കാര്യം സുഹൃത്തുക്കളൊക്കെയാണെങ്കിലും തുടർച്ചയായി യുവകഥാകൃത്തിന്റെ കഥകൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരണങ്ങളിൽ വന്നുതുടങ്ങിയപ്പോൾ കഥാകൃത്ത് അസ്വസ്ഥനായി. യഥാർഥത്തിൽ അസൂയ തോന്നേണ്ട കാര്യമൊന്നുമില്ല. അയാളുടെയും കഥകൾ ഇടക്കിടെ പ്രസിദ്ധീകരിക്കപ്പെടാറുള്ളതാണ്.
പോരെങ്കിൽ അവർ നല്ല സുഹൃത്തുക്കളുമാണ്. എവിടെയെങ്കിലും കഥാകൃത്തിന്റെ സൃഷ്ടി കണ്ടാലുടൻ ഫോൺ ചെയ്ത് അഭിപ്രായം പറയാൻ മടിയില്ലാത്ത ആളാണ്. താനാകട്ടെ യുവകഥാകൃത്തിന്റെതെന്നല്ല പരിചയമുള്ള ആരുടെ സൃഷ്ടികൾ കണ്ടാലും അഭിപ്രായമറിയിക്കുന്ന പതിവൊന്നുമില്ല. ശരാശരി ഏതൊരു കേരളീയനെയും പോലെ എത്ര നല്ല സൃഷ്ടി കണ്ടാലും ‘ങ്ഹാ, തരക്കേടില്ല’ എന്നൊരഭിപ്രായം മനസ്സിൽ സൂക്ഷിക്കുമെന്നുമാത്രം.
യുവകഥാകൃത്തിന്റെ സൃഷ്ടികൾ പലതും പല പ്രസിദ്ധീകരണങ്ങളിലും നിറമുള്ള ചിത്രങ്ങൾ സഹിതം വന്നുകൊണ്ടിരുന്നു. പലരും കഥകളെപ്പറ്റി അഭിനന്ദനക്കുറിപ്പുകളെഴുതി. അതിനിടയിൽ കഥാകൃത്തിന്റെ ആദ്യസമാഹാരവും പുറത്തിറങ്ങി. പിന്നെ അതിനെപ്പറ്റിയായി ചർച്ച. അധികം താമസിയാതെ അതിന് ഒരവാർഡും കിട്ടി. കഥാകൃത്തിന്റെ അസ്വസ്ഥത കനലായി നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. താൻ അവന് മുമ്പേ എഴുതി തുടങ്ങിയതാണ്.
എന്നിട്ടും തന്റെ സൃഷ്ടികളെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ഒരു പുസ്തകം പോലും ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രാദേശികമായ ഒരു അവാർഡെങ്കിലും കിട്ടിയിട്ടുമില്ല. ഇപ്പോഴാകട്ടെ ക്ഷമാപണക്കുറിപ്പുകളോടെ പലകഥകളും പത്രാധിപൻമാർ തിരിച്ചയക്കുകയും ചെയ്യുന്നു.
ആയിടക്കാണ് പ്രസിദ്ധമായ ഇന്റർനെറ്റ് മാസികകളിലും കഥാകൃത്തിന്റെ കഥ വരാൻ തുടങ്ങിയത്. വളരെ ശ്രദ്ധിക്കപ്പെട്ട കഥകൾ. വായിച്ചവർ യുവകഥാകൃത്തിനെ അഭിനന്ദിച്ചു. എവിടെയും കഥാകൃത്തിനെക്കുറിച്ചുള്ള അഭിനന്ദനങ്ങൾ നിറഞ്ഞപ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ അസ്വസ്ഥതയും വിദ്വേഷവും നിറഞ്ഞ മനസ്സിന് ഭ്രാന്ത് പിടിക്കുമെന്ന് അയാൾക്ക് തോന്നി. നേരിയ കുറ്റബോധത്തോടെയാണെങ്കിലും അയാൾ അഭിപ്രായം കുറിച്ചിട്ടു.
‘കഥ വായിച്ചു തുടങ്ങിയപ്പോൾ ആകാംക്ഷയുണ്ടായിരുന്നെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ നനഞ്ഞ പടക്കം പോലെ ആയി. ദയവായി ഇത്തരം കഥകൾ എഴുതി വായനക്കാരെ ബുദ്ധിമുട്ടിക്കരുത്...’ പേരെഴുതേണ്ട സ്ഥലത്ത് തിരിച്ചറിയാത്ത എതോ പേരുമെഴുതി, അയച്ചു കഴിഞ്ഞപ്പോഴാണ് അയാൾക്ക് സമാധാനമായത്.
ആരും അറിഞ്ഞില്ലെങ്കിലും മനഃസാക്ഷിയുടെ കോടതി അയാളെ കുറ്റപ്പെടുത്താതിരുന്നില്ല. അഭിനന്ദിച്ചില്ലെങ്കിലും, ആക്ഷേപിക്കാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഒന്നുമില്ലെങ്കിലും അവൻ നിന്റെ സുഹൃത്തല്ലേ... അസൂയ നിറഞ്ഞ അയാളുടെ മനസ്സിന് ഉപദേശങ്ങൾ കേൾക്കാനുള്ള സമയമുണ്ടായിരുന്നില്ല. ഏതോ ജന്മസാഫല്യം നേടിയ സംതൃപ്തി അയാളുടെ മനസ്സിൽ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.