന്നു. ജോലി തേടിയും അല്ലാതെയും നാടുവിടുന്ന ഇടവേളകൾ അവസാനിപ്പിച്ച് ക്ലബ്ബിൽ എത്തുമായിരുന്നു. കാക്കനാടൻ മലയാളനാട് പത്രാധിപരായിരിക്കെ അദ്ദേഹത്തോടൊപ്പം പ്രൂഫ് വിഭാഗത്തിൽ ജോലിചെയ്തിരുന്നു. ഏറെക്കാലം മുംബൈയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ കമേർഷ്യൽ മാനേജറായി പ്രവർത്തിച്ചു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ. പുഷ്പ. മക്കൾ: പ്രിയങ്കർ (മാനേജർ എച്ച്.ഡി.എഫ്.സി ബാങ്ക്), ആതിര (ഐ.ടി ഫീൽഡ്). സഹോദരങ്ങൾ: പരേതരായ എം. ബാലചന്ദ്രൻ, എം. പത്മിനി, എം. സാവിത്രി, കഥാകൃത്ത് എം. ഗോകുൽദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.