നോവൽ വായിക്കുന്ന വിശാലാക്ഷി അമ്മ
ചെങ്ങമനാട്: വാർധക്യത്തിന്റെ അവശതകളിലും മുടങ്ങാത്ത വായനയാണ് തളിയിക്കര പെരുമ്പോടത്ത് കുടുംബാംഗം വിശാലാക്ഷി അമ്മക്ക് ജീവിതത്തിന് സാന്ത്വനമേകുന്നത്. 86കാരിയായ വിശാലാക്ഷി അമ്മക്ക് വായനയില്ലാത്ത ദിനം നിരാശയുടെ ദിനമാണ്. പുലർച്ചെ 5.30ക്ക് ഉണർന്ന് കുളിയും പ്രാർഥനയും കഴിഞ്ഞ് ഏഴിന് ആരംഭിക്കുന്ന പത്ര-സമകാലിക വായന 10 മണിയോടെ പൂർത്തിയാക്കും.
പിന്നെ പ്രാതലിന് ശേഷം ഇഷ്ട നോവലും സാഹിത്യങ്ങളുമായിരിക്കും വായന. അത് മണിക്കൂറോളം നീണ്ട് പോകും. ഉച്ചയൂണിന് ശേഷവും വായന തുടരും. ചിട്ടയോടെയുള്ള ജീവിതത്തിൽ വിശാലാക്ഷി വായിക്കാത്ത നോവലുകളും, സാഹിത്യങ്ങളും അപൂർവമായിരിക്കും.
ചെങ്ങമനാട് പോസ്റ്റ് ഓഫിസിന്റെ തുടക്കം മുതലുള്ള മഹിള പ്രധാൻ ഏജന്റായിരുന്നു. മൂന്നര പതിറ്റാണ്ടിലധികം സേവനം ചെയ്ത വിശാലാക്ഷി 70 വയസിന് ശേഷമാണ് റിക്കറിങ് ഡെപ്പോസിറ്റിന് വീടുകൾ കയറി ഇറങ്ങുന്ന ജോലി അവസാനിപ്പിച്ചത്. ചെങ്ങമനാട് സർവിസ് സഹകരണ ബാങ്കിൽ അഞ്ച് വർഷത്തോളം ഭരണസമിതി അംഗമായും സേവനം ചെയ്തിട്ടുണ്ട്.
സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ലക്ഷ്മണൻ 17 വർഷം മുമ്പ് മരണപ്പെട്ടു. രാജേന്ദ്രൻ, ശ്രീകുമാർ എന്നിവർ മക്കളും, രമാദേവി, സിനി എന്നിവർ മരുമക്കളുമാണ്. വിശാലാക്ഷി തുടക്കം കുറിച്ച ആർ.ഡി ഏജന്റ് ജോലി ഇപ്പോൾ മരുമകൾ രമാദേവിയും തുടരുകയാണ്.
ചെറുപ്പം മുതലുള്ള ശീലമാണ് വായന. നാല് വർഷം മുമ്പ് ഹൃദയശസ്ത്രക്രിയക്ക് വിധേയമായ വിശാലാക്ഷിക്ക് വാർധക്യസഹജമായ പല രോഗങ്ങളുണ്ടെങ്കിലും വായനയിൽ വിട്ടുവീഴ്ച ചെയ്യാൻ മടിയാണ്. സമീപത്ത് താമസിക്കുന്ന ചെങ്ങമനാട് വാണീകളേബരം വായനശാലയിലെ ലൈബ്രേറിയൻ രാമചന്ദ്രനാണ് വിശാലാക്ഷിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുന്നത്. വാണികളേബരം വായനശാല ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വിശാലാക്ഷി അമ്മയെയും ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.