ജയമോഹന​​​​ന് മറുപടിയുമായി എം.എ. ബേബി: ‘മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തി​െൻറ ഭാഗം​’

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ കുറിച്ച് മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹൻ എഴുതിയ വിമർശന കുറിപ്പിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ഇതിനകം തന്നെ ജയമോഹ​നെതിരെ രൂക്ഷവിമർശനമാണുയരുന്നത്. സി.പി.എം മുതിർന്ന നേതാവ് എം.എ. ബേബിയും മലയാളിയെ അധിക്ഷേപിച്ചതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിൻറെ ഭാഗമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങളെന്ന് ബേബി പറയുന്നു. കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹൻറെ കർസേവയെന്നു ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ ബേബി എഴുതി

കുറിപ്പ് പൂർണ രൂപത്തിൽ

മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹൻ എന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ ’പെറുക്കികൾ' എന്ന പ്രയോഗം ജയമോഹൻറെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിൻറെ ഭാഗമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങൾ. കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹൻറെ കർസേവ.

പക്ഷേ, എനിക്കു പറയാനുള്ളത് ഇതാണ്- അതെ , ഞങ്ങൾ പെറുക്കികൾ ആണ്! (പണ്ട് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയും രാമദാസും കൂടെ സ്വയം നല്കിയ വിളിപ്പേര് പറവൂരിലെ മൂന്നു പോക്രികൾ എന്നായിരുന്നു.) പക്ഷേ, ഈ പെറുക്കികൾ സംഘടിച്ച്, സമരം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചു. ഈ പെറുക്കികൾ തന്നെയാണ് ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകർത്തുവിട്ടത്. ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള ആളുകൾക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം.

ജയമോഹൻറെ അന്യഥാ ആകർഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാർ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ മാത്രമല്ല, ‘നൂറു സിംഹാസനങ്ങൾ’ പോലുള്ളഅതിപ്രശസ്ത കൃതികളിൽ പോലും ഒരു സൂക്ഷ്മവായനയിൽ വെളിപ്പെടുന്നതാണ്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഖ്യാതസംഗീതജ്ഞരിൽ അനന്യനായ ടി എം കൃഷ്ണയുടെ ‘പുറംപോക്ക് ’ എന്ന ഒരു പാട്ട് ഉണ്ട്. അത് പുറംപോക്കിലെ പെറുക്കികളെയാണ് ആഘോഷിക്കുന്നത്. ആ പാട്ടാണ് ജയമോഹൻറെ അധിക്ഷേപത്തിന് തക്കമറുപടി.

Tags:    
News Summary - MAbaby replied to Jayamohan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT