ആകാശങ്ങളിൽ വസന്തമാവുന്ന പെണ്ണുങ്ങൾ
ഐഷുഹഷ്നയുടെ സ്ത്രീപക്ഷകവിതകൾ സ്വത്വസൗന്ദര്യത്തിൻെറ അടിയൊഴുക്കാണ് ആവിഷ്‍കരിക്കുന്നത്. പറയാനുള്ളതൊക്കെയും പറഞ്ഞിട്ടേ പോവൂ എന്ന പ്രതിജ്ഞകളാണ് അതിൽ പൂക്കുന്നത്. പഴയലോകം പൊട്ടിപ്പിളരുമ്പോൾ മന്ദഹസിക്കുന്ന മഴവില്ലുകൾകൊണ്ട് കവിതകളുടെ ആകാശങ്ങൾ നിറയുന്നു. വൈജ്ഞാനിക വളർച്ചയും പ്രബുദ്ധതയും സമരോത്സുകതയും ഐഷു കവിതകളുടെ സ്രോതസ്സാവുന്നു. കുട്ടിയെ ഉറക്കിയ ‘ഉന്തുന്തു’കളല്ല, ഉണർത്തുന്ന എന്തെന്ത്, എന്തെന്ത്കളാണ്, ജീവിതത്തെ ഭൂമിയോട് ചേർക്കുന്നത്.
മൺമണവും മൺകരുത്തും മണ്ണടുപ്പവും ‘മൺവീറും’ കവിതകളിൽ കനകക്കൊതികളുടെയും കാമക്രൂരതകളുടെയും കാറ്റൊഴിച്ചു വിടുന്ന വിമോചന പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. പണം കായ്ക്കുന്ന വൻമരങ്ങൾക്ക് മുകളിൽ നീതിയുടെ പരുന്ത് പറക്കുകയാണ്. പഴമൊഴികളിലെ കള്ളങ്ങളാണ് അതോടെ വെളിച്ചത്താവുന്നത്. ‘നീയൊക്കെ എന്നെപ്പറ്റി നിനച്ചുവെച്ചത് എന്തൊക്കെ വങ്കത്തരങ്ങളാണെന്ന്’ ചോദിച്ചുകൊണ്ട് പണത്തിനും മുകളിൽ ഉയർന്നു പറക്കുന്ന ആദർശത്തിൻെറ ആ പരുന്ത് താഴെ അന്ധാളിച്ചു നോക്കുന്ന മനുഷ്യരെ നോക്കി പൊട്ടിച്ചിരിക്കുന്നു. ഐഷു ഹഷ്നയുടെ കണ്ണീരിൽ കുതിർന്ന കവിതകളിൽ നീറുന്നത്, ആൺകോയ്മയിൽ സുഷിരങ്ങൾ വീഴ്ത്തും വിധമുള്ള ‘കുപ്പിക്കണ്ടം ചിരികളാണ്!’
ഐഷു ഹഷ്ന
മലയാള കവിതകളിലേക്ക് പുതിയ സാമൂഹികവിഭാഗങ്ങൾ കടന്നുവരികയാണ്. പഴയ ഭാഷാപ്രയോഗങ്ങളും മിത്തുകളും രൂപകങ്ങളും വിലക്കുകൾ വലിച്ചെറിയുകയാണ്. നിയമ കുരുക്കുകൾ തകർത്ത് മുന്നേറുന്നവരുടെ താക്കീതുകളും, തകർച്ചകളും കവിതയിൽ നിറയുകയാണ്. ‘പോ’ എന്ന ആക്രോശങ്ങൾക്കൊപ്പം, ‘വാ’ എന്ന ആശ്ലേഷങ്ങളും അതിൽ പരസ്പരം കാണുകയാണ്. എന്തും പറഞ്ഞോ, നീതിയിൽ മാത്രം തൊട്ടുകളിക്കരുത് എന്ന അന്ത്യശാസനം ഇടിനാദം കണക്ക് അതിൽ മുഴങ്ങുകയാണ്.
‘ഭാരതഭാഗ്യവിധാത’ പോലുള്ളൊരു കാവ്യതലക്കെട്ടിൽ വ്യാജ ദേശീയതകളുടെ കാവ്യ വിമർശമാണ് തുരങ്കവഴികൾ തിരക്കുന്നത്. മുഷ്ടി ഉയർത്താൻ പോലുമാവാത്ത കഷ്ടങ്ങൾ വരക്കുന്ന കളർപെൻസിലുകളാണ് അതിൽനിന്നും വരച്ചിട്ടും വരച്ചുതീരാനാവാതെ വിതുമ്പുന്നത്. തെരുവിൽ ദേശീയപതാക വിൽക്കുന്ന പെൺകുട്ടിയും, അതേ ദേശീയപതാക അഭിമാനത്തോടെ എടുത്തണിഞ്ഞ് നടക്കുന്ന പെൺകുട്ടിയുമാണ്, ‘ഒരാളിൽ സ്വപ്നത്തിലെന്നപോലെ’ ഒന്നിക്കുകയും പിന്നെ സത്യത്തിലെന്നപോലെ വേദനയോടെ വേർപിരിയുകയും ചെയ്യുന്നത്. ആരുമില്ലാത്തവർക്ക് തെരുവ് ശരണം, എച്ചിൽ മോക്ഷം. പക്ഷേ, അവർക്കുമുണ്ട് സ്വപ്നങ്ങൾ. വ്യാജദേശീയതയുടെ ചവിട്ടേറ്റ് ചതഞ്ഞ ആ സ്വപ്നമാണ് കലങ്ങിയ ‘കളറി’ൽ സർക്കാർ ചുമരിൽ അവൾ വരച്ചത്. ‘ഭാഗ്യവിധാത’ എന്ന കവിത സമരനോട്ടീസ് മുൻകൂറായി നൽകാതെ നിർവഹിച്ചൊരു സമരമാണ്! ചിത്രത്തിലെ കുട്ടിക്ക് യൂനിഫോമുണ്ട്. തിളങ്ങുന്ന കണ്ണുകളുണ്ട്. ജീവിക്കുന്ന കുട്ടിക്ക് ഇതൊന്നുമില്ല.
വിപണി വിഴുങ്ങിയ കൊച്ചുങ്ങൾ! “കുട്ടികളും ടീച്ചറും/ അറ്റൻഷനായി നിൽക്കുമ്പോൾ/ ചിത്രത്തിലെ കുട്ടി/പൊട്ടിക്കരഞ്ഞുകൊണ്ടോടുകയായിരുന്നു”. ആ ഓട്ടത്തിൽനിന്നുമവളെ തടയാൻ ഒരു ദേശീയഗാനത്തിനുമാവില്ല! അറ്റൻഷനായി നിൽക്കാനാവാത്തവിധം അവൾ തളരുകയും കാലുകൾ കുഴഞ്ഞുപോവുകയും ചെയ്തിരുന്നു. എന്നിട്ടുമവൾ ഓടിയതെങ്ങനെ എന്നാവും! ഓടിയതല്ല, ജീവിതം ഓടിപ്പിച്ചതാണ്. ജീവിതം ഓടിച്ചവരുടെ കവിതകളാണ് ഏറെ ശ്രദ്ധ അർഹിക്കുന്ന കവി ഐഷുഹഷ്നയുടെ ‘തള്ളക്ക് പിറന്നോൾ’ എന്ന കാവ്യസമാഹാരത്തിൽ നിന്നും കയർക്കുന്നത്.
കൊച്ചി മെട്രോയുടെ അടിഭാഗമാണ് ‘ഭാഗ്യവിധാതാവ്’ എന്ന കവിതയിലെ കുട്ടിയുടെ വീട്. 401ാം നമ്പർ തൂണ് ചുമരും. വഴിയിൽ ആരോ വലിച്ചെറിഞ്ഞ കളർപെൻസിൽകൊണ്ടവൾ വരച്ചത്, ഇപ്പോഴില്ലാത്ത എന്നാൽ അവൾ ആവേണ്ടിയിരുന്ന അവളെയാണ്. മാരകസത്യവും മാദകസ്വപ്നവും തമ്മിൽ ഒരു സർറിയലിസ്റ്റ് അഭിമുഖം. ചിത്രത്തിലവൾ വരച്ച പെൺകുട്ടിക്ക് കണ്ണിൽ തിളക്കവും സ്കൂൾ യൂനിഫോമും! പക്ഷേ സത്യത്തിൽ അതൊരു മിഥ്യയായിരുന്നു. അവളെ അതുകൊണ്ടവർ ഗേറ്റിനു പുറത്തേക്ക് മാറ്റി നിർത്തി. സ്വപ്നത്തിനകത്തൊരു വമ്പൻ അട്ടിമറി! ചിത്രത്തിൽ ആദ്യം ചിരിച്ച കുട്ടി പിന്നെ കരഞ്ഞുകൊണ്ട്, തെരുവിൽ ദേശീയപതാക വിൽക്കുന്ന പെൺകുട്ടിയുടെ അടുത്തെത്തി. ചെവിയിൽ പറഞ്ഞു, ‘ഭാരതഭാഗ്യവിധാതാ’. ചിത്രത്തിൽനിന്ന് ഇറങ്ങിയോടി സ്കൂളിൽ എത്തുകയും പിന്നീടവിടെ നിന്നും ഇറക്കിവിട്ട ചിത്രത്തിലെ പെൺകുട്ടി പതുക്കെ ചുമരിലേക്ക് കയറി! ‘അപ്പോളവളുടെ കൈയിൽ/ കളർപെൻസിലുണ്ടായിരുന്നില്ല/ കണ്ണുകളിൽ/ദേശീയപതാക വിൽക്കുന്ന/ കുട്ടിയുടെ നിസ്സംഗതയായിരുന്നു’.
