അച്ഛന് അത്തറിന്റെ മണമായിരുന്നു. ഇരുപത്തിയെട്ടു ദിവസം കരയിൽ. ഇരുപത്തിയെട്ടു ദിവസം കടലിൽ. ഇരുപത്തിയെട്ടു ദിവസം നാട്ടിൽ. ഇങ്ങനെയായിരുന്നു ജോലി. ദുബൈയിൽ. അമേരിക്കൻ എണ്ണകമ്പനിയിൽ. എല്ലാം അമ്പത്തിയാറുദിവസം കഴിയുമ്പോഴും അത്തറിന്റെ മണം വീടാകെ പടരും. എയർപോർട്ട് മുതൽ അമ്മയും ഞങ്ങളും അച്ഛന്റെ കൂടെയുണ്ടാകും. നാടുചുറ്റലും കളിയും മുറുകുന്നതിനിടയിൽ വേഗം വീണ്ടും പറക്കാനുള്ള സമയമാകും. കണ്ണിൽ നനവ് പടരും.
സ്കൂൾ മേൽവിലാസമാണ് അച്ഛന് നൽകിയിരുന്നത്. ക്ലാസിലേക്ക് പോസ്റ്റ്മാൻ ഗൾഫിൽനിന്നുള്ള പാർസലുകളുമായി വരും. ടീച്ചർമാരും കൂട്ടുകാരും കൊതിയോടെ സമ്മാനപ്പൊതികളിലേക്ക് നോക്കിനിൽക്കും. പാർസൽ കൈപ്പറ്റുന്നതിനിടയിൽ അവരുടെ മുഖത്തേക്ക് നോക്കുന്നതും രസകരമായിരുന്നു. അമ്മ അക്കാലത്ത് തിളങ്ങുന്ന സാരികളാണ് അണിഞ്ഞിരുന്നത്.
ആദ്യം സ്വന്തമായി വീടുണ്ടായിരുന്നില്ല. പല വീടുകളിൽ പതിനൊന്നുമാസം വീതം പണയത്തിന് മാറിമാറിയാണ് താമസിച്ചിരുന്നത്. വലിയ കൈവണ്ടിയിൽ വീട്ടുസാമാനങ്ങൾ നിറച്ച് കൈയിൽ ചെറിയ ബക്കറ്റുകളും പുസ്തകങ്ങളുമായി പുറകിൽ നടക്കുന്നത് ഇന്നും ഓർമയുണ്ട്. അമ്മ അച്ഛനോട് പറയുമായിരുന്നു, ഇങ്ങനെ ഇടക്കിടക്ക് നാട്ടിൽ വരുന്നതിന് പകരം അവിടെത്തന്നെ നിന്ന് കുറച്ചു പൈസ ഉണ്ടാക്കിയാൽ പതിനൊന്നുമാസം കൂടുമ്പോൾ ഇങ്ങനെ പെറുക്കി നടക്കണ്ടായിരുന്നു എന്ന്. അതു കേൾക്കെ ആദ്യം അച്ഛൻ ചിരിച്ചെങ്കിലും പിന്നീട് മുഖം മ്ലാനമാകുന്നത് കണ്ടു.
പിന്നെയുള്ള നാളുകളിൽ അച്ഛൻ നാട്ടിൽ വന്നില്ല. അച്ഛന് അപ്പഴാണ് ബുദ്ധിവെച്ചതെന്ന് അമ്മ അന്ന് പറഞ്ഞു. നാട്ടിൽ വരാൻ കഴിയാത്തതിലെ സങ്കടം കത്തുകളിൽനിന്നും വായിക്കാമായിരുന്നു. അങ്ങനെയാണ് അനാഥശാലാ പള്ളിക്കൂടത്തിന്റെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ അഞ്ചുസെന്റ് സ്ഥലവും പഴയ വീടും അച്ഛൻ സ്വന്തമാക്കുന്നത്. ഒറ്റനില പഴയ വീടാണെങ്കിലും നാലു മുറികളുള്ളതുകൊണ്ട് അച്ഛൻ സന്തോഷവാനായിരുന്നു. മൂന്നാമത്തെ മുറി അച്ഛന്റേതായിരുന്നു. വസ്ത്രങ്ങളെല്ലാം അവിടെ അടുക്കിവെച്ചിട്ടുണ്ടാകും. കിടക്കവിരി വെളുത്ത് വൃത്തിയുള്ളതായിരിക്കും. മൂലയിലെ കൊളുത്തിൽ വസ്ത്രങ്ങൾ തൂക്കിയിടും. ആരെങ്കിലും അവിടെ കയറിയാൽ അച്ഛൻ അറിയും. വീട് വാങ്ങിക്കഴിഞ്ഞപ്പോഴേക്കും അമേരിക്കൻ കമ്പനിയിലെ ജോലി അച്ഛന് നഷ്ടമായി. തന്റെ മുറിയിൽ കയറിയിരുന്ന് അച്ഛൻ സമയം ചെലവഴിക്കും. അവിടെയിരുന്നു പുസ്തകങ്ങൾ വായിക്കും. പാട്ടുകൾ കേൾക്കും, പാടും.
ഒഴിഞ്ഞ പറമ്പിൽ വാട്ടർ ടാങ്കിനുള്ള പൈലിങ് ജോലികൾ ആരംഭിച്ചപ്പോൾ പഴയ വീടിന്റെ ചുമരാകെ വിണ്ടുകീറാൻ തുടങ്ങി. പൊളിഞ്ഞുതുടങ്ങിയ മേൽക്കൂരയിലേക്ക് നോക്കി അച്ഛൻ നെടുവീർപ്പിടുമായിരുന്നു. വീട് പൊളിച്ച് പുതിയത് പണിയുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. മക്കളെല്ലാവരും ചേർന്ന് പണം മുടക്കി വീട് പണിയാൻ തുടങ്ങിയപ്പോഴാണ് സ്ഥലത്തിന് പട്ടയമില്ലെന്ന് മനസ്സിലായത്. പിന്നെ പട്ടയത്തിനായി താലൂക്കാപ്പീസിന്റെ പടികൾ കയറിയിറങ്ങി കാലു തേഞ്ഞു. വില്ലേജിലേക്കുള്ള പോക്കും വരവുമായി കാലങ്ങൾ കാത്തിരുന്നു. അച്ഛന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. തെരഞ്ഞെടുപ്പടുത്തപ്പോഴാണ് പട്ടയം തരപ്പെട്ടുകിട്ടിയത്. പണിയാരംഭിച്ചു. ഉള്ള സ്ഥലത്ത് ഒരു വീട്. പണി തീരുംവരേ അച്ഛൻ താൽക്കാലികവീട്ടിലെ സൗകര്യങ്ങളിൽ തിങ്ങിഞെരുങ്ങി. പെട്ടെന്നാണ് അച്ഛൻ കുഴഞ്ഞുവീഴുന്നത്. ആംബുലൻസിൽ നേരെ ആശുപത്രിയിലേക്ക്. ആർത്തട്ടഹാസവുമായി ആംബുലൻസ് പായുമ്പോൾ അച്ഛൻ എന്നെ അടുത്തുവിളിച്ചു ചോദിച്ചു. നമ്മുടെ പുതിയവീട്ടിൽ എനിക്കൊരു ദിവസമെങ്കിലും ഉറങ്ങാൻ ഭാഗ്യമുണ്ടാകുമോ എന്ന്.
ചികിത്സ കഴിഞ്ഞ് അച്ഛനെ കൊണ്ടുവന്നത് പുതിയ വീട്ടിലേക്കായിരുന്നു. വലിയ വീടാണെങ്കിലും താഴെ രണ്ടു മുറികളേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ കണ്ണുകൾ മൂന്നാം മുറിയാണ് അന്വേഷിക്കുന്നതെന്ന് മനസ്സിലായി.
അന്ന് രാത്രി അച്ഛൻ മുറിഞ്ഞു കീറിയ വാക്കുകൾ പെറുക്കിവെച്ച് എന്നോട് ചോദിച്ചു. മോനെ എന്റെ മുറിയെവിടെയാ?
എന്റെ നിശ്ശബ്ദതക്കു മുന്നിൽ അച്ഛൻ മെല്ലെ കണ്ണടച്ചു. പുതിയ വീടിനെയാകെ കുന്തിരിക്കത്തിന്റെ ഗന്ധം പൊതിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.