ദാർശനികരും പണ്ഡിത ഗുരുവര്യന്മാരും കവികളും ചിന്തകരുമുൾക്കൊണ്ട ചരിത്രമുറങ്ങുന്ന ഒരു ലോകത്തെ കൈക്കുമ്പിളിലാക്കി, കാവ്യഭാഷാ നിപുണനായ കവി തന്റെ ചിന്താദീപ്തമായ ഭാഷാ സൗന്ദര്യത്തോടെ മനുഷ്യന്റെ വിചാര, വികാര, വിശ്വാസ, രാഷ്ട്രീയ തലങ്ങളെ ആത്മവായനയിലൂടെ ഗദ്യമായൊഴുക്കിയപ്പോൾ പിറന്ന ഉണർവിന്റെ ലഹരിയായിരുന്നു കെ.ടി. സൂപ്പിയുടെ ‘ഹൃദയനേത്രം’ എന്ന പുസ്തകം. 223 പേജുള്ള ഈ കൈപ്പുസ്തകം വായിച്ച് തീരുമ്പോൾ ബൃഹത്തായ ഒരു ഗ്രന്ഥം വായിച്ചു തീർത്ത അനുഭവപാഠങ്ങളാണ് വായനക്കാരിലുണ്ടാവുക.
ദാർശനികരുടെ അറിവിന്റെ ലോകത്തേക്ക് കഥപറഞ്ഞ് നമ്മെ കൂട്ടിക്കൊണ്ടുപോയി ചിന്താമണ്ഡലത്തെ പിടിച്ചുണർത്തി അതിൽനിന്നടർന്നുവീഴുന്ന മൊഴിമുത്തുകൾ സമകാലിക ലോകത്തിന് സമർപ്പിക്കുന്ന ലേഖകന്റെ ഈ രീതി ഭൂമിയിലൂടെ സഞ്ചരിച്ച് ഭൂതകാല ജനതയുടെ പര്യവസാനത്തെ കുറിച്ച് മനനം ചെയ്യണമെന്ന ഖുർആനിക പാഠവും ഇത്തരം ജ്ഞാനയാത്രകളുടെ പ്രാധാന്യത്തെ കുറിച്ചാണ് നമ്മെ ഓർമപ്പെടുത്തുന്നത്.
തുടക്കം മുതലേ വായനലോകത്തെ പരിചയപ്പെടുത്തിയുള്ള ഈ ജൈത്രയാത്ര ‘വായിക്കുക; നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമധേയത്തിൽ’ എന്ന ഖുർആനിന്റെ ആദ്യ അവതരണ ആയത്തിന്റെ പ്രായോഗിക വശത്തിലേക്ക് നമ്മെ കൈപിടിച്ചുയർത്തുന്നു. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്ന് ആശയക്കുഴപ്പത്തിലാക്കുന്ന ആശയസംഹിതകളെ ആസ്വാദ്യകരമായി അനുവാചകരിലെത്തിക്കുന്ന ഈ പുസ്തകത്തിൽ ഒരു സ്വതന്ത്ര മനുഷ്യന്റെ മൂല്യവും ഒരാൾ തന്റെ ആധ്യാത്മിക ജ്ഞാനവഴികൾ തുടങ്ങാനുള്ള സാഹചര്യങ്ങളും, ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഇന്നിന്റെ രാഷ്ട്രീയ സാഹചര്യവുമായി ചേർത്തുവെക്കുന്നതിന്റെ പൊരുത്തവും പൊരുത്തക്കേടുകളും, പ്രവാസത്തിന്റെ നേർചിത്രങ്ങളും, കവിതയുടെ വിശദീകരണവും എല്ലാം ചരിത്രതാളുകളിൽനിന്ന് ലേഖകൻ പുറത്തെടുത്ത് വിവക്ഷിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അധ്യായവും പഠനവിധേയമാക്കേണ്ടതുണ്ട്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.