ആത്മകഥ തിരുത്തണമെന്ന് പ്രസാധകർ, ഒന്നും വെട്ടില്ലെന്ന് സോണിയ ഗാന്ധി; ഇന്ത്യയിൽ പ്രസിദ്ധീകരിക്കില്ലെന്ന് പെൻഗ്വിൻ
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' ഇന്ത്യയിൽ പ്രസിദ്ധീകരിക്കില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. പുസ്തകത്തിലെ ചില ഭാഗങ്ങളിൽ തിരുത്താൻ ആവശ്യപ്പെട്ട എഡിറ്റോറിയൽ മാറ്റങ്ങളും വെട്ടിമാറ്റലുകളും രചയിതാവായ സോണിയാ ഗാന്ധി തള്ളിക്കളഞ്ഞതിനെത്തുടർന്നാണ് തീരുമാനം.
നവംബർ 10ന് നിശ്ചയിച്ചിരുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് അമേരിക്കൻ പ്രസാധകരായ ആൽഫ്രഡ് എ ക്നോപ്പാണ് പ്രഖ്യാപിച്ചിരുന്നത്. ഒരു ലക്ഷം കോപ്പികളോടെയുള്ള ആദ്യ പ്രിന്റ് റൺ നടക്കുമെന്നും ക്നോപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയിൽ പുസ്തകം എത്തിക്കേണ്ടിയിരുന്ന പെൻഗ്വിൻ ഇന്ത്യ പ്രസാധന അനുമതിയിൽനിന്ന് പിന്മാറുകയായിരുന്നു.
കൈയെഴുത്തുപ്രതിയുടെ ചില ഭാഗങ്ങളിൽ പ്രസാധകർ നിർദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാൻ സോണിയാ ഗാന്ധി തയാറായില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പ്രസാധകരും എഴുത്തുകാരിയും തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസമാണ് ഇന്ത്യൻ പതിപ്പിന്റെ കരാർ പ്രതിസന്ധിയിലാക്കിയത്. പെൻഗ്വിൻ പിന്മാറിയതോടെ, ആത്മകഥയുടെ ഇന്ത്യൻ പതിപ്പ് പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് വിപണിയിൽ എത്തിക്കുമെന്ന സൂചനയുണ്ട്.
അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആൽഫ്രഡ് എ ക്നോപ്പ് വഴി പുസ്തകം മുൻനിശ്ചയപ്രകാരം അന്താരാഷ്ട്രതലത്തിൽ പുറത്തിറങ്ങുമെന്നാണ് വിവരം. രാജ്യാന്തര തലത്തിൽ വൻ ചർച്ചയാകാൻ സാധ്യതയുള്ള ആത്മകഥയാണ് ഇന്ത്യയിൽനിന്നുള്ള പ്രസാധനത്തിൽനിന്ന് പിന്മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.