വൈലോപ്പിള്ളി

‘ചന്ദ്രന്റെ ചിരി’ എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ശ്രീധരമോനോനാണ്. 1980ൽ പ്രസിദ്ധീകരിച്ച ‘മകരക്കൊയ്ത്ത്’ എന്ന കാവ്യസമാഹാരത്തിലാണ് ഈ കവിതയുള്ളത്. എന്നാൽ, അതിനൊക്കെ എത്രയോ മുമ്പ്, ഇതൊരു നാടോടിക്കഥയായി, നാട്ടുകാരുടെ നാവിൻതുമ്പിൽ നിലനിന്നുപോന്നിരുന്നു. സ്വന്തം കവിത ആ ‘നാടോടിക്കഥ’യെ ആസ്പദമാക്കി എഴുതിയ കവിതയാണെന്ന് വൈലോപ്പിള്ളി കൃത്യം കവിതയുടെ തുടക്കത്തിൽതന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. വൈലോപ്പിള്ളിക്കവിതകളിൽ പലകാരണങ്ങളാൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട കവിതയെന്ന നിലയിൽ, ആ കവിതയെക്കുറിച്ച് എത്രയോ വർഷങ്ങൾക്ക് മുമ്പ് ‘ചന്ദ്രന്റെ ചിരി’ എന്ന പേരിൽതന്നെ ഞാനൊരു പ്രബന്ധവുമെഴുതിയിരുന്നു. കവിതയുടെ പേരും, കവിതയെക്കുറിച്ചെഴുതിയ പഠനത്തിന്റെ പേരും ഒന്നാവാൻ കാരണം ആ പേരിൽത്തന്നെ അതായത് ‘ചന്ദ്രന്റെ ചിരി’യിൽത്തന്നെ എല്ലാമടങ്ങുന്നുവെന്ന തിളങ്ങും തിരിച്ചറിവായിരുന്നു. കുഞ്ഞുഭാവനകളെപ്പോലും ത്രസിപ്പിക്കുന്ന നമ്മുടെ ‘അമ്പിളിമാമനെ’ ആവിഷ്‍കരിക്കാൻ ആയൊരു ചിരിയോളം ചേതോഹരമായ മറ്റൊരുപേരും പകരംവെക്കാൻ കഴിയാത്തതുകൊണ്ടായിരുന്നു അന്ന് ‘ചന്ദ്രന്റെ ചിരി’ എന്ന് പഠനത്തിനും പേരുകൊടുത്തത്!

