ആർ. രാജശ്രീ
2024 എഴുത്തിലും വായനയിലും ആത്മവിശ്വാസം തന്ന വർഷമാണെന്ന് സാഹിത്യകാരി ആർ. രാജശ്രീ. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവൽ വന്ന് അഞ്ച് വർഷത്തിനുശേഷമാണ് ‘ആത്രേയകം’ വരുന്നത്. പക്ഷെ, ആദ്യം എഴുതി തുടങ്ങിയ നോവലാണ് ‘ആത്രേയകം’.2016 മുതൽ എഴുത്ത് ആരംഭിച്ചതാണ്. ഇന്നുകാണുന്ന നോവൽ പലതരത്തിൽ മാറ്റിയെഴുതപ്പെട്ടതാണ്.
മഹാഭാരതത്തിൽ നിരവധി കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങൾ ഓരോത്തരുടെയും ജീവിതം ഒാരോ നോവലുകൾക്ക് വിഷയമാണ്. അത്തരത്തിൽ രൂപപ്പെട്ട നോവലുകളുണ്ട്. ആ ഗണത്തിൽപ്പെട്ട ഒരു നോവലല്ല ‘ആത്രേയകം’. അത്, പ്രധാനമായിട്ടും ഒരു ചെറു ദേശമാണ്. മുഖ്യധാര ദേശീയതക്ക് അകത്ത് സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്ന, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ മാറ്റി നിർത്തപ്പെടുന്ന വേഷത്തിന്‍റെയോ, ഭക്ഷണത്തിന്‍റെയോ ആചാരങ്ങളുടെയുടെയോ വിശ്വാസങ്ങളുടെയോ, അല്ലെങ്കിൽ ആശയത്തിന്‍റെയോ ഒക്കെ ഭാഗമായിട്ട് നിലനിൽപ്പിന് തന്നെ ഭീഷണി നേരിടുന്ന ദേശം എന്ന നിലക്കാണ് ആത്രേയകം രൂപപ്പെടുന്നത്. അതേസമയം, അത് മുറിവുകൾ ഉണക്കുന്ന വേദനകളെ ഇല്ലാതാക്കുന്ന അഭയസ്ഥാനമാണ്.
പ്രതീക്ഷകളുടെ തുരുത്ത് എന്ന നിലക്കാണത് ബാക്കിയാവുന്നത്. അത്, ബാക്കിയാവുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷെ, അത്തരത്തിലുള്ള സാങ്കൽപിക ദേശത്തെ അവിടെ ഉണ്ടാക്കുന്നുണ്ട്. ആ ദേശത്തിന് യോജിക്കുന്ന കഥാപാത്രങ്ങളാണ് അവിടെയുള്ളത്. ദേശവുമായി ഇഴപിരിയാത്ത ബന്ധമുള്ള കഥാപാത്രങ്ങളാണുള്ളത്. നമ്മൾ ജീവിക്കുന്ന കാലത്തോട് എഴുത്തുകാർക്ക് പ്രതിബന്ധതയുണ്ടെന്ന് ഞാൻ കരുതുന്നു. നിലവിലുള്ള യാഥാർത്ഥ്യത്തിനുനേരെ കണ്ണടക്കാൻ ജനാധിപത്യബോധമുള്ള ഒരു പൗരനും സാധിക്കുകയില്ല.
ആ ഉത്തരവാദിത്വത്തിന്‍റെ ഭാഗമാണ് എഴുത്ത്. അങ്ങനെയൊരു ബോധം ഉണ്ടാക്കി തന്ന കാലം കൂടിയാണ് 2024. വ്യക്തിപരമായി കടന്നുപോയ ഏഴ് വർഷം എഴുത്തിന്‍റെ വിദ്യാഭ്യാസ കാലം തന്നെയായിരുന്നു. എല്ലാ അർത്ഥത്തിലും മാറ്റമുണ്ടായിട്ടുണ്ട്. അത്, വളർച്ച തന്നെയാണ്. നിന്നിടത്ത് തന്നെ നിൽക്കുകയല്ല. മാറ്റം ഉണ്ട്. വായന, എഴുത്ത്, യാത്ര, സൗഹൃദം എന്നിവ മനുഷ്യന്‍റെ ആന്തരിക ലോകം വികസിപ്പിക്കുന്നതായാണ് ഞാൻ കരുതുന്നത്.
അത്തരത്തിലുള്ള വികാസത്തിന്‍റെ പങ്ക് പറ്റാൻ സാധിച്ചുവെന്നതാണ് 2024ന്‍റെ പ്രത്യേകത. അത്, തുടരുകയെന്നതാണ് പ്രധാനം. നേടിയെടുത്ത വളർച്ചയിൽ നിന്നും ഇടർച്ചയുണ്ടാവരുത്. അങ്ങനെ എല്ലാ അർത്ഥത്തിലും വളർച്ചയുടെതാണെനിക്ക് 2025. എല്ലാവർക്കും അങ്ങനെയുള്ളതാവട്ടെയെന്നും രാജശ്രീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.