തൃശൂർ: വായനശാലകളിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞതോടെ വായനക്കാരിലേക്ക് കടന്നുചെല്ലുകയാണ് ലൈബ്രറികൾ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ‘വായനാവസന്തം’ പദ്ധതിയിലൂടെ ജില്ലയിൽ 10,000ത്തിലധികം വീടുകളിൽ പുസ്തകം എത്തിത്തുടങ്ങി. 6100ഓളം വീടുകളിലേക്ക് കൂടി ഉടൻ പുസ്തകം എത്തിത്തുടങ്ങും. മൊത്തം 16,100 വീടുകളിൽ പുസ്തകം എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ലൈബ്രറി കൗൺസിൽ ജില്ല ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള എ, ബി, സി എന്നീ ഗ്രേഡുകളിൽ ഉൾപ്പെട്ട 161 ലൈബ്രറികൾ വഴിയാണ് പുസ്തകം എത്തിക്കുന്നത്. ഓരോ ലൈബ്രറിയിൽ നിന്നും 100 വീടുകളിൽ പുസ്തകം എത്തിക്കുകയാണ് ലക്ഷ്യം. ഓരോ ആഴ്ചയിലും ഈ 100 വീടുകളിലേക്ക് പുസ്തകവുമായി ലൈബ്രേറിയൻ എത്തും. വീടുകൾ കണ്ടെത്തി നൽകിയത് ഗ്രന്ഥശാല പ്രവർത്തകരാണ്. ‘വായനാവസന്തം’ ആരംഭിച്ച ശേഷം നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതൽ പേർ വായനശാല പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്നും ഗ്രന്ഥശാല പ്രവർത്തകർ പറഞ്ഞു.
ജില്ലയിൽ ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ ലൈബ്രറികളിലും ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഡി, ഇ, എഫ് ഗ്രേഡുകളിലുള്ള ലൈബ്രറികളിലേക്കും അധികം വൈകാതെ ‘വായനാവസന്തം’ വ്യാപിപ്പിക്കും. ജില്ലയിൽ മൊത്തം 479 ലൈബ്രറികളാണ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ഇതിൽ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ എ, ബി, സി ഗ്രേഡുകൾ ലഭിച്ച 161ഉം ഡി, ഇ, എഫ് ഗ്രേഡുകൾ ലഭിച്ച 317ഉം ലൈബ്രറികളാണുള്ളത്. മുഴുവൻ ലൈബ്രറികളും ‘വായനാവസന്തം’ നടപ്പാക്കുന്നതോടെ മൊത്തം അര ലക്ഷം വീടുകളിൽ പുസ്തകങ്ങൾ എത്തിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.