ഡോണൾഡ് ട്രംപ്

 ‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം’ എന്ന ‘പ്രാചീനഗന്ധം’ മണക്കുന്ന ഉപമയോട് മുമ്പ് ഒരിഷ്ടവുമുണ്ടായിരുന്നില്ല. കാരണം, ഒരു ബോറൻ രാജാവിന്റെ മുഖവും ബഹുമാന്യചന്ദ്രത്തിളക്കവും എങ്ങനെ പൊരുത്തപ്പെടും എന്ന ചോദ്യമായിരുന്നു അന്ന് മനം നിറയെ! എന്നാൽ, പിന്നീടുള്ള വായനയിൽ പ്രത്യക്ഷരാജപ്രശംസക്കപ്പുറം ആ ഉപമയിൽ മറഞ്ഞിരിക്കുന്ന ഒരു ‘ഗുണ്ട്’ ഉണ്ട് എന്നുറപ്പായി. അകലെ നിൽക്കുമ്പോഴുള്ള തിളക്കംകണ്ട് ഒരു രാജാവിനാലും വഞ്ചിതരാവരുതെന്നൊരു താക്കീത്! മലയാള ‘ഉപമ’ രാജാക്കന്മാരുടെ കുടിലതകൾക്കെതിരെ നയിച്ചൊരു കിടിലൻ ഗറിലാ സമരം! ഇത്രയും പറയുന്നത് ചന്ദ്രനെക്കുറിച്ചുള്ള നാടോടിക്കഥകളിലും ഉപമകളിലും വൈലോപ്പിള്ളിയുടെ മുമ്പേ പരാമർശിച്ച ‘ചന്ദ്രന്റെ ചിരി’യിലും പല പ്രകാരേണയുള്ള ബഹുജനസാന്നിധ്യവും വിമോചന സ്വപ്നവും ഉള്ളടങ്ങിയത് അനുഭവിച്ചുകൊണ്ടാണ്. എന്നാലിപ്പോഴിതാ ‘ചന്ദ്രനിൽ’നിന്ന് സ്വപ്നങ്ങൾ പുറത്താക്കപ്പെട്ടിരിക്കുന്നു. അധിനിവേശസ്പർശമേൽക്കുമ്പോൾ സർവ ഭാവനകളും കരിഞ്ഞുപോവും! അധിനിവേശം പലതരത്തിൽ കാണാനുള്ള മനുഷ്യരുടെ കഴിവിനെയാണ് ചങ്ങലക്കിട്ട് പൂട്ടുന്നത്. ഭാവനയുടെ കൂടി അന്ത്യമാണത്. വെറുപ്പും വിദ്വേഷവും വളരുന്നത് മറ്റു പലതിനുമൊപ്പം ‘ഭാവന’ കൊല്ലപ്പെടുമ്പോൾകൂടിയാണ്. എന്തും ഏതും കീഴടക്കപ്പെടാനും സ്വന്തം സ്വത്താക്കാനുമുള്ളതാണെന്ന ചൂഷക മനോഭാവമാണ് മനോഹരമാവേണ്ട ജീവിതത്തെ മലിനമാക്കുന്നത്.

ഫ്രാൻസിലെ കുപ്രസിദ്ധമായ ആൽഫ്രഡ് ഡ്രൈഫസ് കേസിന്റെ പശ്ചാത്തലത്തിൽ പ്രശസ്ത സാഹിത്യപ്രതിഭ, അക്കാലത്തെ ഒരു പട്ടാളമേധാവിയോട് ചോദിച്ചു: മിസ്റ്റർ ജനറൽ പെല്യൂക്ക്സ്, നിങ്ങളുടെ വാളാണോ എന്റെ പേനയാണോ ഭാവി ഓർമിക്കാൻ പോവുകയെന്ന്! എമിലിസോള അന്നാ ചോദ്യം ചോദിച്ചതുകൊണ്ടാണ് ഇന്ന് ജനറൽ പെല്യൂക്ക്സ് ആ പേരിലെങ്കിലും ഒന്നോർമിക്കപ്പെടുന്നത്. അല്ലെങ്കിൽ അദ്ദേഹം ചുഴറ്റിയ ചോരകുടിയൻ വാളിനൊപ്പം അദ്ദേഹവും തുരുമ്പിച്ചുപോകുമായിരുന്നു.

ചന്ദ്രനുമേലുള്ള ഡോണൾഡ് ട്രംപിന്റെ അവകാശവാദം തമാശയല്ല, ഒരധിനിവേശതത്ത്വമാണ്. ‘ചന്ദ്രൻ നമ്മുടേത്’ എന്നാണ് ട്രംപ് പറഞ്ഞതെങ്കിലും അതിൽ മുഴങ്ങുന്നത് ‘ചന്ദ്രനും നമ്മുടേത്’ എന്ന സാമ്രാജ്യത്വ അധിനിവേശ ദുർമോഹമാണ്. ശാസ്ത്രം സാമ്രാജ്യത്വത്തിന്റെ കൈയിൽ മനുഷ്യനാശത്തിന്റെ കൂടി ഉപകരണമാണ്. എവിടെ സാമ്രാജ്യത്വമുണ്ടോ അവിടെ യുദ്ധമെണ്ടെന്ന് ലെനിൻ. ‘യുദ്ധം അവരുടെ ബിസിനസെന്ന്’ (War is their business) ഗോർഗിസഗ്ലോവ്. കരിച്ചുകളയുന്ന ബോംബിനൊപ്പം മനുഷ്യത്വം മുടിക്കുന്ന ആർത്തിയും അവർക്കു സ്വന്തം! ദൈവത്തിന്റെ ചിരിയാണ് അരുവികളെന്നൊരു നാടോടിക്കഥയുണ്ട്. ആ ചിരിയെപ്പോലും കുപ്പിയിലാക്കി വിൽപനക്കുവെച്ചവരാണവർ. പിന്നെയാണോ ഒരു ചന്ദ്രൻ! സൗകര്യപ്പെട്ടാൽ, ചന്ദ്രനെ മാത്രമല്ല നക്ഷത്രങ്ങളെക്കൂടിയവർ ‘കുപ്പിയിലാക്കും’!

വൈലോപ്പിള്ളിയുടെ ‘ചന്ദ്രന്റെ ചിരിയിൽ’ അഞ്ച് കഥാപാത്രങ്ങളാണുള്ളത്. മൂന്നുപേരുള്ള ഒരു ബ്രാഹ്മണകുടുംബം, ഒരു ജന്മിനായർ, പിന്നെ, ‘മ്പളെ സ്വന്തം’ ‘ചന്ദ്രനും’! കുടുംബത്തിൽ കൊടും ദാരിദ്ര്യം. കുഞ്ഞ് മരിച്ചുപോവുമെന്ന അവസ്ഥ. സങ്കടം സഹിക്കാനാവാതെ തൊട്ടപ്പുറത്തുള്ള ജന്മിനായരുടെ പറമ്പിൽനിന്ന് ഒരു വാഴക്കുല മോഷ്ടിക്കാൻ, അന്തർജനം നമ്പൂതിരിയോട് പറയുന്നതും, ധർമിഷ്ഠനായ അദ്ദേഹം ആദ്യം അതിനെ ചെറുക്കുന്നതും, പിന്നീട് മനമില്ലാ മനസ്സോടെ വെട്ടുകത്തിയുമായി പോകുന്നതും, എന്നാൽ, കുല വെട്ടാനാകാത പോയവേഗത്തിൽ തിരിച്ചുവരുന്നതുമാണ് ഒന്നാംഭാഗം. ഇവിടെ വിജയിച്ചത്, ‘മൂല്യബോധം’ എന്ന അദൃശ്യകഥാപാത്രമാണ്. “ചന്ദ്രന്റെ ചിരി” ആഘോഷിക്കുന്നത്, അദൃശ്യമായ ഈ ആറാം കഥാപാത്രത്തിന്റെ അജയ്യതയാണ്. ഏത് പ്രതികൂല സന്ദർഭങ്ങളോടും പൊരുതിനിൽക്കുന്ന മൂല്യബോധത്തിന്റെ പൊരുളാണിവിടെ പ്രകാശം പരത്തുന്നത്. ഏത് മൂല്യബോധവും പ്രകടനപരമല്ലാതാവുമ്പോൾ, മറഞ്ഞുനിന്ന് പ്രവർത്തിക്കുമ്പോൾ അത് അജയ്യമാംവിധം മുന്നേറും. വൈലോപ്പിള്ളിയുടെ ‘ചന്ദ്രന്റെ ചിരി’ ജീവിത സമ്മർദങ്ങൾ കുഴിച്ചുമൂടുന്ന മൂല്യബോധത്തിന്റെ ഉയിർത്തെഴുന്നേൽപാണ്.

ഒരു ‘വാഴക്ക’പോലും കൊടുക്കാനാവാത്ത പശ്ചാത്തലത്തിൽ കുഞ്ഞ് മരിച്ചുപോയേക്കും എന്ന സങ്കടത്തോടെ ഉറങ്ങിപ്പോയപ്പോഴാണ് മോഹകമായ ഒരു സ്വപ്നം നമ്പൂതിരിയെ വിളിച്ചുണർത്തിയത്. പറമ്പിലെ വരിക്കപ്ലാവിൻ ചുവട്ടിൽ ഒരു ‘നിധി’യിരിക്കുന്നു, അതെടുത്തോളൂ എന്നൊരു അശരീരി! ചെന്നെടുത്തപ്പോൾ അതൊരു കനകകിണ്ണം. ജന്മിനായരുടെ അടുത്തത് പണയം വെച്ചു. കുടുംബം അഭിവൃദ്ധിപ്പെട്ടു. പണയവസ്തു തിരിച്ചെടുക്കാൻ ചെന്നപ്പോൾ ജന്മിനായരാകെ നിസ്സഹായനായി! കരഞ്ഞുകൊണ്ടയാൾ പറഞ്ഞു. ഞാനത് സ്വന്തമാക്കാൻ മോഹിച്ചുപോയി. പിന്നെ നോക്കുമ്പോൾ അത് കാണാനില്ല! ക്ഷമിക്കണം രക്ഷിക്കണം. നമ്പൂതിരി ഈടുവാങ്ങിയ പണവും പലിശയും ജന്മിനായർക്ക് നൽകി! മൂല്യബോധത്തിന്റെ ഗംഭീരമുന്നേറ്റം! പ്രതാപിയായിരുന്ന ജന്മിനായർ ദീനനായി. അയാൾ കുറ്റസമ്മതം നടത്തി. കണ്ണീരിൽ കഴുകി കറകളഞ്ഞ പ്രായശ്ചിത്തം.

‘ശുൽക്കദ്രവ്യമെൻേറതാക്കാൻ

പടർന്നൂ ദുരയെന്നിൽ,

ശിക്ഷ നൽകിനാൻ ദൈവം’.

അധിനിവേശത്തിന്റെ അഥവാ ട്രംപിസത്തിന്റെ ബന്ധുവായ ആർത്തിയുണ്ടാക്കിയ അപകടമാണിവിടെ തെളിയുന്നത്. അയാൾ നമ്പൂതിരിയോട് പറഞ്ഞു: ‘ഞാനതിൻ വിലയോരോ/ഗഡുവായ് തരാം, കനിഞ്ഞങ്ങുന്നു പൊറുത്താലും’. അപ്പോൾ ആ ബ്രാഹ്മണശ്രേഷ്ഠൻ പറഞ്ഞു:

‘വേണ്ടാ, യാതൊന്നുമെനി,ക്കന്നു

നീ തന്ന തുഴയിന്മേൽ

നീന്തി ഞാൻ കരയേറി

….പോയിതാക്കിണ്ണം,

വിശ്വസിപ്പൂ ഞാൻ, പോട്ടേ, തങ്ക-

ത്താഴികക്കുടം വേണോ

നമുക്കു ഗ്രഹത്തിന്മേൽ?’

അദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോയത്, അതിശയം, പണയവസ്തു തിരികെ കിട്ടാത്ത സങ്കടത്തോടെയല്ല, മറിച്ച് ‘ഭാരമൊന്നിറക്കിയ ലാഘവത്തോടെ’യാണ്! ചന്ദ്രന്റെ ചിരി ജന്മിത്തത്തിന്റെ കുടിലതയും, ദരിദ്രജീവിതത്തിന്റെ ആത്മബോധവുമാണ് ഓരോ അടിവെപ്പിലും ആഘോഷിക്കുന്നത്. എത്ര കൂട്ടിക്കിഴിച്ചാലും കവിതയിലെ ആർത്തിപ്പണ്ടാരമായി മാറിയ ജന്മിക്ക്പോലും ഡോണൾഡ് ട്രംപിന് അടുത്തെത്താൻ കഴിയില്ല! കവിതയിലെ ജന്മിക്ക് ചെയ്ത കുറ്റമോർത്ത് യഥാർഥമോ അല്ലാത്തതോ ആയ കുറ്റബോധമെങ്കിലുമുണ്ട്; ട്രംപിന് ഒരുപക്ഷേ ചെയ്യാൻ പോകുന്ന കൃത്യമോർത്ത്പോലും ഉണ്ടാകാനിടയുള്ളത് ‘അഡ്വാൻസ് പുളകമാണ്’! എന്നാൽ, ഡോണൾഡ് ട്രംപിന് ഒരു ബന്ധു ഇന്ത്യയിലുണ്ട്! അത് അഭിവന്ദ്യ സ്വാമി ചക്രപാണി മഹാരാജ് ആണ്.

