കണ്ണട കടന്നെത്തുന്ന കാഴ്ചകൾ കോടമഞ്ഞിലൂടെയെന്നപോലെ അവ്യക്തമാകുന്നത് അധികരിച്ചപ്പോളാണ് അയാൾ താലൂക്കാശുപത്രിയിലെ നേത്രചികിത്സാവിഭാഗത്തിലെത്തിയത്. തീവ്രത കൂടിയ ലെൻസുകളിലേക്ക് മാറണമെന്ന് നിർദേശിച്ച് അവരെഴുതിയ കുറിപ്പടി അടുത്തുള്ള കണ്ണടഷോപ്പിൽ ഏൽപ്പിച്ച്, അഡ്വാൻസും കൊടുത്ത് അയാൾ പോയത് പുസ്തകശാലയിലേക്കാണ്. കാഴ്ചപരിമിതിനിമിത്തം ഓരോ ചുവടും സൂക്ഷിച്ചാണ് നടക്കുന്നത്. ശുഷ്കിച്ച വലതുകൈയിലെ അപൂർണമായ കൈപ്പത്തിയും അതിൽ വിരലുകളുടെ സ്ഥാനത്തുള്ള രണ്ട് ചെറിയ മാംസഗോളങ്ങളും കാഴ്ചക്കാരിൽനിന്ന് മറയ്ക്കാനായിരിക്കാം, തോളിൽ തൂക്കിയിട്ടിരിക്കുന്ന തുണിസഞ്ചിയുടെ പിന്നിലാണ് ആ കൈ എപ്പോഴും. പരുക്കൻ പരുത്തി കുർത്തക്കുകീഴിൽ ഇടത്തോട്ട് ഉടുത്ത് ബെൽറ്റിട്ട് മുറുക്കിയ ഖാദിയുടെ ഒറ്റമുണ്ടിന്റെ ഇറക്കം നരിയാണിക്ക് മുകളിലാണ്. അതയാൾ മടക്കിക്കുത്താറില്ല. ഒ.വി. വിജയനോട് മുഖസാദൃശ്യമുള്ള അയാളുടെ കണ്ണടയും ഏതാണ്ട് അദ്ദേഹത്തിന്റേതുപോലെയുള്ളതായിരുന്നു. സാവധാനം കാലടികളെ മുന്നോട്ടുവെക്കുന്ന അയാളെ പലരും ശ്രദ്ധിക്കുന്നുണ്ട്.
അവിടെ അധികസമയം ചെലവഴിക്കാതെ രണ്ട് പുസ്തകങ്ങൾ വാങ്ങി തോൾസഞ്ചിയിലിട്ട് അയാൾ 'മഹാത്മ കൈത്തറി വസ്ത്രാലയ'ത്തിലെത്തി. തുണിക്കടയിൽ ഒട്ടും തിരക്കില്ലായിരുന്നു. ഒരു സെയിൽസ്മാനും അയാളും മറ്റൊരു കസ്റ്റമറും മാത്രം.
തോൾസഞ്ചി ഊരി മേശപ്പുറത്തുവച്ച് അയാൾ വസ്ത്രങ്ങൾ തിരയുന്നതിനിടയിലാണ് പുറത്ത് ഓട്ടോസ്റ്റാൻഡിൽ കുശുകുശുപ്പ് ആരംഭിച്ചത്. അവരിലൊരാൾ മറ്റെയാളുടെ ചെവിയിൽ എന്തോ പറഞ്ഞു. കേട്ടയാൾ അത് അംഗീകരിച്ചില്ലെന്ന് തോന്നുന്നു. ഒന്നാമൻ മൂന്നാമതൊരാളെ സമീപിച്ച് തന്റെ അനുമാനം ധരിപ്പിച്ചു. ഒന്നാമനൊപ്പം മൂന്നാമനും കടയ്ക്കുള്ളിലേക്ക് നോക്കി പരസ്പരം പിറുപിറുത്തു. അതിനൊരു ചർച്ചയുടെ സ്വഭാവം കൈവന്നപ്പോൾ അതിലേക്ക് കൂടുതൽ ആളുകൾ ചേർന്നുതുടങ്ങി. ആൾക്കൂട്ടത്തോടൊപ്പം തർക്കവിതർക്കങ്ങളും വളർന്നു. ഒന്നാമൻ കടക്കുള്ളിലേക്ക് കൈചൂണ്ടി തറപ്പിച്ചുപറഞ്ഞു: ‘എനിക്ക് നല്ല ഉറപ്പുണ്ട്, ഇത് അവൻ തന്നെയാണ്’. തന്റെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കാനുള്ള ആവേശത്താൽ അയാൾ കടയിലേക്ക് ചാടിക്കയറി കണ്ണടക്കാരന്റെ അടുത്തെത്തി തട്ടിവിളിച്ചു: ‘താനൊന്ന് പുറത്തേക്ക് വന്നേ’.
കണ്ണടക്കാരന് കാര്യമെന്തെന്ന് മനസ്സിലായില്ല. അയാൾ മൂക്കിനുമുകളിൽ കണ്ണടയുടെ അകലം ക്രമീകരിച്ച് വന്നയാളെ നോക്കി. ‘തന്നോട് തന്നെയാണ് പറഞ്ഞത്, പുറത്തേക്കിറങ്ങ്’ വന്നയാൾ ആജ്ഞാപിച്ചു. സംശയത്തോടെ കണ്ണടക്കാരൻ ചോദിച്ചു: ‘ഞാനെന്തിന് പുറത്തുവരണം?’
‘അതെന്തിനെന്ന് പറയാനാണ് തന്നോട് പുറത്തുവരാൻ പറഞ്ഞത്. നീ സ്വയം വന്നില്ലെങ്കിൽ തൂക്കിയെടുത്ത് പുറത്തിടാനുള്ളതിലധികം ആളുകൾ ഇവിടെയുണ്ട്; കാണണോ?’ ഭീഷണിയുടെ സ്വരത്തിൽ അയാൾ മുരണ്ടു.
അപ്പോഴേക്കും ആൾക്കൂട്ടത്തിൽനിന്ന് വേറെ ചിലരും കടക്കുള്ളിലെത്തി. ആപത്തുമണത്ത മറ്റേ കസ്റ്റമർ സാധനങ്ങളൊന്നുമെടുക്കാതെ സ്ഥലംവിട്ടു. പകച്ചുനിന്ന സെയിൽസ്മാന് മുന്നിലൂടെ അവരോടൊപ്പം കണ്ണടക്കാരനും പുറത്തേക്ക് നടന്നു.
കടയുടെ പുറത്തെത്തിയതും ഒന്നാമൻ തിരിഞ്ഞ് കണ്ണടക്കാരനോട് ചോദിച്ചു: ‘നീയെന്തിനാണ് ഇവിടെ വന്നത്?’
‘കുറച്ച് തുണിത്തരങ്ങൾ വാങ്ങാൻ’- അയാൾ വേഗം ഉത്തരം പറഞ്ഞു.
‘അതല്ല, നീ ഈ പട്ടണത്തിൽ വന്നത് എന്തിനാണെന്നാണ് ചോദിച്ചത്’
‘എന്റെ കണ്ണ് പരിശോധിച്ച് കണ്ണട മാറ്റിവാങ്ങാനും കൂടിയാണ്’
‘വേറെയൊരു ലക്ഷ്യവും നിനക്കില്ലേ? നീ കാണാൻ വന്നവർ എവിടെയാണ്?’
‘ഇല്ല, വേറെയാവശ്യങ്ങളൊന്നും എനിക്കില്ല. എനിക്കാകെ കാണാനുണ്ടായിരുന്നത് ഡോക്ടറെയാണ്. അത് കഴിഞ്ഞാണ് ഞാനിവിടെ എത്തിയത്. എന്തിനാണ് നിങ്ങളെന്നെയിങ്ങനെ ചോദ്യം ചെയ്യുന്നത്?’
‘കൈയിലിരിപ്പ് ശരിയല്ലെങ്കിൽ ചോദ്യം മാത്രമല്ലെടോ, ഭേദ്യവും ഉണ്ടായെന്നിരിക്കും’ ആരോ വിളിച്ചുപറഞ്ഞു.
‘നിന്റെ പേരെന്താടാ?’ അയാളെ പുറത്തെത്തിക്കാൻ കയറിപ്പോയവരിൽ ഒരാൾ ചോദിച്ചു.
‘സലിം’ ‘കണ്ടോ കണ്ടോ, ഇത് അവൻ തന്നെയാണ്’ അയാളുടെ പേര് കേട്ടതും ഒന്നാമന് ജേതാവിന്റെ ഭാവം കൈവന്നു.
അടുത്തുനിന്ന മറ്റൊരാൾ ക്രുദ്ധനായി അയാളോട്: ‘നീ അവരുടെ കൂട്ടത്തിലുള്ളതല്ലേ?’ ‘ആരുടെ?’ കാര്യമെന്തെന്നറിയാതെ കണ്ണടക്കാരൻ ആൾക്കൂട്ടത്തിലെ ഓരോരുത്തരെയും മാറിമാറി നോക്കി.
‘ഈ നാറിയാണ് പാനായിക്കുളത്തും വാഗമണിലും അവർക്ക് പരിശീലനം കൊടുത്തത്’ ദൃക്സാക്ഷിയെപ്പോലെ അലറിക്കൊണ്ട് ഒരുത്തൻ അയാളെ അടിക്കാനായി പാഞ്ഞടുത്തു.
‘തല്ലാൻ വരട്ടെ, ഇവനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുമതി അതൊക്കെ’. അടിക്കാനോങ്ങിയവനെ തടഞ്ഞുകൊണ്ട് ഒന്നാമൻ പറഞ്ഞു.
‘പട്ടാപ്പകൽ ഇങ്ങനെ പരസ്യമായി ഇറങ്ങിനടക്കുന്ന ഇവന്റെ ധൈര്യം സമ്മതിക്കണം’ ഒരു മദ്ധ്യവയസ്കൻ ഉച്ചത്തിൽ ആത്മഗതം ചെയ്തു.
‘ചേട്ടന്മാരേ, നിങ്ങളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് ആളുതെറ്റിയതാകാം. ഞാൻ ഈ നാട്ടുകാരൻ തന്നെയാണ്. എന്റെ അച്ഛനാണ് ഇവിടെയുള്ള ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ പ്രിൻസിപ്പൽ ഗോപിനാഥൻ മാഷ്.’ അയാൾ തൊഴുകൈയൊടെ പറഞ്ഞു.
‘ഹ ഹ, ഇടത്തോട്ട് മുണ്ടുടുത്ത ഗോപിനാഥപുത്രൻ; സലിം! ഞങ്ങളങ്ങ് വിശ്വസിച്ചു. എടാ ഏതെങ്കിലും കള്ളൻ താൻ കള്ളനാണെന്ന് സമ്മതിക്കുമോ? പഠിച്ച കള്ളനാണ് നീ. നീ ഇവിടുന്ന് രക്ഷപ്പെടാൻ പോകുന്നില്ല’.
"അയ്യോ, എന്റെ വലതുകൈക്ക് സ്വാധീനക്കുറവുള്ളതുകൊണ്ടാണ് ഇടത്തോട്ട് ഉടുക്കുന്നത്’. തന്റെ സത്യസന്ധത ബോധ്യപ്പെടുത്താനായി അയാൾ വലതുകൈ അവരെ കാണിച്ചു.
