എവിടെനിന്നാവാം ലക്ഷദ്വീപിലേക്ക് മനുഷ്യരും തെങ്ങിൻ തലപ്പിന്റെ താലവൃന്ദവും വന്നുപെട്ടത്. വിധിയുടെ ഏതോ കൽപനാഭംഗികൾക്ക് ഒടുവിലാവാമത്. പോളിനേഷ്യയിൽനിന്നും ശീതജലപ്രവാഹങ്ങൾ ഒഴുക്കിക്കൊണ്ടുവന്നതായിരിക്കാം ദ്വീപിലേക്കെത്തിയ നാളികേരത്തിന്റെ ആദം പിതാവ്. ഏതോ കപ്പൽച്ചേതത്തിൽപെട്ട മനുഷ്യരിൽ കൈക്കരുത്തും ഇച്ഛാശേഷിയുമുള്ളവർ നീന്തിക്കയറിയതാവാം ഈ തുരുത്തിലെ ആദി മനുഷ്യസാന്നിധ്യം.
കടൽമാലകൾ തീർത്ത ദുർഘടങ്ങൾ ആ മനുഷ്യരെ മീൻപിടിച്ചും കരിക്ക് കുടിച്ചും അവിടെതന്നെ തുടരാൻ നിർബന്ധിച്ചുകാണും. അങ്ങനെയൊരു നാഗരികത ആ തുരുത്തുകളിലും വേരുകൾ പടർത്തി ശതശാഖികൾ വിടർത്തിയതുമാവാം. നാട്ടുമരങ്ങൾ വെട്ടിയുഴിഞ്ഞ് തുഴയും കടലോടങ്ങളുമുണ്ടാക്കി അവർ മാൽമിക്കണക്കുകളുടെ ബൈത്തുകൾ പാടി പുതിയ അക്ഷാംശങ്ങളും തേടി കടൽ സഞ്ചാരം ചെയ്തു തുടങ്ങി.
തെങ്ങിൻ തൈകൾ പതിക്കിട്ടും ചതുപ്പുകളിൽ വരകും തരുണിയും കൃഷി ചെയ്തും ചീരാണിക്കാടുകളിൽ കെണിവെച്ച് കിളികളെ പിടിച്ചും നക്ഷത്രങ്ങളെ സാക്ഷിയാക്കി മീൻവേട്ട ചെയ്തും ആ മനുഷ്യർ ജീവിതം ആഘോഷമാക്കി. ‘ശേരിവാന്റെ ഫൊയ്ബെടി’ ചരിത്രാഖ്യായികയാകുന്നത് ഇങ്ങനെയുള്ള യാഥാർഥ്യങ്ങളുടെ കോറിവെക്കലുകളുള്ളതുകൊണ്ടാവാം.
ആൾത്താമസമുള്ള ദ്വീപുകൾ പത്തെണ്ണമാണ് ലക്ഷദ്വീപുകളിൽ. ഒരോ ദ്വീപിലെയും മനുഷ്യർ അവരുടേതുമാത്രമായ തനത് സംസ്കാരപ്പൊലിവുകൾ വിടത്തിയെടുത്തുവെങ്കിലും ദ്വീപിന് സഹജമായൊരു പൊതു ആവാസവ്യവസ്ഥയുണ്ട്. ദ്വീപുകളിലെ ഉത്ഖനനങ്ങളിൽ കിട്ടിയ സാക്ഷ്യങ്ങൾ അവിടെ മൺമറഞ്ഞ നാഗരികതകളുടെ നിരവധി അടുക്കുകൾ നമുക്കായി നൽകിയിട്ടുണ്ട്. അറക്കൽ ബീബിമാരിൽനിന്നാണ് ദ്വീപാധിപത്യം ഇംഗ്ലീഷുകാർക്ക് സിദ്ധമാകുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ദ്വീപുകൾ കേന്ദ്രഭരണ പ്രദേശങ്ങളായി. അതിനും എത്രയോ പിന്നീടാണ് വ്യവസ്ഥാപിതത്വമുള്ള ഒരു ഭരണകൂടം ദ്വീപുകളിൽ സന്നിഹിതമാകുന്നത്.
ശാന്തമാണ് ആ മനുഷ്യരുടെ സഹജഭാവം. വഴക്കോ വക്കാണങ്ങളോ ഇല്ലാതെ എല്ലാം സ്നേഹാർദ്രമായി പങ്കുവെച്ചും പരസ്പരം ആശ്ലേഷിച്ചും പരിഗണിച്ചും ഒരു കൻമഷങ്ങളുമില്ലാതെ പാരസ്പര്യത്തിന്റെ പരാഗങ്ങൾ വിതറി ജീവിക്കുന്ന ഈ ജനതയുടെ സാമൂഹികതയിലേക്ക് ഇടിവെട്ട് കോരിയെറിഞ്ഞ സംഭവമാണ് 1968ൽ കിൽത്താൻ ദ്വീപിൽ നടന്ന വെടിവെപ്പ്. നേർത്തു നേരിയൊരു കുടുംബപ്രശ്നം വളർന്നു തിടംവെച്ച് വെടിവെപ്പോളം എത്തിയ സംഘർഷമായത് വികസിച്ചു. കിൽത്താൻ ദ്വീപിന്റെ പൊതുജീവിതത്തെയാകെയത് കുഴച്ചുമറിച്ചു കളഞ്ഞു.
സർക്കാർ ഓഫിസിലേക്ക് പരാതി പറയാൻ പോയവർ സമയമേറെ പാർത്തിട്ടും തിരിച്ചുവരാതായപ്പോൾ അവരെ അന്വേഷിച്ചുപോയ ചെറുപ്പക്കാരെ പൊലീസുകാർ സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു. കാര്യമറിയാൻ പിന്നാലെ പോയവർ പൊലീസ് സ്റ്റേഷനു ചുറ്റും കൗതുകപൂർവം വട്ടം കൂടിയപ്പോൾ സ്റ്റേഷൻ അക്രമിക്കാൻ വന്ന ആൾക്കൂട്ടമായവരെ പ്രതിചേർത്ത് പൊലീസുകാർ വെടിവെക്കുന്നു. തുടർന്ന്, കൂട്ട അറസ്റ്റ്. ഇതിൽ 13 കാരനായ ഒരു കുമാരൻവരെ ഉൾപ്പെടുന്നു. കാലമേറെ കഴിഞ്ഞ് ഈ കുമാരൻ യൗവനവും മധ്യവയസ്സും പിന്നിട്ട് ജീവിതസായാഹ്നത്തിലെത്തി. താൻ ബാല്യത്തിൽ സാക്ഷിയായ ആ ദുരന്തകഥ വാർധക്യത്തിൽ അദ്ദേഹം ഓർമിച്ചഴുതുന്നു. അതാണ് ‘ശേരിവാന്റെ ഫൊയ്ബെടി’ എന്ന പുസ്തകം.
എഴുത്തുകാരനായ എൻ. സൈദ് മുഹമ്മദ് കോയ ജനിക്കുന്നത് 1956ൽ. കിൽത്താനിലെ ഈ കിരാതമായ നരനായാട്ട് സംഭവിക്കുന്നത് 1968ൽ. വെടിവെപ്പ് കാലത്ത് ഇദ്ദേഹത്തിന് വയസ്സ് പന്ത്രണ്ട് മാത്രം. പഠിപ്പും പാസ്സും നേടി സൈദ് മുഹമ്മദ് കോയ സർക്കാർ ജോലി നേടി. പതിയെ സൈദ് മുഹമ്മദ് കോയ നെടുംതിരുവൻ എന്ന തൂലികാനാമത്തിൽ എഴുത്തുകാരനായി.
തന്റെ സഹോദരങ്ങളും ബന്ധുക്കളുമൊക്കെയും പ്രതികളായ സംഘർഷ കാലം ഓർമകളിലൂടെ നെടുംതിരുവൻ പുസ്തകത്തിൽ ആവിഷ്കരിക്കാൻ ശ്രമിക്കുകയാണ്. പുസ്തകത്തിലൂടെ ലക്ഷദ്വീപിന്റെ സൂക്ഷമചരിത്രവും വർത്തമാനങ്ങളുമാണ് നെടുംതിരുവൻ പറഞ്ഞു തീർക്കുന്നത്. ഇതിൽ ദ്വീപിന്റെ സംസ്കാരവും രാഷ്ട്രീയവും അതിന്റെ വികാസ പരിണാമങ്ങളുമുണ്ട്. ദ്വീപിലെ മതവും പൗരോഹിത്യവുമുണ്ട്. അവരുടെ ഭാഷയും ഭാഷാവഴക്കങ്ങളുമുണ്ട്. അവിടത്തെ മനുഷ്യരുടെ സ്നേഹവും ഉദാരതയുമുണ്ട്. കണ്ണീരുപ്പും മധുരവുമുണ്ട്. മീൻപിടിത്തത്തിന്റെ കൗതുകങ്ങളുണ്ട്. കപ്പലോട്ടത്തിന്റെ പെരുമകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.