മയങ്ങിക്കിടക്കുന്ന നിശ്ശബ്ദതക്കുമേൽ ആമത്തിന്റെ ശബ്ദം വീണുടഞ്ഞു. ഉറക്കച്ചടവിലാണ് പുറത്തേക്ക് തലയിട്ട് നോക്കിയത്. വർഷങ്ങൾക്കു മുമ്പ് അമ്മ നിലം തുടക്കാനെന്നു പറഞ്ഞ് മാറ്റിവെച്ചതിൽപ്പെട്ട നീളം തീരെയും കുറഞ്ഞ നരച്ച നൈറ്റിയായിരുന്നു അവളുടെ വേഷം. വിണ്ടുകീറിയ ചുണ്ടുകളും ജടപിടിച്ച മുടിയും പീളകെട്ടി മയങ്ങിയ കണ്ണുകളും മുഷിഞ്ഞ വസ്ത്രവും നാറ്റവുമുള്ള വൃദ്ധയായ സ്ത്രീ.
അമ്മക്ക് അവളോട് വല്യ താൽപര്യമൊന്നുമുണ്ടായിരുന്നില്ല. ആമത്ത് വല്ലപ്പോഴും വീട്ടിൽ വരും ഏച്ചിയേ ഏച്ചിയെ എന്ന് ഉച്ചത്തിൽ വിളിക്കും. മൂന്നോ നാലോ വിളികൾക്കുശേഷം നിശ്ശബ്ദതയിലേക്ക് സ്വയം ഒടുങ്ങപ്പെട്ട് ഉമ്മറത്തിണ്ണയിൽ വെറുതേയിരിക്കും. അവൾ അപൂർവമായാണ് മനുഷ്യരെ സന്ദർശിക്കുക. ആരും അവളെ ആട്ടിയോടിക്കാറില്ല. ചിലർ ചില്ലറത്തുട്ടുകൾ ഇട്ടുകൊടുക്കും, മറ്റുചിലർ ഭക്ഷണമോ വസ്ത്രമോ നൽകും.
ഉറക്കച്ചടവോടെ ഞാനും അൽപസമയം അവളെയും നോക്കി ജനാലക്കൽനിന്നു. പിന്നെ പുറത്തേക്കിറങ്ങി നടന്നു. ലക്ഷ്യമില്ലാത്ത പെരുവഴികൾ കഴിഞ്ഞ കുറെ നാളുകളായി എനിക്ക് മുന്നിൽ നീണ്ടുനിവർന്നു കിടക്കുകയാണ്. ഉള്ള നല്ലൊരു ജോലി വേെണ്ടന്ന് െവച്ചാണ് കാലങ്ങളായി മനസ്സിൽ കുറിച്ചിട്ട നോവൽ എഴുതി തീർത്തത്. പ്രസാധകരുടെ മറുപടിക്കായി അക്ഷമയോടെ കാത്തിരിക്കുന്നതും, തിരസ്കരിക്കപ്പെടുന്നതും നിരാശയുടെ പടുകുഴിയിൽ വീഴ്ത്താതിരിക്കാൻ ലക്ഷ്യമില്ലാത്ത യാത്രകൾ പോംവഴിയായി മാറിയിരിക്കുകയാണ്. ഞാൻ മുറ്റം കടക്കുമ്പോഴും ആമത്ത് അവളുടെ ഇരിപ്പ് തുടരുകയായിരുന്നു.
പത്തു പന്ത്രണ്ട് വർഷങ്ങൾക്കു മുമ്പ് ആമത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഒരു വീട്ടിലും അവൾക്ക് പ്രവേശനമില്ലായിരുന്നു. ആമത്തിനൊപ്പം അന്നെല്ലാം അവളുടെ അമ്മ മേത്തമ്മയും കാണും. രണ്ടു ഭ്രാന്തികളുടെ പ്രപഞ്ചത്തിൽ മറ്റു ജീവജാലങ്ങൾ ഉണ്ടായിരുന്നില്ലാത്തതു പോലെത്തന്നെ അവരും ആർക്കും വേണ്ടാത്ത രണ്ടു ജീവികളായിരുന്നു. ഇരുട്ടിൽ പൊന്തക്കാടുകൾക്കിടയിൽ രണ്ടു കണ്ണുകൾ തിളങ്ങി. അടക്കിപ്പിടിച്ച ചിരികൾ പതിയെ ചിതറി.
