കോഴിക്കോട്: അഖിൽ പി. ധർമ്മജന്റെ 'റാം c/o ആനന്ദി' നല്ല വായനാ സുഖമുള്ള പുസ്തകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിരവധി പുസ്തകങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ വായിച്ചിട്ടുണ്ടെന്നും യാത്രാ സന്ദർഭങ്ങളിലാണ് കൂടുതലായും വായിക്കാൻ സാധിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അടുത്ത കാലത്ത് വായിച്ച മികച്ച അഞ്ച് പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു.
'ആദ്യത്തേത് ആർ.രാജശ്രീയുടെ 'ആത്രേയകം' എന്ന പുസ്തകമാണ്. നല്ല പഠനം നടത്തിയാണ് 'ആത്രേയകം' എന്ന പുസ്തകം തയ്യാറക്കിയിട്ടുള്ളതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടാമത് വായിച്ച പ്രധാനപ്പെട്ട പുസ്തകം 'പെരുമലയൻ' എന്ന നോവലാണ്. അതിന്റെ ശൈലിയും പ്രതീകാത്മകമായി അവതരിപ്പിച്ച മറ്റ് കാര്യങ്ങളുമൊക്കെ വളരെ വളരെ ശ്രദ്ധേയമായ രീതിയിലാണ് എം.വി ജനാർദ്ദൻ എന്ന നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്'-എം.വി ഗോവിന്ദൻ പറഞ്ഞു.
മറ്റൊരു പ്രധാനപ്പെട്ട നോവലാണ് 'മരണവംശം' എന്ന നോവലെന്നും അത് അവതരിപ്പിച്ചിട്ടുള്ള പി.വി ഷാജികുമാറിന്റെ രചനാ രീതി വളരെ ശ്രദ്ധേയമായിരുന്നുവെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഏറ്റവും അവസാനം വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം കെ.വി മോഹൻകുമാറിന്റെ 'ഉല'യാണെന്നും പഴയകാല അനുഭവങ്ങളെയും ചരിത്രത്തെയും ഉൾച്ചേർത്ത് നിർമിച്ച നല്ലൊരു രചനയാണിതെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
'റാം c/o ആനന്ദി ബൃഹത്തായ നോവലാണെന്ന് അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും നല്ല വായന സുഖമുള്ള പുസ്തകങ്ങളിലൊന്നയിട്ടാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ‘റാം c/o ആനന്ദി' നേടിയിരുന്നു.
സമീപകാലത്ത് യുവ വായനക്കാർക്കിടയിൽ ഏറ്റവുമധികം ചർച്ചയായ നോവലാണ് 'റാം c/o ആനന്ദി'. 2020 അവസാനത്തോടെയാണ് നോവൽ ശ്രദ്ധ ആകർഷിക്കുന്നത്. യുവ വായനക്കാർ ഇതിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം റീലുകളിലും സ്‌റ്റോറികളിലും കൂടി ഇടംപിടിച്ചിരുന്നു. എ.ബി.ഐ.എഫ്.എൽ ആണ് എം.വി ഗോവിന്ദൻ പുസ്തകത്തെ പറ്റി സംസാരിക്കുന്ന വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.