ക്രിസ്മസ്, മനുഷ്യവർഗത്തിന്റെ മുഴുവൻ പ്രതീക്ഷകൾ പൂവണിഞ്ഞതിന്റെയും മനുഷ്യരാശിക്ക് രക്ഷ കൈവന്നതിന്റെയും സന്തോഷദിവസമാണ്. പൂർവകാലങ്ങളിലെ പുണ്യദിനങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ അവതാരപുരുഷന്റെ ആഗമനത്തിനായി വ്രതശുദ്ധിയോടെ കാത്തിരിക്കുന്ന ഒത്തിരി പുണ്യാത്മാക്കളെ നാം കാണുന്നുണ്ട്. ക്രിസ്തു പിറന്ന ബത്ലഹേം ഒരു സ്ഥലത്തിനേക്കാളുപരി ഒരു ജീവിതശൈലിയാണ്. ദൈവം തന്റെ പരിമിതിയിൽ തൃപ്തിപ്പെട്ട ഇടമാണ് ബത്ലഹേം.
സംതൃപ്തി ഇന്നത്തെ ലോകത്തിന്റെ ഉൽപന്നമല്ല. ഇന്നു പലരും പരാതി പറയുന്നത് ഈ വീട് പോരാ, മാതാപിതാക്കൾ പോരാ, സൗകര്യങ്ങൾ കുറവാണ് എന്നൊക്കെയാണ്. എന്നാൽ, ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നത് ഉള്ളതുകൊണ്ട് പരാതിയും പരിഭവവും ഇല്ലാതെ സംതൃപ്തിയോടെ ജീവിക്കാനാണ്. അതിനാണ് യേശു തമ്പുരാൻ തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിലേക്ക് അപ്പമായി കടന്നുവരാൻ ആഗ്രഹിച്ച്, ബത്ലഹേമിൽ മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും മകനായി ജനിച്ചത്.
ഓരോ ക്രിസ്മസും നമ്മെ ഒരു സത്രത്തിന്റെ കഥകൂടി ഓർമപ്പെടുത്തുന്നു. ദൈവകുമാരന് പിറന്നു വീഴാനുള്ള സ്ഥലം നൽകാൻ അവസരം ലഭിച്ചിട്ടും അത് നിഷേധിച്ച ഒരുകൂട്ടം ആളുകളുടെയും മനഃസ്ഥിതിയുടെയും കൂടി പ്രതീകം. നന്മ ചെയ്യാൻ അവസരം ലഭിച്ചിട്ടും അതിനെ പ്രയോജനപ്പെടുത്താതെ തിരസ്കരിച്ച അതേ സത്രത്തിന്റെ പ്രതീകമായി അനേകർ ഇന്നും നിലകൊള്ളുന്നു. ഇങ്ങനെയുള്ള ഇടങ്ങളിലാണ് യേശു വീണ്ടും ജനിക്കേണ്ടിയിരിക്കുന്നത്.
ആഗോളവത്കരണത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും നിർമിത ബുദ്ധിയുടെയും നൂതന സംസ്കാരത്തിൽപെട്ട് നമ്മുടെ പൈതൃകമായ പാരമ്പര്യത്തിനും സംസ്കാരത്തിനും പാവനമായ ധാർമികതക്കും വിശ്വാസജീവിതത്തിനും ദൈവാശ്രയ ബോധത്തിനും മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ, മാനുഷികവും ദൈവികവുമായ മൂല്യങ്ങൾക്ക് വില കല്പിക്കാതെ ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മത രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ക്രിസ്മസ് എന്നും ഒരു വെല്ലുവിളിയാണ്.
എന്നാൽ, യുദ്ധത്തിന്റെയും വെറുപ്പിന്റെയും മത തീവ്രവാദത്തിന്റെയും കെടുതിയിൽപെട്ട് നിരാശ്രിതരായി കഴിയുന്നവർക്ക് ക്രിസ്മസ് ഒരു പ്രതീക്ഷയാണ്. സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലെന്ന് പ്രാവർത്തികമാക്കി കാണിച്ചുതരികയും ചെയ്ത യേശു നൽകുന്ന ജീവിതസാക്ഷ്യം.
ക്രിസ്മസ് ഒത്തിരി പേരുടെ ഉറക്കം കെടുത്തിയ സംഭവമാണ്. വിവാഹത്തിന് മുമ്പ് യൗസേപ്പിതാവിന്റെയും മാലാഖയുടെ സന്ദേശം കേട്ട മറിയത്തിന്റെയും ഒപ്പം ജ്ഞാനികളുടെ സന്ദർശനം മൂലം ഹേറോദേസിന്റെയും. എന്നാൽ, ഹേറോദേസിന്റേതു പോലെയുള്ള ഉറക്കം കെടൽ ആകരുത് നമ്മുടേത്, മറിച്ച് തീക്ഷ്ണതയോടെ ഉണ്ണിയെ കാണാനുള്ള ഒരു വെമ്പലാകണം നമ്മുടേത്.
ഇവിടെ ഒരു ഓർമപ്പെടുത്തൽ ബാക്കിയുണ്ട്. ഇന്നു ഞാൻ ഉണ്ണിയെ കാണാൻ ആഗ്രഹിക്കുന്നത് ഹേറോദേസിന്റെ മനോഭാവത്തോടെയാണെങ്കിൽ എന്നിലെ മനഃസാക്ഷിയുടെ സ്വരം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിലേക്ക് ചെന്നെത്തേണ്ടിയിരിക്കുന്നു.
പുതുപുത്തൻ പ്രതീക്ഷകൾ നിറയുന്നതാകട്ടെ ഏവർക്കും ഈ വർഷത്തെ ക്രിസ്മസ്. മാലാഖ ഇടയന്മാരോട് പറഞ്ഞു: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം. സന്മനസ്സുള്ള ഏവർക്കും ഒരിക്കൽക്കൂടി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസാശംസകൾ.
(ഫാ. ഫിലിപ് നെല്ലിവില- സെയിൻറ്സ് പീറ്റർ ആൻഡ് പോൾ കാത്തലിക് ചർച്ച്, റൂവി, മസ്കത്ത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.