ആരൊക്കെയോ ഭക്ഷണപ്പൊതികൾ അവർക്കുനേരെയെറിഞ്ഞു. എന്നിട്ടും മേത്തമ്മ മരിച്ചത് വിശന്നിട്ടാണ്. മേത്തമ്മയുടെ ഈച്ച പറക്കുന്ന ശരീരം ആർക്കും വിട്ടുനൽകാതെ കാവലിരുന്ന ആമത്തിന്റെ രൂപം ഇന്നും എന്റെ ഓർമകളിൽനിന്നും മാഞ്ഞുപോയിട്ടില്ല. പിന്നെ എന്നുമുതലാണ് ആമത്തിന്റെ സ്ഥിതികൾ മാറിത്തുടങ്ങിയത്. ആട്ടിയോടിക്കപ്പെടാൻ പാടില്ലാത്ത ഭാഗ്യത്തിന്റെ വാഹകയായി അവൾ മാറിത്തുടങ്ങിയത്..?
മേത്തമ്മയുടെ മരണശേഷം ആമത്തൊരിക്കലും ഗ്രാമത്തിന് പുറത്തേക്കിറങ്ങിയില്ല. നാട്ടുവഴികളിലും പാതയോരങ്ങളിലും അവളൊരു സ്ഥിരസാന്നിധ്യമായി മാറി. പകലുകൾക്കും രാത്രികൾക്കും മുകളിലൂടെ ആമത്ത് ഒഴുകിനടന്നു. ഈ വലിയ ഭൂമിയിൽനിന്നും ആമത്ത് മാത്രം മാറ്റങ്ങൾ സ്വീകരിച്ചില്ല. അവൾ നിറമുള്ള നിലാവുകളെ സ്വപ്നം കണ്ടിരിക്കണം, പക്ഷേ ഭ്രാന്തിന്റെ നിശ്ചയമില്ലാത്ത ദിനരാത്രങ്ങളെ ജീവിതം ആമത്തിനുവേണ്ടി കരുതിെവച്ചു. ആമത്ത് നടന്നു, വെളിപാടിന്റെ ചവിട്ടടികൾ അവൾക്ക് പിന്നിൽ അരൂപമായി പിന്തുടർന്നു.
ആമത്ത് അപൂർവമായി മാത്രം ചില വീടുകളിലേക്ക് കടന്നു ചെന്നു. ഏച്ചിയെ, ഏച്ചിയെ... ഉച്ചത്തിലുള്ള വിളികൾ. ആമത്ത് കടന്നുചെല്ലുന്ന വീടുകളിൽ ഭാഗ്യം കടാക്ഷിക്കപ്പെടുന്നു എന്നത് കാലത്തിന്റെ മായാജാലമായിരിക്കാം. അമ്മ ആമത്തിന് ഭക്ഷണം നൽകുമോ..?
അമ്മക്ക് അവളോട് കരുണയുണ്ടെന്ന് തോന്നിയിട്ടില്ല. നിറത്തിന്റെ പേരിൽ വിവാഹ കമ്പോളത്തിൽ ചേച്ചിക്ക് അവഗണനകൾ അനവധി നേരിടേണ്ടി വന്നിരുന്ന കാലം. വരുന്നവർക്കൊന്നും പെണ്ണിനെ ബോധിക്കുന്നില്ല. ആമത്തൊരു ഭാഗ്യമായി വീടിന് മുൻവശമിരുന്ന ഒരു ദിവസം കാണാൻ എത്തിയ കൂട്ടർക്ക് പെണ്ണിനെ ബോധിച്ചു. ആ വിവാഹം നടന്നു. ആമത്തിനും പ്രതിഫലമുണ്ടായിരുന്നു. പഴകിയ നൈറ്റിയും വിവാഹ ഭക്ഷണവും അമ്മയെന്നെ ഏൽപിച്ചു. സന്ധ്യക്ക് പൊന്തക്കാടിന്റെ അരികിലേക്ക് പൊതിക്കെട്ടുകൾ െവച്ച് മടങ്ങുമ്പോൾ എന്റെ ഉള്ളിൽ നിറഞ്ഞത് പുച്ഛമായിരുന്നോ?
