കോഴിക്കോട്: ആർട്സ് കോളജ് ലിറ്ററേചർ ഫെസ്റ്റിവൽ -ACLF- 2025 ഫെബ്രുവരി 14 മുതൽ 16 വരെ നടക്കും. ‘അതിജീവനത്തിന്റെ നിഴലുകൾ: വാക്കുകൾ മുറിവുകളെ അഭിമുഖീകരിക്കുമ്പോൾ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സാഹിത്യോത്സവം രൂപകൽപന ചെയ്തിരിക്കുന്നത്. ദേശീയ അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ എഴുത്തുകാർ, ചിന്തകർ, ചലച്ചിത്ര പ്രവർത്തകർ, ഫോക് ആർട്ടിസ്റ്റുകൾ, സംസ്കാരിക പ്രവർത്തകർ തുടങ്ങി നിരവധി പേർ ഈ ദിവസങ്ങളിൽ കാമ്പസിൽ എത്തുകയാണ്.

കോളജിലെ മുഴുവൻ ഡിപ്പാർട്ട്മെന്റുകളും സംയുക്തമായി നടത്തുന്ന ഫെസ്റ്റിവലിൽ വിവിധ വിഷയങ്ങളിലായി 100ലേറെ സെഷനുകൾക്കു പുറമേ എല്ലാ ദിവസവും വിവിധ കലാ സാംസ്കാരിക അവതരണങ്ങളും ഉണ്ടായിരിക്കും.

വിഭജന വിദ്വേഷ ചിന്തകൾക്കപ്പുറം മനുഷ്യമനസുകൾ ഒന്നായി തീരുന്ന സംസ്കാരത്തിന്റെ ജനാധിപത്യവൽക്കരണവും സൗഹൃദത്തിന്റെ ഊഷ്മളതയാണ് ഈ സാംസ്കാരികോത്സവം ലക്ഷ്യമാക്കുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി. പറഞ്ഞു. വാക്കുകളിൽ സൗഹൃദവും ബന്ധങ്ങളിൽ സാഹോദര്യവും ഊട്ടിയുറപ്പിച്ചെടുക്കാനുള്ള ഒരു കാമ്പസിന്റെ വിനീതമായൊരു ഇടപെടലാണിതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

1964-ൽ സ്ഥാപിതമായ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കാലിക്കറ്റ് വജ്രജൂബിലി ആഘോഷത്തിന്റെ നിറവിലാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുവിരിയിച്ച ഈ സ്ഥാപനം അക്കാദമിക- അക്കാദമികേതര രംഗത്ത് വളർച്ചയുടെ ഉയരങ്ങൾ താണ്ടി കൊണ്ടിരിക്കുകയാണ്. 12 ബിരുദ കോഴ്സുകൾ, എട്ട് ബിരുദാനന്തര ബിരുദ കോഴ്സുകൾ, ഏഴ് ഗവേഷണ കേന്ദ്രങ്ങൾ, 96 ഫാകൽറ്റി മെംബേർസ്, 50 ഓളം വരുന്ന ഓഫീസ് സ്റ്റാഫ്‌ എന്നിവരടങ്ങുന്ന നമ്മുടെ കലാലയത്തിൽ 2200 ഓളം വിദ്യാർഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്.

2025 ജനുവരിയിൽ നടന്ന നാക്ക് ആക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടി സർക്കാർ കോളജുകളിൽ അക്കാദമിക് നിലവാരമുള്ള സ്ഥാപനമായി അംഗീകാരം നേടാൻ കഴിഞ്ഞു. കൂടാതെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ.ആർ.എഫിൽ 101 നും 150 നും ഇടയിലുള്ള സ്ഥാനം നേടാനും കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ -കെ.ഐ.ആർ.എഫിൽ 27ാം സ്ഥാനം നേടാനും കഴിഞ്ഞത് കോളജിന്റെ അക്കാദമിക മികവിന്റെ ദൃഷ്ടാന്തങ്ങളാണ്.

Tags:    
News Summary - Arts College Literature Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT