ദയാപുരത്ത് ജൂലൈ 15 മുതൽ എം.ടി വാരം

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ജന്മദിനമായ ജൂലൈ 15 മുതൽ 19 വരെ ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം ‘എം.ടി വാരം’ ആചരിക്കും. പ്രഭാഷണങ്ങൾ, ചർച്ചകൾ, പ്രദർശനം, വായന, ഓർമ്മ പങ്കിടൽ, സംഗീത അപരാഹ്നം എന്നിവ ഉൾക്കൊള്ളുന്ന പരിപാടി പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനും ചരിത്രകാരനും ഡൽഹി ജാമിഅ: മില്ലിയ ഇസ്ലാമിയ മുൻ പ്രഫസറുമായ മുകുൾ കേശവൻ ഉദ്ഘാടനം ചെയ്യും. Literature, Cinema and the Secular Common Sense എന്ന വിഷയത്തിൽ ഒന്നാമത്തെ എം.ടി സ്മാരക സംഭാഷണത്തിൽ അദ്ദേഹം പങ്കെടുക്കും. പരിപാടിയിൽ ഡോ. എം.എം ബഷീർ, ദയാപുരം പേട്രൺ സി.ടി അബ്ദുറഹീം, ചെയർമാൻ കെ. കുഞ്ഞലവി എന്നിവർ പങ്കെടുക്കും.

ഉദ്ഘാടന ദിവസം എം.ടി സിനിമകളെക്കുറിച്ചുള്ള വർത്തമാനത്തിൽ ഷാഹിന റഫീഖ്, സിദ്ധാർഥ ശിവ, ജിയോ ബേബി, മനീഷ് നാരായണൻ എന്നിവർ പങ്കെടുക്കും. എം.ടിയുടെ രാഷ്ട്രീയ- സാമൂഹികജീവിതം സെഷനിൽ ഡോ. കെ. ശ്രീകുമാർ, ഡോ. പി. രോഹിത്, ഷഫീഖ് താമരശ്ശേരി എന്നിവ[ സംസാരിക്കും. ‘എം.ടിയും കേരളീയതയും’ വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.

സമാപന ദിവസമായ ജൂലൈ 19നു ‘എം.ടിയും ദയാപുരത്തുകാരും’ എന്ന ഓർമ പങ്കിടൽ പരിപാടിയിൽ എം.ടി വാസുദേവൻ നായരുടെ മകൾ അശ്വതിയും ദയാപുരം സ്ഥാപക ഉപദേശകരിൽ ഒരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറും ദയാപുരം ഗീതത്തിന്റെ രചയിതാവ് ഒ.എൻ.വി കുറുപ്പിന്റെ മകൻ രാജീവനും പങ്കെടുക്കും. "എം.ടി നാടകരൂപങ്ങളിൽ" എന്ന സെഷനിൽ ബിന്ദു ആമാട്ട്, സാംകുട്ടി പട്ടംകരി, ശ്രീജിത്ത് രമണൻ എന്നിവർ സംസാരിക്കും. എം.ടിയുടെ സാഹിത്യ ലോകങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ശാന്തി വിജയൻ, അശോകൻ നമ്പ്യാർ, ഷഫീഖ് വളാഞ്ചേരി എന്നിവർ പങ്കെടുക്കും.

എം.ടിയുടെ സിനിമകളിൽ ഒ.എൻ.വി എഴുതിയ പാട്ടുകൾ ചേർന്ന സംഗീത പരിപാടി ഒ.എൻ.വിയുടെ മകൻ രാജീവനും കൊച്ചുമകൾ അപർണയും ചേർന്ന് അവതരിപ്പിക്കും. ദയാപുരത്തോട് അങ്ങേയറ്റം പരിഗണനയും സ്നേഹവും പുലർത്തിയിരുന്ന എം.ടിയോടുള്ള ബഹുമാനവും കൃതജ്ഞതയും അടയാളപ്പെടുത്താനും അദ്ദേഹത്തിന്റെ പൈതൃകം കൊണ്ടാടാനുമാണ് എം.ടി വാരത്തിലൂടെ ശ്രമിക്കുന്നതെന്ന് പരിപാടിയുടെ സങ്കൽപകനും ദയാപുരം സാംസ്കാരിക വിഭാഗം വളന്റീയർ ഇൻ ചാർജുമായ ഡോ. എൻ.പി. ആഷ്‌ലി പറഞ്ഞു.

Tags:    
News Summary - 'MT week' from July 15th in Dayapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT
access_time 2025-11-23 09:02 GMT