‘ഗൾഫ് മാധ്യമം’ പ്രചാരണ കാമ്പയിന്റെ ഭാഗമായി നടത്തുന്ന വായനയുടെ പ്രസക്തിയെക്കുറിച്ചുള്ള പരമ്പരയിലേക്ക് കുറേ ദിവസമായി എഴുതണം എന്നു വിചാരിക്കുന്നു. എന്നാൽ കടുത്ത മടി അതിനനുവദിച്ചിരുന്നില്ല. വാർത്തവായനയടക്കം മൊബൈൽ ഫോൺ യുഗം കൈയടക്കിയ ഈ സമയത്ത് ഞാനടക്കമുള്ള പലർക്കും ഈ പ്രശ്നമുണ്ടാകും. എന്നിരുന്നാലും എല്ലാദിവസവും പത്രവായന ഞാനിന്നും ‘ഗൾഫ് മാധ്യമ’ത്തിലൂടെ തുടരുന്നുണ്ട്.
ഈ പുതിയ യുഗത്തിൽനിന്ന് പഴയ കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ട പോലെയാണ് എനിക്ക് തോന്നുന്നത്. അതിൽ പ്രധാനപ്പെട്ടത് നിത്യേനയുള്ള പത്രവായന തന്നെയാണ്. ഇന്നത്തെ തലമുറയിലെ പലരും ഇന്ന് പത്രം വായിക്കുന്നില്ല എന്നത് സത്യമാണ്. അത് വലിയ പ്രതിസന്ധിയായാണ് ഞാൻ വിലയിരുത്തുന്നത്. പൊതുബോധവും രാഷ്ട്രീയബോധവും എല്ലാവരിലും എല്ലാക്കാലത്തും ഉണ്ടായിരിക്കണം. അതറിയാൻ ഉത്തമ മാതൃക പത്രങ്ങൾ വായിക്കുക എന്നതാണ്. എന്ത് ആധുനിക സൗകര്യങ്ങൾ ഉണ്ടെങ്കിലും അന്നും ഇന്നും അതിരാവിലെയുള്ള പത്രവായന എനിക്ക് മറക്കാനും ഒഴിവാക്കാനും കഴിയാത്തതാണ്. അതുകൊണ്ടുതന്നെയാണ് ഒരു തലമുറ കൈമാറ്റം ഈ കാര്യത്തിൽ അത്യാവശ്യമാവുന്നത്. രാവിലെ ഒരു ചൂടു കട്ടൻചായക്കൊപ്പം പത്രം മറിക്കുമ്പോൾ കിട്ടുന്ന അറിവും വെളിച്ചവും ആ ദിവസത്തിൽ നമുക്ക് കിട്ടുന്ന ആകെ ഊർജത്തിന്റെ പ്രധാന ഭാഗമാണ്. എപ്പോഴും പൊതുവിവരങ്ങളിലുണ്ടാകുന്ന അറിവും ഏത് വിഷയവും സംസാരിക്കാൻ കിട്ടുന്ന ധൈര്യവും മറ്റൊരു സാങ്കേതികവിദ്യാഭ്യാസത്തിലും നമുക്ക് കിട്ടുന്നില്ല. ബഹ്റൈനിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മനാമയിലുള്ള ന്യൂസ് എന്ന പത്രക്കടയിൽ പോയി ക്യൂ നിന്ന് പത്രം വാങ്ങിയത് ഇന്നും ഓർമയിൽ തിളങ്ങിനിൽക്കുന്നുണ്ട്. ശേഷം ‘ഗൾഫ് മാധ്യമം’ ബഹ്റൈനിലെത്തിയപ്പോൾ പാതിരാത്രിയിൽ പോലും ഞാനും സുഹൃത്തുക്കളും പ്രിന്റ് കോപ്പിക്കായി കാത്തിരുന്നിട്ടുണ്ട്. അതെല്ലാം ഇന്നും മനസ്സിൽ മായാതെ ഇപ്പോഴും കിടക്കുന്നു.
ഇന്ന് അച്ചടിമാധ്യമങ്ങൾ പിടിച്ചുനിൽക്കാൻ പാടുപെടുന്നത് നേരിട്ട് മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ഞാൻ. ഗൾഫിൽ തന്നെ പല പത്രങ്ങളും സാമ്പത്തികഭദ്രതയില്ലാതെ പൂട്ടേണ്ടി വന്നു. എന്നാലും പലപ്രതിസന്ധികളെയും മറികടന്ന് ഇന്നും ദിനംപ്രതി ‘ഗൾഫ് മാധ്യമം’ നന്മമനസ്സോടെ നമ്മെ വാർത്തകൾ വായിപ്പിക്കുന്നു. ഇനിയും ഈ പ്രയാണം ഒരുപാട് കാലം തുടരണം. പ്രചാരണ കാമ്പയിന് എന്റെ എല്ലാവിധ ആശംസകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.