ആമത്തിനുവേണ്ടി ഭക്ഷണപ്പൊതി കൈയിൽക്കരുതി തിരികെ നടന്നു. അവൾ ചിലപ്പോൾ പൊന്തക്കാടുകളിലേക്ക് മടങ്ങിപ്പോയിരിക്കാം. അല്ലെങ്കിൽ, ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുന്നുണ്ടാകാം. ആമത്ത് ഇരുന്നയിടം ശൂന്യമായി കിടന്നു. കൈയിൽ വാങ്ങി കരുതിയ ഭക്ഷണപ്പൊതിയിലേക്ക് അമ്മ രൂക്ഷമായി നോക്കി. ഞാൻ മുറിയിലെ കയറിപ്പോയി. ഫാനിന്റെ ചലനവും നോക്കി ഏറെനേരം കട്ടിലിൽ അനങ്ങാതെ കിടന്നു. മേശക്ക് മുകളിലെ ഭക്ഷണപ്പൊതിയിൽനിന്നും ചൂട് പതിയെ ഇറങ്ങിപ്പോയി. എന്തോ എഴുതണമെന്ന് ഉള്ള് തുടിച്ചു.
ലാപ് എടുത്ത് മേശക്ക് മുകളിലേക്ക് വെക്കുമ്പോൾ ഏതോ കോണിൽനിന്നും നിർജീവമായ തേങ്ങൽ. എഴുതാൻ കഴിഞ്ഞില്ല. ഒരു മഹാത്ഭുതം മെയിലായി വന്നുകിടക്കുന്നു. നോവൽ പ്രസിദ്ധീകരിക്കാൻ തയാറാണെന്ന് അറിയിച്ചുകൊണ്ടുള്ള പ്രമുഖ പ്രസാധകരുടെ മറുപടിയാണ്.
സന്തോഷത്തിനൊപ്പം ദുഃഖത്തിന്റെ പിടിയിലേക്ക് സ്വയം സമർപ്പിക്കുന്നു. മേശപ്പുറത്തിരിക്കുന്ന പൊതിച്ചോറിലേക്ക് ഞാൻ വിരലുകൾ ചലിപ്പിച്ചു. പെട്ടെന്ന് ഇറങ്ങി പുറത്തേക്ക് നടന്നു. ആമത്ത് എവിടെ കാണും? സ്ഥിരപ്പെടാത്ത പൊന്തക്കാടുകളിൽ എവിടെയോ അവൾ വിശ്രമിക്കുകയായിരിക്കാം.
അവൾക്ക് ചുറ്റും അനേകായിരം കാക്കപ്പൂവുകൾ വിരിയുന്നുണ്ടാകാം. പേടിയോടെ ദുഃഖത്തോടെ പൂവുകൾ ആമത്തിന് കാവൽ നിൽക്കുകയായിരിക്കും. ആമത്തിനെ തേടി നടക്കുന്നത് എന്തിനാണ്..? ആരോ ഉള്ളിലിരുന്ന് വിലക്കുന്നു തുടർച്ചയായ സംവാദങ്ങൾ. എന്നിട്ടും വഴി മുറിയുന്നില്ല. അകത്ത് പൊടിയുന്നത് സഹതാപം മാത്രമായിരിക്കണം, അല്ലയെങ്കിൽ അവളുടെ ഭാഗ്യവിൽപനയിൽനിന്ന് പങ്ക് പറ്റിയതിന്റെ കടപ്പാട്.
നട്ടുച്ചയുടെ പൊള്ളൽ മൂർച്ഛിച്ച് വീഴുന്ന വഴികളിൽ മനുഷ്യർ ഒഴിഞ്ഞുകിടന്നു. ആരും മുറിച്ചുകളയാൻ മെനക്കെടാത്ത നിശ്ശബ്ദതക്ക് മുകളിലൂടെ ആമത്തിനെയും തേടി ഞാൻ അലഞ്ഞു. ഭ്രാന്തിയായ മേത്തമ്മ പിഴച്ചുപെറ്റ സന്തതിയാണത്രെ ആമത്ത്. ഭ്രാന്തിക്ക് പിഴ പറ്റുമോ? നിദ്രയുടെ നിഴലിൽ ഒരു ഭ്രാന്തിയുടെ ഉദരത്തിലേക്ക് പുതിയൊരു ജീവിതം നിക്ഷേപിച്ചവന്റെ ഭ്രാന്തിന്റെ സന്തതിയാണ് ആമത്ത്. മേത്തമ്മ പെറ്റത് കൊണ്ടുമാത്രം ആമത്ത് ഭ്രാന്തിയാകുമോ..?
ആർക്കുമാരോടും സ്നേഹമില്ലാത്ത സ്വാർഥമായ ലോകത്തിന്റെ സന്തതിയാണ് ആമത്തിന്റെ ഭ്രാന്ത്. ഒരുപക്ഷേ ഭ്രാന്തിന്റെ മൂടുപടം. പൊന്തക്കാടുകളൊക്കെയും ഒഴിഞ്ഞുകിടന്നു. ദൂരെയെവിടെ നിന്നോ ചൂടുകാറ്റ് മനക്ലേശം നിറച്ചുതരുന്നു. പണ്ട് പണ്ട് എന്നാരോ കഥപറയുന്നു. ഉച്ചയുടെ ചൂടെന്നെ ബാധിച്ചില്ല. സായാഹ്നത്തിന്റെ ചുരുളുകൾ പിടിമുറുക്കും വരെയും ഞാൻ ആമത്തിനെ തേടി അലഞ്ഞു.
ആമത്തിനെ കണ്ടെത്താൻ ഇനി ഒരിക്കലുമെനിക്ക് കഴിഞ്ഞെന്നു വരില്ല. അല്ലായെങ്കിൽ ആമത്ത് എന്റെ എഴുതപ്പെട്ട നോവലിലെ ഏക കന്യക മാത്രമായിരുന്നിരിക്കണം. വൃദ്ധയായ കന്യക. അവൾക്ക് മുകളിലൂടെ കാലം മാത്രം സഞ്ചരിക്കുന്നു. എഴുതുന്ന വേളയിൽ അവളെന്റെ കാമുകിയായിരുന്നിരിക്കാം. എനിക്കുവേണ്ടി ഒടുവിലെ ഭാഗ്യത്തിന്റെ ചുംബനവും ബാക്കിെവച്ച് കടന്നുപോയവൾ. ഞാൻ വീട്ടിലേക്ക് നടന്നു. പൊന്തക്കാടുകളിലേക്ക് ആരോ ഭക്ഷണപ്പൊതികൾ വലിച്ചെറിയുന്നു. പഴകിയ വസ്ത്രങ്ങൾ ആമത്തിനെയും കാത്തുകെട്ടി കിടക്കുന്നു. ആളുകളുടെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുന്നു... ലോകത്തിന് മുഴുവൻ ഭ്രാന്തിന്റെ ദുർഗന്ധം. ഞാനും ആമത്തും മാത്രം ഭ്രാന്തിൽനിന്നും മുക്തർ. ഞങ്ങൾ ചിരിച്ചു. ആമത്തിന്റെ ചിരിയിൽ ഞാൻ മുങ്ങിപ്പോകുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.