ദുആ നജിം
ദമ്മാം: പ്രകൃതിയോളം വായിക്കാൻ പറ്റുന്ന സുന്ദരമായ കൃതി വേറെ ഏതാണുള്ളതെന്ന് ഒരു എട്ടാം ക്ലാസുകാരി ചോദിക്കുന്നു. മനസ്സിന്റെ കണ്ണൊന്നു തുറന്ന് പിടിച്ചാൽ, കാതുകൾ അൽപമൊന്ന് കൂർപ്പിച്ചാൽ, പാദപതന ശബ്ദം കേൾപ്പിക്കാതെ ഈ ഭൂമിയിലുടെ നടന്നാൽ എന്തെല്ലാം നമുക്ക് വായിച്ചെടുക്കാൻ പറ്റും? ദുആ നജ്മിന്റേതാണ് ഈ ചോദ്യങ്ങളെല്ലാം. വായന ഹരമായി കൊണ്ടുനടക്കുമ്പോഴും തനിക്ക് ചുറ്റുമുള്ള കാഴ്ചകളെ വായിച്ചെടുക്കാൻ ശ്രമിക്കുന്ന കുട്ടിയെഴുത്തുകാരിയാണ് ദൂആ.വായിച്ചെടുക്കുന്നതിൽ നിന്നെല്ലാം സ്നേഹത്തിന്റെയും നന്മയുടേയും നനവ് ചേർത്ത് കവിതകളെ ചമച്ചെടുക്കുന്ന കവി. ‘റെഡമൻഷ്യ’ എന്ന പ്രഥമ കവിതാസമാഹരത്തിലുടെ എല്ലാറ്റിനും പ്രതിഫലമായി നിങ്ങൾ സ്നേഹിക്കുക എന്ന മഹത്തായ ഒരു ആശയം മുന്നോട്ട് വെക്കുന്നുണ്ട് ഈ പെൺകുട്ടി. ശാന്തതയും ഇളം കാറ്റും സ്നേഹനിലാവും സംഗമിക്കുന്ന തന്റെ അതിരുകളെ സ്വപ്നം കാണുകയാണ്.
ദുആ എഴുതുന്ന കവിതകളിൽ വലിയ കാര്യങ്ങളല്ലയുള്ളത്. മറിച്ച് നമുക്ക് ചുറ്റും നമ്മൾ നിസ്സാരമെന്ന് കരുതിയവയുടെ വലുപ്പത്തെ കുറിച്ചാണ് ഈ പെൺകുട്ടിയുടെ എഴുത്ത്. ‘യാ... ബാബ’ എന്ന ആദ്യ കവിത തന്നെ അത് ബോധ്യപ്പെടുത്തും. തന്റെ വളർച്ചയിൽ ഉടനീളം നിശ്ശബ്ദത്യാഗിയായി തനിക്കുവേണ്ടി സ്വപ്നങ്ങൾ കൊരുക്കുന്ന ഒരു പിതാവിനെ ഇതിൽ വരച്ചിടുന്നുണ്ട്. കവിത വായിക്കുന്ന ഓരോരുത്തരുടേയും ബാബ (ഉപ്പ)യായി അത് മാറുന്നു.ഇതെല്ലാം നിനക്ക് ഞാൻ തിരിച്ചു തരും, സ്നേഹമായി, കരുതലായി അഭിമാനമായി, പ്രതീക്ഷയായി, തണലായി എന്ന് ദൂആ എഴുതുമ്പോൾ ഓരോ ഉപ്പമാരുടേയും കണ്ണുനിറയും. ഓരോ പെൺകുട്ടിയുടേയും റോൾ മോഡലാകുന്ന ബാബാമാർക്ക് ഈ കവിതയൊരു സമ്മാനമാണ്. തൊട്ടടുത്ത് തന്റെ പ്രപഞ്ചത്തെക്കുറിച്ച് ദുആ കവിതയെഴുതിയിട്ടുണ്ട്. എല്ലാം ആറ്റിക്കുറുക്കി വരുമ്പോൾ പ്രപഞ്ചത്തിന്റെ അതിരുകൾ തന്റെ ഉമ്മയിലേക്ക് വളരുന്നു. ഈ കവിത വായിക്കുന്ന കുട്ടികൾക്ക് ഇതൊരു തിരിച്ചറിവ് കൂടി നൽകുന്നതാണ്.
‘റെഡമൻഷ്യ’ കവിതാസമാഹാരം
ഉദയവും അസ്തമയവും മഴവില്ലും നിലാവും ജയവും പരാജയവും ഓർമകളും വിജയവും മരണവും ജീവിതവുമെല്ലാം ഒന്നിനുപകരം ഒന്നുപോലെ പ്രകൃതിയുടെ സർവരൂപമായി ദൂഅയിൽ കവിതകൾ പിറക്കുന്നുണ്ട്. മലപ്പുറം നിലമ്പുർ സ്വദേശി നജ്മുസ്സമാന്റേയും ഇംഗ്ലീഷ് അധ്യാപിക ആരിഫ റിദ്വാന്റേയും രണ്ടാമത്തെ മകളായ ദമ്മാമിലെ ദുആ അൽമുന ഇന്റർനാഷനൽ ഇന്ത്യൻ സ്കുളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. 27 കവിതകളടങ്ങുന്ന പ്രഥക കവിത സമാഹരം പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട് കേന്ദ്രമായ കൂര ബുക്സ് ആണ്.എഴുത്തുകാരൻ മൻസൂർ പള്ളുരും മാധ്യമപ്രവർത്തകൻ കെ.കെ. സുഹൈൽ അവതാരികയും ആസ്വാദന കുറിപ്പും എഴുതിയ പുസ്തകത്തിന്റെ അവസാന ഭാഗത്ത് ദുആയുടെ മൂത്ത സഹോദരിയും ഡൽഹി യൂനിവേഴ്സിറ്റിയിൽ ചരിത്ര വിഷയത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയുമായ ദിയ അംനയുടെ സിസ്റ്റേഴ്സ് നോട്ട് പ്രത്യേക കൗതുകം പകരുന്നതാണ്. തനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ ഒരുപാട് ആഹ്ലാദം പകർന്ന് തനിക്ക് കൂട്ടായെത്തിയ അനുജത്തിയുടെ വളർച്ചയുടെ ഘട്ടങ്ങൾ അതിമനോഹരമായി ദിയ പറയുന്നുണ്ട്. പ്രായത്തെക്കാൾ അധികമായി പക്വത കാണിച്ച ഈ പെൺകുട്ടിക്ക് എല്ലാവരോടും സ്നേഹമായിരുന്നു.
വീട്ടിലെ സഹോദരങ്ങളുടെ പിറന്നാളിനും രക്ഷിതാക്കളുടെ വിവാഹ വാർഷികത്തിനുമൊക്കെ സ്വന്തം കവിതകളെഴുതിയ കാർഡുകൾ സമ്മാനിച്ചിരുന്നു ദുആ. ഇതിൽനിന്നാണ് ദുആയുടെ എഴുത്തുകളെ വീട്ടുകാർ തിരിച്ചറിയുന്നത്. ആരും കാണാതെ ഒളിച്ചുവെച്ച വരികൾ ഏറെ നിർബന്ധങ്ങൾക്കൊടുവിലാണ് ദുആ പ്രസിദ്ധീകരണത്തിന് സമ്മതം മൂളിയത്. കവിയായി സഹപാഠികളും അധ്യാപകരുമൊക്കെ അംഗീകരിച്ച് തുടങ്ങിയിട്ടും ദുആക്ക് ഒരു മാറ്റവുമില്ല. ഇതൊന്നും തന്നെ ബാധിക്കുന്നതേയല്ല എന്നാണ് ഈ പെൺകുട്ടിയുടെ ഭാവം. അപ്പോഴും കൗമാരക്കാരുടെ അതിരുവിട്ട ആഘോഷങ്ങളിൽ അഭിരമിക്കാൻ നിൽക്കാതെ വായനയും ചിന്തകളും കാഴ്ചകളുമായി അവൾ തന്റെ കവിതകൾക്ക് മൂർച്ചകൂട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.