മ​ണി ബാ​ർ​ബ​ർ ഷോ​പ്പി​ൽ

മണിച്ചേട്ടന്‍റെ റേഡിയോ കമ്പത്തിന് അരനൂറ്റാണ്ട്

തൊടുപുഴ: മണി തന്‍റെ പ്രിയപ്പെട്ട റേഡിയോ നെഞ്ചോട് ചേർത്തിട്ട് അരനൂറ്റാണ്ടായി. രാവിലെ ഉറക്കമുണർന്നാൽ ഉറങ്ങുന്നതുവരെ മണിയുടെ വീട്ടിലും കടയിലുമെല്ലാം നിറയുന്നത് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട റേഡിയോയിൽനിന്നുള്ള ശബ്ദവീചികൾ മാത്രം. ഇടക്ക് ചികിത്സക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നപ്പോൾവരെ റേഡിയോ ഒപ്പം കൂട്ടിയ മണിയുടെ റേഡിയോ കമ്പം നാട്ടിൽ പാട്ടാണ്.

കമ്പംമെട്ടിൽ ബാർബർ ഷോപ് നടത്തുന്ന 63കാരനായ മണിച്ചേട്ടനെന്ന് നാട്ടുകാർ വിളിക്കുന്ന കെ.ബി. ചന്ദ്രശേഖരനാണ് ഈ റേഡിയോ കമ്പക്കാരൻ. പാട്ടുകേൾക്കാൻ മാത്രമുള്ള വെറുമൊരു പെട്ടിയല്ല റേഡിയോ മറിച്ച് തന്‍റെ ദൈനംദിന കാര്യങ്ങളടക്കം നിയന്ത്രിക്കുന്ന, ജീവിതത്തിന്‍റെ മുഖ്യഭാഗമാണെന്നാണ് മണിച്ചേട്ടൻ പറയുന്നത്.

13ാമത്തെ വയസ്സ് മുതൽ കേട്ടുതുടങ്ങിയതാണ്. മനസ്സിൽ പതിഞ്ഞുപോയി. അച്ഛനാണ് വീട്ടിൽ ആദ്യം റേഡിയോ വാങ്ങുന്നത്. അന്ന് ലൈസൻസൊക്കെ വേണം. വർഷത്തിൽ 15 രൂപ കരവുമടക്കണം. വീട്ടിൽ അന്ന് റേഡിയോയിലെ പരിപാടികൾ കേൾക്കാൻ അടുത്ത വീട്ടിൽനിന്ന് വരെ ആളുകൾ എത്തിയിരുന്നു. കമ്പംമെട്ടിൽ താനിപ്പോൾ നടത്തുന്ന കട അച്ഛനാണ് തുടങ്ങിയത്. കടയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ആദ്യം ചെയ്തത് ട്രാൻസിസ്റ്റർ റേഡിയോ വാങ്ങുകയായിരുന്നു.

ആ റോഡിയോ എട്ട് വർഷമായപ്പോൾ തകരാറിലായി. പിന്നീടാണ് ഇപ്പോൾ ഉപയോഗിക്കുന്ന ഫിലിപ്സിന്‍റെ ട്രാൻസിസ്റ്റർ റേഡിയോ വാങ്ങുന്നത്. വീട്ടിലെ പോലെ തന്നെ എട്ട് മണിയോടെ കടയിലെത്തിയാൽ രണ്ട് നിമിഷത്തെ പ്രാർഥന കഴിഞ്ഞാൽ ആദ്യം റേഡിയോ ഓൺ ചെയ്യും. ആ ശബ്ദ അകമ്പടിയില്ലാതെ ജോലിയെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും മണി പറയുന്നു. രാത്രി എട്ട് മണിക്ക് കട അടക്കുംവരെ റേഡിയോ ഓഫ് ചെയ്യാറുമില്ല.

ആകാശവാണിയുടെ തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളാണ് പതിവായി കേൾക്കാറുള്ളത്. ടൗണിലെ പല കടകളിലും മികച്ച മ്യൂസിക് സെറ്റും ടെലിവിഷനുമൊക്കെ സ്ഥാപിച്ചപ്പോഴും മണി തന്‍റെ ആത്മമിത്രമായ റേഡിയോയെ പടിയിറക്കിയില്ല.

Tags:    
News Summary - Half a century of Manichetan's radio vibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT