ബാപ്പു വലപ്പാട്
തൃപ്രയാർ: കാരുണ്യവും നന്മയും സ്നേഹവും മാത്രം കഥാപാത്രങ്ങളിൽ ആവാഹിച്ച് ഗ്രാമീണ ജീവിതത്തിന്റെ വെളിച്ചം വിതറുന്ന മാന്ത്രികനാണ് ബാപ്പു വലപ്പാട് എന്ന എഴുത്തുകാരൻ. എഴുതി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ നാട്ടിക ഫർക്കയുടെ മണപ്പുറം മേഖലയിൽ കാൽനടയായി വീടുകയറിയിറങ്ങി വിൽപന നടത്തിയും സമ്മാനമായും നൽകിയ പഴയ നാളുകൾ ഏറെയാണ്. ഇതുവരെ 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബാപ്പുവിനെ കേൾക്കാത്തവരും കാണാത്തവരും ചുരുക്കം. അങ്ങിനെ ബാപ്പുവിന്റെ പേരുതന്നെ മണപ്പുറത്തെ കഥാകാരൻ എന്നായി. 16ാമത്തെ പുസ്തക പ്രസിദ്ധീകരണത്തിന്റെ തിരക്കിലാണിപ്പോൾ.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരുറപ്പുണ്ടായിരുന്ന കാലത്ത് വലപ്പാട്ടെ ബീഡി തൊഴിലാളികൾക്ക് പത്രം വായിച്ചു കൊടുക്കലായിരുന്നു മുഖ്യമായി ചെയ്തിരുന്നത്. വായനയിലൂടെ നാടകമെഴുത്തും നോവലെഴുത്തും തുടങ്ങി. പിന്നെ കഥകളിലേക്ക് തിരിഞ്ഞു. 1970ൽ ആദ്യത്തെ പുസ്തകമായ ‘നിലാവും വെളിച്ചവും’ പ്രസിദ്ധീകരിച്ചു. പ്രവാസ ജീവിതത്തെ തൊട്ടെഴുതിയ അബ്ബാസിയായിലെ അബ്ബാസ് എന്ന പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഈ പുസ്തകം പ്രസിദ്ധീകരിച്ചശേഷമാണ് പത്തേമാരി എന്ന സിനിമ ഇറങ്ങിയത്.
സിനിമ കണ്ടുകൊണ്ടിരിക്കെ ബാപ്പുവിനെ വിളിച്ച് പലരും പറഞ്ഞു. അബ്ബാസിയായിലെ അബ്ബാസ് എന്ന കഥയുടെ പകർപ്പാണിതെന്ന് പറഞ്ഞായിരുന്നു വിളികൾ വന്നത്. കേസ് നൽകണമെന്നുവരെ പലരും ആവശ്യപ്പെട്ടു. സ്നേഹത്തിന്റെ ഭാഷയല്ലാതെ മറ്റൊന്നും ബാപ്പുവിന്റെ മനസ്സിലില്ലാത്തതിനാൽ പുഞ്ചിരിയോടെ അദ്ദേഹമത് നിരസിച്ചു. ഖൽബ്, ശുക്ക്റ്, കുഞ്ഞാമിന എന്നിവ പ്രസിദ്ധ കഥകളാണ്. കുഞ്ഞാമിന, കിനാവ്, അങ്ങാടി കടവത്ത് എന്നിവ ബാപ്പു എഴുതി നിർമിച്ച ടെലിഫിലിമുകളുമാണ്. കുടുംബവുമായി വലപ്പാടിനടുത്ത കുട്ടമംഗലത്താണ് ഇപ്പോൾ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.