കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​നും തോ​പ്പി​ൽ ഭാ​സി​യും

കാമ്പിശ്ശേരി, തോപ്പിൽ ഭാസി ശതാബ്ദി ആഘോഷത്തിനൊരുങ്ങി നാട്

കായംകുളം: പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വിപ്ലവരാഷ്ട്രീയത്തിന് അടിത്തറ പാകിയ വള്ളികുന്നത്തിന്‍റെ സർഗാത്മക വിപ്ലവ പോരാളികൾക്ക് ജന്മശതാബ്ദി. സാമൂഹിക വിപ്ലവം നാട്ടിലും കുടുംബത്തിലും ഒരുപോലെ നടപ്പിലാക്കിയ തോപ്പിൽ ഭാസിയെയും കാമ്പിശ്ശേരി കരുണാകരനെയുമാണ് നാട് അനുസ്മരിക്കുന്നത്.

ഇരുവർക്കുമിടയിലെ രണ്ടുവയസ്സിന്‍റെ വ്യത്യാസം പരിഗണിച്ച് അത്രകാലം നീളുന്ന പരിപാടികൾക്കാണ് രൂപംനൽകിയിരിക്കുന്നത്. ജീവിതരേഖയിൽ തുല്ല്യനിലയിൽ നിൽക്കുന്ന ഇരുവരുടെയും സൗഹൃദവും പ്രശസ്തമാണ്. അയിത്തവും അനാചാരങ്ങളും ജന്മിത്വവാഴ്ചയും കൊടികുത്തിവാണ കാലത്താണ് വള്ളികുന്നത്തിന്‍റെ മണ്ണിൽനിന്ന് വിപ്ലവ പതാകയേന്തി ഇരുവരും പോരാട്ടം തുടങ്ങിയത്. നാടകങ്ങളിലൂടെ ഭാസിയും പത്രാധിപരും അഭിനേതാവുമായി കാമ്പിശ്ശേരിയും കുറഞ്ഞനാളുകൾക്കുള്ളിൽ ജനമനസ്സുകളിൽ ഇടംനേടി. 1922 മാർച്ച് മൂന്നിന് വള്ളികുന്നം കാമ്പിശ്ശേരി കൊച്ചിക്ക ചാന്നാരുടെയും കുഞ്ഞിക്കയുടെയും മകനായിട്ടാണ് കരുണാകരൻ ജനിച്ചത്. സ്വാതന്ത്ര്യ സമരസേനാനി, പത്രാധിപർ, അഭിനേതാവ്, രാഷ്ട്രീയ സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ, നിയമസഭ സാമാജികൻ എന്നിങ്ങനെ തിളങ്ങി. 1924ൽ തോപ്പിൽ പരമേശ്വരൻപിള്ളയുടെയും നാണിക്കുട്ടിയുടെയും മകനായിട്ടാണ് ഭാസ്കരൻപിള്ള (തോപ്പിൽ ഭാസി) ജനിച്ചത്. നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, നിയമസഭ സമാജികൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായി.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാമ്പിശ്ശേരി ജയിൽവാസം കഴിഞ്ഞ് നാട്ടിലെത്തിയതോടെയാണ് കമ്യൂണിസ്റ്റാകുന്നത്. 1942ൽ വള്ളികുന്നത്തുനിന്ന് പ്രസിദ്ധീകരിച്ച 'ഭാരതതൊഴിലാളി' കൈയെഴുത്ത് മാസികയിലൂടെയാണ് പത്രപ്രവർത്തകനാകുന്നത്. തോപ്പിൽ ഭാസിയും ഡോ. പുതുശ്ശേരി രാമചന്ദ്രനുമായിരുന്ന സഹപത്രാധിപന്മാർ. ഈ സൗഹൃദമാണ് ഭാസിക്കൊപ്പം കാമ്പിശ്ശേരിയെയും 1948ൽ വള്ളികുന്നത്ത് രൂപവത്കൃതമായ ആദ്യകമ്യൂണിസ്റ്റ് സെല്ലിലെ അംഗമാക്കിയത്.

കേരളത്തിൽ വിപ്ലവ പ്രസ്ഥാനത്തിന് അടിത്തറപാകിയ ഭാസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിലെ പരമുപിള്ളയെ അനശ്വരനാക്കിയ കാമ്പിശ്ശേരി 1952ൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്നാണ് നിയമസഭ സാമാജികനായത്. 1954ൽ ജനയുഗം പത്രാധിത സമിതി അംഗവും പിന്നീട് പത്രാധിപരുമായി. 1977 ലായിരുന്നു അന്ത്യം. കേരളത്തിന്‍റെ സാംസ്കാരിക മനസ്സുകളെ നിശ്ചലമാക്കിയാണ് 1977 ജൂലൈ 27ന് കാമ്പിശ്ശേരിയും 1992 ഡിസംബർ എട്ടിന് തോപ്പിൽ ഭാസിയും കാലയവനികക്കുള്ളിൽ മറഞ്ഞത്. ഇരുവരുടെയും ഓർമകൾ ഈടുറ്റതാക്കുന്ന തരത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ ജന്മശതാബ്ദി പരിപാടികൾ സംഘടിപ്പിക്കുന്നത്. കാമ്പിശ്ശേരിയുടെ ജന്മശതാബ്ദി വർഷത്തിൽ തുടങ്ങി ഭാസിയുടെ ജന്മശദാബ്ദി വർഷമായ 2024ൽ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണം. വ്യാഴാഴ്ച വൈകീട്ട് നാലിന് കാമ്പിശ്ശേരിയിൽ നടക്കുന്ന ചടങ്ങ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Kampisseri, Thoppil Bhasi Shatabdi Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT