ഹന്ന ആരന്‍റ്, ഹെർത്ത മുള്ളർ, ജവഹർലാൽ
ഞങ്ങളുടെ ‘നാട്ടിൽ’ മുമ്പ് മനുഷ്യർ തമ്മിൽ രണ്ടും മൂന്നും പറഞ്ഞ് ഇടയുമ്പോൾ പരസ്പരം ഒന്നിരുത്താൻ വേണ്ടി രോഷാകുലരായി പറഞ്ഞിരുന്നത്, ‘നീയെൻെറ പേരൊന്നും റേഷൻ കാർഡിൽ നിന്നും വെട്ടില്ലല്ലോ’ എന്നായിരുന്നു. കാലം മാറി, കാഴ്ചപ്പാടുകൾ മാറി, എല്ലാറ്റിനും ആധാരമായി ‘ആധാർ’ വന്നു. ആശ്വാസമായി ഇനി മറ്റു പല രേഖകളുമില്ലെങ്കിലും ‘ആധാർ’ ഉണ്ടായാൽ മതിയല്ലോ. അപ്പോഴും അതുക്കും മുകളിലിരുന്ന് ‘പാസ്പോർട്ട്’ ചിരിച്ചു. സ്വന്തം രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും സ്വന്തം അന്തസ്സോർത്ത്! 140 കോടി ഇന്ത്യൻ പൗരർക്കും ഇപ്പോൾ സ്വപ്നം കാണാനാവാത്ത, അത്ര അത്യാവശ്യവുമില്ലാത്ത, പാസ്പോർട്ടിന് ഒരു ‘സുജായി’യുടെ ഗമയായിരുന്നു. പ്രവാസികളുടെ മനസ്സിൽ, സന്ദർശകരുടെ കീശയിൽ ഭൂപടങ്ങളിലൊതുങ്ങാത്ത സ്വന്തം രാജ്യം ജീവൻ വെച്ചു! മലയാളികൾ ഭൂരിപക്ഷമുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രദേശങ്ങളിലെ ലോഡ്ജിൽനിന്ന് താഴെയുള്ള ഹോട്ടലിലേക്കിറങ്ങുമ്പോൾപോലും സുഹൃത്തുക്കൾ ഓർമിപ്പിച്ചത് പണമല്ല, ‘പാസ്പോർട്ട്’ എടുക്കാൻ മറക്കല്ലേ എന്നായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള അതിൻെറ പ്രൗഢി കണ്ടിട്ടാണ് അത് സൂക്ഷിക്കാൻ ഒരു പ്രത്യേക പെട്ടിപോലും വാങ്ങിയത്. നൊേബൽ സമ്മാനം നേടിയ ഹെർത്ത്മുള്ളറുടെ ‘പാസ്പോർട്ട്’ എന്ന നോവൽ സത്യം പറഞ്ഞാൽ വായിക്കാൻതന്നെ കാരണം, മറ്റ് തിരിച്ചറിയൽ കാർഡുകളിൽ നിന്നും വ്യത്യസ്തമായി അതിനുണ്ടായിരുന്ന ‘സ്പെഷൽ’ ഗമയാണ്! അങ്ങനെയിരിക്കെയാണ് അധികാരത്തിൻെറ സൂചിക്കുത്തേറ്റ് ആ ബലൂണും ചപ്പിയത്. അതോടെ ആധാർ മുതൽ പാസ്പോർട്ട് വരെ പൗരത്വത്തിനുള്ള തെളിവല്ലാതായി! നമ്മുടെ പേര് സമഗ്ര വോട്ടർ പരിഷ്‍കരണ പട്ടികയിൽ (SIR) ഇല്ലെങ്കിൽ, മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്ന ഒരു ദുരവസ്ഥയിലേക്കാവുമോ രാഷ്ട്രസഞ്ചാരം എന്ന് ‘പഴയപൗരർ’ ഉത്കണ്ഠപ്പെട്ടു. പുതിയ പൗരരിൽ പലരും, 2019 ഡിസംബർ 12ലെ പൗരത്വ നിയമ ഭേദഗതി ബില്ലും അതിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങളും മറന്നു. അവരെ സംബന്ധിച്ചിടത്തോളം പ്രശ്നം മുതിർന്ന പത്രപ്രവർത്തകനായ ആർ. രാജഗോപാലിൻെറ പാസ്പോർട്ട് എസ്.ഐ.ആറിൽ പേരില്ലാത്തതിനാൽ തടഞ്ഞുവെച്ചത് മാത്രമായി!
ലോകം ശ്രദ്ധിച്ച, മതനിരപേക്ഷപക്ഷത്ത് ധീരമായി ചുവടുറപ്പിച്ച, അധികാരത്തിനു മുന്നിൽ ശിരസ്സുയർത്തി നിൽക്കുന്ന, നമുക്കിടയിലെ ഒരു പത്രപ്രവർത്തകനെയെങ്കിലും അവരോർത്തത് അഭിനന്ദനാർഹമാണ്. എന്നാൽ, അദ്ദേഹം വ്യക്തമാക്കിയപോലെ ബംഗാളിലെ മാത്രം ‘പേരില്ലാത്ത ജനലക്ഷങ്ങളുടെ’ ‘പൗരത്വ പിടച്ചിൽ’ കൂടി കാണാതിരുന്നാൽ നാം കാലത്തിൻെറ കണ്ണിൽ കൊള്ളരുതാത്തവരാകും. കരികൊണ്ട് കാലം ‘ദ്രോഹികൾ’ എന്നല്ല, അതിനുമപ്പുറം മറ്റു പലതും കവിളിൽ മാത്രമല്ല കരളിലും എഴുതും. നവഫാഷിസ്റ്റ് ഇന്ത്യകണ്ട, അധികാരം സ്തംഭിച്ച ശഹീൻബാഗ് സമരം ഓർക്കാതെ പ്രശസ്ത മാധ്യമപ്രവർത്തകനായ ആർ. രാജഗോപാലിനെയും, ‘ആരുമാകാൻ’ കഴിയാതെപോയ മനുഷ്യരെയും നമുക്ക് അഭിവാദ്യം ചെയ്യാൻ കഴിയില്ല. മറവിയിലൂടെയല്ല, അതിവേഗ മറിവിയിലൂടെയാണ് പലരുമിപ്പോൾ, കടന്നുപോകുന്നത്. ‘We are told to forget, and we forgot quicker than anybody ever could imagine’ (ഹന്ന ആരന്‍റ്). അവർ പറഞ്ഞത് മറക്കാനാണ്. നമ്മളോ, അവർപോലും കരുതാത്തത്ര വേഗത്തിൽ എല്ലാം മറക്കുകയും ചെയ്തു.
സൂക്ഷ്മാർഥത്തിൽ ഒരു രാജ്യത്തിൽ വീടില്ലാത്തവരുടെ പോലും വീടാണ് പൗരത്വം. തിന്നാൻ ചോറും കുടിക്കാൻ കഞ്ഞിയും കിട്ടുന്നില്ലെങ്കിൽപോലും, പുഴുങ്ങി തിന്നാനൊന്നും കൊള്ളില്ലെങ്കിലും, അതിനുമപ്പുറമാണ് ‘പൗരത്വം’. ഒരാധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം ‘പൗരത്വമില്ലെങ്കിൽ’ മറ്റെന്തുണ്ടായിട്ടും പ്രയോജനമില്ല. മനുഷ്യത്വത്തിൻെറ പക്ഷത്ത് ധീരമായി ചുവടുറപ്പിച്ച സാർവദേശീയ പശ്ചാത്തലമുള്ള ഒരു മാധ്യമപ്രവർത്തകനെപ്പോലും കുറച്ചു ദിവസമെങ്കിൽ കുറച്ചുദിവസം, ‘അതുകൊണ്ടുവാ ഇതുകൊണ്ടുവാ’ എന്നുപറഞ്ഞ് വട്ടം കറക്കിയെങ്കിൽ, ജീവിതം മുഴുവൻ വട്ടത്തിലായ മനുഷ്യരുടെ സ്ഥിതിയെന്താവും? വീട് നഷ്ടപ്പെടുമ്പോൾ ഹന്ന ആരൻറ് വിശദമാക്കിയപോലെ കിടക്കാനുള്ള ഇടമല്ല, നാളിതുവരെ കെട്ടിപ്പൊക്കിയ പരിചയങ്ങളുടെയും സൗഹൃദങ്ങളുടെയും ദൈനംദിന ജീവിതാനുഭവങ്ങളാണ് നഷ്ടമാവുന്നത്. വോട്ടർലിസ്റ്റ് ഇരട്ടിപ്പും മറ്റും പൗരത്വത്തെ സ്പർശിക്കാതെതന്നെ ഒഴിവാക്കി കുറ്റമറ്റതാക്കാൻ കഴിയുമെന്നിരിക്കെ, അതിനെ ‘പൗരത്വഭീതി’യുമായി കൂട്ടിക്കെട്ടേണ്ട എന്തുകാര്യമാണുള്ളത്?
‘അർഹതപ്പെട്ട പൗരത്വം തെളിയിക്കൽ ശിക്ഷയായി മാറുന്നൊരു കാലത്താണോ നാം ജീവിക്കുന്നതെന്ന ആശങ്കയുണർത്തുന്ന സംഭവങ്ങളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻെറ(SIR) പേരിൽ എത്രയോ പേർ അന്യായമായി നേരിടുന്ന ദുരനുഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വോട്ടർപട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിൻെറ പാസ്പോർട്ട് നിഷേധിച്ച സംഭവം. ദേശീയതലത്തിൽ വലിയ വിവാദമായതിനെ തുടർന്ന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനിച്ചെങ്കിലും ഈ സംഭവമുയർത്തിയ ചോദ്യങ്ങളുടെ മുഴക്കം നിലനിൽക്കുന്നു. ‘പൗരത്വം വെട്ടിമാറ്റാൻ എത്രയെളുപ്പം! അർഹതപ്പെട്ട വോട്ടവകാശം ആർക്കും നഷ്ടപ്പെട്ടുകൂടാ.’ (മനോരമ മുഖപ്രസംഗം. 2026 ജൂലൈ 1). പൗരത്വമെന്നത് ഒരു ദേശത്ത് പരസ്പര സൗഹൃദത്തോടെ ജനായത്ത മൂല്യങ്ങൾ സ്വാംശീകരിച്ച് സ്വന്തം രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരുടെയും അവകാശമാണ്. തൊഴിൽപരമായോ മറ്റു കാരണങ്ങളാലോ ഇപ്പോഴുള്ള പൗരത്വം ഉപേക്ഷിച്ച്, മറ്റു രാഷ്ട്രങ്ങളുടെ പൗരത്വം സ്വീകരിക്കാനും ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇവിടെ ജീവിക്കുന്നവരും ഇവിടത്തന്നെ തുടരാൻ ആഗ്രഹിക്കുന്നവരുമായ ആരുടെയും ഒരു മുടിയിഴ പിഴുതെടുക്കാൻപോലും ജനായത്ത മൂല്യങ്ങൾ പിന്തുടരുന്ന ഒരു സാമൂഹിക ക്രമത്തിൽ ആർക്കും സ്വാതന്ത്ര്യമുണ്ടാവുകയില്ല. ദേശീയത കൽപിക്കലും അനുസരിക്കലുമല്ല, വ്യത്യസ്തതകൾ നിലനിർത്തിയുള്ള ഒത്തുപോവലും ഒത്തുചേരലും ഒന്നിക്കലുമാണ്. പൗരത്വ നിയമങ്ങൾ കാലോചിതമാക്കേണ്ടത്, ഒരു ജനതയുടെ കരുത്ത് വർധിപ്പിക്കാനാവണം, കുഴപ്പമുണ്ടാക്കാനാവരുത്. നമ്മൾ മുൻവിധികൾ മാറ്റിവെച്ച് ഒന്ന് കൈപിടിച്ചു കുലുക്കുകയും ഒരു കപ്പിൽനിന്ന് ചായ കുടിക്കുകയും ചെയ്തിരുന്നെങ്കിൽ ആ ‘പാക്കിസ്താൻ’ ഉണ്ടാവുമായിരുന്നില്ലെന്ന്, ‘നിശ്ശബ്ദതയുടെ മറുപുറം’ എന്ന ശ്രദ്ധേയമായ പുസ്തകത്തിൽ ഉർവശി ബൂട്ടാലിയ എഴുതി! ജനനം, പിന്തുടർച്ച, രജിസ്ട്രേഷൻ, പ്രദേശസംയോജനം, സ്വാഭാവിക പൗരത്വം എന്നിങ്ങനെ അഞ്ചുതരത്തിലാണ് ഒരാൾ ഇന്ത്യൻ പൗരനാകുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിലൊരിടത്തും നവഫാഷിസം കൊഴുപ്പിച്ച ‘പുണ്യഭൂമി’ പൗരത്വ മാനദണ്ഡമായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ല.
ഹെർത്ത് മുള്ളറുടെ മുമ്പേ സൂചിപ്പിച്ച ‘പാസ്പോർട്ട്’ എന്ന നോവലിൽ മറ്റാർക്കും നൽകാതെ തൻെറതന്നെ പഴം സ്വയം ഭക്ഷിക്കുന്ന ഒരാപ്പിൾ മരമുണ്ട്! ‘വൃക്ഷങ്ങൾ തൻഫലങ്ങൾ ഭുജിക്കില്ല/സംഭരിക്കില്ല നദി ജലവും തനിക്കായ്....’ എന്ന് വായിച്ചതോർക്കുന്നു. സ്വന്തം മക്കളെ കൊന്നുതിന്നുന്ന അധികാരത്തെയാണ് ഹെർത്ത് മുള്ളറുടെ ആപ്പിൾമരം ആവിഷ്കരിക്കുന്നതെങ്കിൽ, നവഫാഷിസത്തിൻെറ പൗരത്വ അന്വേഷണങ്ങളും ആ വഴിക്കാണോ നീങ്ങുന്നതെന്ന ആശങ്കയാണ് ഇപ്പോൾ സർവത്ര ഇരുട്ട് പടർത്തുന്നത്.
മതംമാറ്റം ദേശീയതാമാറ്റം; മതം മാറുന്നതോടെ ‘യഥാർഥ’ പൗരത്വം ഇല്ലാതാവും തുടങ്ങിയ ജനായത്ത വിരുദ്ധ കാഴ്ചപ്പാടുകളാണ് ‘പൗരത്വം’ സംബന്ധിച്ച സംവാദങ്ങളിൽനിന്നും പൂർണമായും ഒഴിവാക്കപ്പെടേണ്ടത്. സംഘ്പരിവാർ നിർദേശിക്കാത്ത മതങ്ങളിൽ വിശ്വസിക്കാത്തവർ മാത്രമല്ല, മതരഹിതരും, സർവ ബ്രാൻഡിൽപെട്ട മതനിരപേക്ഷ സമീപനം പുലർത്തുന്നവരുമെല്ലാം അപൂർണ പൗരരാണെന്ന സങ്കുചിതവീക്ഷണത്തിനെതിരെ കൂടിയുള്ള ആശയസമരമായി, ആർ. രാജഗോപാൽ ഉയർത്തിയ സംവാദത്തെ മുന്നോട്ട് നയിക്കാനാവുന്നില്ലെങ്കിൽ, ‘ഇതൊരു പാസ്പോർട്ട് കിട്ടൽ കാര്യം മാത്രമായി’ ചുരുങ്ങും. ഈ സംവാദം തുടങ്ങാൻ വൈകിയതിൻെറ കാരണമായി ഒരഭിമുഖത്തിൽ ആർ. രാജഗോപാൽ പറഞ്ഞതുപോലും, സൂക്ഷ്മാർഥത്തിൽ കാലം ആവശ്യപ്പെടുന്നൊരു ആശയസമരത്തെ ബലഹീനമാക്കുന്നതാണ്. SIRൽ പേരില്ലാത്തതിൻെറ പേരിൽ പാസ്പോർട്ട് പുതുക്കാത്ത കാര്യം പറഞ്ഞാൽ അതും ‘ഇരവാദം’ എന്ന് കേട്ടപ്പോൾ അദ്ദേഹവും ആദ്യം ഒന്ന് പതറിപ്പോയി!
