അബൂദബി: അബൂദബിയുടെ സാംസ്ക്കാരിക ടൂറിസം മേഖലയുടെ വികസനത്തിന് വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കി വരുന്ന എമിറേറ്റിന് മറ്റൊരു നേട്ടം കൂടിയാവുകയാണ് ടീം ലാബ്. സഅദിയാത്ത് ദ്വീപിൽ ഒരുങ്ങുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയമായ ടീംലാബ് ഫിനോമിനയുടെ നിർമാണം 70 ശതമാനം പൂർത്തിയായി. ടീം ലാബ്, അബൂദബി സാംസ്കാരിക, ടൂറിസം മന്ത്രാലയവും മിറാലും ചേർന്നാണ് ഒടുക്കമില്ലാത്ത ആകാംക്ഷകളുടെ കൂടാരമായ ഈ ബൃഹത് പദ്ധതി പൂർത്തിയാക്കുന്നത്.
17000 ചതുരശ്രമീറ്ററിൽ നിർമാണം പുരോഗമിക്കുന്ന ടീം ലാബ് ഫിനോമിന 2024ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂതനമായ ഒരു കലാ അനുഭവം പ്രദാനം ചെയ്യുകയാണ് ടീം ലാബ് ഫിനോമിനയിലൂടെ ലക്ഷ്യമിടുന്നത്.
വൈവിധ്യമാർന്ന ആഗോള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു വ്യതിരിക്ത സാംസ്കാരിക സംഗമം ആകും ടീം ലാബിലേത്. കലാസൃഷ്ടികൾക്കുള്ള ഇടത്തിന്റെ നിർമാണം പൂർത്തിയാവുകയാണ്. എൻവയോൺമെന്റൽ ഫിനോമിന എന്ന പുതിയ കലാ ആശയം ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. ലോകത്തെക്കുറിച്ചുള്ള പുതിയ വീക്ഷണം പര്യവേക്ഷണം ചെയ്യാൻ സന്ദർശകരെ അനുവദിക്കുന്നതാവും ഈ പദ്ധതി.
പരിസ്ഥിതിയും അതുണ്ടാക്കുന്ന വിവിധ അപൂർവതകളുമാണ് ടീം ലാബ് ഫിനോമി അബൂദബിയിലുണ്ടാവുക. യാസ് ഐലൻഡിലും അബൂദബിയിലുടനീളവുമായി മിറാൽ നിർമിച്ചുവരുന്ന 13 ബില്യൻ ദിർഹമിന്റെ പദ്ധതികളിൽ ഉൾപ്പെട്ടതാണ് ഈ പദ്ധതിയും.
അബൂദബിയെ ആഗോള ബിസിനസ്, നിക്ഷേപ, വിനോദസഞ്ചാര ഹബ്ബായി മാറ്റിയെടുക്കുകയെന്നതടക്കമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിന് ‘അബൂദബി ഇക്കോണമിക് വിഷൻ 2030ന്റെ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. ഊർജ്വസ്വലവും സുസ്ഥിരവുമായ ടൂറിസം ഹബ്ബായി അബൂദബിയെ വളർത്തിയെടുക്കുന്നതിലുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ടീം ലാബ് അബൂദബിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.