പുലർച്ച എഴുന്നേറ്റാൽ മുറ്റമടിക്കാതെ അടുക്കളയിൽ ചെന്നാൽ ഒരു തുള്ളി ചായന്റെ വെള്ളം തരൂല്ലെന്ന് ഉമ്മച്ചി പറഞ്ഞത് കൊണ്ട് മാത്രം ഞാൻ എന്റെ വീട്ടിലെ മുറ്റത്തിനെ പ്രാകിക്കൊണ്ട് വീടിന്റെ പടിഞ്ഞാപ്പുറത്തേക്ക് നടന്നു. തലേദിവസം സൈക്കിളിൽനിന്ന് വീണ് ഉളുക്കിയ കാലും വെച്ച് പാവം ഞാൻ സ്ഥിരം ചൂൽവെക്കുന്ന സ്ഥലത്തെത്തി. അല്ലെങ്കിൽതന്നെ ഞാൻ അടിക്കുന്നത് കാത്ത് നിക്കുവാണ് വീടിന്റെ മുറ്റത്തു തെക്കേ അറ്റത്തുള്ള പ്രിയൂർ മാവ്. ഒന്നേ.. രണ്ടേ...മൂന്നേ... ഞാൻ മുറ്റമടിച്ചു തുടങ്ങി. അതിനിടയിലൂടെ പതിയെ ഞാൻ തലപൊക്കി നോക്കി. ഉണ്ട് ഉണ്ട്.. അവിടത്തന്നെ ഉണ്ട്.. ആരാ? ന്റെ ഉമ്മച്ചി. ഞാൻ ചൂൽ എടുത്തു അടിക്കാൻ തുടങ്ങിയാൽ അപ്പോ മൂപ്പർക്ക് ഉപദേശിക്കണം. നേരെ അടിക്ക്, മുക്കും മൂലയും വൃത്തിക്ക് അടിക്ക്, അവസാനം സഹികെട്ടു ഞാൻ പറയും, ഒന്നില്ലെങ്കിൽ ഉമ്മച്ചി അടിച്ചോ അല്ലെങ്കിൽ ഇവിടന്ന് അപ്പുറത്തേക്ക് പൊക്കോ.. പിന്നെ മൂപ്പർ അധികനേരം അവിടെ നിൽക്കാതെ വേഗം ഉള്ളിലോട്ടു വലിയും. ഞാൻ എന്റെ സ്വന്തം ശൈലിയിൽ പാട്ടും പാടി രണ്ട് സ്റ്റെപ് ഒക്കെയിട്ട് മുറ്റമടിച്ച് കൊണ്ടിരിക്കും. അതിനിടയിൽ ഇടക്കിടക്ക് ഒന്ന് തിരിഞ്ഞുനോക്കും. അടിച്ച ഭാഗങ്ങൾ വൃത്തിയായി കാണുന്നത് വല്ലാത്തൊരു സംതൃപ്തിയാണ്, അതിനു വേണ്ടിമാത്രം.
അല്ലാതെ ഉമ്മച്ചി അവിടെങ്ങാനും ഉണ്ടോ എന്ന് നോക്കുന്നതൊന്നുമല്ല കേട്ടോ. അടിച്ചുവാരലും അത് കൂട്ടിയിട്ട് കത്തിക്കലും ഒക്കെയായി ഞാൻ എന്തോ വല്ല്യ സംഭവമാണെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. നെറ്റിയിലെ വിയർപ്പൊക്കെ കൈവിരൽ വച്ചു തൂത്തുകളഞ്ഞു. ഓഹ്.... ഇതൊന്ന് കഴിഞ്ഞിട്ട് വേണം ഉപ്പ വാങ്ങിത്തന്ന വാക്മെനിൽ പാട്ടുകേട്ട് നടക്കാത്ത കുറെ സ്വപ്നങ്ങൾ കാണാൻ. ഈ പാട്ടും സ്വപ്നങ്ങളും തമ്മിൽ വല്ലാത്തൊരു കണക്ഷനുണ്ട്. എന്റെ ചിന്ത ഇതൊക്കെ ആയിരുന്നെങ്കിലും വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടിപ്പോയി. അതാ അടിച്ചുവാരിയ സ്ഥലത്ത് പിന്നേം ഇലകൾ വാരി വിതറിയിട്ടുണ്ട് ഞാൻ ഇറയത്തേക്ക് നോക്കി. ഇല്ല, ഉമ്മച്ചി അല്ല, അപ്പൊ പിന്നെ ആരാ? വേറെ ആരുമല്ല നമ്മുടെ പ്രിയൂർമാവ് തന്നെ.
ഞാൻ അടിക്കാനും മാവ് ഇല പൊഴിക്കാനും. അല്ലാഹ് ....എന്റെ പാട്ട്, എന്റെ നടക്കാത്ത സ്വപ്നങ്ങൾ, എല്ലാം കഴിഞ്ഞിരുന്ന എന്നെ ആ കാഴ്ച സങ്കടപ്പെടുത്തിയെങ്കിലും, ചില സമയത്ത് നമുക്ക് നമ്മുടെ അവസ്ഥയോർത്തു ചിരിവരും. ഇനിയിപ്പോ പാട്ടു കേൾക്കാനും സ്വപ്നം കാണാനും നേരമില്ല വേഗം റെഡിയായി സ്കൂളിൽ പോകാം. അതിനിടയിലാണ് ഉമ്മച്ചിടെ വരവ്. ‘ആ നീ അവിടെ മാത്രം അടിച്ചില്ലല്ലേ? ‘ആ ഉമ്മച്ചി അടിച്ചില്ല ഒരു ഭംഗിക്ക് ആ ഇല അവിടെ കിടക്കട്ടെ’. പറഞ്ഞത് മാത്രം ഓർമയുള്ളൂ പിന്നെ നടന്നത് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.