സോണിയ ഗാന്ധി
ഇവ തിരുത്തണം; സോണിയയുടെ പുസ്തകത്തിൽ പെൻഗ്വിൻ നിർദേശിച്ചത് നിരവധി വെട്ടിത്തിരുത്തലുകൾ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകളുമായി തയാറാകുന്ന പുസ്തകത്തിൽ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പല അധ്യായങ്ങളിലും തിരുത്തലുകളും ഒഴിവാക്കലുകളും ആവശ്യപ്പെട്ടിരുന്നു. അവയുടെ പട്ടിക തയാറാക്കി ഗ്രന്ഥകാരിക്ക് അയച്ചെന്ന് കമ്പനിയെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകരാണ് വെളിപ്പെടുത്തിയത്.
തിരുത്തലുകൾ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത് സൗഹാർദപരമായാണെങ്കിലും പിന്നീട് കടുപ്പമേറി.പെൻഗ്വിൻ ഹൗസിന് പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസാധനത്തിന്റെയും വിതരണത്തിന്റെയും ചുമതലയാണ് ഉണ്ടായിരുന്നത്. അവരുടെ ഭാഗമായ ആൽഫ്രഡ് എ നോഫ് ആണ് ആഗോള പ്രസാധകർ. നവംബർ 10ന് പുസ്തകം പുറത്തിറങ്ങുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും അദ്ദേഹത്തിന്റെ 12 വർഷത്തെ ഭരണത്തെക്കുറിച്ചും, ആർ.എസ്.എസിന്റെ പങ്കിനെക്കുറിച്ചും, വർഗീയ വിഭജനം, ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുമുള്ള അധ്യായങ്ങളിലാണ് വിയോജിപ്പ് ഉന്നയിച്ചത്. തിരുത്തലുകൾ അംഗീകരിക്കാൻ പുസ്തകവുമായി ബന്ധപ്പെട്ട് ചർച്ചയിൽ പങ്കെടുത്ത സോണിയാ പക്ഷം തയാറായില്ല.
അതേസമയം, ബാഹ്യ ഇടപെടലുകളും സമ്മർദവും ഉണ്ടായിരുന്നെന്ന വിമർശനം പെൻഗ്വിൻ ഹൗസ് നിഷേധിച്ചു. പ്രസിദ്ധീകരിക്കുന്നതു വരെ പുസ്തകത്തിന്റെ ഉള്ളടക്കം രഹസ്യ സ്വഭാവമുള്ളതാണെന്നും, ഒരു ബാഹ്യ സമ്മർദവും ഇല്ലെന്നും കമ്പനി വക്താവ് പല്ലവി നാരായൺ പ്രസ്താവനയിൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്, ചൈന കടന്നുകയറ്റം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ സോണിയ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്നാണ് പെൻഗ്വിൻ ഇന്ത്യയുമായുള്ള കരാർ മുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ സോണിയ ഗാന്ധിയുടെ പുസ്തകം ഓർമക്കുറിപ്പാണോ അതോ ഭാവനാസൃഷ്ടിയാണോ എന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരിയും പ്രസാധകരുമാണെന്ന് ബി.ജെ.പി നേതാവ് മുക്തർ അബ്ബാസ് നഖ്വി പറഞ്ഞു. വസ്തുതകൾ വളച്ചൊടിച്ച് ഇതിനെ രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.