2018ൽ കേരളത്തിൽ പ്രളയം വന്നപ്പോൾ ഗോഹത്യയാണ് അതിന് കാരണം, അതുകൊണ്ട് ബീഫ് കഴിക്കുന്നവരെ സഹായിക്കരുത് എന്നഭിപ്രായപ്പെട്ട ‘മഹാനാണ്’ സ്വാമി ചക്രപാണി മഹാരാജ്! 2023ൽ ഐ.എസ്.ആർ.ഒവിൻെറ, ‘ചന്ദ്രയാൻ മിഷൻ’ വിജയം കണ്ടപ്പോൾ, ചന്ദ്രനെ ഉടൻ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് ആദ്യം പറഞ്ഞത് ഇങ്ങോരാണ്. ട്രംപും സ്വാമിയും തമ്മിലുള്ള രണ്ട് വ്യത്യാസം ഒന്ന് ട്രംപ് ‘ചന്ദ്രനെ’ ക്രിസ്ത്യൻ രാജ്യമാക്കണമെന്നല്ല, അമേരിക്കയുടേതാക്കണം എന്നാണ് പറഞ്ഞതെന്നുള്ളതാണ്. ചന്ദ്രനെ ഇന്ത്യയുടേതാക്കണമെന്നെങ്കിലും സ്വാമിക്ക് പറയാമായിരുന്നു. പറഞ്ഞത്ര ഒന്നും ഇപ്പോൾ ട്രംപിന് പണ്ടേപോലെ ‘കൂട്ട്യാൽ കൂടില്ലെങ്കിലും’ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സാമ്രാജ്യത്വ വ്യവസ്ഥക്ക് ‘കുറച്ചെങ്കിലും കൂടും’! എന്നാൽ, നമ്മുടെ സ്വാമിക്ക് ചുമ്മാ പറഞ്ഞുകൊണ്ടിരിക്കാനല്ലാതെ മറ്റൊന്നും കഴിയില്ല! എങ്കിലും ട്രംപിനും മുമ്പേ ‘ചന്ദ്രനിലും’ അവകാശം ആദ്യം ഉറപ്പിച്ചത് സ്വാമി ചക്രപാണി മഹാരാജ് ആയതിനാലും, വളരെ ‘സദുദ്ദേശ്യപര’മായാണ് അദ്ദേഹം ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് എന്നുള്ളതിനാലും അദ്ദേഹത്തിന്റെ ‘സീനിയോറിറ്റിയും’ മഹത്ത്വവും വകവെച്ചു കൊടുക്കപ്പെടുകതന്നെ വേണം!!

ചന്ദ്രന് ബന്ധമുള്ളത്, സനാതനധർമവുമായിട്ടാണെന്നും, ഇപ്പോൾതന്നെ സ്വന്തം അവകാശം സ്ഥാപിച്ചില്ലെങ്കിൽ മറ്റു തീവ്രവാദികൾ ആ അവകാശം തട്ടിയെടുത്തേക്കുമെന്നുമുള്ളതുകൊണ്ടാണ് സ്വാമി ചക്രപാണി മഹാരാജ്, ചന്ദ്രൻ നമുക്ക് സ്വന്തം എന്ന് മുൻകൂറായി പറഞ്ഞുവെച്ചത്. ട്രംപ് എന്തു കണ്ടിട്ടാണ്? ചൈനാപ്പേടിയാവുമോ? അതോ ഒരു ടെസ്റ്റ് ഡോസോ? ബഹിരാകാശത്തെപ്പോലും ആയുധപ്പുരയാക്കാനുള്ള കാര്യപരിപാടി സാമ്രാജ്യത്വത്തിനുണ്ട്. ഹിരോഷിമകളല്ല, അതിനുമപ്പുറത്തേക്കാണ് അവരുടെ രുധിരസ്വപ്നങ്ങൾ കുതിക്കുന്നത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ സോവിയറ്റ് വൈമാനികൻ, യൂറിഗഗാറിൻ, ബഹിരാകാശത്ത് എത്തിച്ചത് വിമോചന സ്വപ്നത്തിന്റെ വിസ്മയമായ പാരിസ് കമ്യൂൺ ഉയർത്തിയ ചുകപ്പൻ പതാകയുടെ കഷണമാണ്! അഖിലലോക മനുഷ്യവംശ ഗാഥയുടെ മഹാസ്വപ്നം! വൈലോപ്പിള്ളിയുടെ ‘ചന്ദ്രന്റെ ചിരി’യൊരുക്കുന്ന മനുഷ്യതയുടെ മഹോത്സവത്തിലും ഉയർന്നത്, മറ്റൊരു വിധത്തിലാണെങ്കിലും ആ ചുവപ്പൻ മനോജ്ഞ സ്മാരകമാണ്! എന്നാലിപ്പോൾ സ്വാമി ചക്രപാണി മഹാരാജിന്റെ നവ ഫാഷിസ്റ്റാശയങ്ങളും ട്രംപിന്റെ സാമ്രാജ്യത്വമോഹ നയങ്ങളും ഊർജം പകരുന്നത് ‘ചന്ദ്രന്റെ ചിരിക്കല്ല’, കരച്ചിലിനാണ്. സാമ്രാജ്യത്വ ഫാഷിസ്റ്റ് നേതൃത്വത്തിൽ സാമ്പത്തിക ഭീകരതകൾക്കൊപ്പം ഭാവനാശക്തിയുടെ കുഴിച്ചുമൂടലുമാണ് സർവത്ര സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവനാമഹത്ത്വത്തെ ആഘോഷിക്കുന്ന ‘ചന്ദ്രന്റെ ചിരി’ പോലുള്ള കൃതികൾ നഗ്നമായ പ്രയോജനവാദങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപെന്ന അർഥത്തിൽ ആവർത്തിച്ച് വായിക്കപ്പെടേണ്ടതുണ്ട്. പേക്കിനാവുകൾക്ക് മാത്രം പിറവി നൽകുന്ന ‘ഡിസ്ട്ടോപ്യ’യുടെ കാലത്ത് ഉട്ടോപ്യയും സമരത്തിന്റെ ഊർജ കേന്ദ്രമാവും. ആ ‘മന്നവേന്ദ്ര വിളങ്ങുന്നു’ എന്ന രാജസ്തുതിപോലും, ട്രംപിൻെറ, ‘പന്ന’ പ്രസ്താവനയേക്കാൾ എത്ര മുകളിലാണ്!

‘ഊഹമെന്നെനിക്കിപ്പോൾ,

കായ്ക്കുല വെട്ടാതങ്ങു

ഗേഹമെത്തവേ,

കനിവാർന്നൊരമ്പിളിയത്രേ!

അസ്തമിച്ചതിൽ പിന്നെ-

യങ്ങയെ ജ്ജനലിങ്കൽ

സത്വരം വിളിച്ചതും,

മുറ്റത്തെ പ്ലാവിൻ ചോട്ടിൽ

സൗവർണത്തളികയായ്-

ച്ചമഞ്ഞു കിടന്നതും,-

മവ്വണ്ണം കൃത്യം പാർത്തു

നായർത്തന്നറ വിട്ടു

വാനിലേക്കണഞ്ഞതും,

കാണുക മാനത്തതാ

ദാനലോലമായ് മിന്നും

നമ്മുടെ തങ്കക്കിണ്ണം

ശ്ലാഘ്യമാമൊഴി കേൾക്കെ,

പ്പുളകാഞ്ചിതനായ് ത്തൻ

ഭാഗ്യദാതാവിൻ മുന്നിൽ

കൈകൂപ്പി മേവിവിപ്രൻ’.

വാഴക്കുലവെട്ടാൻ പറഞ്ഞ അതേ അന്തർജനമാണ്, സ്വന്തം പങ്കാളിയെ സമ്മർദത്തിലാക്കിയ അതേ യുക്തിബോധമാണ് മഹോന്നതമായ ധർമബോധതത്വം പറയുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. അനുകൂല പശ്ചാത്തലത്തിൽ മാത്രം ധാർമികമാവുക എന്നൊരെളുപ്പം ഇതിലുണ്ടെങ്കിലും! എന്നാൽ, തന്റെ ഭാഗ്യദാതാവായി മാറിയ ചന്ദ്രനു മുന്നിലുള്ള ബ്രാഹ്മണശ്രേഷ്ഠന്റെ കൈകൂപ്പി നിൽപിൽ, വാഴക്കുല വെട്ടാതെ തിരിച്ചുനടന്ന മൂല്യബോധത്തിന്റെ ഒരു മുഷ്ടികൂടി മറഞ്ഞുനിന്ന് ചിരിക്കുന്നുണ്ട്. ‘സാഹചര്യസമ്മർദം’ ‘കീഴ്പ്പെടുന്ന യുക്തി’, ‘കീഴ്പ്പെടാത്ത യുക്തി’, ‘മുട്ടുശാന്തി കാഴ്ചപ്പാട്’, ‘തിളങ്ങുന്ന മൂല്യബോധം’ ഇത്രയുമാണ് ‘ചന്ദ്രന്റെ ചിരി’യിൽ ഒരു നിർവൃതിയോടെ നിറയുന്നതെങ്കിൽ സ്വാമി ട്രംപ് ‘തമാശകൾ’ കേട്ടുണ്ടായ ‘ചന്ദ്രന്റെ കരച്ചിലിൽ’ എരിയുന്നത് മാനവിക മൂല്യങ്ങൾ മുഴുവനുമാണ്.

‘ചന്ദ്രന്റെ ചിരി’ എന്ന കവിതയിലെ, നിവൃത്തികേടുകൊണ്ട് വാഴക്കുല വെട്ടാൻ പറയുന്ന അന്തർജനവും, അതേ നിവൃത്തികേടുകൊണ്ട് മടവാളുമായി വെട്ടാൻ പോകുന്ന നമ്പൂതിരിയും രണ്ടുപേർക്കിടയിൽ പട്ടിണികൊണ്ട് മരണം കാത്തുകിടക്കുന്ന കുഞ്ഞും, ചൂഷകസാമൂഹിക വ്യവസ്ഥ നിർമിക്കുന്ന ഇരകളുടെ ചുരുക്കെഴുത്താണ്. ‘പ്രാണരക്ഷണത്തിനായി ഇത്തിരി കവർന്നീടിൽ/പാപമില്ല അതിലെന്ന് ചൊൽവീലെ പുരാണങ്ങൾ’ എന്ന അന്തർജനത്തിന്റെ മോഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന ന്യായം, കണ്ണീര് കൂട്ടിയാണ് നമ്പൂതിരി വിഴുങ്ങിയത്. എന്നിട്ടുമത് ഇറങ്ങാതെ തൊണ്ടയിൽ തടഞ്ഞപ്പോഴാണ് അദ്ദേഹം വാഴക്കുല വെട്ടാൻ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചുവന്നത്! സാഹചര്യത്തിനതീതമായി ഉയർന്നുനിന്ന് അതിനെ കീഴ്പ്പെടുത്തുന്ന ധർമബോധം ഒരു ഭാഗത്തും, സാഹചര്യത്തിന്റെ ചൂണ്ടയിൽ കുരുങ്ങിപ്പോവുന്ന യുക്തിബോധം മറുഭാഗത്തുമായി നടത്തുന്നൊരു മൽപിടിത്തമാണ്, ആ മൽപിടിത്തത്തിൽ ആത്യന്തികമായി ധർമബോധം നേടുന്ന വിജയമാണ്, കവിതയിലെ ചന്ദ്രന്റെ ചിരി. ധർമത്തിലടങ്ങിയ സത്യമാണ് ഏറ്റവും വലിയ യുക്തിയെന്നിരിക്കെ, യുക്തിയും ധർമവും എങ്ങനെയാണ് കവിതയിൽ ആദ്യം വിരുദ്ധ ദ്വന്ദ്വങ്ങളായത്? അതിനുള്ള ഉത്തരം ചൂഷകമൂല്യങ്ങളുടെ പ്രതിനിധിയായ ജന്മി നായരുടെ പതനത്തിലുണ്ട്! ധർമത്തിനു ലഭിച്ച സമ്മാനത്തെ ഒരു പണയവസ്തുവായി അൽപസമയം സ്വന്തമായി സൂക്ഷിക്കാൻപോലും അയാൾക്ക് കഴിഞ്ഞില്ല. ധർമത്തിന്റെ സന്തതിയായ കനകത്തളിക അധർമത്തിന്റെ അരികത്തുനിന്നും എത്ര വേഗത്തിലാണ് പൂർവ സ്ഥാനത്തേക്കോടിയണഞ്ഞത്! ഒന്നിച്ചിരുന്ന, എന്നും ഒന്നിച്ചിരിക്കേണ്ട, യുക്തിയേയും ധർമത്തേയും ശത്രുക്കളാക്കിത്തീർത്തത് മാനുഷിക മൂല്യങ്ങളെ കച്ചവടച്ചരക്കാക്കിയ ചൂഷകവർഗമാണ്. കവിതയിലെ ജന്മിനായരുടെ പതനത്തോടെ യുക്തിധർമവിരുദ്ധത, ധർമാഭിമുഖംമാത്രമായി മാറുന്ന വികസിത യുക്തിബോധത്തിന്റെ പിറവിക്ക് വഴിയൊരുക്കും. ധർമാഭിമുഖമായിത്തീരുന്ന ആ യുക്തിബോധം, മുമ്പ് ‘ചന്ദ്രന്റെ ചിരി’ എന്ന എന്റെ പഠനത്തിൽ പരാമർശിച്ചപോലെ ഉന്നതമായ ധർമബോധത്തിനുതന്നെയും വഴികാട്ടിയായി മുന്നിലുണ്ടായിരിക്കും. അപ്പോൾ വാഴപ്പഴത്തിന്റെ മധുരം നുണയുന്ന നാവിനു മുകളിൽ ചന്ദ്രന്റെ ചിരി കാണുന്ന കണ്ണും മുളച്ചുകഴിഞ്ഞിട്ടുണ്ടാവും.

ജർമൻ നിയമജ്ഞനായ റുഡോൾഫ് സ്റ്റാംലർ, മുമ്പ് മാർക്സിസ്റ്റുകൾക്കിടയിലെ സാമ്പത്തിക നിർണയവാദത്തെ വിമർശിക്കുന്നതിന്റെ ഭാഗമായി ‘ചന്ദ്രഗ്രഹണം ഉണ്ടാക്കാനായിട്ട് ആരെങ്കിലും ഒരു പാർട്ടി രൂപവത്കരിക്കാറില്ലല്ലോ’ എന്ന് പറഞ്ഞിരുന്നു. മുതലാളിത്ത വ്യവസ്ഥ മാറിയാൽ സ്വാഭാവികമായിത്തന്നെ അടുത്തഘട്ടമായ സോഷ്യലിസ്റ്റ് വ്യവസ്ഥ വന്നുചേരുമെന്ന അവികസിത കാഴ്ചപ്പാടിനെയാണ്, അദ്ദേഹം അന്ന് പ്രശ്നവത്കരിച്ചത്. എന്നാൽ, മാർക്സിസം സാമൂഹിക പ്രശ്നങ്ങളെ, പ്രകൃതിപ്രതിഭാസ മാതൃകകളിലേക്ക് വെട്ടിച്ചുരുക്കുന്നൊരു തത്ത്വചിന്തയല്ല. എന്നാലിപ്പോൾ സ്വാമി ചക്രപാണി മഹാരാജും ഡോണൾഡ് ട്രംപും കൂടി ‘ചന്ദ്രപൂർവസ്ഥിതി സംരക്ഷണ’ത്തിനുകൂടി ഒരു പാർട്ടി അനിവാര്യമായി തീർന്നേക്കുമെന്നാണ് പറയാതെ പറയുന്നത്!

Tags:    
News Summary - ‘The Moon’s Smile and Tears!’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.