പന്ത്രണ്ടാം നൂറ്റാണ്ടിൽ മുസ്ലിം സ്പെയിനിൽ ജനിച്ച ദാർശനിക പ്രതിഭ ഇബ്നു തുഫൈൽ എഴുതിയ ‘ഹയ്യ് ബ്നു യഖ്ളാൻ’ ആണ് നൂറ്റാണ്ടുകളോളം യൂറോപ്യൻ സർഗാത്മക അനുഭൂതികളെ നിർണയിക്കുകയും ലാവണ്യപരമായി നിയന്ത്രിക്കുകയും ചെയ്തത്. ദത്ത പരിചരണത്തിനും കഥാഖ്യാനത്തിനും അതുവരെ ലോകത്തിന് പരിചയമില്ലാത്ത ഒരു എഴുത്തുരൂപം ആവിഷ്കരിക്കുകയും അതിലൂടെ മനുഷ്യ ജീവിതത്തിന്റെ നിരവധി അടരുകൾ ദാർശനികമായി വിടർത്തിയെടുക്കുകയും ചെയ്യാൻ നൂറ്റാണ്ടുകൾക്കുമുമ്പ് എഴുതപ്പെട്ട ഈ കൃതിക്കായി.
ഇത് യൂറോപ്യൻ വായനാലോകത്തിന് ഏറെ അതിശയമായത് വെറുതെയല്ല. ഏകാന്തമായൊരു കുഞ്ഞു തുരുത്തിൽ വിചിത്രതയുടെ അപൂർവതയിലാണ് ഇബ്നു തുഫൈലിന്റെ നായകനായ ഹയ്യ് ജനിക്കുന്നത്. ഏകാന്തനും അത്രമേൽ നിസ്സഹായനുമായ ഈ കുഞ്ഞിന് മാതൃസ്നേഹത്തിന്റെ ലാളനാ പരിചരണങ്ങൾ നൽകിയത് അവിടെ ഇളം കറുകനാമ്പുകൾ തിന്നു കഴിഞ്ഞിരുന്നൊരു മാൻപേടയായിരുന്നു. ശൈശവ സഹജമായ സർവ പരിമിതികളിലും സഹനയോഗത്തോടെ ഹയ്യിന്റെ ഒപ്പംനിന്ന ആ ‘അമ്മ’യിൽനിന്നാണ് ഹയ്യ് ഏകാന്തത തിളക്കുന്ന ദ്വീപിൽനിന്ന് ജീവിതം പഠിക്കാൻ തുടങ്ങിയത്.
അവിടെനിന്നിങ്ങോട്ട് സഹജമായ അന്വേഷണ കൗതുകത്തോടെ നിരന്തരം അയാൾ തന്റെ പരിസരം നിരീക്ഷിക്കുകയായിരുന്നു. വളർച്ചയുടെ നിർണായക ഘട്ടത്തിൽ ‘ഞാൻ’ നഗ്നനാണെന്ന് ഹയ്യ് തിരിച്ചറിയുന്നു. അത് നാഗരികതയിലേക്കുള്ള മനുഷ്യന്റെ ആദ്യത്തെ കുതിപ്പും അതിനുള്ള വെളിപാടും തന്നെയായി നിരീക്ഷിക്കാം.
പച്ചിലകൾകൊണ്ട് ഹയ്യ് വസ്ത്രം നെയ്യുന്നു. അവിടന്നങ്ങോട്ട് സംസ്കാരത്തിന്റെയും നാഗരികതയുടെയും നിരവധി ഉല്ലാസപ്പടവുകൾ കയറി അവൻ വസ്ത്രധാരണത്തിന്റെ ധർമബോധ്യത്തിലേക്ക് സ്വയം വിനീതനാവുന്നു. അത് നവോത്ഥാനത്തിലേക്കുള്ള മനുഷ്യന്റെ ആദി തീർഥാടനംതന്നെയാണ്. ആ ഏകാന്ത ദ്വീപിൽ അവൻ പ്രകൃതിയെയും മറ്റു ജീവജാലപ്പെരുക്കങ്ങളെയും മാത്രമല്ല സ്വന്തത്തെയും നിരീക്ഷിച്ചുകൊണ്ടേയിരുന്നു. മനുഷ്യവംശം നേരിട്ട സർവ ജീവിതസങ്കീർണതകളുടെയും അവയുടെ പരിഹാരങ്ങളുടെയും സൂക്ഷ്മഭാവങ്ങൾ നമുക്ക് ‘ഹയ്യ് ബ്നു യഖ്ളാനി’ൽ കാണാം. മരണമെന്ന മഹാസത്യത്തെ ഉൾക്കൊള്ളാൻ ഹയ്യിന് സാധ്യമാകുന്നത് തന്റെ വളർത്തമ്മയായ മാൻപേടയുടെ ചേതന ചോർന്ന ദേഹം നോക്കിനിൽക്കുമ്പോഴാണ്. ഹയ്യിലൂടെ മനുഷ്യാനുഭവങ്ങളുടെ നാനാതരം അന്വേഷണ ചക്രവാളം അങ്ങനെയാണ് നോവലിൽ വിടർന്ന് വികസിക്കുന്നത്.
തുടർച്ചയായി ഹയ്യ് രാവിനെയും പകലിനെയും നക്ഷത്രജാലങ്ങളെയും പ്രകൃതിയെ തന്നെയും നിരീക്ഷിക്കുന്നു. അന്വേഷണം പയ്യെ അവനവനിലേക്ക് കൂർപ്പിച്ചുവരുന്നു. വസ്ത്രം, വീട്, ഭക്ഷണം തീ ഇതൊക്കെയും അയാളുടെ ജാഗ്രതയോലുന്ന അന്വേഷണ തീക്ഷ്ണതകളിൽ ഉൾപ്പെടുന്നു. പതിയെ അവൻ തന്റെ ബഹുത്വം തിരിച്ചറിയുന്നു. താനാരാണെന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയായിരുന്നു അത്. നോവലിലെ ഏറ്റവും ചടുലതയാർന്ന ഭാഗം ഹയ്യിന്റെ ഈ തിരിച്ചറിവാണ്. മറ്റു ജീവിരാശിയിൽനിന്ന് മനുഷ്യനെങ്ങനെ അനുഗ്രഹിക്കപ്പെവനായെന്ന ഖുർആനിക ദർശനം പതിയേ ഹയ്യിലേക്ക് കുളിരായി പെയ്തിറങ്ങുന്നു.
ജീവിതത്തെ വളരെ സമയക്കായി സംരക്ഷിക്കാൻ മനുഷ്യരാശിയെ പഠിപ്പിക്കുകയാണ് ‘ഹയ്യ് ബ്നു യഖ്ളാനി’ലൂടെ ഇബ്നു തുഫൈൽ ചെയ്യുന്നത്. ഈ പാഠപഠനത്തിന് ആദം പ്രവാചകനോളം ചരിത്രനീൾച്ചയുണ്ട്. ഒരർഥത്തിൽ ആദം പ്രവാചകൻതന്നെ ആവാം നോവലിലെ ഹയ്യും. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇസ്ലാമിക സ്പെയിനിലാണ് ഇബ്നു തുഫൈൽ ജനിക്കുന്നത്.
സ്പെയിൽനിന്നും ആഫ്രിക്കയിലെ മൊറോക്കോയിൽ എത്തിയ തുഫൈൽ അവിടെ നിന്നൊക്കെ അറിവിന്റെ പ്രാപ്തി വേണ്ടത്ര സമാഹരിച്ചാണ് പുനഃസഞ്ചാരം പോയത്. പാണ്ഡിത്യവും ദീർഘ മധുരമാർന്ന യാത്രകളും അയാളുടെ ഭാവനാലോകത്തെ സാന്ദ്രമാക്കി. സൃഷ്ടികളുടെ ജീവിതത്തിൽ സ്രഷ്ടാവിന്റെ അനിവാര്യ സാന്നിധ്യവും അതുവഴി ഉണ്ടാകുന്ന സുകൃതങ്ങളും തുഫൈലിന് എന്നും പ്രധാനമാണ്. ഈ ആസ്തിക പ്രാധാന്യത്തെയാണ് ഈ നോവൽ രൂപത്തിലൂടെ തുഫൈൽ നമ്മോട് സംസാരിക്കുന്നത്.
വെറുതേയല്ല ഈ പുസ്തകത്തിലെ ഭാവനാലോകം നൂറ്റാണ്ടുകളോളം യൂറോപ്യൻ ജനത ആഘോഷമാക്കിയത്. ഇബ്നു തുഫൈൽ പറയുന്നത് കഥയാണ്. കഥയിൽ വസ്തുസ്ഥിതിയാഥാർഥ്യം മാത്രം മതിയാവില്ല. ഭാവന വേണ്ടുവോളം അനിവാര്യമാവും. ആ ഭാവനാവിലാസം ഈ പുസ്തകത്തിലുണ്ട്. എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന റഹ്മാൻ മുന്നൂരാണ് പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചത്. പുസ്തകത്തിൽ പ്രശസ്ത പണ്ഡിതനായ ടി.കെ. ഇബ്രാഹീമിന്റെ പഠനവും പ്രസാധകർ ചേർത്തിട്ടുണ്ട്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.