വര: സ്വാതി ജോർജ്, ഇൻസൈറ്റിൽ ​പി.എൻ. ഗോപീകൃഷ്ണൻ 

1992 ഡിസംബർ 5 - കവിത

ആ രാത്രിയിൽ
സരയൂവിൽ നിന്നും
കാറ്റു പെറുക്കിയെടുത്ത്
അന്തരീക്ഷത്തിൽ സ്ഥാപിച്ച
മൂന്ന് കൂറ്റൻ താമരയിതളുകൾ പോലെ
ആ താഴികക്കുടങ്ങൾ കാണപ്പെട്ടു.

അവ
തലയുയർത്തി ആകാശത്തെ നോക്കി.

മഞ്ഞിൻ്റെ പഞ്ഞിമണികൾ
കുടിച്ചവരെപ്പോലെ
കാലത്തിൽ കൂത്താടിക്കൊണ്ടിരിക്കുന്നു

അതിന് മുകളിൽ
ഒരു പാതിച്ചന്ദ്രൻ
അസാമാന്യമായ് തിളങ്ങിക്കൊണ്ടിരിക്കുന്നു.

അതിന് മുകളിൽ
കണ്ണെത്താ ദൂരത്തോളം
നക്ഷത്രപ്പാടങ്ങൾ
വിളഞ്ഞു വിളഞ്ഞു മറിഞ്ഞുകൊണ്ടിരിക്കുന്നു.

അതിനും മുകളിൽ
ആ താഴികക്കുടങ്ങൾക്ക് മാത്രം
കാണാകുന്ന വിധത്തിൽ
വെളിച്ചത്തിൻ്റെ ഒരിടനാഴി
പ്രത്യക്ഷപ്പെട്ടു.

പരമകാരുണികനായ തമ്പിരാനേ ,
പള്ളി വിളിച്ചു.

ഭൂമിയിലെ വൃക്ഷങ്ങളെല്ലാം
അപ്പോൾ
അതിന് മുന്നിൽ മുട്ടുകുത്തി.
ഓരോ വെളിച്ചത്തുണ്ടും ജപമാലയിലെ
മണികളായി.
പ്രപഞ്ചം
ആ പ്രാർത്ഥനയിലെ വാക്കുകളായി
സകല ചരാചരങ്ങളേയും
അടുക്കി വെച്ചു

ആ പള്ളിക്ക്
നീലത്തിമിംഗലത്തേക്കാൾ വലിപ്പമുണ്ടായിരുന്നു.
മനുഷ്യനേക്കാൾ ഓർമ്മയുണ്ടായിരുന്നു.
ആമയേക്കാൾ ആയുസ്സുണ്ടായിരുന്നു.
അതിന്റെ ഉദരത്തിനുള്ളിൽ
നൂറ്റാണ്ടുകൾ നിസ്ക്കരിച്ചിരുന്നു.
സമാധാനം സ്വന്തം വാസ്തുവിദ്യയെ
അതിൽ നിക്ഷേപിച്ചിരുന്നു.

അത് ഭൂമിയുടെ വേഗത്തിൽ
സഞ്ചരിക്കുമായിരുന്നു.
പ്രപഞ്ചത്തിൻ്റെ താളത്തിൽ
നൃത്തം വെയ്ക്കുമായിരുന്നു.
സമുദ്രങ്ങളുടെ ഭാഷയിൽ
സംസാരിക്കുമായിരുന്നു.

നാളെ ഉണരാനിരിക്കുന്ന രാത്രിയിലേയ്ക്കാണ്
അന്നും അത് തല ചായ്ച്ചത്.
നാളെ സൂര്യനോട് പറയാനുള്ള
സ്വപ്നത്തിലേയ്ക്കാണ്
മനം ചായ്ച്ചത് .

പിറ്റേന്ന്
ആദ്യം കയറിപ്പറ്റിയ കർഭീകരൻ
ചുറ്റിക കൊണ്ട്
ആ ശിരസ്സിൽ
ആഞ്ഞടിച്ചപ്പോൾ

മുഖത്തു തെറിച്ച രക്തം
സൂര്യൻ
രശ്മികൾ കൊണ്ട് തുടച്ചു
കുടഞ്ഞപ്പോൾ

ആ കൊഴുത്ത അനീതി
എല്ലാ രാജ്യങ്ങളിലും
എല്ലാ സമുദ്രങ്ങളിലും
തെറിച്ചു വീണു.
എല്ലാ മേഘങ്ങളിലും
എല്ലാ മഴകളിലും
കൂടിക്കലർന്നു.

ആ ചൂടിൽപ്പൊള്ളിയ മലയാളം കൊണ്ട്
ഇന്ന് ഞാൻ പ്രാകട്ടെ.

വെടിവെച്ചു വീഴ്ത്തിയ
ഒരു പള്ളിയുടെ ഇറച്ചി
പച്ചയ്ക്ക് തിന്നവരേ ,
നിങ്ങൾ നിങ്ങളുടെ തന്നെ
ഇറച്ചിയാണ് തിന്നതെന്ന്
കണ്ടെത്തുന്ന ദിനം വരുന്നുണ്ട്.

.............................

2024 ജനുവരി 21

9.20 pm

മാവേലി എക്സ്പ്രസ്സ്

വര: Swathi George

പി.എൻ. ഗോപീകൃഷ്ണൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കവിത



Tags:    
News Summary - pngopikrishnan kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT