രാത്രിയിൽ, ഓലമേഞ്ഞ കൊച്ചുപുരക്കകത്തെ ചാണകം മെഴുകിയ നിലത്ത് വിരിച്ച പായയിൽ, ഇരുളിലേക്ക് നോക്കിക്കിടക്കുമ്പോൾ അവളറിയാനായി അയാൾ തന്റെ ഉള്ളിലുള്ള ആഗ്രഹത്തിന്റെ വാതിലുകൾ തള്ളിത്തുറന്നു. ‘പുതിയ വീടിന്റെ മുൻവശത്തെ കട്ടിളയുടെ മരത്തിന് ചുമരിന്റെ കനത്തോളം വീതി വേണം. കൈപ്പത്തികൾ കൂട്ടിവെച്ചത്രയും കനം വേണം. കട്ടിളക്ക് എട്ടടി ഉയരം വേണം. പുലിത്തോൽ ഗ്രെയ്ൻസുള്ള, നാടൻ തേക്കിന്റെ കാതലിൽതന്നെ വേണം... തച്ചുശാസ്ത്ര ചുറ്റളവുകണക്ക് കൃത്യമായിരിക്കണം. കനമുള്ള വാതിൽ തിരിക്കാൻ പാകപ്പെട്ട ബെയറിങ് പിടിപ്പിച്ച തിരുകുറ്റി വേണം. ഒടമതിയൻ വേണം. ചരിവാർന്ന മൺചാരി വേണം. കട്ടിള ആരു കണ്ടാലും ഒന്നുകൂടി നോക്കണം.’
ഒരുനിമിഷംകൊണ്ട് അവൾക്കു മുന്നിൽ കട്ടിള ഉയർന്ന് ആശ്ചര്യപ്പെടുത്തി. എന്നാൽ, കാലോചിതമായ പരിവർത്തനങ്ങളെയോർത്ത് സ്വപ്നങ്ങളുടെ കളം മായ്ക്കും വിധം പറഞ്ഞു. ‘വലിയ ചിലവു വരുമെന്നെ! ഇപ്പോൾ എല്ലാവരും മരം ഉപേക്ഷിക്കുകയാണ്. മാത്രവുമല്ല, മറ്റുള്ളവർ ഇതിൽ പഴമ മാത്രമേ കാണൂ.’ ‘അതെ. അതിന്റെ ഒരു ശ്രേഷ്ഠത പുതിയതൊന്നിനും കിട്ടിയിട്ടില്ല. മനുഷ്യനുമായുള്ള ജൈവിക ബന്ധം മരത്തിനു മാത്രമേ ഉള്ളൂ. മണ്ണും മരവും തന്നെയാണ് വീടുകൾക്ക് അഭികാമ്യം. ഇനി ഇതിലേക്ക് നല്ല വീതിയിലും കനത്തിലും തീർത്ത പലക വാതിലുകൾ വേണം. എടുപ്പുള്ള സൂത്രപ്പട്ടിക വേണം. അടക്കാൻ സാക്ഷയും ചീർപ്പും വേണം.’
ഇരുളിമയുടെ അദൃശ്യതയിൽനിന്ന് പല്ലി ചിലച്ചു. അയാളുടെ സ്വപ്നങ്ങളിലൂടെ മാത്രമാണല്ലോ തന്റെ സഞ്ചാരമെന്നോർത്ത് അനുവാദമോ നിരാശയോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ ഒന്നു മൂളി. ഇരുമ്പിലും സ്റ്റീലിലുമൊക്കെ അതിശയിപ്പിക്കുന്ന ചാരുതയിലുള്ള കട്ടിളയും വാതിലും വാങ്ങാമെന്നിരിക്കെ ഇദ്ദേഹത്തിനു തോന്നുന്ന ഏനക്കേട്... വേണ്ട, അഭിപ്രായം പറഞ്ഞ് വിരോധിയാകണ്ട. അല്ലെങ്കിലും അയാൾക്കു വേണ്ടപോലെ, ലാഘവത്തോടെ ഉപയോഗിക്കുന്ന ഒരു യന്ത്രംപോലെയായി തീർന്നിട്ടുണ്ട് തന്റെ ജീവിതം. അവൾ തിരിഞ്ഞു കിടന്നു.
എന്തുവന്നാലും, മറ്റെന്തില്ലെങ്കിലും ഈ ആഗ്രഹം സഫലമാക്കണം. അയാൾ തീരുമാനിച്ചുറപ്പിച്ചു. കുട്ടിക്കാലം തൊട്ട് കൊണ്ടുനടന്ന ആഗ്രഹങ്ങളൊന്നും നടന്നില്ല. വേണ്ടപോലെ പഠിക്കാൻ ദാരിദ്ര്യം അനുവദിച്ചില്ല. തന്മൂലം ആശിച്ച പോലൊരു ജോലിയും തരപ്പെട്ടില്ല. മോഹിച്ച പെണ്ണിനെ കെട്ടാൻ കഴിഞ്ഞില്ല. കെട്ടിയ പെണ്ണിനെ പല കാരണങ്ങളാൽ വേണ്ടപോലെ സ്നേഹിക്കാനും കഴിഞ്ഞില്ല. സ്വന്തമായി ഒരു ഭവനം നിർമിക്കുമ്പോൾ ചെയ്യണമെന്നു കരുതിയ ആഗ്രഹമാണിത്. കിലോമീറ്ററുകൾക്കപ്പുറത്തെ ഒരു വീട്ടിൽ മാത്രമാണ് ഇങ്ങനെയൊരു കട്ടിള കണ്ടിട്ടുള്ളത്.
തറപ്പണി കഴിഞ്ഞപ്പോഴേക്കും തന്നെ അയാൾ ശരിക്കും തളർന്നുപോയിരുന്നു. പണക്കുറവുള്ളതുകൊണ്ട് പണിക്കു വന്നവരുടെ സഹായിയായി മാറി. ചെറിയ വഴിയിലൂടെ കുറച്ചുദൂരം കരിങ്കല്ലുകൾ ഏറ്റിക്കൊണ്ട് വരണമായിരുന്നു. വശമില്ലാത്ത പണികൾ ചെയ്ത് എല്ലുകൾ വേർപെട്ടുപോയ പോലെയായി.
മുന്നിൽ കൂരിരുട്ടു തന്നെയാണ്. പഞ്ചായത്തിൽനിന്ന് തുക അനുവദിക്കുമെന്ന പ്രതീക്ഷയില്ല. പാർട്ടിക്കുവേണ്ടി ജാഥകളിൽ കൊടി പിടിച്ചതും മീറ്റിങ്ങുകളിൽ പങ്കെടുത്തതും വെറുതെയായി. പഞ്ചായത്തിലേക്കും മെംബറുടെ വീട്ടിലേക്കും നടന്നു നടന്ന് ചെരിപ്പു തേഞ്ഞത് മിച്ചം. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഈ ഓലപ്പുര മുഴുവൻ മഴ പെയ്താൽ ചോർച്ചതന്നെയാണ്. എത്രയും പെട്ടെന്ന് ഇവിടെനിന്ന് മാറണം. ഉള്ള കുറി വിളിച്ചിട്ടാണ് തറപ്പണി തീർത്തത്. അന്നിവൾ പറഞ്ഞത് അയാൾ ഓർത്തു -ജീവിതത്തിൽ ഏറ്റവും ദുരിതമുള്ളപ്പോഴാണ് വീടുപണി തുടങ്ങിവെക്കുകയെന്ന് പൂർവികർ പറഞ്ഞുകേട്ടിട്ടുണ്ട്. അതെ! ഏറ്റവും കഷ്ടപ്പാടുള്ള സമയം. കടം വാങ്ങിയിട്ടാണെങ്കിലും തീർക്കണം. തറക്കു മുകളിൽ കോൺക്രീറ്റ് ബെൽറ്റ് കെട്ടാൻപോലും കാശില്ല. എങ്ങനെയും കട്ടിള വെച്ച് വാർപ്പുവരെ എത്തിക്കണം.
വേണ്ടപ്പെട്ട പലരുടെയും കട്ടിളക്കു മുന്നിൽ അയാളെത്തി. വാതിലിൽ മുട്ടി. കഴുത്തിലെ വിയർപ്പു തുടച്ച് നടതുറക്കാൻ കാത്തുനിൽക്കുന്ന ഭക്തന്റെ ഭവ്യതയോടെ കാത്തുനിന്നു. ‘അയ്യോ, അത് മാത്രം ചോദിക്കരുതെ... അറിയാലൊ, ഇപ്പോഴത്തെ ചെലവും കാര്യങ്ങളുമൊക്കെ... അലോഗ്യം ണ്ടാവരുത്’ ഓരോ കതകും അയാളെ ഭയപ്പെടുത്തുന്ന ശബ്ദത്തോടെ വന്നടഞ്ഞു. ഓരോ കട്ടിളക്കു മുന്നിൽ നിന്നും നിരാശയോടെ പിൻവലിഞ്ഞു. ആഗ്രഹത്തിലേക്കുള്ള ദൂരം വലിഞ്ഞു മുറുകി പൊട്ടിയകന്നു..! ഇല്ല! ഉപേക്ഷിക്കാൻ വയ്യ.
ഏറെ പരിശ്രമത്തിനൊടുവിൽ ഉദ്ദേശിച്ചപോലെതന്നെ തേക്കുമരത്തിൽ മൺചാരിയോടു കൂടിയ കട്ടിള മൂത്താശാരി തറക്കു മുകളിൽ വെച്ച് തട്ടിക്കൂട്ടി. വെട്ടുകല്ലുകളിറക്കി. നാളുപ്രകാരം കട്ടിള വെക്കാനുള്ള ദിവസവും സമയവും നോക്കി. അയാൾ വീണ്ടും കട്ടിളകളുടെ മുന്നിലെത്തി. വാതിലിൽ മുട്ടി. ‘അതിനെന്താ വരാലൊ... നല്ല കാര്യായീ. നീ വിളിച്ചാ വരാതിരിക്ക്യോ, എന്തായാലും വരും...’ അയാൾ ഭവ്യതയോടെ തല കുനിച്ചു.
പ്രഭാതത്തിൽ, നാക്കിലയിൽ വെച്ച ഇടങ്ങഴി നെല്ലിനും നാഴിയരിക്കും അരികിൽ നിലവിളക്കു കൊളുത്തിക്കൊണ്ട് കട്ടിളപൂജ തുടങ്ങി. ചന്ദനത്തിരിയുടെ സുഗന്ധത്തിൽ കുടമണി കിലുങ്ങി. വന്നവർവന്നവർ മൺചാരിയോടു കൂടിയ കട്ടിള കണ്ട് അമ്പരന്ന് പരസ്പരം നോക്കി ചുണ്ടിന്റെ അറ്റങ്ങൾ കീഴേക്ക് താഴ്ത്തി തല കുലുക്കി. ‘എന്തിനാണിത്രയും വലിയ കട്ടിള..? ഇത്ര വലിയ കട്ടിള പണിയാൻ കാശുണ്ടെങ്കിൽ പിന്നെന്തിനാണ് ഇയാൾ കടം ചോദിച്ചത്..? ഇങ്ങനെയൊന്ന് എവിടെയും കണ്ടിട്ടില്ല. കാശില്ലാത്തതു കൊണ്ടല്ലെ തറക്കു മുകളിൽ ബെൽട്ടുപോലും പണിയാത്തത്. പിന്നെന്തിനാണ്.’
ശബ്ദമില്ലാതെ തമ്മിൽ ചുണ്ടനക്കി പറഞ്ഞുകൊണ്ടിരുന്നു. അവർക്കു മുന്നിൽ ശുഭലക്ഷണമായി അത്രമേൽ കൃത്യതയോടെ നാളികേരമുടഞ്ഞു. വീണ്ടും ധൂപ-ദീപങ്ങളാൽ സമർപ്പിച്ച് പൂജ തീർന്നപ്പോൾ എഴുന്നേറ്റ് കട്ടിളയിൽ ജലം തളിച്ചു. ചന്ദനവും പുഷ്പവും അണിഞ്ഞു. ‘ഇനി എല്ലാവരും ചേർന്ന് കട്ടിളവെക്കാം. പിടിച്ചോളൂ.’ നിശ്ശബ്ദ ജൽപനങ്ങൾ ഉപേക്ഷിച്ച് സർവരും കട്ടിളക്കരികിലെത്തി. ‘കട്ടിളക്കടിയിൽ സ്വർണമോ മറ്റൊ െവക്കുന്നുണ്ടൊ..?’ ജിജ്ഞാസ നിറഞ്ഞ അന്വേഷണം. അയാളുടെ തല വാടിയ പൂ പോലെ കുനിഞ്ഞു. ‘പകരം ഒരു നാണയം വെക്കൂ...’
അയാൾ പോക്കറ്റിൽ പരതി. ദക്ഷിണ നൽകാനുള്ള കാശല്ലാതെ മറ്റൊന്നുമില്ല. കൂട്ടത്തിൽ വെള്ള ഷർട്ടിട്ട ഒരമ്മാവൻ ഇളിഭ്യതയാർന്ന ചിരിയോടെ പത്തു രൂപയുടെ തിളങ്ങുന്ന കോയിൻ നൽകി. അയാൾ നിരാശയോടെ അതുവാങ്ങി പ്രാർഥിച്ചുകൊണ്ട് കട്ടിള വെക്കുന്നിടത്ത് വച്ചു. ശേഷം കട്ടിള പൊക്കാൻ എല്ലാവരും ആവേശത്തോടെ ഒരുമിച്ചു. അത്രയധികം പേർ പിടിച്ചിട്ടും അമിതഭാരം കൊണ്ട് ഉയർത്താൻ പറ്റാതെ വിഷമിച്ചു. കൂട്ടത്തിലെ സ്ത്രീകൾ കനംകൊണ്ട് കിതക്കാൻ തുടങ്ങി. പുരുഷന്മാർ തിക്കും തിരക്കും കൂട്ടി നടത്തിയ ശ്രമഫലമായി പകുതി പൊക്കി.
ഇടക്കുവെച്ച് ഒരാൾ കാൽ തെന്നി വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റൊരാൾ കൈക്കുഴ തെന്നിമാറിയപോലെ വേദനയോടെ പുളഞ്ഞു. വേറെ ഒരാൾക്ക് നടു മിന്നി, അനങ്ങാൻ കഴിയാതെ അൽപനേരം കഷ്ടപ്പെട്ടു. അതോടെ കട്ടിള പതിയെ താഴാൻ തുടങ്ങി. എല്ലാവരും പരിഭ്രാന്തരായി. ചിലർ ചുമലുകൊണ്ട് തടയാൻ വൃഥാ ശ്രമിച്ചു. ഉടനെ അയാൾ കട്ടിളയുടെ മുകളറ്റത്ത് വണ്ണമുള്ള ഒരു കയർ കെട്ടി തറക്കു മുകളിൽനിന്ന് ഓടിയിറങ്ങി ശക്തിയായി വലിച്ചു നടക്കാൻ തുടങ്ങി. പതിയെ കട്ടിള ഉയർന്നപ്പോൾ പലരും തളർന്ന് താഴെയിരുന്ന് കിതച്ചു. ആശ്വസിച്ചു. അയാളുടെ ശക്തി വൈഭവം കണ്ട് അത്ഭുതപ്പെട്ടു.
സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി ഒരു മനുഷ്യൻ ഇത്രമാത്രം കരുത്താർജിക്കുന്നതെങ്ങനെയെന്ന് തിരിച്ചറിയാനാവാതെ അവൾ ആദ്യമായി അയാളെ ആദരവോടെ നോക്കി. കട്ടിള ലംബാകൃതിയിലേക്കു വന്നപ്പോൾ വെയിൽനാളങ്ങൾ മുകളിലെ മൺചാരിയിൽ അനുഗ്രഹം പോലെ പതിച്ചു. മൂത്താശാരി ഉദയ സൂര്യനെ നോക്കി പ്രാർഥിച്ചു. ഏവരും എഴുന്നേറ്റ് കട്ടിളയുടെ ജ്വലിക്കുന്ന ആകാരം കണ്ട് അതിശയിച്ച് ചുറ്റും നടന്നു. വിസ്മയിപ്പിക്കുന്ന ആ പ്രൗഢിയിലേക്ക് നിറകൺചിരിയാൽ അയാൾ നോക്കി നിന്നു.
ഭസ്മത്തട്ടിൽ കർപ്പൂരമിട്ടു കത്തിച്ച് കട്ടിളയിലേക്കാവാഹിച്ചതിനു ശേഷം മൂത്താശാരി അവളോട് പറഞ്ഞു. ‘ഇനി നിലവിളക്കെടുത്ത്, ഭർത്താവിനൊപ്പം വലതുകാൽവെച്ച് അകത്തേക്കു കടന്ന്, വീടിനകത്തെല്ലാം സഞ്ചരിച്ച് ഇവിടെത്തന്നെ തിരിച്ചെത്തണം. അവൾ അതനുസരിച്ചു. അവൾക്കു പിറകെ അയാളും... നിലവിളക്കുമായി തിരിച്ചെത്തുമ്പോൾ കട്ടിളയുടെ ദീർഘചതുരത്തിലൂടെ അവർ ആ കാഴ്ച കണ്ടു. മുറുമുറുത്ത്, പ്രാകിക്കൊണ്ട്, യാത്രപോലും പറയാതെ ഒരോരുത്തരായി പടിയിറങ്ങിപ്പോകുന്നു...!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.