‘ഭാരതഭാഗ്യവിധാതാ’ എന്ന കവിതയിൽ സംഭവിച്ചത് സ്വപ്നവും സ്വപ്നത്തിൻെറ അന്ത്യവുമാണ്. സ്വപ്നം കാണാൻ പോലുമുള്ള അവകാശമാണ്, ദേശീയത ചവച്ചുതുപ്പിയ തെരുവുകൾക്ക് നഷ്ടമാവുന്നത്. ‘കഥയും കടങ്കഥയും ഇല്ലാതായപ്പോ/ഒളിക്കാനൊരിടം കിട്ടാതായി’ എന്ന ‘ഉമ്മാടെ കഥയും കടങ്കഥയും’ എന്ന കവിതയും ‘ഭാഗ്യവിധാതാ’ കവിതപോലെ ‘മാജിക്കൽ റിയലിസത്തോട്’ ചേർന്നൊരു വഴിയാണ് വെട്ടുന്നത്. ഉപേക്ഷിക്കപ്പെട്ട സ്ത്രീകളാണ്, ഐഷുഹഷ്നയുടെ കാവ്യജീവിതത്തിൻെറ ഊർജസ്രോതസ്സ്. പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുമ്പോഴും കേന്ദ്രത്തിൽ കൊടിനാട്ടാൻ ഒരുമ്പെട്ടിറങ്ങിയവരുടെ വീര്യമാണതിൽ ത്രസിക്കുന്നത്. ശിഥിലമാവുന്ന സ്വപ്നങ്ങളും ആത്മഹത്യകളും കാമപേക്കൂത്തുകളും, ക്രൂരമായ വിവേചനങ്ങളും കൂടിക്കുഴഞ്ഞും കെട്ടിമറിഞ്ഞും ‘തള്ളക്ക് പിറന്നോൾ’ എന്ന മലയാളത്തിലെ ഏതർഥത്തിലും ശ്രദ്ധ ആവശ്യപ്പെടുന്ന കാവ്യസമാഹാരത്തിൽ കടന്നുവരുന്നത്, ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമപ്പുറം ഉള്ളുരുക്കുന്ന നോവുകളുമായാണ്. ‘സ്വപ്നങ്ങളെ നഷ്ടപ്പെടാതിരിക്കാൻ, കണ്ണുകൾ ഇറുക്കിയടക്കുന്നവരുടെ’ കാണാതെ പോവുന്ന കണ്ണീരാണ് ഐഷുഹഷ്ന സ്വന്തം കവിതകളിൽ കണ്ടെടുക്കുന്നത്.
മതനിരാസത്തിനും ‘പുരുഷഭക്തി’ക്കും അപ്പുറമുള്ള അഗാധ മനുഷ്യബന്ധങ്ങളെയാണ് ‘ഇദ്ദ’ എന്ന കവിത തിരക്കുന്നത്. അക്ഷരവായനയിലവസാനിക്കുന്ന മതശാസനകൾക്കാണ് ‘ഇദ്ദ’ എന്ന കവിത കണ്ണീരുകൊണ്ട് തടയിടുന്നത്. ‘ഖുർആൻ അടച്ചുവെച്ചു/തസ്ബി തളർന്നുകിടന്നു/ അല്ലാഹുവോട് വഴക്കിട്ടു/നിങ്ങളെയോർത്ത് കരഞ്ഞു/ഇരുട്ടുമുറിയിൽനിന്ന്/എന്നോടൊപ്പംകൂടി/ഇരുട്ട് വെളിച്ചത്തിലും കൂടെയുണ്ട്...’ ഇദ്ദയെ ഒരു വിധവയുടെ വിലാപം എന്നു വിളിച്ചാൽ മതിയാവില്ല.
‘പേൻകൊല്ലുന്ന പെണ്ണുങ്ങൾ’ ഒരു സമരമുന്നണിയുടെ രഹസ്യകോഡാണ്. അവർ പേനുകളെയല്ല, കാമകോമരങ്ങളെയാണ് കൊന്നു തള്ളുന്നത്! ‘ഇടമില്ലാത്തവർ’ എന്ന കവിതയിൽനിന്നും ഇടിനാദം കണക്ക് മുഴങ്ങുന്നത്, ‘നമുക്കെന്ത് സൂര്യൻ?
നമുക്കെന്ത് ചന്ദ്രൻ? നമുക്കെന്ത് ആകാശം?
എന്ത്? എന്ത്? എന്ത്?....’ എന്ന തീയാളും ചോദ്യമാണ്. ചോദ്യങ്ങളേയല്ലാത്ത അവതരണങ്ങളിലും ആളുന്നത് വേഷം മാറിയെത്തിയ അതേ ചോദ്യങ്ങളുടെ ചൂടാണ്. ‘അടുക്കള വാതിലിലൂടെ കടൽ കാണാൻപോകുന്ന പെണ്ണുങ്ങൾ’ ‘വട്ടി’ൻെറ വിശുദ്ധിയേയാണ്, അതിൽ തെളിയുന്ന സ്വാതന്ത്ര്യത്തിൻെറ വെളിച്ചത്തെയാണ് ഉള്ളിൽ കൊളുത്തുന്നത്. എല്ലാ ഭ്രാന്തും വെറും ഭ്രാന്തല്ലെന്ന ഉൾക്കിടിലമുണർത്തുന്ന, പൊള്ളലാണ് കവിത പങ്കുവെക്കുന്നത്. “കടൽകാണാൻ പോയപ്പോ കൈയിലെടുത്ത വെളിച്ചത്തെ അമ്മായി തൂവിയത് അടുക്കളയിലാണ്”. എത്ര വെളിച്ചത്തിലാവുമ്പോഴും ഇരുട്ടത്തിരിക്കുന്ന അടുക്കളയും അപ്പോൾ വിരണ്ടുപോയിരിക്കണം. ഐഷുഹഷ്നയുടെ കവിതയിലെ ‘ഭ്രാന്ത്’, ഗാർഹികവത്കരണ പ്രത്യയശാസ്ത്രത്തിനുനേരെ തിരിച്ചുപിടിച്ച തോക്കാണ്. വാർപ്പു മാതൃകകളിൽനിന്നും പുറത്തുകടക്കാൻ കുതറുന്ന ‘പ്രണയപലമ’കൾ, ‘തള്ളക്ക് പിറന്നോൾ’ എന്ന കാവ്യസമാഹാരത്തിൻെറ കരുത്തും കാന്തിയുമാണ് ഒട്ടുമേ പരത്താതെ പകുക്കുന്നത്.
‘ശാന്തേ’ എന്നൊരൊറ്റ സംബോധനയിലാണ്, ‘ശാന്ത’ എന്ന കടമ്മനിട്ടയുടെ കവിത എഴുത്തിൻെറ പതിവുകൾ പൊളിച്ചത്. ഐഷുഹഷ്നയുടെ, ‘അർബുദം’ എന്ന കവിത ആരംഭിക്കുന്നത്, ‘പാത്ത്വോ....’എന്നൊരൊറ്റ വിളിയിലൂടെയാണ്. ഏറക്കുറെ എല്ലാ കവിതകളും അനാഡംബരവും അതേസമയം ആൺകോയ്മാ വ്യവസ്ഥകളെ അസ്വസ്ഥമാക്കുംവിധം അഗാധവുമാണ്. അധികാരം നാനാ പ്രകാരേണ ജീവിതങ്ങൾക്ക് അതിരിടുമ്പോൾ, കവിത ആ അധികാരത്തെ പുറന്തള്ളുന്നതിലാണ് പുളകം കൊള്ളുന്നത്. ‘അധികാരം മലിനമാവുമ്പോൾ കവിത ശുദ്ധീകരിക്കുന്നു’ എന്നു പറയുന്നത് അതുകൊണ്ടാണ്. ‘അധികാരം കരകവിഞ്ഞാൽ ദാഹം ശമിപ്പിക്കേണ്ടത് ജീവൻ നശിപ്പിക്കും’ എന്ന് കെ.ജി.എസ്. ‘അയാളെഴുതിയ ഔദ്യോഗിക രേഖകൾപോലും പ്രേമത്തെപ്പറ്റിയാണെന്ന് തോന്നിപ്പിച്ചു.
ബില്ലുകൾ എഴുതുമ്പോൾപോലും അയാളുടെ ഭാഷ താളാത്മകമായി. ചട്ടപ്രകാരമുള്ള ബിസിനസ് കത്തുകൾക്കുപോലും ഒരു കാവ്യാത്മകഭാവം വന്നുചേർന്നതിനാൽ അവയിലെ അധികാരധ്വനികളൊക്കെയും ചോർന്നുപോയി.’(മാർക്വേസ്). ‘കരയിൽ ജീവിക്കുന്ന, ആകാശങ്ങളിലേക്ക് ചിറകു വിടർത്തി പറക്കാൻ കാത്തുനിൽക്കുന്ന, ഒരു കടൽജീവിയുടെ ഡയറിക്കുറിപ്പുകളാണ് കവിതയെന്ന് സാൻഡ്ബർഗ്’. ഐഷുഹഷ്നയുടെ കവിതകളും, ജീവിതത്തിലേക്ക് ആഴത്തിൽ വേരിറക്കിയ മറ്റെല്ലാ കവിതകളെപ്പോലെയും ജനവിരുദ്ധ അധികാരങ്ങളെ മുരടോടെ പൊരിച്ചെടുക്കാനുള്ളൊരു സമരമാണ്. സ്മരണകളും സ്വപ്നങ്ങളും കൊണ്ടത് സാന്ദ്രമാണ്. സ്ത്രീജീവിതത്തിൻെറ സമീപവിദൂര സൂക്ഷ്മ ദൃശ്യങ്ങളുടെ ചോര കിനിയുന്ന നടുമുറികൾ എന്ന നിലയിലാണ് ‘തള്ളക്ക് പിറന്നോൾ’ എന്ന കാവ്യ സമാഹാരം ശ്രദ്ധേയമാവുന്നത്. തന്തകേന്ദ്രിത കാഴ്ചപ്പാടുകളെയാണത് അടപടലം പിടിച്ചു കുലുക്കുന്നത്. ആണധികാരത്തിൻെറ കുടുസ്സ് ലോകത്തുനിന്നും അതന്വേഷിക്കുന്നത്, മനുഷ്യസൗഹൃദത്തിൻെറ വിസ്തൃത ആകാശങ്ങളാണ്. ലിംഗവിവേചനങ്ങൾക്കെതിരെ മുമ്പേ ഉയർന്നുകഴിഞ്ഞ ആശയങ്ങളും, ഇരവത്കരണത്തിൻെറ സംഘർഷങ്ങളും, മാപ്പർഹിക്കാത്ത ഇരട്ടത്താപ്പുകൾക്കെതിരെയുള്ള കുതറലുകളും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രത്യാശകളും, സങ്കുചിതത്വങ്ങൾക്കപ്പുറം വളർന്ന സൗഹൃദങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും കണ്ടുമുട്ടുന്ന ജീവിതാനുഭവങ്ങളാണ് ഐഷുഹഷ്നയുടെ കവിതകളിൽ കലമ്പുന്നത്.
‘ലോകം വളരെ മോശമാണ്. പക്ഷേ, നാം നമുക്കാവുംവിധം നല്ലതുചെയ്തില്ലെങ്കിൽ ഈ ലോകം ഇതിലേറെ മോശമായിത്തീരും’ എന്നൊരവസ്ഥയോടാണ് ‘തള്ളക്ക് പിറന്നോൾ’ കാവ്യസമാഹാരത്തിലെ കവിതകളൊക്കെയും എതിരിടുന്നത്. കവിതയിലെ ‘തള്ള’ പലപ്രകാരേണ ജീവിതത്തിൽനിന്നും തള്ളിമാറ്റപ്പെട്ട, ഏറെ പരിക്കേറ്റിട്ടും പിറകോട്ട് പോവാത്ത കദീശുമ്മയാണ്. ആകെയുള്ള ഒരു മോളുടെ ചെവിയിൽ ആരുമില്ലാതായിട്ടും, പുറത്തെ അലർച്ചകൾക്കും പാളിനോട്ടങ്ങൾക്കും പലിശക്കാരൻെറ അളിഞ്ഞ ചിരിക്കുമിടയിലും അവർക്ക് പറയാനുള്ളത് ഒരൊറ്റ കാര്യം. ‘നീ കദീശ്ശൂൻെറ മോളാ, മോള് പേടിക്കാമ്പാടില്ല....’. പലതരം പേടികൾക്കെതിരെയുള്ള പ്രതിരോധത്തിൻെറ പ്രതീകമായ ‘കദീശ്ശുമ്മ’, സ്മരണകൾ നഷ്ടമാവാത്ത ജീവിത സത്യത്തിൻെറ കരുത്താണ്. അവർ തീയിൽ വളർന്നവർ, അതുകൊണ്ടുതന്നെ വിജയത്തിൻെറയെന്നപോലെ വീഴ്ചകളുടെയും തത്ത്വമവർക്ക് തിരിച്ചറിയാനാവും. വിണ്ടുകീറിയ ജീവിത്തിൻെറ വിങ്ങലവർക്ക് വിവരണമൊന്നുമില്ലാതെ മനസ്സിൽ നിറയും. ‘ഓൾ പെഴച്ചാലും കദീശ്ശൂൻെറ മോള് തന്നെയാ, ഉമ്മ നെഞ്ചില് തട്ടി പറഞ്ഞത്’ എന്നൊരൊറ്റ കാവ്യപ്രയോഗംമതി ആ ഉമ്മയും മകളും തമ്മിലുള്ള കണ്ണീർ ആശ്ലേഷത്തിന് തിളക്കമേറാൻ!
വട്ടിലും, വട്ടുപിടിപ്പിക്കുന്ന കവിതയിൽ കടന്നുവരുന്ന പൊട്ടിച്ചിരികളിലും, പറയുന്നതിനിടയിലെ പറയാത്ത വാക്കുകളിലും, വിവർത്തന വിധേയമാവാത്ത നിശ്ശബ്ദതകളിലും, എത്ര വീഴ്ത്തപ്പെട്ടാലും, പിന്നെയും എഴുന്നേൽക്കാനുള്ള ജീവിതത്തിൻെറ കരുത്താണ് മുന്നേറുന്നത്. ‘മനുഷ്യത്വം’ ആഘോഷിക്കുന്നൊരു നിലപാടുണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും നേരിടാനാവുമെന്ന, പറയപ്പെടാത്തൊരു പ്രഖ്യാപനമാണ് ‘തള്ളക്ക് പിറന്നോളിൽ’ പ്രകാശം ചൊരിയുന്നത്. ‘He who has a why to live for, can bear almost any how’ എന്ന് നിഷേ. എന്തിന് ജീവിക്കണം എന്നതിന് ഉത്തരമുള്ളവർക്ക്, ഏതവസ്ഥകളെയും, ‘എങ്ങനെകളെയും’ അഭിമുഖീകരിക്കാൻ കഴിയും! ‘കുറ്റിയിൽ കെട്ടിയിട്ട മാടുകൾ’ ആയി ജീവിക്കേണ്ടി വരുമ്പോഴും ‘എന്തിന്’ എന്ന ചോദ്യമവരെ ചിത്രശലഭങ്ങളാക്കും. ‘നിനക്കിവിടെ എന്താണൊരു കുറവ്’ എന്ന ആ ശരിക്കുള്ള ‘കുറവിനെ’ കൊട്ടയിലിട്ട് മൂടുന്ന അധികാര കൽപനകളെയാണ്, ആരോ തങ്ങൾക്കുമേൽ കെട്ടിവെച്ച പാകമാവാത്ത ഉടുപ്പുകൾ ഊരിയെറിഞ്ഞ്, സ്വന്തം ഉടുപ്പ് അവർ തുന്നുന്നത്.
‘ഉടുപ്പ് തുന്നുന്ന പെണ്ണുങ്ങൾ’ അരിഞ്ഞ് കറിവെക്കുന്നത്, ‘ഇവളുമാർ നന്നാവില്ല, ലോകം ചൊവ്വാകില്ല’ എന്ന ആണധികാരത്തിൻെറ പ്രാക്കിനെയാണ്. ‘....
പാകമായ ഉടുപ്പിടുമ്പോൾ
കുഞ്ഞമ്മക്ക് രണ്ട് ചിറക് മുളയ്ക്കും
മരുമകൾ ഒളിഞ്ഞുനോക്കും
ചിരിച്ചു ചിരിച്ചു അവർ രണ്ടു
ചിത്രശലഭങ്ങളായി
ഒരുമിച്ചു വീണ്ടും വീണ്ടും
ആകാശത്തേക്ക് പറന്നു
പാകമായ ഉടുപ്പ് തുന്നിയ
പെണ്ണുങ്ങൾ ചിത്രശലഭങ്ങളായി
പിറേക പറന്നു
ഒരു പറ്റം ചിത്രശലഭങ്ങൾ
ആകാശത്ത്
വസന്തം തീർത്തു’.
പലവഴികൾ അറിയുമ്പോഴും ‘വായനശാലയിലേക്കുള്ള വഴി’ മാത്രം അറിയാത്തവരുടെ സംഖ്യ വർധിക്കുന്നൊരു ‘അസ്വതന്ത്ര സമയ’മാണ് നമുക്കിടയിൽ വളരുന്നത്. സമയം ധനമാവുമ്പോൾ വായന ‘വേസ്റ്റാവും’! എന്നാൽ, വായനശാലയിലേക്ക് വഴി അറിഞ്ഞിട്ടും അവിടെ എത്താൻ അതിയായി ആഗ്രഹിച്ചിട്ടും അവിടെ എത്താൻ കഴിയാതെ പോവുന്നവരുണ്ട്. ‘വായനശാലയിലേക്കുള്ള വഴി’യെന്ന കവിത അവരെക്കുറിച്ചാണ്! ആങ്ങളക്ക് വായനശാല എത്രയോ അടുത്ത്. അതേ വായനശാല പെങ്ങളിൽനിന്ന് എത്രയോ കാതം അകലെ! ദൂരമളക്കുന്നതിനും മറ്റെന്തിലുമെന്നപോലെ രണ്ടളവ് കോലുകൾ!
‘വസ്ത്രം’ എന്ന കവിത ‘വസ്ത്രങ്ങളുടെ ഭാരമില്ലാത്ത’ യാത്രകളെ കൊത്തുന്ന സർപ്പഭയത്തിൻെറ ഒരസാധാരണ രൂപകമാണ്. സ്വാതന്ത്ര്യത്തെ സ്വാർഥകാമങ്ങൾ തടവിലിടുന്നതിൻെറ മറുപുറമാണ് ‘വസ്ത്രം’ കവിതയിൽ തെളിയുന്നത്. സൗഹൃദങ്ങളിലേക്കുപോലും ഇഴഞ്ഞെത്തുന്ന വിഷസർപ്പങ്ങളുടെ നഗ്നത കൂടിയാണ്, ‘വസ്ത്രം’ ദൃശ്യപ്പെടുത്തുന്നത്.
‘കാൽപാദങ്ങളിലൂടെ ഇഴഞ്ഞു
മനോഹരമായ അരക്കെട്ടിൽ ചുറ്റിവരിഞ്ഞ്
ചുറ്റിച്ചുറ്റി മാറിടം പൊതിഞ്ഞു
പിന്നേയും ചുറ്റി
കഴുത്തിലേക്ക് കയറി
മുഖമൊഴികെ
എന്നെ മുഴുവനും മൂടുന്നു’.
