വിഷമഴ നനഞ്ഞ ഒരമ്മ കഥ പറയുന്നു

"പേറ്റുനോവൊഴിയാത്തവരാണ് എൻഡോസൾഫാൻ ഗ്രാമങ്ങളിലെ അമ്മമാർ. അതിലൊരാളായതുകൊണ്ടു മാത്രം അക്ഷരങ്ങളുടെ ലോകത്തേക്കു വന്നതാണ് ഞാൻ. ഞാനൊരു എഴുത്തുകാരിയേയല്ല. കുഞ്ഞുണ്ണി എന്ന കുഞ്ഞൂന്റെ അമ്മയായതുകൊണ്ടും അവനിലൂടെയുള്ള അനുഭവങ്ങളും ഓർമ്മകളും പേറ്റുനോവൊഴിയാതെ ഉള്ളത് കൊണ്ടാണ് എഴുതിയത്. പഠിക്കാൻ വളരെ പിറകിലായ, പത്താം ക്ലാസിൽ പഠിപ്പു നിർത്തിയ എനിക്ക്, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എല്ലാവരും കളിയാക്കും എന്നൊരു ബോധം ഉണ്ടായിരുന്നു." -അരുണി ചന്ദ്രന്റെ 'പേറ്റു നോവൊഴിയാതെ' എന്ന അനുഭവകഥാ സമാഹാരത്തിന്റെ ആമുഖം തുടങ്ങുന്നത് ഇങ്ങനെ. (എൻഡോസൾഫാൻ വിരുദ്ധ ജനകീയ മുന്നണി ഭാരവാഹികളുടെ നേതൃത്വത്തിൽ ആരംഭിച്ച കാഞ്ഞങ്ങാടിനടുത്ത അമ്പലത്തറയിലെ സ്നേഹവീടിന്റെ ആഭിമുഖ്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.)

മുപ്പത് വർഷം മനുഷ്യർക്കും മറ്റ് ജാലങ്ങ ൾക്കും പ്രകൃതിക്കുംമേൽ വിഷമഴ പെയ്യിച്ച് സർക്കാർ സ്പോൺസർ ചെയ്ത, എൻഡോസൾഫാൻ ദുരന്തത്തിന്റെ ജീവി ക്കുന്ന ഇരകളിലൊരാളായ കാസർകോട് കാടകം ഗ്രാമത്തിലെ കുഞ്ഞുണ്ണി എന്ന ദേവ്നാഥിന്റെ അമ്മയാണ് അരുണി ചന്ദ്രൻ. ഇനി അരുണിയുടെ കണ്ണീരുകൊണ്ടെഴുതിയ കഥ വായിക്കാം.

മുണ്ടക്കൈ ഗ്രാമത്തിലാണ് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്നതുവരെ വളന്നത്. അച്ഛൻ കുഞ്ഞിരാമൻ, അമ്മ കുഞ്ഞമ്മ. അച്ഛന് കൂലിപ്പണിയാര്ന്നു. ഞാങ്ങൊ മായിച്ചാന്ന് വിളിക്ക്ന്നയാളെ തോട്ടത്തിലാര്ന്ന് അച്ഛന് പണി. അക്കാലത്ത് ദെവ്സം എമ്പതോ നൂറോ ഉറ്പ്പിയയായിരുന്ന് അച്ഛന് കൂലി. അമ്മക്ക് ബീഡി കെട്ട്ന്ന പണിയാര്ന്നു. ഒരേട്ടന്ണ്ട്, അനിരുദ്ധൻ. കാസ്റോട്ട് ഏതോ കമ്പിനീല് അക്കൗണ്ടിന്റെ പണിയാന്ന്.

എന്റെ ചെറ്പ്പത്തില് ഹെലിക്കോപ്ടറ്ന്ന് എൻഡോസൾഫാൻ മര്ന്നടിക്ക്ന്നത് കണ്ടിറ്റ്ണ്ട്. ഞങ്ങളെ വീട്ട്ന്ന് അങ്ങോട്ട് പോവാൻ വിടീല. ദൂരത്ത് നിന്നിറ്റാന്ന് ഞങ്ങ അത് കണ്ടത്. അമ്മക്ക് പ്ലാൻ്റേഷൻ്റെ തോട്ടത്തില് പണിയായിരുന്നു. മങ്ങലം (വിവാഹം) കയിഞ്ഞിറ്റാമ്പോ പണിക്ക് പോന്നത് മതിയാക്കീനി. പിന്ന കൊറച്ച് കാലം മുണ്ടക്കൈ സ്കൂളില് ചോറ് വെക്കാൻ പോയിനി.

എൻഡോസൾഫാൻ അടിക്കാൻ വെരുന്ന ഹെലിക്കോപ്ടറ് നിർത്തിയിടുന്ന സലത്തൂടിയാണ് ഞങ്ങ ടൗണിലേക്കു പോയിനത്. ബോയിക്കാനത്ത്‌ മൊതലപ്പാറമ്മയാന്ന് ഹെലിക്കോപ്ടറ് കീടനാശിനി ഒയിക്കാൻ നിറ്ത്തല്. എൻഡോസൾഫാൻ അടിക്കുന്ന കൂറ്റ് (ശബ്ദം) കേട്ടിനി എന്ന് മാത്രം. അതല്ലാതെ അയിനപ്പറ്റിയൊന്നും എനക്കറീല്ല.

മൂന്നാം ക്ലാസില് പഠിക്ക്മ്പൊ ഞങ്ങ കാറഡുക്ക എന്ന കാടകത്തേക്കു താമസം മാറ്റീനി. അച്ഛൻ പണിക്കു പോവ്ന്നത് കൊണ്ട് വീട്ട്ല് പട്ടിണിയോ ദാരിദ്രിയോ ഇണ്ടായ്റ്റ്ല്ല. അച്ഛന് സൂക്കേട് ബെര്ന്നത് ബരെ നല്ല പാങ്ങില് ഞാങ്ങള നോക്കീനി. സമ്പാദ്യം ഇണ്ടായ്റ്റ് ല്ലേങ്ക്‌ലും പട്ണിയില്ലാതെ ജീവിച്ച്നി. ഒയിവ് ദെവ്സും കൂടി അച്ഛൻ പണിക്ക് പോയിനി.

പണീല്ലാത്ത സമേത്ത് ബളപ്പില്‌ നട്ടി നടല് (വേനൽക്കാല പച്ചക്കറി കൃഷി) ണ്ടായിനി. എന്റെ അച്ഛന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞങ്ങളോടു പറഞ്ഞിരുന്നു. വൈന്നേരം പണി കയിഞ്ഞിറ്റി വന്നാല് അച്ഛൻ എറേത്തിര്ന്ന്റ്റ് കഥ പറയും. നാട്‌ വിട്ട് പോയേപ്പിന്ന പട്ണി കെടന്നതും ഗോവേലെത്തീതും പനി ബന്നിറ്റാമ്പൊ പണിയെട്ത്ത ഓട്ടല്ന്ന് ഒയിവാക്കീറ്റ് നാട്ട്ലേക്ക് വന്നതും പറഞ്ഞ് തന്നിനി.

അച്ഛന് സൂക്കേട് വന്നയ്പ്പിന്ന ഞാൻ പട്ത്തം മതിയാക്കി. ഞാൻ ഒമ്പതാം ക്ലാസില് പഠിക്കുമ്പളാന്ന് അച്ഛന് സൂക്കേട് വന്നത്. പനി, വയറ് വേദന, മഞ്ഞപ്പിത്തം ഇങ്ങനെയാര്ന്നു തൊsക്കം.

