മറവിരോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരനും മുൻ സാഹിത്യ അക്കാദമി ചെയർമാനുമായ കെ.സച്ചിദാനന്ദൻ. ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ കുറിപ്പിലൂടെയാണ് താൻ പൊതുപരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചത്.
എൺപത് വയസ്സാകുന്ന പശ്ചാത്തലത്തിൽ അനാരോഗ്യം മൂലം സ്വയം ചില നിബന്ധനകൾ വെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അനിവാര്യമല്ലാത്ത യാത്രകളും മാസത്തിൽ ഒന്നിൽക്കൂടുതൽ പ്രസംഗങ്ങളും ഇനി ഉണ്ടാകില്ല. പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നും പുസ്തകങ്ങൾക്ക് ബ്ലർബും അവതാരികയും എഴുതുന്നത് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. "പുസ്തകം കൈയിൽ തരികയോ അയക്കുകയോ ചെയ്ത് അഭിപ്രായം ദയവായി ചോദിക്കരുത്. ഇനി അത്യാവശ്യമുള്ളത് വായിക്കാൻ മാത്രമേ സമയമുള്ളൂ. സ്ഥാപനങ്ങളുടെ ഒന്നും ഉത്തരവാദിത്തം എടുക്കാൻ വയ്യ. ഒമ്പത് ജോലികൾ ചെയ്തു, മാപ്പ്," - സച്ചിദാനന്ദൻ കുറിച്ചു.
പ്രസംഗങ്ങളെക്കുറിച്ചുള്ള തന്റെ ശക്തമായ നിലപാടും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ലെന്നും, അത് സമയം പാഴാക്കുന്ന ഒരു പരിപാടി മാത്രമാണെന്ന് 60 വർഷത്തെ അനുഭവം ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവൻ നിലനിർത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിലും, കാലാവധി തീരും വരെ സാഹിത്യ അക്കാദമിയുടെ ചില ഔദ്യോഗിക പരിപാടികളിലും മാത്രമേ ഇനി പങ്കെടുക്കൂ. അതിനാൽ ദയവായി പൊതുയോഗങ്ങളിലേക്ക് തന്നെ വിളിക്കരുതെന്നും വന്നില്ലെങ്കിൽ പരിഭവിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഏഴു വർഷം മുമ്പ് താൽക്കാലിക മറവിരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നതായും നിലവിൽ അതിന്റെ ചികിത്സയിലാണെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. കാൽ മരവിപ്പ്, കൈവിറയൽ, സംസാരിക്കാൻ ബുദ്ധിമുട്ട്, ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അല്പനേരത്തേക്ക് അനുഭവപ്പെടുന്നുണ്ട്. "ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാൻ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം," എന്ന ആശങ്ക പങ്കുവെച്ചാണ് സച്ചിദാനന്ദൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.