മുഖംമൂടി പർദയേക്കാളും നിർദയമാവുമോ, ‘മുഖമൊഴികെ’ മറ്റെല്ലാം മൂടുന്ന സർപ്പവസ്ത്രം? ‘റാഹിലയുടെ പേറ്’ എന്ന കവിതയും ഒരു പിടച്ചിലോടെ പങ്കുവെക്കുന്നത് മറ്റൊരുതരം ‘സർപ്പഭീതി’യാണ്. ഏറക്കുറെ ‘ശരീരകേന്ദ്രത്തിൽ’ സ്ഥിതി ചെയ്യുന്ന ‘ഉൽപാദന ആനന്ദോപകരണം’ ശരീരം മുഴുവൻ ഇടം പിടിക്കുന്നതോടെയാണ് മനുഷ്യർ കാമമാത്ര ജന്തുക്കളാകുന്നത്. ‘പെറാനുള്ള പലകപ്പുറത്തായാലും/പുത്യാപ്ല കൊതിച്ചാ/കിടന്നുകൊടുക്കണമെന്ന മൊയ് ല്യാരുടെ/വഅള് കേട്ടപ്പോ മുതലാണ്/ പത്തും തികഞ്ഞ് പെറാൻ നിക്കുന്ന/റാഹിലക്ക് ബേജാറ് തുടങ്ങിയത്....’
ഐഷുഹഷ്നയുടെ കവിതകളിൽ ആവർത്തിക്കുന്നത് മതത്തിൻെറ മറവിൽ മറഞ്ഞുനിന്ന് പത്തിവിടർത്തുന്ന മതയാഥാസ്ഥിതികത്വത്തിൻെറ ‘മതവിരുദ്ധം’ കൂടിയായ നിലപാടുകൾക്കെതിരെയുള്ള രോഷാഗ്നിയാണ്. ആണധികാരത്തിൻെറ ഭാരമില്ലാത്ത ‘മനുഷ്യരെ’യാണ്, കാമപ്പേക്കൂത്തുകൾക്കുള്ള ഉരുപ്പടികളാക്കി സ്ത്രീകളെ ഒതുക്കുന്ന കാഴ്ചപ്പാടുകളെയാണ്, ആത്മബോധമുയർത്തിപ്പിടിച്ച് കവിതകൾ കൈയൊഴിക്കുന്നത്. ഐഷുഹഷ്നയുടെ കവിതകൾ തേടുന്നത്, ‘വയറുവേദനിച്ചു കിടക്കുമ്പോൾ/ഭാര്യയുടെ തീണ്ടാരിത്തുണി/മാറ്റിത്തരാനും മടിയില്ലാത്ത ഒരുത്തനെ’യാണ്. ആ കവിതകൾ കൊതിക്കുന്നത്, ‘എന്നോട് ശൃംഗരിക്കാൻ/നേരമില്ലെങ്കിലും ഒരുമ്മ എറിഞ്ഞ്/ അടുക്കളയിലേക്ക് ഓടുന്ന/ഒരുത്തനെ’യാണ്. ആണിൻെറയെന്നപോലെ പെണ്ണിൻെറയും പുനർനിർമിതിയുടെ അനിവാര്യതയിലാണ് കവിതകൾ നിർവൃതപ്പെടുന്നത്.
പലതരം ഗന്ധങ്ങൾ, പലതരം ദൃശ്യങ്ങൾ, പലതരം അവസ്ഥകൾ, അവക്കെല്ലാമിടയിൽ നിന്നാണ്, ‘ഹ ഹ ഹ മണമുള്ള’ ഒരു വീടുണ്ടാവുന്നത്. സാധാരണ വികാരവിക്ഷോഭത്തിൻെറ ഭാഗമായി കടന്നുവരുന്ന ‘ഹ ഹ ഹ’ക്ക് ഇതുപോലൊരു രൂപമാറ്റം അസാധാരണമാണ്. ഐച്ചുട്ടിയും രുക്കുവും ക്ലാസ് മുറിയും ടീച്ചറും, ആത്മഹത്യ ചെയ്ത ചേച്ചിയും താമരക്കുളവും, സൂര്യനും ഒരുപാട് പൂക്കളും കാടും പുഴയും, മേഘവും ആകാശവും, റിയലിസവും മാജിക്കൽ റിയലിസവും, ‘ഭൂമിയിലെ വെള്ളമായ വെള്ളമൊക്കെ/പുറപ്പെട്ടുപോയി’ എന്ന ഒരളുക്കിലും ഒതുങ്ങാത്ത അസ്വസ്ഥതയും, ഒപ്പം മുറ്റം നിറയെ ‘ഹ ഹ ഹ’ എന്ന പൂക്കൾ മാത്രമുള്ള ഒരു വീടും ഒരുമിക്കുന്ന ‘ഹ ഹ ഹ മണമുള്ള വീട്’ എന്ന കവിത പലതലങ്ങളിൽ അടരുകളുള്ളത് എന്ന അർഥത്തിൽ വേറിട്ടതാകുന്നു. മനുഷ്യസ്നേഹികളായ മനുഷ്യസ്നേഹികളെപ്പോലെ ഐഷുഹഷ്നയും തിരയുന്നത്, ‘സഹാനുഭൂതർ’ എന്ന ‘ഹോമോ എംപതിക്കസ്’ എന്ന പുതിയൊരു ‘മനുഷ്യകർതൃത്വത്തെ’യാണ്. കൊളോണിയൽ ആധുനികത അവകാശപ്പെടുന്നതുപോലെ ജീവിതം കർമ പരമ്പരകളുടെ സ്നേഹരഹിതമായ കഥകളല്ല. അകൽച്ചകളും അടുപ്പങ്ങളും, പതനവും ഉത്ഥാനവും ജീവിതകാമനകളും മരണകാമനകളും, കൂടിച്ചേർന്ന ഒരു ജീവിതത്തിൽനിന്ന് കൂട്ടാനല്ലാതെ ഒന്നും കിഴിക്കാനാവില്ല.