ഞാൻ പത്താം ക്ലാസില് എത്തിയേപ്പിന്ന അച്ഛന് അപ്പാപ്പൊ ആസ്പത്രീല് പോണ്ടി വന്ന്നി. മംഗലാപുരത്തെ ആസ്പത്രീല് കൊണ്ടോയിറ്റാമ്പളാന്ന് അറിഞ്ഞത് സൂക്കേട് കാൻസറ്ന്ന്. കാൻസറ്ന്ന് പറയാൻ പോലും ഞങ്ങക്കന്ന് പേടിയാര്ന്ന്. ആസ്പത്രീല് കൊണ്ടോയിറ്റാമ്പോ ഡോക്ടറ് എനി കൊണ്ടരണ്ടാന്ന് പറഞ്ഞിനി. 2004ല് അച്ഛൻ മരിച്ചോയി.

എൻഡോസൾഫാൻ അടിക്ക്ന്ന ആദ്യ കാലത്ത് നാട്ടുകാറ് എതിർത്തിറ്റൊന്നുല്ല. അപ്പൊ ഈന്റെ ഭവിഷ്യത്തിനക്കുറിച്ച് ആരിക്കും അറീന്ന്ണ്ടായ്റ്റ്ല്ല. ആൾക്കാറ് പറയ്ന്ന കേട്ടിറ്റ്ല്ല വിവെരം മാത്രേ അറിയ്ന്ന് ണ്ടായ്റ്റുല്ലൂ.

മുണ്ടക്കൈയില് പയസ്വിനി പൊയേരെ കരേലാന്ന് ഞങ്ങ താമസിച്ചത്. എന്റെ അച്ഛനും എൻഡോസൾഫാന്റെ ഇരയായിരുന്നു. അച്ഛൻ മരിച്ചയിപ്പിന്ന എന്റെ മൂത്തമ്മേരെ മോൻ കുമാരമ്മാമനും കേൻസറ പിടിച്ചിറ്റ് മര്ച്ചിനി. അക്കാലത്ത് സൂക്കേട് ബന്നപ്പിയേന തിരിച്ച്റിയാനില്ല ഏറ്പ്പാടോ, ആസ്പത്രിയോ ഇണ്ടായിറ്റ്ല്ല.

കാടകത്തെ ഐസ്കൂളിലാന്ന് പത്താം ക്ലാസ് വെരെ പട്ച്നത്. അച്ഛന് സൂക്കേട് ആയപ്പിന്ന വീട്ട്ല് പൈസക്കെല്ലം കൊറച്ച് ബുദ്ധിമുട്ടായി. പത്തില് പഠിക്ക്മ്പൊ പരീക്ഷക്ക്‌ ഫീസടക്കാനില്ലാഞ്ഞിറ്റ് വീട്ടില് വെച്ച താനത്തിലേക്ക്‌ള്ള ഭണ്ഡാരത്ത്ന്നാണ് പൈസയെട്ത്തത്. ഇതെന്റെ പുസ്തകത്തില്ണ്ട്. പത്താം ക്ലാസില് പഠിത്തം മതിയാക്കീ നി. ഏട്ടൻ വി.എച്ച്.എസ് .സി രണ്ടാം കൊല്ലം പഠിക്ക്ന്ന്ണ്ടായ്നി. മുണ്ടക്കൈ ഉസ്കൂളില് പഠിക്ക്മ്പൊ മണികണ്ഠൻ എന്നൊരു സഹപാഠിയ്ണ്ടായിനി. ഞാങ്ങളെ വീട്ന്റെ അട്ക്കേന്നെ ഓന്റെ വീട്. പാപ്പം കുഞ്ഞിയായ് നി.

പ്ലാൻ്റേഷന്റെ തോട്ടത്തിന്റെ നട്ക്കെയാരുന്നു ഉസ്കൂളിലേക്കുള്ള വയി. രണ്ട് ഭാഗത്തും പറ്റ കാടാന്ന്. വയീരെ അരുവത്ത് ഏടെയും ആൾ താമസൂള്ള വീട്ണ്ടായിറ്റ്ല്ല. പത്തോളം പുള്ളമ്മാറ് ഒന്നാഗ ഒര്ദിക്ക്ല്കൂടീറ്റാന്ന് ഉസ്കൂളിലേക്ക് പോയ്‌നത്.

ആരും ഒറ്റക്ക് പോലില്ല. അക്കൂട്ടത്തില് ഒര്ത്തനായിര്ന്ന് ഓൻ. കാടകഞ്ഞേക്കു താമസം മാറ്റിയേപ്പിന്ന ഓന കണ്ടിറ്റ്ല്ല. പിന്ന കൊറേ ദെവ്സം കയിഞ്ഞിറ്റാമ്പൊ ഓൻ മരിച്ചതാന്ന്റിഞ്ഞത്. മോട്ടറ് സൈക്കള് മറ്ഞ്ഞിറ്റാന്ന് മരച്ചിനത്. എനക്കത് കേട്ടപ്പ വെല്യ സങ്കടായ്‌നി. കുരുത്തക്കേടോ നന്ന വർത്താനം പറയ്ന്ന സുബാവോ ഓന് ണ്ടായിറ്റ്ല്ല. ആ മീട് (മുഖം) എപ്പളും ഓർമ്മേല്ണ്ടാവും.

ഉസ്കൂളില് പഠിക്കുന്ന കാലത്ത് കവിതകൾ എഴുതി. നാണക്കേടാ യ്റ്റ് ആരീം കാണിച്ചിറ്റ്ല്ല. ഡയറിയിൽ എഴുതി വെച്ചത് മങ്ങലത്തിന് (വിവാഹം) ന്പ്പട്ട് മോന്തിക്ക് കത്തിച്ചു. മങ്ങലം കയിഞ്ഞിറ്റാമ്പൊ ഞാങ്ങ മുളിയാറില്ലേക്ക് താമസം മാറ്റി. മുളിയാർ കൊടവഞ്ചീലാന്ന് കുഞ്ഞൂൻ്റച്ഛൻ ചന്ദ്രന്റെ വീട്. ടെമ്പോ ഡ്രെവറായിറ്റാന്ന് പണി.

ഇരുപത്തി മൂന്നാം വയസ്സിലാണ് ഞാൻ പെറ്റത്. അന്ന് പൈസക്ക് നന്ന ബുദ്ധിമുട്ടീനി. ഗേർമേണ്ടിന്റെ ആസ്പത്രിയായ്റ്റും കേരളത്ത്ന്ന് വെര്ന്നപ്പിയോട് പൈസ മേണിച്ചിനി. കുഞ്ഞിയോക്ക് വേണ്ടീറ്റ് കെട്ട്യ ആസ്പത്രീലാര്ന്ന് ചികിത്സ. ഞങ്ങളോട് ഐ.സി.യുന്റെ പൈസയാന്ന് മേണച്ചിനത്.


മുപ്പത്തഞ്ചിസം കയിഞ്ഞപ്പോ കുഞ്ഞൂൻറച്ഛന് പണിക്ക് പൂവേണ്ടി വന്നു. കുത്തൂന് പിന്ന പ്രൈവറ്റ് ആസ്പത്രീല് ഓപ്റേഷനും വേണ്ടി വന്നു. 2013ൽ നാട്ടിലെത്തിയപ്പോ എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് വായിച്ചും പറഞ്ഞു കേട്ടും അറിയാൻ കഴിഞ്ഞു. അപ്പൊ നമ്മക്ക് ഇങ്ങ്നെ വെരൂന്ന് ചിന്തിച്ചിറ്റേയില്ല.

