90 വർഷങ്ങൾക്കിപ്പുറം പുറംലോകം കണ്ടൊരു നോവൽ ഇന്ന് ജർമനിയുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള യുദ്ധാനന്തര പത്രപ്രവർത്തകരിൽ ഒരാളായിരുന്ന സെബാസ്റ്റ്യൻ ഹാഫ്നറുടെ അബ്ഷൈഡ് (വേർപാട്) ആണ് ആ നോവൽ. വെയ്മർ റിപ്പബ്ലിക്കിന്റെ അവസാന നാളുകളുടെ ലഹരിപിടിപ്പിക്കുന്നതും ദുർബല അന്തരീക്ഷം പകർത്തുന്നതുമായ പുസ്തകം ഈ മാസം ആദ്യമാണ് പുറത്തിറങ്ങിയത്. 1932ൽ നാസികൾ അധികാരത്തിൽ വരുന്നതിന് മുമ്പെഴുതിയ കൃതിയാണിത്.
റൈമുണ്ട് എന്ന ചെറുപ്പക്കാരനും ടെഡി എന്ന സ്ത്രീയും പാരിസിൽ അവസാന ദിവസം ഒരുമിച്ച് ചെലവഴിക്കുന്നതും പിന്നീട് ബെർലിനിലേക്ക് മടങ്ങുന്നതുമാണ് ‘വേർപാടി’ന്റെ കഥ. നാസികൾ അധികാരം നേടുന്നതിനനുസരിച്ച് ഇവരുടെ ജീവിതവും കൂടുതൽ ഭയാനകവും അനിശ്ചിതത്വത്തിലുമായിക്കൊണ്ടിരിക്കുന്നു.
1940ൽ നാസികളുടെ ഉദയത്തെക്കുറിച്ച് രചിച്ച ‘ജർമനി: ജെക്കിൽ ആൻഡ് ഹൈഡ്’ എന്ന പുസ്തകത്തിലൂടെയാണ് ഹാഫ്നർ പ്രശസ്തനാവുന്നത്. പുസ്തകം ആളുകളെ വളരെയധികം ആകർഷിച്ചതിനാൽ വിൻസ്റ്റൺ ചർച്ചിൽ തന്റെ സർക്കാറിനോട് അത് വായിക്കാൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 1938ൽ തന്റെ ജൂത പ്രതിശ്രുത വധുവിനൊപ്പം നാസി ജർമനിയിൽനിന്ന് പലായനം ചെയ്ത ഹാഫ്നർ, റൈമുണ്ട് പ്രെറ്റ്സൽ എന്ന പേരിൽ ലണ്ടനിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു.
ഹാഫ്നറുടെ പിൽക്കാല കൃതികളെപ്പോലെത്തന്നെ ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ അവബോധം ഈ പുസ്തകത്തിലും കാണാം. അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത പുസ്തകമായ ഹിസ്റ്ററി ഓഫ് എ ജർമൻ 1939ൽ എഴുതിയതാണെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് പുറത്തിറങ്ങിയത്. നാസികൾ എങ്ങനെ അധികാരത്തിൽ വന്നു എന്നതിനെക്കുറിച്ച് വ്യക്തവും സത്യസന്ധവുമായ ഒരു കാഴ്ചപ്പാട് നൽകുന്നതാണിത്.
ഹാഫ്നറിന് 24 വയസ്സുള്ളപ്പോഴാണ് ‘വേർപാട്’ എന്ന പുസ്തകം എഴുതുന്നത്. ഇതിലെ പ്രധാന കഥാപാത്രമായ റൈമുണ്ട്, ഫ്രഞ്ച് സിഗരറ്റുകളും ആൽഡസ് ഹക്സ്ലിയുടെ പുസ്തകങ്ങളും ഇഷ്ടപ്പെടുന്ന ഒരു യുവ നിയമ വിദ്യാർഥിയാണ്. 1931ൽ പാരിസിൽവെച്ചാണ് അദ്ദേഹം ടെഡിയെ കണ്ടുമുട്ടുന്നത്. ഹാഫ്നർ പ്രണയത്തിലായിരുന്ന വിയനയിൽനിന്നുള്ള ഗെർട്രൂഡ് ജോസഫ് എന്ന ജൂത സ്ത്രീയിൽനിന്നാണ് ടെഡി എന്ന കഥാപാത്രം ജനിച്ചത്. ഹാഫ്നറും ജോസഫും ജീവിതകാലം മുഴുവൻ ബന്ധം പുലർത്തിയിരുന്നു. ഇവരുടെ മരണത്തിന് ശേഷമാണ് അദ്ദേഹം അവൾക്കെഴുതിയ 20 കത്തുകൾ കണ്ടെത്തിയത്. ചരിത്രം സ്വകാര്യവും വ്യക്തിപരവുമായ കഥകളാൽ നിർമിതമാണെന്ന് ഹാഫ്നർ വിശ്വസിച്ചിരുന്നു. അതിലൊന്നാണ് ‘വേർപാട്.’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.