‘എൻെറ മയ്യിത്ത് കാണാൻ വരുന്ന/പെണ്ണുങ്ങളെല്ലാം/മുൻവശത്തെ വാതിലിലൂടെ കടന്നുവരണം/അവർക്ക് മയ്യിത്തിനെക്കുറിച്ച്/മുൻവശത്തെ പന്തലിലിരുന്നു/തന്നെ ചർച്ച ചെയ്യാം.....’ മനസ്സിലാക്കിയേടത്തോളം, മലയാളി കാവ്യവായനകളിലേറെയും ഏറ്റുചൊല്ലിയ ഐഷുഹഷ്നയുടെ കവിത ‘ഞാൻ മരിച്ചു കഴിയുമ്പോൾ’ എന്ന സ്ത്രീപക്ഷ കവിതയാണ്. മരണത്തെ മുൻനിർത്തി ജീവിത്തെക്കുറിച്ചുള്ള ഒരു കിടിലൻ പൊളിച്ചെഴുത്ത് എന്ന നിലയിൽ ആ കവിത ഇനിയും ആവർത്തിച്ച് വായിക്കപ്പെടും. ‘തള്ളക്ക് പിറന്നോളുടെ’ തത്ത്വചിന്ത ലിംഗവിവേചനങ്ങളെ വിചാരണ ചെയ്യുമ്പോൾ മാത്രം ഉണ്ടാകാവുന്നൊരു കവിതയാണത്! മരിച്ചാൽ പിന്നെ ഒരു ‘ഞാനും’ ഇല്ല. എന്നാൽ, മരിച്ചാലും മരിക്കാത്തൊരു ഞാൻ ഉണ്ട്! ആ ഞാനാണ് അടിച്ചമർത്തപ്പെട്ട ഒരു ലിംഗവിഭാഗത്തിനുവേണ്ടി കവിതയിൽ സംസാരിക്കുന്നത്.
പ്രത്യക്ഷത്തിൽ കവിതയിലുള്ളത് ഒരു ‘മയ്യിത്തും’, മയ്യിത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തുന്ന പെണ്ണുങ്ങളും മാത്രം! ഐഷുഹഷ്നയുടെ മറ്റ് കവിതകളിലുള്ളതുപോലെ ഇതിലൊരൊറ്റ ആണുമില്ല! ആണിന് മുൻവശവാതിൽ പെണ്ണിന് പിൻവശവാതിൽ, പൂമുഖം ആണിന് അടുക്കള പെണ്ണിന്, നിൽപ്പ് പെണ്ണിന് നടത്തം ആണിന്, പെണ്ണിന് വീട് ആണിന് പള്ളി വായനശാല,..... ഇങ്ങനെയിങ്ങനെയുള്ള എത്രയെത്രയോ വിഭജനത്തിൻെറ മതിൽകെട്ടുകളെയാണ് ഐഷു കവിത മറിച്ചിടുന്നത്. പെണ്ണിൻെറ മയ്യിത്ത് പെണ്ണിന്, എന്നൊരു ‘തീവ്രകാഴ്ചപ്പാടി’ന്നടിയിൽ കനത്ത് കെട്ടിക്കിടക്കുന്നത് ഘനീഭവിച്ച വേദനകളുടെ അട്ടികളാണ്. മരിച്ചാലും അവസാനിക്കാത്ത വിവേചനങ്ങളോടുള്ള പ്രതീകാത്മ പ്രതിഷേധം എന്ന നിലയിലാണ്, ‘ഞാൻ മരിച്ചുകഴിയുമ്പോൾ’ എന്ന കവിത ഏറെ പ്രസക്തമാകുന്നത്.
‘... മയ്യിത്ത് മുന്നിൽവെച്ച് പെണ്ണുങ്ങൾ
പള്ളിയിൽ നിരന്നുനിന്ന്
മയ്യിത്ത് നിസ്കരിക്കണം
ഖബറിലേക്ക് മയ്യിത്ത് ഇറക്കേണ്ടതും
ആദ്യത്തെ ഒരുപിടി മണ്ണിടേണ്ടതും
നിങ്ങളാണ് പെണ്ണുങ്ങളേ
മറമാടൽ കഴിഞ്ഞിട്ട്
വീട്ടിൽനിന്നും
എൻെറ
ഖബറിലേക്കൊരു വഴിവെട്ടണം.
എൻെറ മോൾക്കും ഉമ്മാക്കും
എൻെറ ഖബറിലേക്ക് വരാനുള്ള വഴി.
ഇടക്കിടെ അവരെന്നെ
ഓർമിക്കട്ടെ.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.