ഉടൻ ജനക്കൂട്ടത്തിൽനിന്ന് ഒരുത്തൻ: ‘ഇനി എന്ത് വേണം; അവൻതന്നെ തെളിവ് കണിച്ചല്ലോ! ആ കൈപ്പത്തി കണ്ടില്ലേ? ബസ്സ്സ്റ്റാന്റിൽ ബോംബുവെക്കുന്നതിനിടയിൽ പൊട്ടി തകർന്നുപോയതാണത്’.
ഒരു വൃദ്ധൻ തത്ത്വജ്ഞാനിയെപ്പോലെ: ‘വെടക്ക് മൂടിവച്ചാലും വാട വിളിച്ചുപറയും’ എന്ന് പരിഹസിച്ച് അയാളെ കടന്നുപോയി. ഇത്രയുമായപ്പോഴേക്കും സലിമിനെ കൈകാര്യം ചെയ്യാനെന്നോണം ജനം ഇളകിത്തുടങ്ങി. തന്റെ കടയുടെ മുമ്പിൽ ഒരു കൊലപാതകം നടന്നേക്കുമെന്ന് ഭയപ്പെട്ട തുണിക്കടക്കാരൻ ചാടിയിറങ്ങി ഒന്നാമനോടപേക്ഷിച്ചു.
‘ഇയാളെ ഇവിടെയിട്ട് തല്ലിക്കൊന്നാൽ ഞാനും നിങ്ങളും തൂങ്ങേണ്ടിവരും. നമുക്കിയാളെ പൊലീസിലേൽപ്പിക്കാം."
ജനക്കൂട്ടം വിളിച്ചുകൂവി: ‘വേണ്ട വേണ്ട, പൊലീസിലേൽപ്പിച്ചാൽ ഇവൻ രക്ഷപ്പെടും. കേരള പൊലീസിൽ ഇവന്റെ ആളുകളുണ്ട്. ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കുകയാണ് വേണ്ടത്.’ കൊലക്കേസ് പ്രതിയാകാൻ ഒന്നാമനും താൽപര്യമില്ലായിരുന്നു. കണ്ണടക്കാരനുമുമ്പിൽ ഒരു കവചംപോലെ അയാൾ നിന്നെങ്കിലും ചിലരൊക്കെ സലിമിനുനേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. ഒരാൾ അയാളെ ചവിട്ടിവീഴ്ത്തി. വീഴ്ചക്കിടയിൽ കണ്ണട നഷ്ടപ്പെട്ട സലിമിന്റെ കാഴ്ചയിൽ ആൾക്കൂട്ടം പറന്നുനടക്കുന്ന മണിയനീച്ചകളായി. കൈകൾ കൂപ്പി ഉപദ്രവിക്കരുതേ എന്നപേക്ഷിച്ചുകൊണ്ട് അയാളവിടെ ഇരുന്നു.
അലറിയാർക്കുന്ന ജനക്കൂട്ടത്തിനിടയിൽ ഉയർന്നുനിന്ന മൊബൈൽഫോണുകളിലൂടെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർ തങ്ങളുടെ മനോഗതമനുസരിച്ചുള്ള തലവാചകങ്ങളാൽ കൊഴുപ്പിച്ച ലൈവ് വിവിധ ഫ്ലാറ്റ്ഫോമുകളിലേക്ക് പങ്കുവച്ചുകൊണ്ടിരുന്നു.
അവയിൽ ചിലത് ഇങ്ങനെയായിരുന്നു.
‘കേരളത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന മതതീവ്രവാദസംഘടനയുടെ സ്ലീപ്പർ സെൽ മെംബർ പിടിയിൽ’
‘ബംഗളൂരു സ്ഫോടനക്കേസിൽ എൻ.ഐ.എ അന്വേഷിക്കുന്ന കൊടുംഭീകരൻ കേരളത്തിൽ’
ആര് അറിയിച്ചിട്ടാണെന്നറിയില്ല, ജനക്കൂട്ടം അയാളെ ചവിട്ടിക്കൂട്ടുന്നതിനുമുമ്പ് പൊലീസെത്തി. അവരെ കണ്ടതും ആൾക്കൂട്ടത്തിൽ ബഹുഭൂരിപക്ഷവും തങ്ങളിതിന്റെ ഭാഗമല്ലെന്ന മട്ടിൽ ഒഴിഞ്ഞുപോയി. പിന്നെയും അവിടെ ചുറ്റിപ്പറ്റി നിന്നവരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു.
ഒന്നാമൻ പൊലീസിനുമുന്നിൽ തങ്ങൾക്കുണ്ടായ സംശയങ്ങളും കണ്ടെത്തലുകളും വിശദീകരിച്ചു. അയാളുടെയും കടക്കാരന്റെയും ചില സാക്ഷികളുടെയും പേരുവിവരങ്ങൾ കുറിച്ചെടുത്ത പോലീസ് പരാതിക്കാരോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ട് സലിമിനെ താങ്ങിയെഴുന്നേൽപ്പിച്ച് വണ്ടിയിൽ കയറ്റി.
അയാളെ വണ്ടിയിൽ കയറ്റുമ്പോൾ ഒരുത്തൻ പൊലീസിനെ ഉപദേശിച്ചു: ‘അവനെ അകത്തിട്ട് സർക്കാർ ചെലവിൽ തീറ്റിപ്പോറ്റാതെ തട്ടിക്കളഞ്ഞേക്ക് സാറേ. റിപ്പോർട്ടിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നങ്ങ് കാച്ചിയേക്കണം’.
സംഭവമറിഞ്ഞ് മാധ്യമസംഘങ്ങൾ സന്നാഹങ്ങളുമായി എത്തിയപ്പോഴേക്കും പൊലീസ് അയാളെയുംകൊണ്ട് പോയിരുന്നു. ഒട്ടും സമയം കളയാതെ മൊബൈൽ ദൃശ്യങ്ങൾ കടമെടുത്ത് 'ബ്രേക്കിങ് ന്യൂസ്', 'ഒൺലി ഓൺ', ഫസ്റ്റ് ഓൺ' എന്നിങ്ങനെ ബൈറ്റുകളാരംഭിച്ച അവർ പൊലീസ് സ്റ്റേഷനിലേക്ക് വെച്ചുപിടിച്ചു.തനിക്കുമുന്നിൽ സംഭവിച്ചതിന്റെ അലയൊലികളടങ്ങി നഗരം പഴയതുപോലെ ചലിച്ചുതുടങ്ങിയപ്പോളാണ് കടക്കാരൻ മേശപ്പുറത്തിരിക്കുന്ന തോൾസഞ്ചി ശ്രദ്ധിച്ചത്. അയാളത് തുറന്നുനോക്കി. അതിൽ ഒരു കുപ്പിയിൽ കുറച്ചുവെള്ളം, കുട, 'ദേശസ്നേഹികളും പക്ഷപാതികളും', 'നീതിയുടെ പാർപ്പിടങ്ങൾ' എന്നീ പുസ്തകങ്ങളും ഉണ്ടായിരുന്നു. ഒരു പുസ്തകത്തിൽനിന്ന് പുറത്തേക്ക് നീണ്ടുനിന്ന കടലാസുകളിൽ ഒന്ന് ആധാർകാർഡും മറ്റൊന്ന് താലൂക്കാശുപത്രിയിലെ ഒ.പി ടിക്കറ്റും ആയിരുന്നു. കണ്ണടക്കാരന്റെ ഫോട്ടോയുള്ള ആധാർ കാർഡിലെയും ഒ.പി ടിക്കിറ്റിലെയും പേരുകൾ ‘സലിം ഗോപിനാഥ്’ എന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.