ചരിത്രമുറങ്ങുന്ന കൗതുകങ്ങൾ

അജ്മാന്‍ വിനോദ സഞ്ചാര വകുപ്പ്​ ഒരുക്കുന്ന വിത്യസ്തമായ പ്രദര്‍ശനമാണ് നാണയ, സ്റ്റാമ്പ് പ്രദര്‍ശനം. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അധികാര മേറ്റതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കാറുള്ളത്. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷന്‍റെ സഹകരണത്തോടെയാണ് വിനോദ സഞ്ചാര വകുപ്പ് പ്രദര്‍ശനം ഒരുക്കുന്നത്. എമിറേറ്റുകളുടെ ചരിത്രവും പുരോഗതിയും വിവരിക്കുന്ന അപൂർവ കറൻസികളുടെയും തപാൽ സ്റ്റാമ്പുകളുടെയും വിശാലമായ ശേഖരം പ്രദർശനത്തിനുണ്ടാകും. നിരവധി പ്രദർശകരും ഡീലർമാരും പ്രോല്‍സാഹകരും ഈ പ്രദർശനത്തിൽ ആവേശപൂര്‍വ്വം സംബന്ധിക്കാറുണ്ട്. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദിന്‍റെ ചിത്രത്തോടെയുള്ള സ്മാരക വെള്ളി നാണയം ഈ പ്രദർശനത്തിലാണ് മുമ്പ്​ പുറത്തിറക്കിയത്.

എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ അംഗങ്ങളിൽ നിന്നും മറ്റ് വിദഗ്​ധരുടെ കൂട്ടായ്മകളില്‍ നിന്നും അപൂർവവും വ്യത്യസ്തവുമായ തപാൽ സ്റ്റാമ്പുകളുടെയും കറൻസികളുടെയും ശേഖരങ്ങൾ സംഘടിപ്പിച്ച് പ്രദർശിപ്പിക്കുന്നതാണ്​ പരിപാടി. യു.എ.ഇയുടെ സാംസ്കാരിക പൈതൃകവും തപാൽ ചരിത്രവും ഉയർത്തിക്കാട്ടാനാണ് പരിപാടിയിലൂടെ വിനോദ സഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്. സ്​റ്റാമ്പ, നാണയ ശേഖരം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ അതുല്യമായ സ്റ്റാമ്പുകളും നാണയങ്ങളും ആഭരണങ്ങളും സ്വന്തമാക്കാനും പ്രദര്‍ശനം മികച്ച അവസരം നൽകുന്നു. വിലപിടിപ്പുള്ളതും അപൂർവവുമായ ശേഖരങ്ങള്‍ക്ക്​ ഏറ്റവും ഉയർന്ന വില നേടാനുള്ള ലേലവും പ്രദര്‍ശന നഗരിയിൽ അസോസിയേഷന്‍ നടത്തുന്നുണ്ട്.

യു.എ.ഇയുടെ ചരിത്രത്തിന്‍റെ ഭാഗമായ തപാൽ സ്റ്റാമ്പുകൾ, ബാങ്ക് നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അപൂർവവും മൂല്യവത്തായതുമായ ശേഖരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി സമൂഹത്തിനും സന്ദർശകർക്കും പ്രദർശനം ഒരു മികച്ച അവസരമാണ്. സ്റ്റാമ്പുകളുടെയും കറൻസികളുടെയും ലേലത്തിന് പുറമെ നിരവധി വർക്ക്ഷോപ്പുകളും പ്രഭാഷണങ്ങളും ഉൾപ്പെടുന്ന പരിപാടികളുമുണ്ട്​. പ്രദർശനത്തിലെ മികച്ച ശേഖരങ്ങൾ പ്രത്യേക ജൂറി തിരഞ്ഞെടുക്കുന്നതിനും ചടങ്ങ് സാക്ഷ്യം വഹിക്കും. ഈ വര്‍ഷത്തെ പ്രദര്‍ശനമായ മൂന്നാം പതിപ്പ് സെപ്റ്റംബർ 6 മുതൽ 10 വരെ അജ്മാൻ ചൈന മാളിന്‍റെ ഗേറ്റ് എച്ച് നോട് അനുബന്ധിച്ച് നടക്കും. ദിവസവും രാവിലെ പത്ത് മുതൽ വൈകുന്നേരം പത്ത് വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ച മാത്രം വൈകീട്ട് 4 മുതലാണ് ആരംഭിക്കുക. പ്രദർശനത്തോടനുബന്ധിച്ച്, അജ്മാൻ എമിറേറ്റിന്‍റെ ലാൻഡ്‌മാർക്കുകളുടെ പോസ്റ്റ്കാർഡ് രൂപകൽപ്പന മത്സരവും നടക്കും. പോസ്റ്റ്കാർഡ്​ രൂപകൽപ്പന മത്സരത്തിലെ വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിനുള്ള എൻട്രികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 8 വരെയാണ്. സെപ്റ്റംബർ 10 ന് വിജയികളെ പ്രഖ്യാപിക്കും.

Tags:    
News Summary - Historical curiosities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-12 07:59 GMT