കുഞ്ഞുണ്ണി ഇപ്പോ പൂർണ്ണായിറ്റ് കെടപ്പിലാന്ന്. ചിരിക്വ മാത്രേ ചെയ്യൂ. സംസാരിക്കാനോ നടക്കാനോ കമിഞ്ഞ് കെടക്കാനോ ആവില്ല. കെടന്നിറ്റന്നെ ഭക്ഷണം കഴിക്കും. വാരിക്കൊട്ക്കണം. ഇപ്പോ അസ്മാരത്തിന്റെ പ്രശ്നൂണ്ട്. മംങ്ങലാരത്ത് കൊണ്ടോയ്റ്റ് കാണിക്കണംന്ന് വിചാരിക്ക്ന്ന്. പുസ്തകം എഴുതിയേപ്പിന്ന എല്ലാരും നല്ല അയിപ്രായം പറഞ്ഞ്നി. ഉസ്കൂളില് മലയാളം പഠിപ്പിച്ച രാധാമണി ടീച്ചറാണ് എന്റെ പുസ്തകം ഏറ്റുവാങ്ങിയത്.

ഞാൻ ആദ്യം എയ്തിയത് അച്ഛന് പ്രിയപ്പെട്ട റേഡിയോനപ്പറ്റിയാര്ന്ന്. (മക്കളെപ്പോലെ തന്നെ അച്ഛനിഷ്ടമുള്ളതായിരുന്നു ആ റേഡിയോ. അതിപ്പോഴും എന്റെ കൂടെയുണ്ട്. അച്ഛന്റെ സ്നേഹസ്പർശമായി. നഷ്ടപ്പെടലുകൾക്ക് വിട്ടുകൊടുക്കാതെ. എന്റെ നെഞ്ചോരം എന്നും...)

ദുബൈല് സാബൂന്ന് പറഞ്ഞിറ്റ് എയ്‌തുന്ന ഒരാള്ണ്ട്. അയാളെ ഹിറ്റ് എഫ്.എം റേഡിയോല് അംബികാസുതൻ മാഷെയും എന്നയും ഉൾപ്പെട്ത്തീറ്റ് ഒരു പരിപാടിയ്ണ്ടായ്നി. പുതിയ പുസ്തകങ്ങളെ പരിചയപ്പെട്ത്ത്ന്ന പരിപാടിയായിരുന്നു അത്. അന്നേരം എനക്ക് സങ്കടോ കരച്ചലോ വന്നിറ്റ് എന്തല്ലോ ആയി. എന്റെ കുടുംബത്തില് തന്നെ കാൻസർ രോഗികളായി അച്ഛൻ ഉൾപ്പെടെ മൂന്നു പേരുണ്ടായിരുന്നു. കാൻസർ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് ' -അരുണി പറയുന്നു.


അരുണിക്ക് പത്താംക്ലാസുവരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ. കാടകത്തെ സ്കൂളിലായിരുന്നു പത്തു വരെ പഠിച്ചത്. അച്ഛന് രോഗം കൂടുതലായിരുന്നതുകൊണ്ട് അരുണിയും ഏട്ടനും പഠനം നിർത്തി. അരുണി ഫേസ്ബുക്കിലാന്ന് എഴുതാൻ തുടങ്ങിയത്. എൻ.ശശിധരൻ മാഷ്, എൻഡോസൾഫാൻ വിരുദ്ധ ജനകീയ മുന്നണി നേതാക്കളായ ഡോ. അംബികാസുതൻ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ എന്നിവരാണ് എഴുത്തിനെ പ്രോത്സാഹിപ്പിച്ചത്. ഭർത്താവും പിന്തുണച്ചിരുന്നു.

'എന്റെ കുഞ്ഞൂം അവനപ്പോലെയ്ല്ല എല്ലാ കുഞ്ഞുങ്ങളും വേദനയില്ലാതെ സന്തോഷായിറ്റ് ജീവിക്കണം. അതാണെന്റെ ആശ. എൻഡോസൾഫാൻ മേഖലേല് നല്ലൊരാസ്പത്രി വേണംന്നും ആഗ്രഹംണ്ട്' -അരുണി ഇത് പറഞ്ഞു നിർത്തുമ്പോൾ നിസ്സഹായതയുടെ സ്വരത്തിൽ ദേവ്നാഥിന്റെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.