‘ചാലക്കുടിക്കാരൻ നര്‍ത്തകന് കാക്കയുടെ നിറം’; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി, സത്യം ജയിച്ചുവെന്ന് ആർ.എൽ.വി രാമകൃഷ്ണൻ

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താനയിൽ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ ആർ.എൽ.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചത്. പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെ തന്നെയാണ് സംസാരിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയായിരിക്കുകയാണ്.

സത്യം ജയിച്ചുവെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു. ഒരു കാലത്തും ഇനി ജാതി വിവേചനം ഉണ്ടാകരുതേയെന്ന താക്കീതാണീ കുറ്റപത്രമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ അസിസ്റ്റന്‍റ് പ്രഫസറായി രാമകൃഷ്ണന് ചുമതലയേറ്റതിന് തൊട്ട പിന്നാലെയാണ് കുറ്റപത്രം കോടതിയിലെത്തുന്നത്. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്ക് പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

കലാമണ്ഡലം സത്യഭാമ നടത്തിയ അഭിപ്രായപ്രകടനങ്ങൾ വൻ വിവാദമായിരുന്നു. വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാമകൃഷ്ണന് പൊലീസില്‍ പരാതി നല്‍കുന്നത്. താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കാൻ കുറ്റപത്രത്തിലൂടെ പൊലീസിന് കഴിഞ്ഞിരിക്കുകയാണ്. അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകള്‍ വിശദമായി അന്വേഷിച്ച്, ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൂടി ശേഖരിച്ചാണ് അത് രാമകൃഷ്ണനെതിരെ തന്നെയന്ന് പൊലീസ് ഉറപ്പിച്ചിരിക്കുന്നത്.

ചാലക്കുടിക്കാരന് നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം. ചാലക്കുടിയില്‍ രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. തൃപ്പൂണിത്തുറ ആര്‍.എൽ.വിയില്‍ രാമകൃഷ്ണന്‍ പഠിച്ചത് എം.എ. ഭരതനാട്യം. പക്ഷെ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെ.പി.എ.സി ലളിതയുമായി കലഹിച്ച കലാകാരന് എന്നായിരുന്നു അടുത്തത്. അമ്മയുമായി കലഹിച്ചത് രാമകൃഷ്ണനാണെന്ന് കെ.പി.എ.സി ലളിതയുടെ മകന്‍ സിദ്ധാര്‍ഥ് മൊഴി നല്‍കി. രാമകൃഷ്ണനോടുള്ള സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരിക്കുകയാണ്.

വ്യക്തി വിരോധത്തെ കുറിച്ച് സത്യാഭാമയുടെ ശിക്ഷ്യര്‍ നല്‍കിയ മൊഴികളും നിര്‍ണായകമായി. രാമകൃ്ഷ്ണന്‍റെ ജാതിയെകുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന സത്യഭാമയുടെ വാദം കള്ളമെന്ന് തെളിഞ്ഞിരിക്കുകയാണ്. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്‍റെ ഹാര്‍ഡ് ഡിസ്കും അഭിമുഖം അടങ്ങിയ പെന്‍ഡ്രവും കന്‍‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - Chargesheet prepared against Kalamandalam Sathyabhama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.