‘ഇര’ എന്നു പറയേണ്ടിടത്ത് ‘വിര’ എന്ന് പറയുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇരകളേക്കാൾ ‘ഇര’ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ വിരണ്ടുപോകുന്നത്, ആദ്യം വേട്ടക്കാരും പിന്നെ ജാതിമേൽക്കോയ്മാ സാമാന്യബോധം സ്വാംശീകരിച്ച ഇരകളോ, ഇപ്പോഴല്ലെങ്കിൽ വൈകാതെ ഇരകളാക്കാൻ സാധ്യതയുള്ള ‘ഭാവി’ ഇരകളോ ആണ്! പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആലോചനകൾപോലും വരുന്നതിനുമുമ്പ് പല നിലകളിൽ പുറത്താക്കപ്പെട്ട പ്രമുഖരിൽപെടും ഗാന്ധിജി മുതൽ പണ്ഡിറ്റ് നെഹ്റുവരെയുള്ളവർ! 1966ലാണ് ജനസംഘത്തിൻെറ ജലന്ധർ സമ്മേളനത്തിൽവെച്ച് സംഘം നേതാവായ ബൽരാജ് മധോക് വിചിത്രമായ ഒരു ചോദ്യവും, അതിനേക്കാളും വിചിത്രമായ ഉത്തരവും പറഞ്ഞ് പൗരത്വത്തെ മുൻകാല-പിൽക്കാല പ്രാബല്യത്തോടെ പുഷ്ടിപ്പെടുത്തിയത്! ചോദ്യം ഇന്ത്യക്കാരനായ ആദ്യത്തെ പ്രധാനമന്ത്രി ആർ എന്നായിരുന്നു.
ലളിതമാണല്ലോ ഉത്തരം എന്നാവും തോന്നൽ. പക്ഷേ, പ്രശ്നം കടുപ്പമേറിയതാണ്. കിടിലൻ ഉത്തരവും മധോക്ക്തന്നെ പറഞ്ഞു: ലാൽ ബഹദൂർ ശാസ്ത്രി! അപ്പോൾ ഓപ്ഷൻ ബി യിലും ആദ്യ പ്രധാനമന്ത്രി നെഹ്റുവില്ല. കാരണം അദ്ദേഹം ഇന്ത്യക്കാരനല്ല! പൗരത്വ വെടിക്കെട്ടിൻെറ പൊട്ടാതെപോയ പഴയ ഒരു സാമ്പിൾ മാത്രം!
‘ഞങ്ങളുടെ മുൻഗാമികളുടെ ഖബർ മാന്തുക
അവരുടെ നെഞ്ചിൻകൂട്ടിൽ വെള്ളക്കാരൻെറ
ബൂട്ടടയാളം പതിഞ്ഞു കിടപ്പുണ്ടാവും.
ഇനി നിങ്ങൾ ചരിത്രത്തിലെവിടെയെങ്കിലും
തിരഞ്ഞുനോക്കി
ആ ബൂട്ടുകളെടുക്കൂ, അത് പോളിഷ് ചെയ്ത
നിങ്ങളുടെ മുൻഗാമികളുടെ നാവടയാളം
അതിൽ മായാതെ കിടപ്പുണ്ടാവും’
(ആരിഫ് തണലോട്).
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തവർ പൗരത്വത്തെക്കുറിച്ച് ട്യൂഷൻ എടുക്കുന്നു! രക്തസാക്ഷികളുടെ ചോരപുരണ്ട മണ്ണിനെ സംഘർഷങ്ങളിലേക്ക് മറിച്ചിടുന്നു. ആ വിദ്വേഷ കൃത്രിമ വിഭജനത്തിൽ വെച്ചാണ് മനുഷ്യർ വേട്ടക്കാരും ഇരകളുമായി വിഭജിതരായത്. പരിമിതി തിരിച്ചറിയപ്പെടുമ്പോഴാണ് മനുഷ്യർക്ക് സാധ്യതകളിലേക്ക് ചുവടുവെക്കാനാവുന്നത്. ഇരയാക്കപ്പെടുകയാണെന്ന്, തങ്ങൾ പരിമിതപ്പെടുത്തപ്പെടുകയാണെന്ന് തിരിച്ചറിയപ്പെടാത്ത ഒരിര ‘തൊമ്മി’യാവും; സ്വയം തിരിച്ചറിയുന്ന ഇര പോരാളിയും.
ഇതൊന്നും ഇപ്പോൾപോലും മനസ്സിലാക്കാത്തവർ ആർ. രാജഗോപാലിനോട് ‘നിങ്ങളുടേത് ഇരവാദമാണെന്ന്’ പറഞ്ഞെങ്കിൽ അതിലൊട്ടും പരിഭ്രമിക്കേണ്ടതില്ല. കാരണം അധിനിവേശ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതുന്നില്ലെങ്കിൽ, ആ പ്രത്യയശാസ്ത്രം ‘പരിചിത ആശയവലയത്തിൽ’ ചടഞ്ഞുകൂടുന്നൊരവസ്ഥയിലിട്ട് ആരെയും പൂട്ടും! സ്വന്തം പീഡിതാവസ്ഥയെക്കുറിച്ചും, അത് പറയാൻ വൈകിയതിനെക്കുറിച്ചും ആർ. രാജഗോപാൽ പറയുന്നതിങ്ങനെ: ഇന്ത്യയിലെ പാവപ്പെട്ടവർക്കും അരികുവത്കരിക്കപ്പെട്ടവർക്കും ഇത്തരം നിഷേധങ്ങൾ ജീവിതത്തിൻെറ ഭാഗമാണ്. നിങ്ങളിത് ഇപ്പോഴാണോ അറിയുന്നത് എന്നായിരുന്നു ആ മുതിർന്ന മാധ്യമപ്രവർത്തകൻ എന്നോട് ചോദിച്ചത്. ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി. എന്നാൽ, എൻെറ അവസ്ഥയെക്കുറിച്ച് എങ്ങനെ സംസാരിച്ചാലും അത് എൻെറ ‘ആനക്കൊമ്പി’ലെ ജീവിതത്തിൽനിന്ന് താഴെയിറങ്ങി ഇരവാദം (Victim card) കളിക്കാനുള്ള ശ്രമമായി മാത്രമേ ആളുകൾ കാണൂവെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഈ അനുഭവത്തെക്കുറിച്ച് എഴുതാൻ ആദ്യം മടിച്ചത്.(ദേശാഭിമാനി: നിലപാട്)
‘ഇരകൾ’ എന്നാൽ പാവങ്ങളോ, ഏതെങ്കിലും പ്രത്യേക സന്ദർഭത്തിൽ സാമൂഹിക, സാമ്പത്തിക വിവേചനങ്ങൾക്ക് വിധേയരായവരോ മാത്രമല്ല, അധിനിവേശത്തിന് വിധേയരാവുന്ന ആരും എത്ര കൊമ്പത്തെ വമ്പനായാലും അതിൽപെടും. തൊമ്മികളാവാൻ കഴിഞ്ഞാൽ പിന്നെ ഒരു കാരണവശാലും ‘ഇര’യാവേണ്ടി വരില്ല! ‘ഇര’ എന്നൊരു വാക്കിനെ ‘അരപ്പൈസ’ക്ക് കൊള്ളാത്ത ഒന്നാക്കി മാറ്റാൻ തലയും അരയും മുറുക്കി രംഗത്തെത്തിയ പലരും പിന്നീട്, ധീരമായി ‘പിന്നേറുകയാണുണ്ടായത്’! ഇരയാക്കപ്പെട്ടവരുടെ ശിരസ്സിൽ എത്ര വർണാഭമായ കിരീടം വെച്ചുകൊടുത്താലും, ഇരകളെന്ന് സ്വയം തിരിച്ചറിഞ്ഞവർ, ഇരകളാവാൻ മനസ്സില്ലാത്ത ‘ഇരകളായിരിക്കും’. അവരങ്ങനെത്തന്നെ ഇരകളായി തുടരണമെന്ന് കരുതുന്നവരാണ് ഇര എന്ന വാക്കിനോട് കയർക്കുന്നത്. ‘ഇരകളെ’ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ പല പ്രകാരേണ വ്യാപൃതരായവർ ആ ഒരു വാക്കിനെതിരെ മാത്രം ഒച്ചവെക്കുന്നത്, പലതും മറച്ചുവെക്കാനാണ്! ‘എനിക്ക് പ്രശ്നമൊന്നുമില്ല:എൻെറ ചങ്ങാതിയുടെ തിരുനെറ്റിയിലൊരു സൂപ്പർ കൊമ്പു മുളച്ചതിൽ! വസ്ത്രത്തിനടിയിൽ ആരും കാണാതെ ആ നീണ്ടവാല് ഒളിപ്പിക്കാനുള്ള അവൻെറ മിടുക്കിലും...ഇടയ്ക്കൊക്കെ എന്നെ വേദനിപ്പിക്കാൻ അവന് അവകാശമുണ്ടല്ലോ, ‘ഒരു ഫേസ്ബുക്ക് പോസ്റ്റ് വഴിയായാലും’, കാരണം അവൻ എൻെറ സുഹൃത്താണ്’! (I have no problem: മുറീദ ബർഗൂത്തി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.